ജാമ്യമില്ലാ വകുപ്പു ചുമത്തി അപ്രതീക്ഷിത അറസ്റ്റ്; നീരസമറിയിച്ച് അല്ലു; വീട്ടിൽ നാടകീയ രംഗങ്ങൾ
Mail This Article
ഹൈദരാബാദ് ∙ ഐക്കൺ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന അല്ലു അർജുന്റെ അറസ്റ്റ് ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകർത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.
‘ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് എനിക്ക് അനുതാപമുണ്ട്. പക്ഷേ അതിന്റെ യഥാർഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരിൽ അല്ലു അർജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയത്’ – കെടിആർ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ജൂബിലി ഹിൽസിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം അല്ലുവിനെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞതോടെ അല്ലു അതൃപ്തി അറിയിച്ചു. ഭാര്യ സ്നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദും പൊലീസ് സംഘവുമായി തർക്കമുണ്ടായി. അതിനിടെ തെലങ്കാന പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് അല്ലുവിനെ അറസ്റ്റ് ചെയ്തു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.
അല്ലുവിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ചിക്കഡപള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ താരത്തിന്റെ ആരാധകർ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. താരത്തെ വൈദ്യപരിശോധനയ്ക്കെത്തിച്ച ഗാന്ധി ആശുപത്രിയുടെ പരിസരത്തും ആരാധകരുടെ വൻകൂട്ടമെത്തിയിരുന്നു.
പുഷ്പ 2 വിന്റെ പ്രിമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തിൽ അല്ലുവിനെതിരെയും കേസെടുത്തെങ്കിലും അതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് താരത്തിന്റെ അറസ്റ്റ്.
ഇന്ത്യൻ ചലച്ചിത്ര വ്യവസായമാകെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബർ 5 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം അതിന്റെ തലേന്ന് ആരാധകർക്കായി പ്രത്യേകം പ്രദർശിപ്പിച്ചിരുന്നു. നാലാംതീയതി രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്ന പ്രിമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ചിത്രം കാണാൻ ആരാധകരുടെ വൻ തിരക്കായിരുന്നു തിയറ്ററിൽ. അതിനിടയിലാണ് അല്ലു അർജുനും പുഷ്പയുടെ സംവിധായകൻ സുകുമാറും എത്തിയത്. അതോടെ ആരാധകരുടെ നിയന്ത്രണം വിടുകയും വൻ തിക്കും തിരക്കുമുണ്ടാകുകയുമായിരുന്നു. അതിൽപെട്ടാണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ചത്. രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നു പ്രഖ്യാപിച്ച അല്ലു അർജുൻ, തേജിന്റെ ചികിൽസച്ചെലുകൾ വഹിക്കുമെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും പറഞ്ഞിരുന്നു.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് വൻ ആൾക്കൂട്ടത്തിനിടയിലേക്കു താരം വന്നതെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. അതേസമയം, വരുന്ന കാര്യം തിയറ്റർഉടമയെ അറിയിച്ചിരുന്നെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നു നിർദേശിച്ചിരുന്നെന്നും അല്ലു പറഞ്ഞിരുന്നു.