ഒറ്റപ്പെട്ട വീട്ടിൽ സ്ത്രീയുടെ ‘മൃതദേഹം’, ‘കാൽ കട്ടിലിൽ, ശരീരം നിലത്ത്’: പൊലീസിന്റെ വഴി മുടക്കി ആനകൾ; ഒടുവിൽ ട്വിസ്റ്റ്!
Mail This Article
മുണ്ടക്കയം (കോട്ടയം) ∙ വീടിനുള്ളിൽ സ്ത്രീ മരിച്ചു കിടക്കുന്നതായി പൊലീസിനു ഫോൺ സന്ദേശം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ വനത്തിലൂടെ യാത്ര ചെയ്തെത്തിയ പൊലീസ് സംഘത്തിന്റെ വഴി മുടക്കി ആനകൾ, ഒടുവിൽ വീട്ടിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ ചെറിയ അനക്കം–സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് പെരുവന്താനം പൊലീസ് അനുഭവിച്ചത്.
കാനംമല പുതുപ്പറമ്പിലെ നബീസ വീട്ടിൽ മരിച്ചു കിടക്കുന്നതായി അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴക്കോട്ടയിലിനാണ് വിവരം ലഭിച്ചത്. നാട്ടുകാരനായ ബെന്നിയാണ് ഫോൺ വിളിച്ചത്. കാൽ മാത്രം കട്ടിലിൽ, ശരീരം നിലത്തു വീണ നിലയിലാണെന്നും ബെന്നി അറിയിച്ചു. ബുധനാഴ്ച സന്ധ്യയ്ക്ക് ഫോൺ ലഭിച്ചതോടെ ഷാജി പെരുവന്താനം സ്റ്റേഷനിൽ അറിയിച്ചു. തനിച്ച് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ എസ്ഐ കെ.ആർ.അജീഷ്, മുഹമ്മദ് അജ്മൽ, ആദർശ്, ഷെരീഫ്, അൻസാരി എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തേക്കു പുറപ്പെട്ടു. ഇൻക്വസ്റ്റ് ഫയലും രാത്രി കാവലിന് രണ്ട് സിപിഒമാരുമൊക്കെയായിട്ടായിരുന്നു യാത്ര.
തൊട്ടടുത്ത് അയൽക്കാരില്ലാത്ത ഇടത്ത് ചെറിയ വീട്ടിലാണ് നബീസയുടെ താമസം. 2 ദിവസമായി പുറത്തെങ്ങും കാണാനില്ലായിരുന്നു. സംശയം തോന്നി ബെന്നി വീട്ടിൽ കയറി നോക്കിയപ്പോഴാണ് നിലത്തു കിടക്കുന്ന നബീസയെ കണ്ടത്. ദൂരെയുള്ള ഏക മകളെയും അറിയിച്ചു. സ്റ്റേഷനിൽനിന്ന് 11 കിലോമീറ്ററകലെയാണ് കാനംമല. ഇടയ്ക്ക് കാടുമുണ്ട്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ നിന്നു ജനവാസ മേഖലയിലേക്ക് കടന്ന കാട്ടാനകൾ പൊലീസിന്റെ വഴി മുടക്കി. വനപാലകരെ അറിയിച്ചെങ്കിലും എത്താൻ വൈകിയതോടെ ആനകളെ അവഗണിച്ച് പൊലീസ് ജീപ്പിൽ യാത്ര തുടർന്നു.
ജീപ്പ് എത്തുന്നിടത്തുനിന്ന് നടന്നുവേണം വീട്ടിലെത്താൻ. രാത്രി ഒൻപതിന് പൊലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചു. അപ്പോഴേക്കും നബീസയുടെ മകളുമെത്തി. നബീസയുടെ വയറിൽ ചെറിയ അനക്കം ശ്രദ്ധിച്ചത് എസ്ഐയാണ്. പിന്നെ എല്ലാം വേഗത്തിലായി. പുതപ്പിൽ കിടത്തി ചുമന്ന് റോഡിൽ എത്തിച്ചു, തുടർന്ന് ആശുപത്രിയിലും. ഐസിയുവിലാണ് നബീസ ഇപ്പോൾ.