ഇ.ഡി റെയ്ഡ്; വ്യവസായിയും ഭാര്യയും മരിച്ചനിലയിൽ, കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം
Mail This Article
മുംബൈ∙ ഭോപാലിൽ നിന്ന് 45 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ സെഹോറിൽ വ്യവസായിയും ഭാര്യയും മരിച്ച നിലയിൽ. മനോജ് പർമർ, ഭാര്യ നേഹ പർമർ എന്നിവരെയാണു വീട്ടിലെ സീലിങ് ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. കത്തിന്റെ ഉള്ളടക്കം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
സെഹോറിലും ഇൻഡോറിലുമുള്ള മനോജിന്റെ വസ്തുക്കളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന സംഭവം. റെയ്ഡുകളിൽ ഇ.ഡി നിരവധി സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടുകെട്ടുകയും 3.5 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ദേശസാൽകൃത ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും മനോജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇ.ഡി നടപടിയിൽ ദമ്പതികൾ കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ‘‘ഇ.ഡിയുടെ റെയ്ഡ് കാരണം മനോജ് മാനസിക സമ്മർദത്തിലായിരുന്നു. ഇ.ഡിയുടെ ഉപദ്രവം കാരണം അദ്ദേഹം ജീവിതം അവസാനിപ്പിച്ചു’’– മനോജിന്റെ ഇളയ സഹോദരൻ കൈലാഷ് പർമർ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് മക്കൾ കുടുക്ക സമ്മാനിച്ചതിനാലാണ് മനോജ് പർമറിനെ ഒരു കാരണവുമില്ലാതെ ഇ..ഡി ഉപദ്രവിച്ചതെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആരോപിച്ചു. ‘‘കോടതിയിൽ മനോജിനു വേണ്ടി വാദിക്കാൻ ഞാനൊരു അഭിഭാഷകനെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ, ഭയം കാരണം അദ്ദേഹം ജീവിതം അവസാനിപ്പിച്ചു. കൂടുതൽ അന്വേഷണം വേണം’’– ദ്വിഗ് വിജയ് സിങ് പറഞ്ഞു.