‘തെറ്റ് ചെയ്തിട്ടില്ല, നിയമത്തിൽ പൂർണ വിശ്വാസം; യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കും’
Mail This Article
ഹൈദരാബാദ്∙ പുഷ്പ 2 പ്രിമിയർ ദിവസം തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അല്ലു അർജുൻ ജയിൽ മോചിതനായത് ജയിലിന്റെ പിൻഗേറ്റിലൂടെ. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു മുന്നിലെ വഴി ഒഴിവാക്കിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ. ചന്ദ്രശേഖര്‍ റെഡ്ഡിയും ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങി തന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫിസിലാണ് അല്ലു ആദ്യമെത്തിയത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അല്ലു അർജുൻ പറഞ്ഞു. മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കും. അവർക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്യും. കൂടെ നിന്നവർക്കും പ്രാർഥിച്ചവർക്കും നന്ദി. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. നിയമത്തിൽ പൂർണമായും വിശ്വാസമുണ്ട്. താനും കുടുംബവും നേരിട്ടത് വലിയ വെല്ലുവിളിയാണെന്നും അല്ലു അർജുൻ പറഞ്ഞു.
വീട്ടിലെത്തിയ അല്ലുവിനെ ആരതി ഉഴിഞ്ഞാണ് വീട്ടുകാർ സ്വീകരിച്ചത്. ഇടക്കാലജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാൻ വൈകിയതിനാൽ ഇന്നലെ രാത്രി മുഴുവൻ അല്ലുവിന് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.