‘കാർ അപകടത്തിൽപ്പെട്ടു; രേഖകൾ നൽകണം’: ‘പൊലീസിന്റെ’ സന്ദേശം, കൊച്ചി സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി
Mail This Article
കൊച്ചി∙ ‘‘ബെംഗളൂരുവിലുള്ള നിങ്ങളുടെ കാർ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ ആവശ്യപ്പെടുന്ന രേഖകൾ നൽകണം’’–പനമ്പിള്ളി നഗർ സ്വദേശിയായ 85കാരനു ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേരിൽ വന്ന സന്ദേശം ഇങ്ങനെ. പൊലീസ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനാണ് വിഡിയോയിൽ സംസാരിച്ചത്. ബെംഗളൂരുവിൽ തനിക്കു വാഹനമില്ലെന്ന് പറഞ്ഞെങ്കിലും ആധാർ രേഖകൾ നൽകാൻ ‘ഉദ്യോഗസ്ഥൻ’ ആവശ്യപ്പെട്ടു. ആധാർ ഉപയോഗിച്ച് വലിയ തട്ടിപ്പു നടന്നതായി പറഞ്ഞ് വയോധികന്റെ അക്കൗണ്ടിൽനിന്ന് പണം കൈമാറാൻ ആവശ്യപ്പെട്ടു. പണം കൈമാറിയതോടെ തട്ടിപ്പുകാർ മുങ്ങി.
സിബിഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ പേരിലാണ് സാധാരണ തട്ടിപ്പെങ്കിൽ ഇത്തവണ ബെംഗളുരു ട്രാഫിക് പൊലീസിന്റെ പേരിലായിരുന്നു തട്ടിപ്പ്. കൊച്ചിയിൽ മാത്രം രണ്ടാഴ്ച്ചയ്ക്കിടെ അരഡസനോളം ഡിജിറ്റൽ അറസ്റ്റ്, വ്യാജ ട്രേഡിങ് ആപ്പ് അടക്കമുള്ള സൈബർ തട്ടിപ്പുകളാണ് നടന്നത്. പ്രായമായവരേയും വീട്ടമ്മമാരെയും ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങളുമായി ഡിജിറ്റൽ തട്ടിപ്പ് സംഘം രംഗത്തുണ്ട്. അത്തരത്തിലൊന്നാണ് പനമ്പിള്ളി നഗർ സ്വദേശിക്ക് സംഭവിച്ചത്.
നവംബർ 22നാണു തട്ടിപ്പു സംഘത്തിന്റെ ആദ്യവിളി വാട്സ്ആപ് വഴി വയോധികന് ലഭിക്കുന്നത്. ഒരു സ്ത്രീ ആയിരുന്നു മറുവശത്ത്. ബെംഗളൂരു ട്രാഫിക് പൊലീസിൽ നിന്നാണെന്നാണ് പറഞ്ഞത്. ഉടൻ തന്നെ തന്റെ മുതിർന്ന ഉദ്യോഗസ്ഥൻ വിളിക്കും എന്നുമറിയിച്ചു. മുതിർന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരൻ താൻ ജയാനഗർ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു വയോധികനോട് വെളിപ്പെടുത്തി. ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ പേരിൽ എടുത്തിട്ടുള്ള കാർ ഗുരുതരമായ അപകടത്തിൽപ്പെട്ടെന്നും രേഖകൾ പരിശോധിക്കാൻ ആധാർ കാർഡ് വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. ആധാർ പരിശോധിച്ച ശേഷമായിരുന്നു അടുത്ത ഭീഷണി. ആധാർ നമ്പർ ഉപയോഗിച്ച് വിദേശത്ത് വലിയ തോതിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്നായിരുന്നു പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാരൻ പറഞ്ഞത്. വയോധികൻ ഇത് നിഷേധിച്ചെങ്കിലും എത്രയും വേഗം അക്കൗണ്ടിലുള്ള പണം റിസർവ് ബാങ്കിന് പരിശോധിക്കാനായി തങ്ങൾ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അദ്ദേഹം പണം കൈമാറി. പണം തിരികെ ആവശ്യപ്പെട്ട് വിളിക്കാൻ തുടങ്ങിയതോടെ തട്ടിപ്പുസംഘം മുങ്ങി.
മരട് സ്വദേശിയായ റിട്ട. ബിഎസ്എൻഎല്‍ ജീവനക്കാരന് ഏതാനും ദിവസം മുൻപ് നഷ്ടപ്പെട്ടത് 1.27 ലക്ഷം രൂപയാണ്. ഡിസംബർ 10ന് ഡൽഹി വിമാനത്താവളത്തിൽ നിന്നാണെന്നു പറഞ്ഞായിരുന്നു ആദ്യ വിളി. ഒരു കുറിയർ എത്തിയിട്ടുണ്ടെന്നും അതിൽ എടിഎം, പാൻകാർഡ് എന്നിവയ്ക്കൊപ്പം 150 ഗ്രാം ലഹരി മരുന്നും ഉണ്ട് എന്നായിരുന്നു ഭീഷണി. അതിനൊപ്പം അദ്ദേഹം മനുഷ്യക്കടത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാർ ഭീഷണി മുഴക്കി. ആർബിഐക്ക് പരിശോധിക്കാൻ വേണ്ടി പണം കൈമാറാൻ തട്ടിപ്പു സംഘം ആവശ്യപ്പെട്ടു. ആദ്യം അക്കൗണ്ടിലുണ്ടായിരുന്ന 1.47 ലക്ഷം രൂപയിൽ 1.27 ലക്ഷം രൂപ തട്ടിപ്പു സംഘത്തിന് കൈമാറി. പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. കൊച്ചി എളംകുളം സ്വദേശിയായ വയോധികന് അടുത്തിടെ ഭീഷണി എത്തിയത് ഹൈദരാബാദ് ഹുമയൂൺ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നു പറഞ്ഞാണ്. ഇതുവഴി തട്ടിയെടുത്തത് 17 ലക്ഷം രൂപ. തൃപ്പൂണിത്തുറ സ്വദേശിയായ വ്യക്തിക്ക് ട്രേഡിങ്ങിൽ ഇരട്ടി ലാഭം എന്ന വാഗ്ദാനത്തിൽ കുടുങ്ങി നഷ്ടമായത് 4 കോടി രൂപയാണ്.
മലയാളികളും തട്ടിപ്പു സംഘങ്ങളിൽ സജീവമാണ്. കൊച്ചി വാഴക്കാല സ്വദേശിയായ റിട്ട. അധ്യാപികയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിപ്പുസംഘം 4 കോടി രൂപയിലേറെ കൈക്കലാക്കിയ സംഭവത്തിൽ അറസ്റ്റിലായത് രണ്ടു മലയാളികളാണ്. തട്ടിപ്പു സംഘത്തിനു വേണ്ട ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ചു നൽകുകയാണ് ഇവർ ചെയ്യുന്നത്. ഓരോ അക്കൗണ്ട് എടുത്തു നൽകുമ്പോഴും 5,000 മുതൽ 25,000 രൂപ വരെ ലഭിക്കും. തട്ടിപ്പുകാർ ഇരകള്‍ അയയ്ക്കുന്ന പണം കൈമാറ്റം ചെയ്യാൻ പറയുന്നത് ഈ അക്കൗണ്ടുകളിലേക്കാണ്. പണം വന്നാലുടൻ എടിഎമ്മിൽ നിന്ന് പിൻവലിച്ച് മറ്റൊരാൾക്ക് കൈമാറും. ഒരു ലക്ഷത്തിന് 2,000 രൂപ മുതൽ കമ്മിഷൻ ലഭിക്കും. പൊലീസ് അന്വേഷണത്തിൽ പിടിക്കപ്പെടുന്നത് അക്കൗണ്ട് നൽകുന്നവരായിരിക്കും.