‘റഷ്യയിലേക്ക് മിസൈലുകൾ അയയ്ക്കുന്നതിനോട് വിയോജിപ്പ്, അത് അനുവദിക്കരുത്;നടക്കുന്നത് ഭ്രാന്ത്’
Mail This Article
വാഷിങ്ടൻ∙ റഷ്യയുടെ പ്രദേശങ്ങളിൽ യുക്രെയ്ൻ യുഎസ് മിസൈലുകൾ ഉപയോഗിക്കുന്നതിനെ ‘ഭ്രാന്തെ’ന്ന് വിശേഷിപ്പിച്ചു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നയത്തോട് തീവ്രമായി വിയോജിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് നയം മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടൈം മാഗസിന്റെ ‘പഴ്സൻ ഓഫ് ദി ഇയർ’ അഭിമുഖത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
‘‘ഇപ്പോൾ നടക്കുന്നതൊക്കെ ഭ്രാന്താണ്, ഇതു ഭ്രാന്താണ്. റഷ്യയുടെ ഉള്ളിലേക്ക്, നൂറുകണക്കിനു മൈലുകൾ അകത്തേക്ക്, മിസൈലുകൾ അയയ്ക്കുന്നതിനോടു ഞാൻ ശക്തമായി വിയോജിക്കുന്നു. നാമെന്താണ് ചെയ്യുന്നത്? ഈ നടപടികൾ യുദ്ധം കൂടുതൽ കൈവിട്ടുപോകാൻ ഇടയാക്കും. അത് അനുവദിക്കരുത്’’ – ട്രംപ് പറഞ്ഞു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ റഷ്യയ്ക്കുനേരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിന് യുക്രെയ്നു പച്ചക്കൊടി കാട്ടിയപ്പോഴാണ് ട്രംപിന്റെ പരാമർശം. ബൈഡന്റെ തീരുമാനത്തെ ട്രംപ് വിമർശിച്ചെങ്കിലും യുക്രെയ്നെ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘‘റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനു പെട്ടെന്നു പരിഹാരം കാണണം. അതിനായി എനിക്കു വളരെ നല്ല പദ്ധതിയുണ്ട്. അത് എന്താണെന്ന് പങ്കിടാൻ ആഗ്രഹിക്കുന്നില്ല. യുദ്ധത്തിലെ ജീവഹാനി അമ്പരപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളുമായി സംസാരിക്കുന്നുണ്ട്’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം, പെട്ടെന്ന് എടുക്കുന്ന നടപടികൾ റഷ്യയ്ക്ക് അനുകൂലമാകുമോയെന്ന ആശങ്കയിലാണ് യുക്രെയ്ൻ. റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുപകരം ശക്തമായ നടപടികൾ എടുക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെടുന്നുണ്ട്.