കിലോമീറ്ററിന് 3 രൂപ മാത്രം; നിയമപരമാണോ ‘കാർ പങ്കിടൽ’ ? അപകടത്തിൽ പെട്ടാൽ യാത്രക്കാർ ആപ്പിൽ
Mail This Article
കോട്ടയം ∙ ഒരു വ്യക്തി നിശ്ചിത ദിവസം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നു. ഇക്കാര്യം കാർ ഉപയോഗം സംബന്ധിച്ച മൊബൈൽ അപ്ലിക്കേഷനിൽ ‘പോസ്റ്റ്’ ചെയ്യുന്നു. ഈ ദിവസം ഈ വ്യക്തി യാത്ര ചെയ്യുന്ന അതേ റൂട്ടിലൂടെ പോകേണ്ട മറ്റുള്ളവർക്ക് ഈ വാഹനത്തെ ആശ്രയിക്കാം. ഈ യാത്ര സംസ്ഥാനത്തിനകത്തോ സംസ്ഥാനത്തിന് പുറത്തേക്കോ ആയിരിക്കാം. പൊതുഗതാഗത സംവിധാനങ്ങളെയോ ടാക്സി സർവീസുകളെയോ ആശ്രയിക്കാതെ ഇത്തരം രീതിയിലൂടെ ആളുകൾക്ക് യാത്ര ചെയ്യാം. ചിലവ് കുറവാണെന്നതാണ് കാർ സൗകര്യത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നത്.
ഈ സൗകര്യത്തെ വേണമെങ്കിൽ ഷെയർ ടാക്സി എന്നോ ‘കാർ പങ്കിടൽ’ എന്നോ ‘കാർ പൂളിങ്’ എന്നോ വിളിക്കാം. ഇത് നിയമപരമാണോ അതോ അനധികൃതമാണോ എന്ന് യാത്രക്കാരിൽ പലർക്കും അറിയില്ല എന്നു മാത്രം. അതേ സമയം ചെലവു കുറവാണെങ്കിലും ഈ സൗകര്യത്തിന് പല അപകടങ്ങളുമുണ്ട്. ഓൺലൈൻ റെന്റ് എ കാർ ആപ്പുകളുടെ അനധികൃത ടാക്സി സർവീസുകൾ കൂടുന്നതായാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഉദാഹരണത്തിന് യാത്രക്കാർക്ക് സുരക്ഷയും ഇൻഷുറൻസും ഉറപ്പാക്കാതെയാണ് യാത്ര.
∙ റൂട്ടും തീയതിയും പറഞ്ഞ് പോസ്റ്റ്, പണം മുൻകൂർ അടയ്ക്കണം
റെന്റ് എ കാർ ആപ്പുകളുടെ മറവിലാണ് കാർ പങ്കിടൽ ആപ്പുകളുടെ പ്രവർത്തനം. തന്റെ വാഹനം ഈ ദിവസം ഒരു റൂട്ടിൽ യാത്ര പോകുന്നുവെന്നും ഇത്ര സീറ്റുകൾ ഒഴിവുണ്ടെന്നും ഇതിലൂടെ വ്യക്തികൾക്ക് പോസ്റ്റ് ചെയ്യാം. ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടെങ്കിൽ ആർക്കും ഇത്തരം ആപ്പുകളിൽ അക്കൗണ്ട് തുടങ്ങാം. തുടർന്ന് യാത്ര പോകേണ്ടവർ ഈ പോസ്റ്റിലൂടെ സ്വകാര്യ വാഹനം തിരഞ്ഞെടുക്കുന്നു. കിലോമീറ്ററിന് മൂന്നു രൂപയാണ് ഇത്തരം ആപ്പുകളിൽ ഈടാക്കുന്നത്. തുക ആദ്യം തന്നെ ആപ്പിലൂടെ അടയ്ക്കണം. യാത്ര പൂർത്തിയായാൽ മാത്രം ഡ്രൈവർക്കോ അല്ലെങ്കിൽ പോസ്റ്റ് ചെയ്ത വ്യക്തിയ്ക്കോ ഈ പണം ലഭിക്കും.
∙ നിയമവിരുദ്ധം, സുരക്ഷയും ഇൻഷുറൻസും ‘വട്ടപൂജ്യം’
ടാക്സിയല്ലാത്ത കാറുകളിൽ ഇത്തരം ട്രിപ്പുകൾ നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന നിയമം വകുപ്പ് – 66 അനുസരിച്ച് പെർമിറ്റ് ലംഘനമാണ് ഇതിലൂടെ നടക്കുന്നത്. വാഹനത്തിന്റെ ഉടസ്ഥൻ വാഹനത്തിൽ ഉണ്ടെങ്കിൽ പോലും പണം വാങ്ങി സ്വകാര്യ വാഹനം ട്രിപ്പ് ഓടുന്നത് പെർമിറ്റ് ലംഘനമാണ്. അതേസമയം പരാതികൾ ഉണ്ടെങ്കിൽ പോലും നടപടി എടുക്കാൻ പറ്റുന്ന സാഹചര്യമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരം വാഹനങ്ങൾ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. വാഹനങ്ങളിൽ സുരക്ഷിതത്വം തീരെ കുറവാണ്. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പോലും ലഭിക്കില്ല. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനികൾക്ക് തടസം ഉന്നയിക്കാം.
∙ ‘ടാക്സി മേഖലയെ പ്രതിസന്ധിയിലാക്കുന്നു’
നിയമവിരുദ്ധമായ കാർ പൂളിങ് രീതി അംഗീകൃത ടാക്സി തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്ന് യെലോ കാബ് ഡ്രൈവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സി. ഷാജോ ജോസ് പറഞ്ഞു. ‘‘കിലോമീറ്ററിന് 3 രൂപയ്ക്കാണ് പൂളിങ് നടക്കുക. ഇത്തരം പെർമിറ്റില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റാൻ നിലവിൽ നിയമമില്ല. ഇത്തരം വാഹനങ്ങൾ അപകടത്തൽപെടുമ്പോഴോ അല്ലെങ്കിൽ യാത്രികർക്ക് നേരെ അതിക്രമം നടക്കുമ്പോഴോ ആയിരിക്കും ഈ നിയമവിരുദ്ധ പ്രവർത്തനം പുറത്തറിയുക. എറണാകുളം– തൃശൂർ റൂട്ടിലാണ് ഏറെയും നടക്കുന്നത്. ടാക്സിയല്ലാത്ത പ്രൈവറ്റ് വാഹനത്തിൽ ട്രിപ്പ് എടുക്കാൻ നിയമമില്ലെന്നിരിക്കെ ഇത്തരം ആപ്പുകളുടെ പ്രവർത്തനം സർക്കാർ ഉടൻ നിയന്ത്രിക്കണം. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്ന് എത്രയും വേഗം ഇത്തരം കള്ളടാക്സികളെ പിടികൂടാൻ നടപടിയുണ്ടാകണം’’– ഷാജോ പറഞ്ഞു.