പരീക്ഷ ചോദ്യപ്പേപ്പർ ചോര്‍ച്ച: ‘യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി, ചില അധ്യാപകരുടെ വഞ്ചന വച്ചുപൊറുപ്പിക്കില്ല’
Mail This Article
തിരുവനന്തപുരം∙ ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. ‘‘പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നത്. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോര്‍ച്ച ഉണ്ടാകില്ല. യൂട്യൂബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതീവഗൗരവത്തോടെയാണ് വകുപ്പ് ഈ വിഷയത്തെ കാണുന്നത്. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കേണ്ട ചില അധ്യാപകര്‍ കച്ചവടതാല്പര്യത്തോടെ ചില കമ്പനികളുമായി ബന്ധപ്പെട്ടു വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല. ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരം ശേഖരിക്കും. നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നന്നായി പഠിച്ചു വരുന്ന കുട്ടികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്’’ – മന്ത്രി പറഞ്ഞു.
ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്കോ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ ഓണ്‍ലൈന്‍ ട്യൂഷന് ആപ്പുകളുമായോ യൂട്യൂബ് ചാനലുകളുമായോ ബന്ധമുണ്ടോയെന്നു വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ അധ്യാപകര്‍ ഉള്‍പ്പെട്ട റാക്കറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊലീസിനു പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നാല്‍ വാര്‍ഷിക പരീക്ഷകളുടെ കാര്യത്തിലും സുരക്ഷിതത്വമുണ്ടാകില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കണക്ക് ഉള്‍പ്പെടെ ചില വിഷയങ്ങളിലാണു ചോദ്യം ചോരുന്നതായി കണ്ടെത്തിയത്. കര്‍ശന നടപടിയുണ്ടാകുമെന്നും രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ആണ് പാദവാര്‍ഷിക പരീക്ഷകളുടെ ചോദ്യം തയാറാക്കുന്നത്. 4 സെറ്റ് ചോദ്യക്കടലാസുകള്‍ തയാറാക്കി അതില്‍ ഒന്നാണു വിതരണം ചെയ്യുന്നത്. അതില്‍നിന്നുതന്നെ കൃത്യമായി ചോദ്യങ്ങള്‍ ചോര്‍ന്നതാണു സംശയത്തിനിടയാക്കുന്നത്. വകുപ്പുതന്നെ അച്ചടിച്ചാണ് ഇവ സ്കൂളിലെത്തിക്കുന്നത്.
കഴിഞ്ഞ ഓണപ്പരീക്ഷയുടെ ചോദ്യങ്ങളും ചോര്‍ന്നിരുന്നു. അന്നു മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയശേഷം പൊലീസിനു പരാതി നല്‍കിയത്.