ഇല്ല വിട്ടുവീഴ്ച! നിർമാണത്തിനും വിതരണത്തിനും അതീവ സുരക്ഷ; ചോദ്യപ്പേപ്പർ ചോർച്ചയിൽ പരാതി ഉടൻ
Mail This Article
തിരുവനന്തപുരം∙ എസ്എസ്എൽസി ഇംഗ്ലിഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി നൽകും. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപ്പേപ്പർ എസ്സിഇആർടി വർക്‌ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്.
രണ്ട് സെറ്റ് ചോദ്യപ്പേപ്പറാണ് തയാറാക്കുക. അതിൽ ഒരു സെറ്റ് തിരഞ്ഞെടുത്ത് സംസ്ഥാനത്തിനു പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിൽ പ്രിന്റ് ചെയ്ത് അവർ തന്നെ 14 ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെനിന്ന് പ്രിൻസിപ്പൽമാർ ഇവ ശേഖരിക്കും.
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെയുള്ള പരീക്ഷ പേപ്പർ എസ്എസ്കെ വർക്‌ഷോപ്പ് സംഘടിപ്പിച്ചു രണ്ട് സെറ്റ് തയാറാക്കും. അതിൽ ഒന്നു തിരഞ്ഞെടുത്ത് പ്രസ്സിലേക്കും തുടർന്ന് പ്രിന്റ് ചെയ്ത് ബിആർസികളിലേക്കും വിതരണം ചെയ്യുന്നു. ഇതിനേക്കാൾ കർശനമായ രീതിയിലാണു പൊതുപരീക്ഷകൾ നടക്കുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപ്പേപ്പറുകളും എസ്എസ്എൽസിക്ക് നാലു സെറ്റ് ചോദ്യപ്പേപ്പറുകളുമാണ് തയാറാക്കുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിലാണ് പ്രിന്റ് ചെയ്യുന്നത്. എസ്എസ്എൽസി ചോദ്യപ്പേപ്പറുകൾ ഡിഇഒ ഓഫിസിലേക്കും പ്ലസ് ടു ചോദ്യപ്പേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കുമാണ് എത്തിക്കുന്നത്.
ചോദ്യപ്പേപ്പർ നിർമാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങൾ കൈക്കൊള്ളാറുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്നത് അതീവ ഗൗരവമായിട്ടുള്ള സംഭവ വികാസമാണ്. ഇക്കാര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു യാതൊരുവിധ വിട്ടുവീഴ്ചകളും കൈക്കൊള്ളുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.