ADVERTISEMENT

ന്യൂഡൽഹി∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ജനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ‘കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ്–എൽഡിഎഫ് എംപിമാർ കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചത്. കേന്ദ്രസമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാർ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പലതവണ ആവശ്യപ്പെട്ടിട്ടും ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുന്നില്ലെന്ന് പ്രിയങ്കഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പാക്കേജ് വേണമെന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. ഹിമാചലിൽ പ്രകൃതി ദുരന്തമുണ്ടായപ്പോഴും കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാൽ രണ്ടിടത്തും ദുരിതബാധിതർക്ക് സഹായം നിഷേധിച്ചു. 

വയനാട്ടിലെ നാശനഷ്ടം രാജ്യം കണ്ടതാണ്. പ്രകൃതി ദുരന്തങ്ങളുണ്ടായി വേദന അനുഭവിക്കുന്ന ഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾ തമ്മിൽ വിവേചനം പാടില്ല. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണം. ഞങ്ങൾ വളരെ നിരാശരാണ്. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചു ദുരിതബാധിതരെ കണ്ടതാണ്. കേന്ദ്രസർക്കാർ മനുഷ്യത്വത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുമെന്നാണ് പ്രതീക്ഷിച്ചത്. ഇപ്പോഴും ഞങ്ങൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. കേന്ദ്രസർക്കാർ ദുരിതബാധിതരോട് അനുഭാവപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാഷ്ട്രീയത്തിന് അതീതമായ കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു.

English Summary:

Kerala Landslide Relief: Kerala MPs protest demanding a special package for landslide victims in Mundakkai-Chooralmala. Priyanka Gandhi criticizes the Centre's "political approach" and demands immediate aid for the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com