‘സുഖ ദർശനം സുരക്ഷിത ദർശനം’; ശബരിമലയിൽ ഇത്തവണ പരാതിരഹിത തീർഥാടനം’
Mail This Article
ശബരിമല∙ ‘‘സുഖ ദർശനം സുരക്ഷിത ദർശനം’’ എന്നതാണ് ശബരിമലയിൽ ഇത്തവണ പൊലീസിന്റെ കാഴ്ചപ്പാടെന്ന് ശബരിമല ചീഫ് കോർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്നും ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും എഡിജിപി കൂട്ടിച്ചേർത്തു. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആണെങ്കിലും ദർശനത്തിനു വലിയ കാത്തുനിൽപ്പോ പരാതിയോ ഇല്ല. ഇതിന്റെ രഹസ്യം ചോദിച്ചപ്പോൾ എഡിജിപി എല്ലാം ഒരു ചിരിയിൽ ഒതുക്കി. കഴിഞ്ഞ വർഷത്തെ പോരായ്മ പഠിച്ചു ചില പൊടിക്കൈകൾ പ്രയോഗിച്ചു. അതിന്റെ ഫലം കണ്ടു. പിന്നെ അയ്യപ്പ സ്വാമിയുടെ കാരുണ്യവും.
തീർഥാടകരെ എങ്ങും തടയുന്നില്ല. വഴിനീളെ അനാവശ്യമായി തടഞ്ഞിട്ട് ആരെയും ബുദ്ധിമുട്ടിച്ചില്ല. ഒരു തടസ്സവുമില്ലാതെ മലകയറി സന്നിധാനത്ത് എത്തി വലിയ കാത്തുനിൽപ്പ് ഇല്ലാതെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അവസരം കിട്ടിയാൽ പിന്നെ എന്തിനാണ് പരാതി. അതാണ് പരാതിരഹിത തീർഥാടനം. തീർഥാടകരെ ഒരു സെക്കൻഡ് പോലും വഴിയിൽ തടഞ്ഞിടരുതെന്നു പൊലീസിനു കർശന നിർദേശം നൽകിയിട്ടുണ്ട്. മനോരമയ്ക്കു വേണ്ടി അദ്ദേഹം മനസ്സ് തുറന്നു.
? പതിനെട്ടാംപടി കയറ്റുന്നതിൽ വരുത്തിയ മാറ്റം
∙ തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിലെ കാലതാമസമായിരുന്നു ക്യു നീളാനുള്ള പ്രധാന കാരണം. എന്തുകൊണ്ടാണ് താമസമുണ്ടാകുന്നതെന്ന് കണ്ടെത്തി. അതിന് പരിഹാരവും കണ്ടു. പതിനെട്ടാംപടിയുടെ വശത്ത് പൊലീസുകാർക്ക് ഇരുന്ന് തീർഥാടകരെ കയറ്റിവിടാനുള്ള സംവിധാനം ഉണ്ട്. കൂടാതെ പടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയവും കുറച്ചു. 15 മിനിറ്റ് കഴിയുമ്പോൾ പൊലീസുകാർക്ക് വിശ്രമം അനുവദിച്ചു. ഇത് വിജയം കണ്ടു. ഒരു മിനിറ്റിൽ 75 മുതൽ 80 പേർ വരെ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ സമയത്തു മാത്രമാണ് അൽപ്പം കുറഞ്ഞത്. മിനിറ്റിൽ 90 മുതൽ 97 പേരെ വരെ കയറ്റി ഇത്തവണ ചരിത്രവും തിരുത്തി.
? ശബരിമലയിൽ ഇല്ലാത്തപ്പോൾ ഇത് എങ്ങനെ നിരീക്ഷിക്കും
∙ ശബരിമലയിൽ ഇല്ലെങ്കിലും പ്രശ്നമില്ല. എവിടെ ഇരുന്നാലും ശബരിമലയിലെ ക്യാമറാദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്. പോരായ്മ കണ്ടാൽ അപ്പോൾ സ്പെഷൽ ഓഫിസറെ വിളിക്കും. പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ അവിടെ പോയി നിന്നു പരിഹാരം കാണും.
? വെർച്വൽ ക്യു ബുക്കു ചെയ്യുന്നവർ ദിവസവും സമയവും തെറ്റി വന്നാൽ
∙വെർച്വൽ ക്യു ബുക്കു ചെയ്ത ധാരാളം പേർ ക്രമം തെറ്റി വരുന്നുണ്ട്. ഇന്നത്തേക്കു ബുക്ക് ചെയ്തിട്ട് തലേദിവസമേ വരുന്നവർ ഉണ്ട്. അതേപോലെ ബുക്കു ചെയ്ത ദിവസം വരാതെ മാറിവരുന്നവരും ഉണ്ട്. ഇവർക്ക് ഇതുവരെ നിയന്ത്രണം കൊണ്ടുവന്നിട്ടില്ല. ഇത് ചില ദിവസങ്ങളിൽ അൽപം തിരക്ക് കൂടാൻ ഇടയാക്കിയിട്ടുണ്ട്.
ഇത്തവണ ഏറ്റവും വലിയ തിരക്ക് 6ന് ആയിരുന്നു. അന്ന് 15,000 പേരിൽ കൂടുതൽ ക്രമം തെറ്റി വന്നു. അന്ന് സ്പോട് ബുക്കിങ് 14,800 ആയിരുന്നു. എന്നിട്ടും വലിയ കാത്തുനിൽപ്പില്ലാതെ എല്ലാവർക്കും ദർശനം ലഭ്യമാക്കിയത് പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കൂട്ടിയതിനാലാണ്.
? സോപാനത്തെ ദർശനം. പൊലീസിന്റെ തള്ളിവിടൽ
∙ കുറഞ്ഞത് 25,000 മുതൽ 30,000 പേർ വരെ ഒരു ദിവസം ഉച്ചയ്ക്കു ശേഷം ദർശനത്തിനെത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം അഭിഷേകം ഇല്ലാത്തതിനാൽ ഇതിൽ നല്ലൊരു ഭാഗവും പിറ്റേ ദിവസം അഭിഷേകവും ദർശനവും കഴിഞ്ഞാണ് മടങ്ങുന്നത്. ഓരോ ദിവസവും ദർശനം നടത്തുന്ന കണക്കിൽ ഇവരുടെ എണ്ണം ഉൾപ്പെടുത്താറില്ല. സോപാനത്ത് തിരക്ക് കൂടാൻ ഇതാണ് കാരണം. മേൽപാലത്തിന്റെ 2 വശം നിറഞ്ഞാൽ മാത്രം സോപാനത്തു നിൽക്കുന്ന പൊലീസുകാർ വേഗത്തിൽ തള്ളി വിടുകയുള്ളു. അതിനു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സുഗമമായ ദർശനം കിട്ടുന്നതിനാലാണു പരാതി ഇല്ലാത്തത്.
? തീർഥാടകരുടെ സംതൃപ്തി
∙ഇത്തവണ ദേവസ്വം ബോർഡിനു വരുമാനം കൂടുതലാണ്. ശരിയായ ദർശനം കിട്ടി മനസ്സിനു സന്തോഷം കിട്ടിയതിനാലാണ് തീർഥാടകർ കാണിക്കയിൽ കൂടുതൽ പണം ഇടുന്നത്. രണ്ടാമത് ഒന്നു കൂടി ദർശനം വേണമെന്ന് ആരു പറഞ്ഞാലും അവരെ കടത്തിവിടാനാണ് നിർദേശിച്ചിട്ടുള്ളത്. ക്യു നിന്നു വരണമെന്നു മാത്രം. എതിർദിശയിലൂടെ വന്ന് ദർശനത്തിനായി സോപാനത്തേക്ക് ഇടിച്ചു കയറുന്നത് നിർത്തി. അയ്യപ്പസ്വാമിയുടെ മുൻപിൽ എല്ലാവരും ഒരുപോലെയാണ്.
? മണ്ഡലപൂജയ്ക്ക് പ്രത്യേക ക്രമീകരണം
∙ഇതുപോലെ എല്ലാം ഭംഗിയായി പോയാൽ പ്രത്യേക ക്രമീകരണത്തിന്റെ ആവശ്യമില്ല. എന്നാലും മണ്ഡലപൂജയ്ക്കുള്ള തങ്ക അങ്കി ഘോഷയാത്ര വരുമ്പോൾ അതിനു തടസ്സം ഉണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണം ഉണ്ട്.
? ഭിന്നശേഷിക്കാരനു ഡോളി കിട്ടിയില്ലെന്ന പരാതി
∙യഥാർഥത്തിൽ പൊലീസിന് ഇതിൽ വലിയ റോൾ ഇല്ല. ഭിന്നശേഷിക്കാരൻ ആണെന്നു കണ്ടപ്പോൾ ഡോളി ക്രമീകരിക്കാൻ വയർലെസിൽ സന്ദേശം നൽകി. ഇത് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡോളിക്കാർ എത്താൻ വൈകിയത് പൊലീസിന്റെ കുഴപ്പമല്ല.
? മണ്ഡലപൂജയുടെ അവസാന നാളുകൾ, മകരവിളക്ക് എന്നിവയ്ക്ക് തിരക്ക് കൂടിയാൽ
∙തിരക്ക് പ്രതീക്ഷിച്ച് വാഹന പാർക്കിങ്ങിനു പ്രത്യേക ക്രമീകരണം ഒരുക്കുന്നുണ്ട്. ഇതിനായി എരുമേലിയിലേക്ക് പോകുന്നുണ്ട്. അവലോകന യോഗം കഴിഞ്ഞാണ് മടങ്ങുക.