കൊച്ചി മംഗളവനത്തിൽ അജ്ഞാത മൃതദേഹം; ഗേറ്റിന്റെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ നിലയിൽ
Mail This Article
കൊച്ചി ∙ ഹൈക്കോടതിക്കു സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയിലാണ് മധ്യവയസ്കന്റെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. സെന്‍ട്രൽ പൊലീസ് സ്ഥലത്തെത്തി പരിശോധകൾ നടത്തി വരികയാണ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തമിഴ്നാട് സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിൽ മതിൽ ചാടി കടക്കാൻ ശ്രമിച്ചപ്പോൾ കമ്പിയിൽ കുടുങ്ങിയതെന്നാണ് സംശയം.
രാവിലെ നടക്കാൻ പോയ നാട്ടുകാരാണ് മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും. ഹൈക്കോടതിക്കു പിൻവശത്തായുള്ള മംഗളവനത്തിന്റെ ഭാഗത്ത് സുരക്ഷയ്ക്ക് ആളുകളുണ്ടെങ്കിലും രാത്രിയായാൽ ഇവിടെ ഗേറ്റടയ്ക്കും. അതിനാൽ സന്ദർശകർക്ക് പ്രവേശനമില്ല. സിഎംഎഫ്ആർഐയുടെ പിൻവശത്തായാണ് മംഗളവനം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.