പെരുമഴയിൽ മുങ്ങി തിരുനെൽവേലി, പെയ്തിറങ്ങിയത് അതിതീവ്രമഴ; കേരളത്തിന് ‘രക്ഷകനായി’ സഹ്യപർവ്വതം
Mail This Article
കോട്ടയം∙ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതിതീവ്ര മഴ പെയ്തപ്പോൾ കേരളത്തെ മഴ കാര്യമായ രീതിയിൽ ബാധിക്കാതെ ‘സംരക്ഷിച്ചത്’ സഹ്യപർവത നിരകൾ. 24 മണിക്കൂറിൽ തിരുനെൽവേലിയില്‍ പെയ്തത് 540 എംഎം മഴയാണ്. സഹ്യപർവതം കവചമൊരുക്കിയതിനാൽ ഇപ്പുറത്ത് കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ ലഭിച്ചത് 152 എംഎം മഴ മാത്രം. വലിയ വെള്ളപൊക്കവും ദുരിതവും ഒഴിവായി. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എന്ന് കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.
സഹ്യപർവ്വതം കേരളത്തെ കനത്ത മഴയിൽനിന്ന് സംരക്ഷിച്ചു എന്ന പ്രയോഗം ഒരു പരിധിവരെ ശരിയാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മൺസൂൺ സമയത്ത് അറേബ്യൻ സമുദ്രത്തിൽനിന്നുള്ള കാറ്റ് പശ്ചിമഘട്ട മലനിരകളിൽ തട്ടിനിന്നാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. പശ്ചിമഘട്ടം കാറ്റിനെ തടയുന്നതിനാൽ തമിഴ്നാട്ടിൽ മഴ ലഭിക്കില്ല. തുലാവർഷമാകുമ്പോൾ കാറ്റിന്റെ ഗതി എതിർദിശയിലാകും. തമിഴ്നാട് ഭാഗത്തുനിന്നുള്ള കാറ്റ് പശ്ചിമഘട്ട മലനിരകളിൽ തട്ടിനിന്ന് തമിഴ്നാട് ഭാഗത്ത് മഴ ലഭിക്കും. ഇന്നലെ ന്യൂനമർദത്തിന്റെ ഭാഗമായി തമിഴ്നാട് ഭാഗത്തുനിന്നുണ്ടായ കാറ്റ് പശ്ചിമഘട്ടം തടഞ്ഞു നിർത്തിയതിനാലാണ് തിരുനെൽവേലിയിൽ കനത്ത മഴ പെയ്തത്. പശ്ചിമഘട്ടത്തിൽ കാറ്റ് തട്ടിനിന്നതിനാൽ കേരളത്തിൽ വലിയ മഴ പെയ്തില്ല. എങ്കിലും ഇതിന്റെ പ്രതിഫലനമായി കൊല്ലം, ഇടുക്കി ജില്ലകളുടെ തമിഴ്നാടിനോട് ചേർന്ന ചില ഭാഗങ്ങളിൽ 13–ാം തീയതി 24 മണിക്കൂറിനിടെ 100 എംഎം മഴയ്ക്ക് മുകളിൽ ലഭിച്ചു.
പശ്ചിമഘട്ട മലനിരകൾ ഇല്ലാതിരുന്നെങ്കിൽ തമിഴ്നാട്ടിൽനിന്നുള്ള കാറ്റ് നേരെ കടലിലേക്ക് പോവുമായിരുന്നു എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. അങ്ങനെയായിരുന്നു സാഹചര്യമെങ്കിൽ കേരളത്തിൽ പെയ്തേക്കാവുന്ന മഴ ഇപ്പോൾ സങ്കൽപ്പിക്കാനേ കഴിയൂ. 24 മണിക്കൂറിൽ 540 എംഎം മഴ തിരുവനന്തപുരത്തും, കൊല്ലത്തുമെല്ലാം ലഭിച്ചിരുന്നെങ്കിൽ വലിയ ആഘാതം ഉണ്ടാകുമായിരുന്നെന്ന് വിദഗ്ധർ പറയുന്നു. ഇടുക്കിയിലെ പെട്ടിമുടിയിൽ 2020ൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായപ്പോൾ 24 മണിക്കൂറിൽ 600 എംഎം മഴയ്ക്കടുത്ത് ലഭിച്ചിരുന്നു. 13–ാം തീയതി അംബാസമുദ്രത്തിൽ 24 മണിക്കൂറിനിടെ 366 എംഎം മഴയും തൂത്തുക്കുടി കോവിൽപ്പെട്ടിയിൽ 364 എംഎം മഴയും തെങ്കാശി അയിക്കുടിയിൽ 312 എംഎം മഴയും ലഭിച്ചു. തിരുനെൽവേലിയിൽ കഴിഞ്ഞ 48 മണിക്കൂറിൽ പെയ്തത് 775 എംഎം മഴയാണ്.