ADVERTISEMENT

മേശകളിലും പാത്രങ്ങളിലും താളം പിടിച്ച്, മൂന്നാം വയസ്സിലേ സംഗീതമാണു വഴിയെന്നുറപ്പിച്ചയാളാണു സാക്കിർ ഹുസൈൻ. ഏഴാം വയസ്സ് മുതല്‍ പിതാവ് തബല ചിട്ടയായി പഠിപ്പിച്ചു. പ്രശസ്‌ത തബലവാദകന്‍ ഉസ്‌താദ്‌ അല്ലാ രഖാ ഖുറേഷിയുടെയും ബാവി ബീഗത്തിന്റെയും പുത്രനായി 1951 മാര്‍ച്ച്‌ 9ന് മുംബൈയിലെ പ്രാന്തപ്രദേശമായ മാഹിമിലാണു സാക്കിർ ഹുസൈൻ ജനിച്ചത്‌. സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛനു പകരക്കാരനായി തുടങ്ങി. പിന്നീട്‌ പന്ത്രണ്ടാം വയസ്സില്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു. പന്ത്രണ്ടാം വയസ്സില്‍തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം 2 ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.

മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ യുഎസിൽ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു. വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി. പ്രഫസറാകുമ്പോൾ പ്രായം 19 മാത്രം. പിന്നെയങ്ങോട്ട് സംഗീതലോകത്തെ ജൈത്രയാത്ര. വർഷത്തിൽ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സാക്കിർ ഹുസൈൻ കച്ചേരികള്‍ നടത്തി. അദ്ദേഹം എത്രത്തോളം ആരാധകരുടെ മനസ്സില്‍ ഇടം തേടിയിരുന്നു എന്നതിനു തെളിവാണിത്. ലോകോത്തര സംഗീതജ്ഞരുമായി ചേർന്നു നിരവധി സംഗീത സാക്ഷാത്കാരങ്ങൾ ഒരുക്കി. വയലിനിസ്റ്റ്‌ എല്‍.ശങ്കര്‍, ഗിറ്റാറിസ്റ്റ്‌ ജോണ്‍ മക്‌ലോലിൻ, മൃംദംഗ വാദകന്‍ റാംനന്ദ്‌ രാഘവ്‌, ഘടം വാദകന്‍ വിക്കു വിനായകറാം എന്നിവരുമായി ചേര്‍ന്ന്‌ ഹിന്ദുസ്ഥാനി–കര്‍ണാടക സംഗീതത്തെ പശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ചു ജനശ്രദ്ധപിടിച്ചു പറ്റിയ ‘ശക്തി’ എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974ൽ രൂപം നൽകി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്‌ധരെ സമന്വയിപ്പിച്ചു പ്ലാനറ്റ്‌ ഡ്രം എന്ന പേരില്‍ യുഎസ് താളവാദ്യ വിദഗ്‌ധന്‍ മിക്കി ഹാര്‍ട്‌ തയാറാക്കിയ ആല്‍ബത്തില്‍ ഇന്ത്യയില്‍നിന്നും ഘടം വിദഗ്‌ധന്‍ വിക്കു വിനായകറാമിനൊപ്പം സാക്കിർ ഹുസൈനുമുണ്ടായിരുന്നു. 1991ൽ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആൽബത്തിലൂടെ ആദ്യമായി സാക്കിർ ഹുസൈന്റെ കൈകളിലെത്തി. മിക്കി ഹാര്‍ട്‌, സാക്കിർ ഹുസൈന്‍, നൈജീരിയന്‍ താളവാദ്യ വിദഗ്‌ധന്‍ സിക്കിരു അഡെപൊജു, ലാറ്റിന്‍ താള വിദഗ്‌ധന്‍ ഗിയോവനി ഹിഡാല്‍ഗോ എന്നിവരുമായി ചേര്‍ന്ന ഗ്ലോബല്‍ ഡ്രം പ്രോജക്‌റ്റിന്‌ കണ്ടംപെററി വേള്‍ഡ്‌ മ്യൂസിക്‌ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം 2009ല്‍ ഒരിക്കൽകൂടി തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നേടിയ സാക്കിർ ഹുസൈനെ പത്മശ്രീ (1988), പത്മഭൂഷണ്‍ (2002) എന്നിവ നൽകി രാജ്യം ആദരിച്ചു

ഇന്ത്യയ്ക്കു പുറത്തും നിരവധി അംഗീകാരങ്ങൾ ഈ തബല മാന്ത്രികനെ തേടിയെത്തി. യുഎസ് പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ 2016ല്‍ വൈറ്റ്‌ഹൗസില്‍ സംഘടിപ്പിച്ച ഓള്‍ സ്‌റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സാക്കിർ ഹുസൈനെ ക്ഷണിച്ചു. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള സംഗീതജ്ഞന് ഈ അംഗീകാരം കിട്ടിയത്. 1999ൽ അന്നത്തെ യുഎസ്‌ പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ യുഎസ്‌ സെനറ്റില്‍ വച്ച്‌ സമ്മാനിച്ച നാഷനല്‍ ഹെറിറ്റേജ്‌ ഫെല്ലാഷിപ് പുരസ്‌കാരം, സെന്റ്‌ ഫ്രാന്‍സിസ്‌കോ ജാസ്‌ സെന്റര്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌്‌ പുരസ്‌കാരം (2017), പ്രിന്‍സ്റ്റൻ സര്‍വകലാശാലയുടെ ഓള്‍ഡ്‌ ഡോമിനോ ഫെലോ അംഗീകാരം (2005), ബെര്‍ക്‌ ലീ കോളജ്‌ ഓഫ്‌ മ്യൂസിക്, ഇന്ദിര കലാ സംഗീത സര്‍വകലാശാല, കൈരാഖര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓണററി ഡോക്ടറേറ്റ്‌ എന്നിവ ലോകം ഈ കലാകാരനെ എത്രയേറെ ആദരിക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങളാണ്.

മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകൾക്കു സംഗീതം നൽകി. അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക്‌ സംഗീതം ചിട്ടപ്പെടുത്തി. നല്ലൊരു അഭിനേതാവു കൂടിയായ സാക്കിർ ഹുസൈന്‍ ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടിഷ്  സിനിമകളിലും പ്രധാനവേഷങ്ങളും കൈകാര്യം ചെയ്‌തു. ‘വാ താജ്’ എന്ന തൊണ്ണൂറുകളിലെ താ‍ജ്മഹൽ തേയിലയുടെ പ്രശസ്തമായ പരസ്യവാചകം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യമാണ്. ആ പരസ്യത്തിന്റെ സംഗീതവും അതിലെ അഭിനേതാവും സാക്കിർ ഹുസൈനാണ്.

English Summary:

Ustad Zakir Hussain: Legendary tabla maestro from India, is celebrated worldwide for his rhythmic genius and musical collaborations. From his early training under his father, Ustad Allah Rakha, to his groundbreaking work with Shakti and Planet Drum, Hussain has left an indelible mark on the world of music.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com