ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ പ്രധാനിയാണ്. ബയാനിൽ (തബലയിലെ വലുത്‌) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു.

സാക്കിർ ഹുസൈൻ അന്തരിച്ചതായി ഇന്നലെ രാത്രി വാർത്ത പ്രചരിച്ചിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിയോഗവാർത്ത സ്ഥിരീകരിച്ച് അനുശോചന സന്ദേശവും പുറപ്പെടുവിച്ചു. ദേശീയചാനലുകളടക്കം പത്തരയോടെ വാർത്ത പുറത്തുവിട്ടു. എന്നാൽ അന്തരിച്ചെന്ന വാർത്ത ശരിയല്ലെന്നു ബന്ധുക്കൾ അറിയിച്ചതോടെ അനുശോചനം മന്ത്രാലയം പിൻവലിച്ചു. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്.

Read more at: ഈണമൊരുക്കിയത് ഒരേയൊരു മലയാള ചിത്രത്തിന്, കേരളക്കരയോട് ഏറെ അടുപ്പം; ഉസ്താദ് മറയുമ്പോൾ

മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കി. തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു.

Read more at: പിറന്നു വീണപ്പോൾ ‘നിർഭാഗ്യവാനായ കുട്ടി’യെന്ന് ആളുകൾ വിളിച്ചു, ഒടുവിൽ ലോകത്തിന്റെ തന്നെ ഭാഗ്യതാരോദയം!...

പന്ത്രണ്ടാം വയസ്സിൽ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍  സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.

Read more at: ‘എന്റെ ദൈവം മടങ്ങി’; കണ്ണീരോടെ ഉസ്താദിന്റെ തബല നിർമാതാവ്...

തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ ആളായിരുന്നു ഉസ്താദ് അല്ല രഖ. അദ്ദേഹത്തിന്റെ പുത്രൻ സാക്കിർ ഹുസൈനാകട്ടെ കൗമാരം വിടും മുൻപേ ഉസ്താദ് എന്ന് വാഴ്ത്തപ്പെട്ടു. പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിർ ഹുസൈൻ കച്ചേരി വായിച്ചശേഷം രവിശങ്കർ പറഞ്ഞു: ‘‘ഇന്നു നമ്മൾ കേട്ടത് നാളെയുടെ തബല വാദനമാണ്!’’. ആ പ്രവചനം നീണ്ടുനിന്നത് ഒരുപാട് നാളേക്കാണ്. ഏതാണ്ട് അഞ്ചര പതിറ്റാണ്ട്.

സാക്കിർ ഹുസൈനും ഉസ്‌താദ് അംജദ് അലി ഖാനും (Photo: PTI)
സാക്കിർ ഹുസൈനും ഉസ്‌താദ് അംജദ് അലി ഖാനും (Photo: PTI)

Read more at: കഥക് ക്ലാസിനു മുൻപിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്; സാക്കിറിന്റെ ഹൃദയതാളമായ അന്റോണിയ മിനക്കോള...

ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേർതിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു; ആദരിക്കപ്പെട്ടു. വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19–ാം വയസ്സിൽ അസി.പ്രഫസർ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി. നാലു തവണ ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1988ൽ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ൽ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

സാക്കിർ ഹുസൈനും ശങ്കർ മഹാദേവനും
സാക്കിർ ഹുസൈനും ശങ്കർ മഹാദേവനും

അനുപമനായ സംഗീതജ്ഞൻ: പിണറായി വിജയൻ

ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സാക്കിർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള രാജ്യാന്തര പുരസ്കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

English Summary:

Zakir Hussain Passed Away at 73 – Legendary Tabla Maestro Ustad Zakir Hussain Dies in San Francisco Due to Heart-Related Issues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com