അദാനിക്കു വേണ്ടി സ്വന്തം സൗരോർജ പദ്ധതി ഉപേക്ഷിച്ച് ജഗൻ സർക്കാർ; അംഗീകാരം നൽകിയത് ഒറ്റ ദിവസം കൊണ്ട്
Mail This Article
ന്യൂഡൽഹി∙ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസ്ഇസിഐ) ആന്ധ്രാപ്രദേശ് സർക്കാരും തമ്മിലുള്ള വിവാദ കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. 2021ൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ, ഉദ്യോഗസ്ഥരുടെ ഉപദേശം മറികടന്നാണ് എസ്ഇസിഐയുമായി കരാറിൽ ഏർപ്പെട്ടതെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തിന് അടുത്ത പത്തു വർഷത്തേക്ക് സൗരോർജത്തിന്റെ ആവശ്യകതയില്ലെന്നും 24 മണിക്കൂറും ലഭ്യമാകുന്ന പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗത്തിലേക്കാണ് മാറേണ്ടതെന്നുമുള്ള റഗുലേറ്ററിയുടെ നിർദേശം മറികടന്നാണ് ജഗൻ സർക്കാർ എസ്ഇസിഐയുമായി കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എസ്ഇസിഐ ജഗൻ സർക്കാരിനെ സമീപിച്ചിതിന്റെ പിറ്റേ ദിവസം തന്നെ 26 അംഗ സംസ്ഥാന കാബിനറ്റ് കരാറിന് പ്രാഥമിക അംഗീകാരം നൽകിയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
2021ൽ സംസ്ഥാനത്തിന്റെ സ്വന്തം സൗരോർജ പദ്ധതി ഉപേക്ഷിച്ചാണ് എസ്ഇസിഐ വഴി അദാനിയുടെ വൈദ്യുതി വാങ്ങാനുള്ള കരാർ ആന്ധ്രാപ്രദേശ് സർക്കാർ ഒപ്പിട്ടത്. ഇതോടെ സംശയനിഴലിലായത് മുൻമുഖ്യമന്ത്രിയും വൈസ്എസ്ആർസിപി അധ്യക്ഷനുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ കൈക്കൂലി ഇടപാടിൽ ഉൾപ്പെട്ട 2,029 കോടി രൂപയിൽ 1,750 കോടി രൂപയും ആന്ധ്രയിലെ ഒരു ഉന്നതനാണ് നൽകിയതെന്നാണ് അദാനിക്കെതിരായ കുറ്റപത്രത്തിലുള്ളത്. യുഎസിലെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) നൽകിയ പരാതിയിൽ മുഖ്യമന്ത്രിയെക്കുറിച്ചു തന്നെ പരാമർശിക്കുന്നുണ്ട്. ഓഗസ്റ്റ് 2021ന് ഗൗതം അദാനി ജഗൻ മോഹനെ സന്ദർശിച്ചെന്നും കൈക്കൂലിയെക്കുറിച്ചു ചർച്ച ചെയ്തെന്നും പരാതിയിലുണ്ട്.
സ്വന്തം പദ്ധതി നടപ്പാക്കുന്നതിനേക്കാൾ ലാഭകരമാണ് എസ്ഇസിഐയിൽനിന്ന് വൈദ്യുതി വാങ്ങുന്നതെന്ന വിശദീകരണമാണ് അന്നു സംസ്ഥാന ഊർജ സെക്രട്ടറിയായിരുന്ന എൻ.ശ്രീകാന്ത് നൽകിയത്. കരാർ ഒപ്പിട്ടതോടെ ആന്ധ്രാപ്രദേശ് ഗ്രീൻ എനർജി കോർപറേഷൻ നടപ്പാക്കാനിരുന്ന 2,261 കോടി രൂപയുടെ സൗരോർജ പദ്ധതി ഉപേക്ഷിച്ചു. ചില നിയമപരമായ തടസ്സങ്ങൾ മൂലമാണ് പദ്ധതി നടക്കാതിരുന്നതെന്നാണ് വൈഎസ്ആർസിപി ഇന്നലെ വിശദീകരിച്ചത്.
അതേസമയം, പ്രധാന രാഷ്ട്രീയ എതിരാളിയെ കടന്നാക്രമിക്കാൻ അവസരം ലഭിച്ചിട്ടും ടിഡിപി മൗനം തുടരുകയാണ്. പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പറഞ്ഞത്. ജഗനെതിരെ അദാനി വിഷയം ഉയർത്തുന്നത് സഖ്യകക്ഷിയായ ബിജെപിക്കും ദോഷമാകുമെന്നതാകാം കാരണമെന്നാണ് വിലയിരുത്തൽ. ആന്ധ്രയിലേക്കു നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ടിഡിപി സർക്കാർ അദാനി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.