ADVERTISEMENT

ലണ്ടൻ∙ ലണ്ടനിൽ പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉർഫാൻ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ ബട്ടൂൽ (30) എന്നിവരെ ലണ്ടൻ ഓൾഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉർഫാന് 40 വർഷവും ബീനാഷയ്ക്ക് 33 വർഷവുമാണ് തടവുശിക്ഷ.

ആറു വയസ്സ് മുതൽ സാറാ ഷെരീഫിനെ ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. വർഷങ്ങളോളം നീണ്ടു നിന്ന ഭീകരമായ മർദനവും കുട്ടിക്കെതിരെ നടന്നിരുന്നു. പ്രതികൾ വിചാരണ വേളയിൽ പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാണിച്ചില്ലെന്നും ശിക്ഷാ വിധിയിൽ ജഡ്ജി ജോൺ കവാനി എടുത്തു പറഞ്ഞു.

ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികൾ സാറയെ മർദിച്ചിരുന്നതെന്നും ശുചിമുറി ഉപയോഗിക്കുന്നതിൽനിന്നു പെൺകുട്ടിയെ തടഞ്ഞിരുന്നതായും വിധിയിൽ പറയുന്നുണ്ട്. 2023 ഓഗസ്റ്റിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടിൽ സാറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ സാറയുടെ ദേഹത്ത് 71 മുറിവുകളാണ് കണ്ടെത്തിയത്. സാറയുടെ 25 എല്ലുകൾക്ക് ഒടിവുകൾ സംഭവിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി.

‘‘എന്റെ മകൾ ഇപ്പോൾ സ്വർഗത്തിൽനിന്നു ഞങ്ങളെ നോക്കുന്ന ഒരു മാലാഖയായി മാറിയിരിക്കും, ഒരു കുട്ടിയോട് എങ്ങനെയാണ് ഇവർക്ക് ഇത്ര ക്രൂരമായി പെരുമാറി അതിൽനിന്ന് ആനന്ദം കണ്ടെത്താൻ സാധിക്കുക.’’ – ശിക്ഷാവിധിക്കും ശേഷം സാറയുടെ മാതാവ് ഓൾഗ കോടതിയിൽ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഉർഫാനും ബീനാഷയും പാക്കിസ്ഥാനിലേക്ക് തിരികെ പോയിരുന്നു. തുടർന്ന് ഇസ്‌ലാമാബാദിൽ നിന്ന് ഇവരെ ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തങ്ങൾക്ക് നേരിടേണ്ടി വന്നതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും വിഷമകരവുമായ കേസാണ് സാറാ ഷെരീഫിന്റെ കൊലപാതകമെന്നാണ് ലണ്ടൻ പൊലീസ് വിശേഷിപ്പിച്ചത്.

English Summary:

Sara Sharif Murder; Pakistani couple Urfan & Beenash Sharif receive life sentences for the horrific murder of their 10-year-old daughter, Sara Sharif, in the UK.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com