സാബുവിന്റെ മരണത്തിൽ പ്രതിഷേധം; ഡിവൈഎസ്‍പി ഓഫിസിലേക്ക് കോൺഗ്രസ്–യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം
Mail This Article
കട്ടപ്പന∙ കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഡിവൈഎസ്‍പി ഓഫിസിലേക്ക് കോൺഗ്രസ്– യൂത്ത് കോൺഗ്രസ് മാർച്ച്. കോൺഗ്രസ് ഓഫിസിൽനിന്നും പന്തംകൊളുത്തി പ്രകടനമായാണു പ്രവർത്തകർ ഡിവൈഎസ്‍പി ഓഫിസിലേക്ക് എത്തിയത്. പൊലീസ് പ്രവർത്തകരെ ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ കാര്യങ്ങൾ സംഘർഷാവസ്ഥയിൽ എത്തുകയായിരുന്നു.
അതിനിടെ സാബുവിന്റെ മൃതദേഹം കട്ടപ്പന സെന്റ്.ജോർജ് പള്ളി സെമിത്തേരിയില്‍ സംസ്‍കരിച്ചു. തന്റെ അക്കൗണ്ടിലുള്ള പണത്തിനായി പലതവണ സാബു ബാങ്കില്‍ കയറിയിറങ്ങിയിരുന്നുവെങ്കിലും ബാങ്ക് അധികൃതർ പണം നൽകിയിരുന്നില്ല. സാബു തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചിരുന്നത് കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായുള്ള പണത്തിനായാണ് അദ്ദേഹം ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.