‘എന്നെ തകർക്കാൻ ചിലർക്കു പദ്ധതി; വ്യക്തിഹത്യ നടത്തുന്നു, എന്തിനാണ് ഇത്ര വിരോധം? ’
Mail This Article
കോട്ടയം ∙ തന്നെയും പാർട്ടിയേയും തകർക്കാൻ ചിലർ പ്ലാൻ ചെയ്തു പുറപ്പെട്ടിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഇതിനായി ഒരു ആലോചന നടന്ന കാര്യം അറിയാമെന്നും അതുകൊണ്ടൊന്നും തകർന്നുപോകില്ലെന്നും ജയരാജൻ മനോരമ ഓൺലൈനോട് പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തനിക്കെതിരെ സംസാരിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.
‘‘മാധ്യമങ്ങൾക്ക് ഒരു അജൻഡയുണ്ടെന്ന് എനിക്കറിയാം. ആ അജൻഡ സിപിഎമ്മിനെ തകർക്കുകയും സർക്കാരിനെ ദുർബലപ്പെടുത്തുകയുമാണ്. അതിനാലാണ് എനിക്കും ശശിക്കും മുഖ്യമന്ത്രിക്കുമെതിരെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടൊന്നും ഞങ്ങൾ ദുർബലരാവില്ല. സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാർത്ത പത്രക്കാർ പരിശോധിക്കണം. എന്നോട് എന്തിനാണ് ഇത്ര വിരോധം? ഇതൊക്കെ തെറ്റായ നിലപാടാണ്. എന്നെ വ്യക്തിഹത്യ നടത്തുകയാണ്. ഇനി വാർത്തകൾ വന്നാൽ ഞാൻ നിഷേധിക്കില്ല. നിങ്ങൾ എന്തുവേണമെങ്കിലും കൊടുത്തോളൂ’’ – ജയരാജൻ പറഞ്ഞു.
താൻ പങ്കെടുത്ത വയനാട് ജില്ലാ സമ്മേളനം നല്ല രീതിയിലാണ് നടന്നത്. ജില്ലാ സെക്രട്ടറിയെ മാറ്റിയതല്ല. സമ്മേളനം ഏകകണ്ഠേനയാണ് റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അവിടെ തിരഞ്ഞെടുപ്പൊന്നും നടന്നിട്ടില്ല. റഫീഖിന്റെ പേര് വന്നപ്പോൾ എല്ലാവരും ചേർന്നാണ് അംഗീകരിച്ചതെന്നും ജയരാജൻ പറഞ്ഞു.
മലബാറിലെ സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും ജയരാജൻ പറഞ്ഞു. ‘‘കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമ്മേളനങ്ങളിൽ ഞാൻ പങ്കെടുക്കും. രണ്ട് ടീമായി തിരിഞ്ഞാണ് നേതാക്കൾ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്. രണ്ട് ടീമിന്റെയും തലപ്പത്ത് ഒരു പോളിറ്റ് ബ്യൂറോ അംഗമുണ്ട്. മലബാർ ടീമിലാണ് ഞാനുള്ളത്.’’
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്നായിരുന്നു എം.വി.ഗോവിന്ദൻ ഇന്നലെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിലുള്ള മറുപടിയിൽ പറഞ്ഞത്. ഇ.പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. പോരായ്മ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾ ഉണ്ടാക്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽനിന്നു മാറ്റിയതെന്നായിരുന്നു ഗോവിന്ദന്റെ വിശദീകരണം.