ടിക്കറ്റെടുക്കാൻ കാശില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന യുവാവ്; യാത്ര ചെയ്തത് 250 കിലോമീറ്റർ! – വിഡിയോ
Mail This Article
ജബൽപുർ∙ ട്രെയിൻ യാത്രയ്ക്കു ടിക്കറ്റെടുക്കാൻ പൈസയില്ലെങ്കിൽ പിന്നെ എന്തു ചെയ്യും? സാധാരണഗതിയിൽ യാത്ര ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ടിക്കറ്റ് എടുക്കാതെ തന്നെ ട്രെയിനിനകത്ത് കയറുകയോ ചെയ്യും. ടിടിഇ പിടിച്ചില്ലെങ്കിൽ ഭാഗ്യം. എന്നാൽ മധ്യപ്രദേശിൽ ഒരു യുവാവ് ടിക്കറ്റ് എടുക്കാൻ പൈസയില്ലാതെ ട്രെയിനിന് അടിയിൽ കയറിയിരുന്നാണ് യാത്ര ചെയ്തത്. അതും 250 കിലോമീറ്റർ ദൂരം. മധ്യപ്രദേശിലെ ഇറ്റാർസിയിൽനിന്ന് ജബൽപുരിലേക്കായിരുന്നു യുവാവിന്റെ സാഹസിക യാത്ര. ഒടുവിൽ റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ട്രെയിനിന് അടിയിൽ ചക്രങ്ങൾക്കു അരികിലായി തൂങ്ങിക്കിടന്നിരുന്ന യുവാവിനെ പിടികൂടിയത്.
നാല് മണിക്കൂറിലധികമാണ് യുവാവ് ഇത്തരത്തിൽ ട്രെയിനിന് അടിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്തത്. ജബൽപുർ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ താഴ്ഭാഗം ജീവനക്കാർ പരിശോധിക്കുന്നതിനിടെയാണ് ചക്രങ്ങൾക്കിടയിൽ മറഞ്ഞിരുന്ന യുവാവിനെ കണ്ടത്. പുണെ-ദാനപൂർ എക്‌സ്‌പ്രസിന്റെ (ട്രെയിൻ നമ്പർ 12149) എസ്-4 കോച്ചിനു കീഴിലായിരുന്നു യുവാവിന്റെ അതിസാഹസിക യാത്ര.
യുവാവിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ജീവനക്കാർ, ഇയാളെ വൈകാതെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന് കൈമാറി. പൈസയില്ലാത്തതിനാലാണ് യാത്രയ്ക്ക് ഈ രീതി തിരഞ്ഞെടുത്തതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചിട്ടുണ്ട്. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് റെയിൽവേ.