പോഴിക്കാവ് കുന്നിൽനിന്ന് തരി മണ്ണ് എടുക്കാനാകില്ലെന്ന് സ്ത്രീകൾ; വളഞ്ഞിട്ട് തല്ലി പൊലീസ്, ദേഹമാകെ നീര്
കോഴിക്കോട് ∙ മുഖ്യമന്ത്രി പറയുന്ന തരത്തിലുള്ള ‘രക്ഷാപ്രവർത്ത’നമാണു കഴിഞ്ഞദിവസം പൊലീസ് നടത്തിയതെന്നു ചേളന്നൂർ പോഴിക്കാവ് കുന്നിലെ സ്ത്രീകൾ. അശാസ്ത്രീയമായി മണ്ണ് എടുക്കുന്നതു തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഇന്നലെ വളഞ്ഞിട്ടു തല്ലിയിരുന്നു. സമാധാനപരമായി സമരം നടത്തിയതിന് എന്തിനാണു മർദിച്ചതെന്നു
കോഴിക്കോട് ∙ മുഖ്യമന്ത്രി പറയുന്ന തരത്തിലുള്ള ‘രക്ഷാപ്രവർത്ത’നമാണു കഴിഞ്ഞദിവസം പൊലീസ് നടത്തിയതെന്നു ചേളന്നൂർ പോഴിക്കാവ് കുന്നിലെ സ്ത്രീകൾ. അശാസ്ത്രീയമായി മണ്ണ് എടുക്കുന്നതു തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഇന്നലെ വളഞ്ഞിട്ടു തല്ലിയിരുന്നു. സമാധാനപരമായി സമരം നടത്തിയതിന് എന്തിനാണു മർദിച്ചതെന്നു
കോഴിക്കോട് ∙ മുഖ്യമന്ത്രി പറയുന്ന തരത്തിലുള്ള ‘രക്ഷാപ്രവർത്ത’നമാണു കഴിഞ്ഞദിവസം പൊലീസ് നടത്തിയതെന്നു ചേളന്നൂർ പോഴിക്കാവ് കുന്നിലെ സ്ത്രീകൾ. അശാസ്ത്രീയമായി മണ്ണ് എടുക്കുന്നതു തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഇന്നലെ വളഞ്ഞിട്ടു തല്ലിയിരുന്നു. സമാധാനപരമായി സമരം നടത്തിയതിന് എന്തിനാണു മർദിച്ചതെന്നു
കോഴിക്കോട് ∙ മുഖ്യമന്ത്രി പറയുന്ന തരത്തിലുള്ള ‘രക്ഷാപ്രവർത്തന’മാണു കഴിഞ്ഞദിവസം പൊലീസ് നടത്തിയതെന്നു ചേളന്നൂർ പോഴിക്കാവ് കുന്നിലെ സ്ത്രീകൾ. അശാസ്ത്രീയമായി മണ്ണ് എടുക്കുന്നതു തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഇന്നലെ വളഞ്ഞിട്ടു തല്ലിയിരുന്നു. സമാധാനപരമായി സമരം നടത്തിയതിന് എന്തിനാണു മർദിച്ചതെന്നു പൊലീസിനോടു ചോദിച്ചപ്പോൾ, മണ്ണുമായി പോകുന്ന ലോറിയുടെ ടയറിനടിയിൽ കുടുങ്ങിപ്പോകേണ്ട എന്നു കരുതി പിടിച്ചു മാറ്റിയതാണെന്നായിരുന്നു മറുപടിയെന്നു പരുക്കേറ്റ സ്ത്രീകൾ പറഞ്ഞു. ലാത്തിച്ചാർജിൽ സ്ത്രീകൾ ഉൾപ്പെടെ 9 പേർക്കു പരുക്കേറ്റു. പല സ്ത്രീകളെയും നിലത്തിട്ടു മർദിച്ചു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെങ്കിലും പലരുടെയും ദേഹമാകെ നീരാണ്. നടക്കാനും പ്രയാസമുണ്ട്. പോഴിക്കാവ് കുന്നിൽ കുന്നിടിച്ച് ഒരു തരി മണ്ണ് പോലും കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണു സ്ത്രീകൾ.
കുടിവെള്ളം മുട്ടി, സ്ത്രീകൾ ഇറങ്ങി
ദേശീയപാത നിർമാണത്തിന്റെ പേരിലാണ് ഒൻപതു മാസം മുൻപു പോഴിക്കാവ് കുന്നിൽ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള വലിയ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാൻ തുടങ്ങിയത്. ദേശീയപാത നിർമാണത്തിനല്ലേ എന്നു കരുതി നാട്ടുകാർ ആദ്യം പ്രശ്നമുണ്ടാക്കിയില്ല. എന്നാൽ ഇവിടെനിന്ന് എടുക്കുന്ന മണ്ണ് മറ്റ് പല സ്ഥലത്തും കൊണ്ടിടാൻ തുടങ്ങി. ഇതിനിടെ കിണറുകളിലെ വെള്ളം വറ്റി. മേയിൽ മാത്രം വറ്റിയിരുന്ന കിണറുകളായിരുന്നു. കുന്നിടിക്കാൻ തുടങ്ങിയപ്പോൾ തന്നെ പലരുടെയും കിണറുകളിലെ വെള്ളത്തിൽ ചെളി കലർന്ന് കുടിക്കാൻ പറ്റാതായി. ഇവർ കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പ്രവത പ്രശാന്തിയുടെ വീട്ടിലെ കിണർ ആറ് മാസത്തോളമായി ഉപയോഗ ശൂന്യമാണ്. കുന്നിൻമുകളിലാണെങ്കിലും വെള്ളത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകാറില്ലെന്ന് പ്രവത പറഞ്ഞു. എന്നാൽ മണ്ണെടുക്കാൻ തുടങ്ങിയതോടെ കിണറ്റിലെ വെള്ളം കലങ്ങാൻ തുടങ്ങി. പ്രദേശത്തെ അൻപതോളം കുടുംബങ്ങളുടെ കിണറുകളും ഇതേ രീതിയിൽ ചെളി കലരുകയോ വറ്റുകയോ ചെയ്തുവെന്നും പ്രവത പറഞ്ഞു. മണ്ണുമായി ഓരോ ലോറിയും കടന്നുപോകുമ്പോൾ ഉയരുന്ന പൊടിമൂലം കണ്ണുകാണാത്ത അവസ്ഥയാണ്. മുൻപും നാട്ടുകാർ സമരം നടത്തുകയും പ്രതിഷേധത്തെത്തുടർന്ന് മണ്ണെടുപ്പ് നിർത്തിവയ്ക്കുകയും ചെയ്തതാണ്. എന്നാൽ അനുമതിയുണ്ടെന്ന് പറഞ്ഞു രാവും പകലുമില്ലാതെ മണ്ണെടുപ്പ് തുടർന്നു. പാറ വീഴുന്ന ശബ്ദം മൂലം രാത്രിയിൽ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിനിറങ്ങി.
പ്രകോപനമായി വാട്സാപ് സ്റ്റാറ്റസ്
മണ്ണെടുക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സഹായികളായി നിന്നവർ ഇട്ട വാട്സാപ് സ്റ്റാറ്റസ് നാട്ടുകാരിൽ വലിയ പ്രകോപനമുണ്ടാക്കി. ഇത്രയും സമരം നടത്തിയിട്ടും വീണ്ടും മണ്ണെടുക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെ ചില സിനിമാ ഡയലോഗുകളും ചേർത്താണു നാട്ടുകാരെ പരിഹസിച്ചു സ്റ്റാറ്റസ് ഇട്ടത്. നാട്ടുകാരിൽ പലരും ഈ സ്റ്റാറ്റസ് സേവ് ചെയ്തിട്ടുണ്ട്. പൊലീസും ഉദ്യോഗസ്ഥരും സ്ഥലം ഉടമയുടെ പക്ഷത്താണെന്നു സ്ത്രീകൾ പറഞ്ഞു. സംഘർഷ സ്ഥലത്തെത്തിയ പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും ബിരിയാണിയും മദ്യവും ഉൾപ്പെടെ സ്ഥലമുടമ നൽകി. അതിന്റെ നന്ദിയായാണ് സ്ത്രീകളെ തല്ലിച്ചതച്ചതെന്ന് മർദനമേറ്റ ബാലാമണി ഭവനത്തിലെ ഷീല പറഞ്ഞു. വടി ഒടിയുന്നത് വരെ പൊലീസ് മർദിച്ചെന്നും ഷീല വ്യക്തമാക്കി.
മണ്ണ് ഇനി കൊണ്ടുപോകില്ല
പൊലീസ് എത്ര ബലം പ്രയോഗിച്ചാലും മർദിച്ചാലും ഒരു തരി മണ്ണുപോലും ഇനി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മർദനമേറ്റ പുറായിൽ നിഖില പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണു ക്രൂരമായി മർദിച്ചത്. റോഡിലൂടെ വലിച്ചിഴച്ചു. ബലം പ്രയോഗിച്ച് മണ്ണ് കൊണ്ടുപോകാമെന്നാണ് സ്ഥലമുടമയും പൊലീസും കരുതുന്നതെങ്കിൽ നടക്കില്ലെന്നും നിഖില പറഞ്ഞു.
30 മീറ്ററോളം ഉയരമുള്ള കുന്നാണ് ഇടിച്ചു നിരത്തുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നു ദേശീയപാത നിർമാണത്തിനായി വാഗാഡ് കമ്പനി പ്രതിനിധികളുടെ നേതൃത്വത്തിലാണു മണ്ണെടുപ്പ്. ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോർട്ടിനെത്തുടർന്നു നിർത്തിവച്ച മണ്ണെടുപ്പു ശനിയാഴ്ച രാവിലെയാണു പുനഃരാരംഭിച്ചത്. ജിയോളജിസ്റ്റിന്റെ റിപ്പോർട്ട് പ്രകാരമാണു മണ്ണെടുപ്പ് വീണ്ടും തുടങ്ങിയതെന്നു സ്ഥലത്തെത്തിയ തഹസിൽദാർ എ.എം.പ്രേംലാൽ പറഞ്ഞു. സംഘർഷത്തെത്തുടർന്നു കലക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. തുടർന്ന് പോഴിക്കാവ് കുന്നിൽ എത്തിയ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. നാട്ടുകാരും ഉദ്യോഗസ്ഥരും ചർച്ച നടത്തി. മാനദണ്ഡങ്ങൾ പാലിച്ചല്ല മണ്ണെടുത്തതെന്നു കണ്ടെത്തിയെന്നും ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകുമെന്നും സംഘം അറിയിച്ചു.