റാഗിങ്ങിന് പിന്നിൽ എസ്എഫ്ഐക്കാർ; അടിച്ചതു ക്ഷമിക്കാൻ തയാറായിരുന്നു, പക്ഷേ...: പൊട്ടിക്കരഞ്ഞ് ബിൻസിന്റെ അമ്മ

തിരുവനന്തപുരം ∙ ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിനെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന. കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ
തിരുവനന്തപുരം ∙ ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിനെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന. കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ
തിരുവനന്തപുരം ∙ ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിനെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന. കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ
തിരുവനന്തപുരം ∙ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിനെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന. കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ ആയിരിക്കുമല്ലോയെന്നും അമ്മ മനോരമ ഓൺലൈനോട് പറഞ്ഞു. മകനു നീതി കിട്ടാൻ വേണ്ടി പോരാടും. പഴയതു പോലെ അവൻ പഠിക്കാൻ പോകുന്നത് കാണണം. നല്ല പ്രതീക്ഷയോടെയാണ് മകനെ കോളജിലേക്ക് അയച്ചത്. കുടുംബത്തെയാകെ സങ്കടക്കടലിലാക്കിയാണ് റാഗിങ് അരങ്ങേറിയതെന്നും ബീന പറഞ്ഞു.
‘‘ബിൻസിന് പത്താം ക്ലാസിൽ ഒമ്പത് എ പ്ലസും ഒരു എയും ഉണ്ടായിരുന്നു. പ്ലസ്ടുവിലും നല്ല മാർക്കോടെയാണ് വിജയിച്ചത്. എൻജിനീയറിങ്ങിനു പോകണമെന്നായിരുന്നു താൽപര്യം. മെറിറ്റിൽ അഡ്മിഷൻ കിട്ടിയില്ല. അല്ലാതെ പഠിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല. ഞങ്ങൾക്കും അതു വലിയ വിഷമമായിരുന്നു. മനസില്ലാ മനസോടെയാണ് അവൻ ബയോടെക്നോളജിക്ക് ചേർന്നത്. അടുത്ത വർഷം എൻജിനീയറിങ്ങിനു കയറുമെന്നൊക്കെ പറഞ്ഞാണ് കോളജിലേക്ക് പോയി തുടങ്ങിയത്. പക്ഷേ പതിയെ പതിയെ അവനു ബയോടെക്നോളജി ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ അവൻ പഠിച്ചുവരികയായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ തച്ചുടച്ചാണ് റാഗിങ് നടന്നത്.’’ – ബീന പറഞ്ഞു.
‘‘പൊലീസിൽ പരാതി നൽകിയപ്പോൾ കോളജിൽ അന്വേഷിച്ച ശേഷം കേസെടുക്കാമെന്നാണ് പറഞ്ഞത്. അതാണ് കേസെടുക്കുന്നത് നീണ്ടത്. കോളജിൽ അന്വേഷിച്ച് എല്ലാം ബോധ്യമായ ശേഷമാണ് അവർ കേസെടുത്തത്’’ – കഴക്കൂട്ടം പൊലീസ് കേസെടുക്കാൻ വൈകിയെന്ന ആക്ഷേപത്തിന് ബീനയുടെ മറുപടി ഇതായിരുന്നു.
‘‘ഒരുപാട് വിഷമമുണ്ട്. മറുവശത്ത് ചിന്തിക്കുമ്പോഴും ഞങ്ങൾക്ക് വിഷമമുണ്ട്. ദ്രോഹിച്ച കുട്ടികൾക്കും ഒരു ഭാവിയുണ്ട്. പക്ഷേ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്തത്. ആ കോളജിൽ തന്നെ അവനു തുടർന്നു പഠിക്കണമെന്നാണ് ആഗ്രഹം. അവിടെ ചേർന്നുപോയില്ലേ. അതിനുള്ള സാഹചര്യം അവനുണ്ടാകണം. മുറിയിൽ പൂട്ടിയിട്ടെന്നും വെള്ളം കൊടുത്തില്ലെന്നുമൊക്കെ കേട്ടപ്പോൾ ഭയമാണുണ്ടായത്. കോളജിൽ സിസിടിവിയുണ്ട്. അത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ.
കോളജിൽ പോയാൽ ക്ലാസിൽ നിന്നിറങ്ങാത്ത ഒരാളാണ് മകൻ. ക്ലാസും ലാബുമാണ് അവന്റെ കോളജ് ജീവിതം. മറ്റൊന്നിനും സമയം കിട്ടാറില്ലായിരുന്നു. അധികം പേരോടും സംസാരിക്കാനും പോകില്ലായിരുന്നു. അടിച്ചതു ക്ഷമിക്കാൻ തയാറായിരുന്നു. പക്ഷേ മുറിയിൽ പൂട്ടിയിട്ട് വെള്ളം ചോദിച്ചപ്പോൾ പോലും കൊടുത്തില്ല. ടീഷർട്ട് വലിച്ചുകീറിയപ്പോൾ അത് കഴുത്തിൽ കുരുങ്ങി. അവന് അപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ....’’ – പൊട്ടിക്കരഞ്ഞുകൊണ്ട് ബീന പറഞ്ഞു.
ഇന്നലെ ബിൻസ് ജോസിന്റെ പിതാവും മനോരമ ഓൺലൈനോട് സംസാരിച്ചിരുന്നു. ‘‘അധ്യാപകന്റെ നിർദേശ പ്രകാരമാണ് മകനും കൂട്ടുകാരും ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് പോയത്. ഈ സമയത്ത് സീനിയർ വിദ്യാർഥികൾ ഇവരുടെ അടുത്തേക്ക് എത്തി ഗ്രൗണ്ടിൽ നിന്ന് കയറി പോകാൻ പറഞ്ഞു. അധ്യാപകർ പറഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടും അവർക്കു മനസിലായില്ല. ഇവരെ പിടിച്ചുതള്ളുകയായിരുന്നു. മകന്റെ കൂട്ടുകാരനായ അഭിഷേകിനാണ് ആദ്യം അടി കിട്ടിയത്. അവന്റെ നട്ടെല്ലിനായിരുന്നു മർദനമേറ്റത്. അവൻ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിപ്പോയി. പക്ഷേ എന്റെ മകനെ ഇവർ വട്ടമിട്ട് പിടിച്ചു. നേരെ അവരുടെ ഇടിമുറിയിലേക്കാണ് മകനെ കൊണ്ടുപോയത്. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപോയഗിച്ചാണ് മകനെ മർദിച്ചത്. അവന്റെ തലയിലും നെഞ്ചിലും മുതുകിലുമെല്ലാം അടിച്ചു. അവൻ ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ചു കീറി. ഒരു മണിക്കൂറോളം ഷർട്ടില്ലാതെയാണ് അടികിട്ടി അവൻ ആ ഇടിമുറിയിൽ കഴിഞ്ഞത്’’ – ജോസ് പറഞ്ഞു.
ടീ ഷർട്ട് വലിച്ചുകീറിയപ്പോൾ മകന്റെ കഴുത്തിൽ ഇത് കുരുങ്ങി. വെപ്രാളം വന്ന് അവൻ പിടഞ്ഞു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. പിന്നെയും വളഞ്ഞിട്ട് മർദിച്ചു. വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രിൻസിപ്പലിനോടും പറയരുതെന്ന് വിലക്കി. ശേഷം ഇവന്റെ ഫോൺ പിടിച്ചുവാങ്ങി വച്ചു. ഇതെല്ലാം കഴിഞ്ഞ് മുട്ടുകുത്തി 15 മിനിറ്റോളം ഇടിമുറിയിൽ നിർത്തിയെന്നും ജോസ് വെളിപ്പെടുത്തി.
വീട്ടിൽ വന്നിട്ടും പേടിച്ച് മകൻ ഒന്നും പറഞ്ഞില്ല. ഡോക്ടറോടാണ് എല്ലാ കാര്യങ്ങളും അവൻ പറഞ്ഞത്. മാനസികമായി അവൻ ഓക്കെ ആയിട്ടില്ല. കൗൺസിലിങ്ങിനു കൊണ്ടുപോകണമെന്നാണ് പ്രിൻസിപ്പലും ടീച്ചറും പറഞ്ഞത്. അവനാകെ പേടിച്ചിരിക്കുകയാണ് ഇപ്പോഴും. ക്ലാസിൽ പോകുന്നില്ല. നല്ല തലവേദനയുണ്ട്. പല്ലിനും വേദനയുണ്ട്. ശരീരത്തിന്റെ ഒരു ഭാഗമാകെ വേദനയെന്നാണ് പറയുന്നത്. ഇനി വ്യാഴാഴ്ച ചെക്കപ്പിനു കൊണ്ടുപോകണം. വളരെ പ്രതീക്ഷയോടെയാണ് അവനെ പഠിക്കാൻ വിട്ടത്. മോനെ കൊല്ലാക്കൊല ചെയ്തിട്ട് നോക്കിയിരിക്കാനാകില്ലെന്നും ജോസ് പറഞ്ഞു.