‘അമ്മയെ അച്ഛൻ കൊന്നു, കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു’: മരണത്തിന്റെ ചുരുളഴിക്കാൻ 4 വയസ്സുള്ള മകൾ വരച്ച ചിത്രം

Mail This Article
ഝാൻസി ∙ അമ്മയുടെ മരണത്തിന്റെ ചുരുളഴിക്കാൻ പൊലീസിനു നാലു വയസ്സുകാരി മകള്‍ വരച്ച ചിത്രം സഹായമായേക്കും. യുപിയിലെ ഝാൻസിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൊനാലി ബുധോലിയ(27)യുടെ മകള്‍ ദർശിത വരച്ച ചിത്രമാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർത്തുന്നത്. ഝാൻസിയിലെ കോട്‌വാലിക്കു സമീപത്തുള്ള പഞ്ചവടി ശിവ് പരിവാർ കോളനിയിലാണ് സംഭവം.
ഗാർഹിക പീഡനത്തിനു ഇരയായാണ് സൊനാലി കൊല്ലപ്പെട്ടതെന്ന് യുവതിയുടെ പിതാവും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വർഷങ്ങളോളം മകൾ ഭർത്താവായ സന്ദീപ് ബുധോലിയയുടെ പീഡനത്തിനു ഇരയായെന്ന് ഒട്ടേറെ സംഭവങ്ങൾ നിരത്തിയാണ് പിതാവ് ആരോപിക്കുന്നത്. അതേസമയം യുവതി ആത്മഹത്യ ചെയ്തെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.
എന്നാൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു എന്നാണ് മകൾ ദർശിത വരച്ച ചിത്രം സൂചിപ്പിക്കുന്നത്. കല്ല് കൊണ്ടു അമ്മയുടെ തലയ്ക്ക് അടിക്കുന്നതടക്കമുള്ള സൂചനയാണ് മകളുടെ ചിത്രത്തിലുള്ളത്. ‘‘അമ്മയെ അച്ഛൻ കൊന്നു. എന്നിട്ട് ‘നിനക്ക് വേണമെങ്കിൽ മരിക്കൂ’ എന്ന് പറഞ്ഞു. മൃതദേഹം കെട്ടിതൂക്കിയശേഷം തലയിൽ കല്ലുകൊണ്ട് ഇടിച്ചു. പിന്നീട് മൃതദേഹം താഴെയിറക്കി ചാക്കിനുള്ളിലാക്കി.’’ താൻ വരച്ച ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് ദർശിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2019ലാണ് സൊനാലിയയെ സന്ദീപ് വിവാഹം ചെയ്യുന്നതെന്നും തുടക്കം മുതൽ മകളെ മർദിക്കുമായിരുന്നെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലും മകളെ സന്ദീപും കുടുംബവും പീഡിപ്പിച്ചിരുന്നു. 20 ലക്ഷം രൂപ വിവാഹ സമയത്ത് നൽകിയിട്ടും പിന്നെയും പണം ആവശ്യപ്പെട്ടായിരുന്നു മർദനം. കാർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചും മർദനം തുടർന്നു. ഇതിന്റെ പേരിൽ മുൻപ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ദർശിതയുടെ ജനനത്തോടെ സന്ദീപിന്റെ കുടുംബം മകളെ കൂടുതൽ പീഡനങ്ങൾക്ക് ഇരയാക്കി. പെൺകുട്ടിയെ പ്രസവിച്ചതോടെ ആശുപത്രിയിൽ സൊനാലിയയെ തനിച്ചാക്കി സന്ദീപും കുടുംബവും മടങ്ങിയെന്നും പിതാവ് ആരോപിക്കുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാവു എന്നാണ് പൊലീസ് നൽകുന്ന മറുപടി.