ഭക്തി, യുക്തിവാദം, തീവ്ര ഇടതുപക്ഷം, ഒടുവിൽ ദലിത് മുന്നേറ്റം; വലിയ ലോകം സൃഷ്ടിച്ച കൊച്ച്

കോട്ടയം ∙ ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചിന്റേത്. ഗോപാലകൃഷ്ണനെന്ന പേരിലാണു സ്കൂളിൽ ചേർത്തതെങ്കിലും കൊച്ച് എന്ന പേരിലാണ് അറിയപ്പെട്ടത്. ഭക്തിയിൽനിന്നു തുടങ്ങി
കോട്ടയം ∙ ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചിന്റേത്. ഗോപാലകൃഷ്ണനെന്ന പേരിലാണു സ്കൂളിൽ ചേർത്തതെങ്കിലും കൊച്ച് എന്ന പേരിലാണ് അറിയപ്പെട്ടത്. ഭക്തിയിൽനിന്നു തുടങ്ങി
കോട്ടയം ∙ ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചിന്റേത്. ഗോപാലകൃഷ്ണനെന്ന പേരിലാണു സ്കൂളിൽ ചേർത്തതെങ്കിലും കൊച്ച് എന്ന പേരിലാണ് അറിയപ്പെട്ടത്. ഭക്തിയിൽനിന്നു തുടങ്ങി
കോട്ടയം ∙ ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചിന്റേത്. ഗോപാലകൃഷ്ണനെന്ന പേരിലാണു സ്കൂളിൽ ചേർത്തതെങ്കിലും കൊച്ച് എന്ന പേരിലാണ് അറിയപ്പെട്ടത്. ഭക്തിയിൽനിന്നു തുടങ്ങി യുക്തിവാദത്തിലും ഇടതുപക്ഷത്തിലും തീവ്ര ഇടതുപക്ഷത്തിലും ഒക്കെ വിശ്വസിച്ച് ഒടുവിൽ ദലിത് മുന്നേറ്റത്തിനായി മാത്രം ജീവിതം മാറ്റി വയ്ക്കുകയായിരുന്നു.
മധുരവേലി ഇൻഫന്റ് ജീസസ് എൽപി സ്കൂൾ, കല്ലറ എൻഎസ്എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിൽനിന്നു സയൻസിൽ ബിരുദം. സ്റ്റുഡന്റ്സ് ഫെഡറേഷനിൽ പ്രവർത്തിച്ചു. കുട്ടിക്കാലത്ത് മനസ്സിൽ കട്ടപിടിച്ച ഭക്തി കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെക്കുറിച്ചുള്ള അറിവിലൂടെയാണ് ഉപേക്ഷിച്ചതും യുക്തിവാദിയായതും. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ കൃതികളിലൂടെയുള്ള യാത്രയിൽ മാർക്സിസ്റ്റ് ദാർശനിക ധാരകളെ കൈവെടിഞ്ഞു. അങ്ങനെ ജാതീയപ്രശ്നങ്ങളെ മുഖ്യമാക്കിയുള്ള പ്രവർത്തനത്തിലേക്കെത്തി.
കവി അയ്യപ്പനുമൊത്ത് കോഴിക്കോട് കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസത്തെക്കുറിച്ചറിയാൻ ശ്രമിച്ചത് കൊച്ച് തന്നെ എഴുതിയിട്ടുണ്ട്. മാർക്സിസത്തോടോ ഗാന്ധിസത്തോടോ അദ്ദേഹം പ്രതിബദ്ധത പുലർത്തിയിരുന്നില്ലെന്നും ഏതെങ്കിലും മതധാരയിൽ താൽപര്യമില്ലായിരുന്ന അയ്യപ്പൻ കീഴാള വർഗത്തെക്കുറിച്ച് പ്രകടമല്ലാത്ത അവബോധം നിലനിർത്തിപ്പോന്നതും കൊച്ച് ഓർമിച്ചിരുന്നു. അങ്ങനെ ദലിതരോട് ആഭിമുഖ്യം പുലർത്തുന്ന എഴുത്തുകാരെയും കവികളെയുമൊക്കെ കണ്ടുപിടിക്കാനും ഒപ്പം നിർത്താനും കൊച്ച് പരിശ്രമിച്ചു.
സ്കൂളിൽ പഠിക്കുമ്പോൾ പാവം കുട്ടിയായിരുന്ന കൊച്ച്, വർഷങ്ങൾക്കുശേഷം നക്സലൈറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതു ബന്ധുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാനായില്ല. അവിശ്വസനീയ ഇടപെടലുകൾ പിന്നീടും അദ്ദേഹം ജീവിതത്തിൽ നടത്തി. വിദ്യാർഥിയായിരിക്കെ 16 ദിവസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രീഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാഹിത്യരചനകളിലുമേർപ്പെട്ടു. പഠനശേഷം ആദിവാസി സ്വയം സേവക് സംഘം പ്രവർത്തകനായി. കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയത്തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നീ സംഘടനകൾ രൂപീകരിക്കുന്നതിൽ നേതൃത്വം വഹിച്ചു.
ആത്മകഥയായ ‘ദലിതന്റെ’ ഇംഗ്ലിഷ് പരിഭാഷ ‘സ്പീക്കിങ് ടൈഗർ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സീഡിയൻ എന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും ‘സീഡിയൻ’ വാരികയുടെ പത്രാധിപരുമായിരുന്നു. സൂചകം വാരികയുടെ പത്രാധിപത്യം വഹിച്ചു. കെ.കെ.ബാബുരാജ് എഡിറ്ററായ നവംബർ ബുക്സിന്റെ മാനേജിങ് എഡിറ്ററായിരുന്നു. സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസ്സിന്റെ ജനറൽ മാനേജരായും പ്രവർത്തിച്ചു. പ്രമുഖ ആനുകാലികങ്ങളിൽ സാമൂഹിക – രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് എഴുതാറുണ്ടായിരുന്നു. ഏതാനും ലേഖനങ്ങൾ ഇംഗ്ലിഷിലേക്കു മൊഴി മാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലി ലഭിച്ചു. നക്സലൈറ്റ് പ്രവർത്തകനെന്ന ലേബലിൽ നിരന്തരമായ പൊലീസ് അന്വേഷണവും പിന്തുടരലും ഉണ്ടായതോടെ രാജിവച്ചു. 1977ൽ കെഎസ്ആർടിസിയിൽ ക്ലർക്കായി. 2001 ൽ സീനിയർ അസിസ്റ്റന്റായി വിരമിച്ചു. ആദ്യ പുസ്തകമായ കലാപവും സംസ്കാരവും മുതൽ ആത്മകഥയായ ദലിതൻ വരെ വിപുലമായ രചനാലോകമാണു കൊച്ച് സൃഷ്ടിച്ചത്. വിയോജിപ്പുള്ളവർക്കു പോലും അവഗണിക്കാനാവാത്ത അറിവിന്റെ ഉടമയായിരുന്നു. തനിക്കു പിൻപേ വന്ന തലമുറയെ വൈജ്ഞാനികമായി സ്വാധീനിക്കാൻ കഴിഞ്ഞ അപൂർവ ചിന്തകരിൽ ഒരാളാണു വിട പറയുന്നത്.