ആദ്യദിനം 50 കോടി: കണക്കുകൾക്കു തീപിടിപ്പിച്ച് അബ്രാം ഖുറേഷിയെത്തുന്നു; മോളിവുഡിനു പുതിയ ചിറകു നൽകുമോ എമ്പുരാൻ?

Mail This Article
സ്ക്രീനിൽ സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷി ഒരൊറ്റ നൊടിയിൽ കത്തിച്ചുകളയുന്നത് എത്ര വില്ലന്മാരെയാണെന്നറിയാൻ നാളെ പുലർച്ചെ വരെ കാത്തിരിക്കണം. പക്ഷേ അയാളുടെ രണ്ടാം വരവിലെ ‘ബോക്സ്ഓഫിസ് ബ്ലാസ്റ്റിനു’ സാക്ഷിയായി അന്തംവിട്ടു നിൽക്കുകയാണ് ഇന്ത്യൻ സിനിമാ വ്യവസായം. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ ചരിത്രമെഴുതിത്തുടങ്ങിയ ചിത്രം വിൽപനക്കണക്കു റെക്കോർഡുകളെല്ലാം സ്വന്തം പേരിലെഴുതുകയാണ്. മാര്‍ച്ച് 21 ന് രാവിലെ ഒൻപതു മണിക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം വിറ്റുപോയത് ഒരു ലക്ഷത്തോളം ടിക്കറ്റാണ്. ഇതു റെക്കോർഡാണ്. ഇതുവരെ 78 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിക്കഴിഞ്ഞു. റിലീസ് ദിനത്തിലെ ഷോകളുടെ മാത്രം ടിക്കറ്റ് വിൽപനയിലൂടെ 50 കോടി നേടിയിട്ടുണ്ട്. ആദ്യ. ദിനത്തിൽ 50 കോടി ഗ്രോസ് കലക്‌ഷൻ എന്നതും റെക്കോർഡാണ്. മലയാള സിനിമയുടെ കച്ചവടക്കണക്കുകളെല്ലാം തിരുത്തിയെഴുതി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ‘എമ്പുരാൻ’.
മോളിവുഡിന് പുതിയ സ്വപ്നങ്ങൾ
മലയാള സിനിമാ വ്യവസായത്തിനു വളർച്ചയുടെ പുതിയ സാധ്യതകൾ തുറന്നിട്ടാണ് ‘എമ്പുരാൻ’ എത്തുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് എന്ന പ്രത്യേകതയോടെ എത്തുന്ന മോഹൻലാൽ– പൃഥ്വിരാജ് ചിത്രം കേരളത്തിൽമാത്രം 746 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഐമാക്സ് സ്ക്രീനുകളിലാണ് പ്രദർശനം. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ഐമാക്സ് പതിപ്പ് റിലീസിനെത്തുന്നത്. കേരളത്തിൽ റിലീസ് ദിനത്തിൽ മാത്രം 24 മണിക്കൂറിനുള്ളിൽ 4500 പ്രദർശനങ്ങളാണ് നടക്കുക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വ്യാപക റിലീസുണ്ട്. അവിടങ്ങളിലെല്ലാം ടിക്കറ്റ് ബുക്കിങ് കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. റിലീസ് സെന്ററുകളിൽ, ഇതുവരെ മലയാള സിനിമ പ്രദർശനത്തിനെത്താത്ത ഉസ്ബക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളുമുണ്ട്.
മലയാള സിനിമ വിപണനത്തിന്റെ പുതിയ മാർഗങ്ങൾ പരിചയിച്ചതിന്റെ പ്രധാന കാരണക്കാരിലൊരാളാണ് പൃഥ്വിരാജ്. സിനിമയുടെ എല്ലാ മേഖലകളെപ്പറ്റിയും തികഞ്ഞ ബോധ്യമുള്ള പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ‘ലൂസിഫറാ’ണ് പാൻ ഇന്ത്യൻ വിപണന സാധ്യത കൃത്യമായി ഉപയോഗിച്ച ആദ്യ സിനിമ. അത് വലിയ പണംവാരിച്ചിത്രമാകുകയും ചെയ്തു. അതുകൊണ്ടുതന്നെ, ‘ലൂസിഫറി’ന്റെ തുടർച്ചയായ ‘എമ്പുരാ’ന്റെ പ്രഖ്യാപനം മുതൽ ചലച്ചിത്ര പ്രേമികളും ഇന്ത്യൻ സിനിമാ വ്യവസായവും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണക്കാരുടെ പേരു തന്നെ അതിനു തെളിവാണ്. തമിഴ്നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിതരണാവകാശം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ദിൽ രാജുവിനാണ്. കർണാടകയിൽ ഹോംബാലെ ഫിലിംസിനാണ് വിതരണാവകാശം. ഉത്തരേന്ത്യയിൽ ചിത്രമെത്തിക്കുന്നത് ബോളിവുഡിലെ വൻകിടക്കാരായ അനിൽ തടാനിയുടെ എഎ ഫിലിംസ് ആണ്.
ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി ബെംഗളൂരുവും മുംബൈയും അടക്കമുള്ള നഗരങ്ങളിൽ പൃഥ്വിരാജും മോഹൻലാലുമുൾപ്പെടെയുള്ള അണിയറപ്രവർത്തകർ മാധ്യമങ്ങളെയും ആരാധകരെയും കണ്ടിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഇത്തരം പ്രചാരണ പരിപാടികൾ. മറ്റു സംസ്ഥാനങ്ങളിലെ സിനിമാ വ്യവസായങ്ങൾക്ക് മലയാള ചിത്രങ്ങളെ പരിചയപ്പെടുത്താനുള്ള അവസരം തുറക്കുകയായിരുന്നു ഇത്. ഭാവിയിൽ കൂടുതൽ മലയാള സിനിമകൾക്ക് ഇത്തരം മാർക്കറ്റിങ് സാധ്യതകൾ ഉപയോഗിക്കാം.
ബജറ്റെത്ര? സിനിമ കാണൂ...
‘എമ്പുരാ’ന്റെ ബജറ്റിന്റെ പേരിൽ വിവാദങ്ങളുണ്ടായപ്പോൾ സംവിധായകന്റെ മറുപടിയിൽ ആത്മവിശ്വാസം തെളിഞ്ഞിരുന്നു: ‘‘നിങ്ങൾ സിനിമ കാണൂ, എന്നിട്ടു ബജറ്റ് എത്രയായിരിക്കുമെന്ന് ഊഹിക്കൂ. നിങ്ങൾ കരുതുന്നതിനെക്കാൾ കുറവായിരിക്കും ബജറ്റ്’’. നൂറ്റമ്പതു കോടിയെന്നും ഇരുനൂറു കോടിയെന്നുമൊക്കെ അഭ്യൂഹങ്ങൾ പരന്നപ്പോഴും സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അടക്കമുള്ള അണിയറ പ്രവർത്തകർ നിശബ്ദരായിരുന്നു. ബജറ്റിനപ്പുറം സിനിമയാണു പ്രധാനമെന്നും മേക്കിങ് മികവിലും ടെക്നിക്കൽ ക്വാളിറ്റിയിലും മികച്ച അനുഭവമാകും ചിത്രമെന്നുമായിരുന്നു അവരുടെ പ്രതികരണം. ചിത്രത്തിന്റെ ട്രെയിലർ ആ വാക്കുകൾ ശരിയാണെന്നതിന്റെ സൂചനയാണ്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് എമ്പുരാന്റെ നിർമാണം.
മലയാളത്തിന്റെ ബ്രഹ്മാണ്ഡം!
ബാഹുബലിയും കെജിഎഫും കാന്താരയുമൊക്കെ കണ്ട് അന്തംവിട്ടു നിന്ന മലയാള സിനിമയ്ക്ക്, അവയ്ക്കൊപ്പം പറയാനുള്ള ഒരു പേരു സമ്മാനിക്കുകയാണ് പൃഥ്വിരാജ് സുകുമാരനും സംഘവും. കേരള രാഷ്ട്രീയത്തെ പശ്ചാത്തലമാക്കിയ ലൂസിഫറിൽനിന്ന് എമ്പുരാനിലെക്കെത്തുമ്പോൾ കഥയുടെ കാൻവാസ് ആഗോളമാകുന്നു. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ആക്‌ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ഫ്രെയ്മുകളും ‘എമ്പുരാനെ’ മികച്ച സിനിമാറ്റിക് അനുഭവമാക്കുമെന്നു കരുതാം.