ഫ്രാങ്ക്ളിൻ മ്യൂച്ചൽ ഫണ്ട്; വോട്ടെടുപ്പ് ഫലം കാത്ത് നിക്ഷേപകർ

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യുച്ചൽ ഫണ്ടിന്റെ ആറ് സ്കീമുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ചു നിക്ഷേപകരുടെ സമ്മതം അറിയാൻ നടക്കുന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നും വോട്ടെടുപ്പിന്റെ നിരീക്ഷകനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയമിച്ച മുൻ മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണർ ടി.എസ്. കൃഷ്ണമൂർത്തിയെ അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്, നിക്ഷേപക സംരക്ഷണ സമിതിയായ ചെന്നൈ ഫിനാൻഷ്യൽ മാർക്കറ്റ് അക്കൗണ്ടബിലിറ്റി (സിഎഫ്എംഎ) സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതോടെ, സെബിയും സിഎഫ്എംഎയും തമ്മിലുള്ള തർക്കം രൂക്ഷമായി.

ജനുവരി 18നു കേസ് വാദത്തിനു വരുമ്പോൾ സമിതിയുടെ അപേക്ഷ കോടതി പരിഗണിച്ചേക്കും. ഇപ്പോൾ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം പ്രഖാപിക്കാൻ മ്യൂച്ചൽ ഫണ്ട് കമ്പനിക്ക് അവകാശമില്ല. അത് തീരുമാനിക്കുക കോടതിയായിരിക്കും.
സെബി, ഫ്രാങ്ക്ളിനെ സഹായിക്കുന്നു എന്ന് ആരോപിക്കുന്ന സിഎഫ്എംഎ, ശനിയാഴ്ച ഇ വോട്ടിങ് തുടങ്ങിയതിനുശേഷം നിരീക്ഷകനെ നിയമിച്ചത് കണ്ണിൽ പൊടിയിടാനുള്ള വേലയാണെന്നും കോടതി ഇതു സംബന്ധിച്ചു ഡിസംബർ 9നു പുറപ്പെടുവിച്ച ഉത്തരവിന് എതിരാണെന്നും ആരോപിക്കുന്നു. ഇതു തിരഞ്ഞെടുപ്പിനുശേഷം വരണാധികാരിയെ നിയമിക്കുന്നതിനു തുല്യമാണെന്നാണ് സമിതിയുടെ വാദം.
സമിതി നിരീക്ഷകനെ നിയമിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ്, സെബി നീരീക്ഷകനെ നിയമിച്ചതെന്നാണ് അവർ പറയുന്നത്.
ഡിസംബർ 18നു നിരീക്ഷകനെ നിയമിച്ച സെബി അക്കാര്യം എട്ടു ദിവസം നിക്ഷേപകരിൽനിന്നു മറച്ചുവച്ചശേഷം വോട്ടെടുപ്പ് തുടങ്ങിയതിനു ശേഷം പുറത്തുവിട്ടത് സംശയാസ്പദമാണെന്നാണ് സമിതിയുടെ ആക്ഷേപം. കൃഷ്ണമൂർത്തി നിരീക്ഷകന്റെ ചുമതല ഏറ്റെടുക്കുമ്പോഴേക്കും വോട്ടെടുപ്പ് കഴിഞ്ഞിരിക്കാനാണു സാധ്യത. തന്നെയുമല്ല, കൃഷ്ണമൂർത്തി അധ്യക്ഷനായുള്ള സെൻട്രൽ ഡെപ്പോസിറ്ററി സർവീസിലെ പല ഭരണപരമായ കുഴപ്പങ്ങളും സെബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെ സെബിയുടെ അപ്രീതി സമ്പാദിച്ച ഒരാളെ, എങ്ങനെ നിഷ്പക്ഷമായി ചെയ്യേണ്ട ജോലിക്ക് നിയോഗിക്കാൻ കഴിയുമെന്ന് സമിതി ചോദിക്കുന്നു.
കൃഷ്ണമൂർത്തി എന്താണ് നിരീക്ഷിക്കേണ്ടതെന്നു സെബി നിർദ്ദേശിച്ചിട്ടുണ്ടോ? എങ്ങനെയാണ് ഇ- വോട്ടിങ് സുരക്ഷിതമാണെന്നും സ്വതന്ത്രമാണെന്നും അട്ടിമറിക്കാൻ കഴിയ്യാത്തതാണെന്നും ഇ-വോട്ടുകൾ പരിശോധിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം തീർച്ചയാക്കിയത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ ഒരുക്കിയ വോട്ടെടുപ്പിനുള്ള സംവിധാനം അംഗീകരിക്കാൻ അദ്ദേഹത്തിനു സമയം കിട്ടിയോ തുടങ്ങിയ ചോദ്യങ്ങളും സമിതി ഉന്നയിക്കുന്നുണ്ട്.
കോടതിയുടെ നിരീക്ഷണത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും മുഖ്യ തിരെഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷിയെ തന്നെ പറ്റുമെങ്കിൽ നിരീക്ഷകനായി നിയമിക്കണമെന്നും സമിതി കോടതിയോട് ആവശ്യപ്പെടും.
ഡിസംബർ 18നു തന്നെ നിരീക്ഷകനെ നിയമിച്ചിരുന്നോ? നിയമിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് അതിനു വലിയ തോതിൽ സെബി പ്രചാരം കൊടുക്കാതിരുന്നത് – എന്നീ കാര്യങ്ങൾ സമിതി സ്വതന്ത്രമായ ഒരു അന്വേഷണം നടത്തും.
സമിതിയുടെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി ഡിസംബർ 26 മുതൽ 29 വരെ ഇ-വോട്ടിങ് നടത്താൻ മ്യൂച്ചൽ ഫണ്ട് കമ്പനിയോടും വോട്ടെടുപ്പ് നീതിപൂർവം നടത്തുന്നതിനായി ഒരു നിരീക്ഷകനെ നിയമിക്കാൻ സെബിയോടും നിർദ്ദേശിച്ചതും. വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കരുതെന്നും, അത് നിരീക്ഷകന്റെ റിപ്പോർട്ടോടു കുടി മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതുപോലെ, ഈ സ്കീമുകളുടെ സൂക്ഷ്മ പരിശോധന ഫലവും സെബി കോടതിക്കു സമർപ്പിക്കണം.
ആദ്യം മുതലേ സെബി ഈ കേസ് കൈകാര്യം ചെയ്യുന്ന വിധത്തിൽ സമിതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കർണാടക ഹൈക്കോടതി വിപണി നിയന്ത്രകൻ എന്ന നിലയിൽ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിൽ ഉണർന്നു പ്രവർത്തിച്ചോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സ്കീമുകൾ അവസാനിപ്പിക്കുന്നതിന് ഫ്രാങ്കിളിന് അനുമതി നിഷേധിച്ചിരുന്നു.
നിക്ഷേപകർ കൂട്ടത്തോടെ യൂണിറ്റുകൾ തിരിച്ചു നൽകി പണം ആവശ്യപ്പെടുന്നത് കൊണ്ടും കടപ്പത്ര വിപണിയിൽ വ്യാപാരം നടക്കാത്തതു കൊണ്ടുമാണ് ഫ്രാങ്ക്ളിൻ സ്കീമുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
നിക്ഷേപകരുടെ 36,000 കോടി രൂപയാണ് ഈ ആറ് സ്കീമുകളിയായി കുടുങ്ങി കിടക്കുന്നത്. ഇതെല്ലം കടപ്പത്രങ്ങളിലോ, ഡിബഞ്ചറുകളിലോ ആണ് നിക്ഷേപിച്ചിരിക്കുന്നത്. കോടതി സ്‌കീം അവസാനിപ്പിക്കാൻ സമ്മതിച്ചാൽ, മ്യൂച്ചൽ ഫണ്ട് കമ്പനി കടപ്പത്രങ്ങൾ വിറ്റോ, അല്ലങ്കിൽ അവയുടെ കാലാവധി പൂർത്തിയായികഴിഞ്ഞോ നിക്ഷേപകർക്ക് പണം കൊടുത്താൽ മതിയാകും.
English Summary: Voting for Franklin Templeton schemes ends