ന്യൂഡൽഹി ∙ ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം സുരക്ഷിതരെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പട്ടാള അട്ടിമറിശ്രമം നടന്ന വാർത്ത അറിഞ്ഞതിനെത്തുടർന്നു കുട്ടികളുമായി ബന്ധപ്പെടാൻ ശ്രമിച്ച ബന്ധുക്കൾക്ക് അതിനു കഴിഞ്ഞിരുന്നില്ല.
ഒട്ടേറെപ്പേർ ഇതു സംബന്ധിച്ചു ടാർഗറ്റ് ഒളിംപിക് പോഡിയം (ടോപ്) ചെയർപഴ്സൻ ഒളിംപ്യൻ അഞ്ജു ബോബി ജോർജിനെ വിളിച്ചിരുന്നു. അഞ്ജു ഇവരുടെ ആശങ്കകൾ സ്പോർട്സ് സെക്രട്ടറിയെയും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയെയും അറിയിച്ചതോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇസ്തംബുളിലേക്കു ബന്ധപ്പെടുകയായിരുന്നു.
പ്രശ്നം രൂക്ഷമാകുകയാണെങ്കിൽ ഇന്ത്യൻ ടീമിനെ തുർക്കിയിൽനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നതായി അഞ്ജു പറഞ്ഞു.
ആശങ്ക; പിന്നെ ആശ്വാസം
ട്രാബ്സോൺ (തുർക്കി) ∙ തുർക്കിയിലെ പട്ടാള അട്ടിമറിശ്രമം കുറച്ചുനേരത്തേക്കു തങ്ങളെ ഭയപ്പെടുത്തിയെന്നു തുർക്കിയിൽ ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ മാനേജർ ചാക്കോ ജോസഫ്. വെള്ളി രാത്രി ഒൻപതരയോടെയാണ് (ഇന്ത്യൻ സമയം അർധരാത്രി) ഇതു സംബന്ധിച്ച വാർത്ത ടിവിയിൽ കണ്ടത്. വാർത്ത അറിഞ്ഞയുടൻ എല്ലാവരുമൊന്നു പേടിച്ചു.
വിമാനത്താവളം അടച്ചോ, എങ്ങനെ നാട്ടിൽ തിരിച്ചെത്തും, സുരക്ഷ ഉണ്ടാകുമോ തുടങ്ങി ഒട്ടേറെ ആശങ്കകളിലായിരുന്നു ടീമിലെ പലരും. എന്നാൽ സംഭവം നടന്ന് ഏറെ വൈകാതെ സംഘാടകർ ഒരു യോഗം വിളിച്ചുകൂട്ടിയതോടെ ആശങ്കകൾ മാറി. ഒന്നും ഭയക്കേണ്ടെന്നും മൽസരങ്ങൾ കൃത്യസമയത്തുതന്നെ നടക്കുമെന്നും സംഘാടകർ ഉറപ്പുതന്നതോടെ താരങ്ങളുടെയും മുഖം തെളിഞ്ഞു.
അട്ടിമറിക്കു ശ്രമിച്ച പട്ടാളക്കാരെ കീഴടക്കിയെന്നും ആ ശ്രമം പൊളിഞ്ഞെന്നും അറിഞ്ഞതോടെ കുറച്ചു മണിക്കൂറുകളെങ്കിലും നീണ്ട ആശങ്കയ്ക്കു വിരാമമായെന്നും ഡിപിഐയിലെ ഡപ്യൂട്ടി ഡയറക്ടർ കൂടിയായ അദ്ദേഹം വെളിപ്പെടുത്തി.
ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ 148 താരങ്ങളും 38 ഒഫിഷ്യൽസുമാണുള്ളത്. ഇതിൽ 13 പേരാണു മലയാളികൾ. ഒളിംപിക് വില്ലേജിൽ താമസിക്കുന്ന സംഘത്തിനു മൽസരം നടക്കുന്ന ഗ്രൗണ്ടിലേക്ക് അര മണിക്കൂർ യാത്രയുണ്ട്. അവിടേക്കുള്ള യാത്രയിൽ സുരക്ഷ കൂടുതലുണ്ടായിരുന്നു എന്നതുമാത്രമായിരുന്നു അട്ടിമറി ശ്രമത്തെ തുടർന്ന് എടുത്തു പറയാനുണ്ടായിരുന്ന മാറ്റം.
ഇന്നലെ രാവിലത്തെ മൽസരങ്ങൾ രണ്ടു മണിക്കൂർ വൈകിയാണു തുടങ്ങിയത്. ടെന്നിസ്, ജൂഡോ, ഗുസ്തി ഇനങ്ങളാണ് ഇങ്ങനെ വൈകിയത്. എന്നാൽ വൈകിട്ടുള്ള അത്‌ലറ്റിക് മൽസരങ്ങൾ കൃത്യസമയത്തുതന്നെ നടന്നു. ഇന്നു കൂടിയുണ്ടു മൽസരങ്ങൾ. അതിനുശേഷം നാളെ മുതൽ സംഘം തിരിച്ചെത്തും.
നാട്ടിൽനിന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉൾപ്പെടെ ഒട്ടേറെപ്പേർ വിളിച്ചു ധൈര്യം പകർന്നതായും ചാക്കോ ജോസഫ് പറഞ്ഞു. ഡിപിഐ, ഹയർ സെക്കൻഡറി ഡയറക്ടർ തുടങ്ങിയവരും വിളിച്ചു വിവരങ്ങൾ തിരക്കിയിരുന്നു.
സമാധാനമായെന്നു താരങ്ങൾ
ട്രാബ്സോൺ ∙ പട്ടാള അട്ടിമറിയെത്തുടർന്നുള്ള ആശങ്കകൾ മാറിയെന്നു തുർക്കിയിൽ ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗം ലിസ്ബത്ത് കരോളിൻ ജോസഫ് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും ലോങ്ജംപ് താരമായ ലിസ്ബത്ത് സൂചിപ്പിച്ചു. പേടിക്കാനൊന്നുമില്ലെന്നു ടീം അംഗം അപർണാ റോയ് രാവിലെ 11 മണിയോടെ മെസേജ് അയച്ചതായി പിതാവ് റോയ് ഓവേലിൽ പറഞ്ഞു.
വെള്ളിയാഴ്ച അർധരാത്രി മുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മാത്രമാണു ഫോൺബന്ധം ശരിയായതെന്നും എല്ലാവരും സുരക്ഷിതരാണെന്നും മൽസരങ്ങൾ മുൻനിശ്ചയപ്രകാരം നടന്നതായും അപർണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യ റൺ ഇന്നുമുതൽ
ന്യൂഡൽഹി ∙ രാജ്യത്തെ ആദ്യ സംസ്ഥാനാന്തര മാരത്തൺ എന്ന പെരുമയോടെ ദ് ഗ്രേറ്റ് ഇന്ത്യ റണ്ണിന് ഇന്നു തുടക്കം. ഇന്ത്യാ ഗേറ്റിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ കായികമന്ത്രി വിജയ് ഗോയലും ഒളിംപ്യൻ അഞ്ജു ബോബി ജോർജും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്യും. 1480 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ ആറു സംസ്ഥാനങ്ങൾ കടന്ന് ഓഗസ്റ്റ് ആറിനു മുംബൈയിൽ സമാപിക്കും.
ഡൽഹിക്കു പുറമേ യുപി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഏഷ്യ, ആഫ്രിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള മാരത്തൺ ചാംപ്യൻമാർ അണിനിരക്കും
ലോക ജൂനിയർ മീറ്റ്: ഇന്ത്യൻ ടീം ഇന്നു പുറപ്പെടും
ന്യൂഡൽഹി ∙ ഐഎഎഫ് അണ്ടർ–20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം ഇന്നു പുറപ്പെടും. പോളണ്ടിലെ ബൈദ്ഗോഷിൽ 19 മുതൽ 24 വരെയാണു ചാംപ്യൻഷിപ്പ്. 27 അംഗ ടീമിൽ ഒൻപതുപേർ പെൺകുട്ടികളാണ്.
അബിത മേരി മാനുവൽ, ഷഹർബാന സിദ്ദീഖ്, ജിസ്ന മാത്യു എന്നീ മലയാളികളും ടീമിലുണ്ട്. അബിത 800 മീറ്ററിലും ജിസ്ന 400 മീറ്ററിലും മൽസരിക്കുന്നു. ജിസ്നയും ഷഹർബാനയും 400 മീറ്റർ റിലേ ടീമിലും ഇറങ്ങും. പട്യാലയിലെ പരിശീലന ക്യാംപിൽനിന്നു ഡൽഹിയിലെത്തുന്ന ടീം ഇന്നു പുറപ്പെടും.