ന്യൂഡൽഹി∙ ക്യാപ്റ്റൻസിയുടെ അധികഭാരം കയ്യൊഴിഞ്ഞ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ കൂടുതൽ ആവേശത്തിലാണ്. അടിച്ചു പറത്താനുളള പന്തുകൾ അടിച്ചു പറത്തിയിരിക്കും– ആരാധകർക്കു ധോണി ഉറപ്പുനൽകുന്നു. യുവരാജുമായി നടത്തിയ വിഡിയോ ചാറ്റിങ്ങിലാണു ധോണിയുടെ ഉറപ്പ്. ‘‘എനിക്ക് അടിക്കാൻ പാകത്തിൽ അവർ പന്തെറിയുകയും സാഹചര്യം അനുവദിക്കുകയും ചെയ്താൽ ഒരു മടിയും കാട്ടില്ല.’’– ധോണി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് ജീവിതം ആവേശം നൽകുന്നതായിരുന്നുവെന്നു ധോണി പറഞ്ഞു. ‘‘ യുവരാജിനെപ്പോലുള്ള താരങ്ങൾ ഒപ്പമുണ്ടായിരുന്നത് എന്റെ യാത്ര എളുപ്പമാക്കി. ഞാൻ 10 വർഷവും ആസ്വദിച്ചു. ഇനിയും അതേ ആഹ്ലാദത്തോടെ മുന്നോട്ടു പോകാൻ കഴിയുമായിരിക്കും.’’ ആദ്യ ട്വന്റി20യിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു പന്തും യുവരാജ് സിക്സറടിച്ചതിനെക്കുറിച്ചും ധോണി വാചാലനായി. ‘‘ഏറ്റവും അനുയോജ്യ സീറ്റിലിരുന്ന് ആ സിക്സറുകൾ കാണാൻ ഭാഗ്യമുണ്ടാക്കിയതിനു നന്ദി.’’– നോൺ സ്ട്രൈക്കറായിരുന്നു ധോണി.