രഞ്ജി: കേരളത്തിന് 210 റൺസ് ലീഡ്

മുംബൈ∙ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മൽസരത്തിൽ കേരളത്തിന് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 342നെ പിന്തുടർന്ന ഗോവ 286നു പുറത്തായി. ഒന്നാം ഇന്നിങ്സിൽ കേരളത്തിന് 56 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ നാലിന് 154 എന്ന നിലയിലാണ്. ഗോവയെക്കാൾ 210 റൺസ് മുന്നിൽ. ക്യാപ്റ്റൻ രോഹൻ പ്രേമും (60) വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനും (56) ക്രീസിൽ. ആദ്യ ഇന്നിങ്സിൽ

രോഹൻ പ്രേം സെഞ്ചുറി നേടിയിരുന്നു. അതിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടവും പ്രേം സ്വന്തമാക്കി. 71 മൽസരങ്ങളിൽ 3928 റൺസാണ് പ്രേമിന്റെ നേട്ടം. കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഭവിൻ തക്കർ(ഒന്ന്), വിനോദ് കുമാർ(20), സഞ്ജു സാംസൺ (പൂജ്യം), സച്ചിൻ ബേബി(ആറ്) എന്നിവരാണ് പുറത്തായത്. നാലിന് 54 എന്ന നിലയിൽ തകർന്ന കേരളത്തെ പിന്നീട് പ്രേമും അസ്ഹറുദ്ദീനും ചേർന്ന കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ ഇവർ ഇതുവരെ നേടിയത് 156 റൺസ്. പ്രേം 128 പന്തിൽ ഏഴു ഫോറുകൾ നേടി. അസ്ഹറുദ്ദീൻ 101 പന്തിൽ ഏഴു ഫോറുകൾ. ആറിന് 169 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഗോവയ്ക്ക് ഏഴാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത സൗരഭ് ബന്ദേകർ (35), ശദബ് ജകതി (85) എന്നിവരാണ് കരുത്തായത്. കേരളത്തിനു വേണ്ടി വിനോദ് കുമാർ നാലും സന്ദീപ് വാരിയർ മൂന്നും വിക്കറ്റ് വീഴ്ത്തി.