റൂട്ട് ക്ലിയറാക്കി ഇംഗ്ലണ്ട്: നാലു വിക്കറ്റിന് 311

രാജ്കോട്ട്∙ ഏകദിന മൽസരങ്ങളിലെ അതേ സ്വഭാവം അരങ്ങേറ്റ ടെസ്റ്റിലും ഇവിടുത്തെ പിച്ച് തുടർന്നപ്പോൾ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ജോ റൂട്ടിന്റ 11–ാം സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 311 റൺസെടുത്തു ശക്തമായ നിലയിൽ. റൂട്ട് 180 പന്തുകളിൽ നിന്നു 124 റൺസെടുത്തപ്പോൾ നാലാം ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിടുന്ന മോയിൻ അലി 99 റൺസോടെ ക്രീസിലുണ്ട്.

മൈക്കൽ ക്ലാർക്ക് 2013ൽ ചെന്നൈയിൽ 130 റൺസ് നേടിയതിനു ശേഷം സന്ദർശക ടീമംഗത്തിന്റെ ഇന്ത്യയിലെ ആദ്യ സെഞ്ചുറിയാണ് റൂട്ടിന്റേത്. കൂടാതെ കഴിഞ്ഞ 21 ഇന്നിങ്സിനിടെ ഇന്ത്യയിൽ ആദ്യമായാണ് സന്ദർശക ടീം 300ന് മേലെ റൺസ് നേടുന്നത്. ഒരു സിക്സറും 11 ബൗണ്ടറിയും റൂട്ട് നേടി. അലിയുടെ ഇന്നിങ്സിൽ ഒൻപതു ബൗണ്ടറി. മൂന്നു വിക്കറ്റിന് 102 റൺസുമായി സമ്മർദ്ദത്തിലായിരുന്ന ഇംഗ്ലണ്ടിനെ റൂട്ട്–അലി സഖ്യം നാലാം വിക്കറ്റിൽ നേടിയ 179 റൺസാണ് ഭദ്രമായ നിലയിലെത്തിച്ചത്. അലിക്കൊപ്പം ബെൻ സ്റ്റോക്സാണ്(19) ക്രീസിലുള്ളത്.

തുടർച്ചയായ മൂന്നാം പരമ്പര വിജയം ലക്ഷ്യമിടുന്ന ഇന്ത്യ ആവേശം കൊള്ളിക്കുന്ന തുടക്കമാണു കുറിച്ചത്. 21 റൺസുമായി അലസ്റ്റയർ കുക്കും 31 റൺസുമായി ഹമീദും പുറത്ത്. സ്കോർ 76 റൺസ് മാത്രം. 13 റൺസുമായി ഡക്കറ്റിനെയും പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് സ്കോർ 102 റൺസ് മാത്രം. പക്ഷേ, പിന്നീട് റൂട്ട് – അലി സഖ്യം കളിയുടെ ഗതി തിരുത്തിയെഴുതി. അത്യുജ്വല ഫോമിലായിരുന്ന ജോ റൂട്ടിനെ സെഞ്ചുറിക്കു ശേഷമെങ്കിലും പുറത്താക്കാൻ കഴിഞ്ഞതിൽ ആശ്വസിക്കാമെന്നു മാത്രം. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. ആദ്യ ദിവസം 93 ഓവർ ബോൾ ചെയ്ത ഇന്ത്യ പുതിയ പന്ത് എടുത്തിട്ടില്ല. ഇടയ്ക്കു പേശിവേദന മൂലം കളിക്കളത്തിൽ നിന്നു കയറിയ മുഹമ്മദ് ഷാമി തിരിച്ചെത്തിയെങ്കിലും വേദന അലട്ടുന്നുണ്ടെന്നു വ്യക്തമായിരുന്നു.

സ്കോർബോർഡ്

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ്
അലസ്റ്റയർ കുക്ക് എൽബി ബി ജഡേജ– 21, ഹമീദ് എൽബി ബി അശ്വിൻ– 31, ജോ റൂട്ട് സി ആൻഡ് ബി യാദവ് –124, ഡക്കറ്റ് സി രഹാനെ ബി അശ്വിൻ– 13, മോയിൻ അലി നോട്ടൗട്ട്– 99, സ്റ്റോക്സ് നോട്ടൗട്ട്– 19
എക്സ്ട്രാസ്– നാല്
ആകെ 93 ഓവറിൽ നാലു വിക്കറ്റിന് 311
വിക്കറ്റുവീഴ്ച: 1–47, 2–76, 3–102, 4–281
ബോളിങ്: ഷാമി 12.1–2–31–0, ഉമേഷ് യാദവ് 18.5–1–68–1, അശ്വിൻ 31–3–108–2, ജഡേജ 21–2–59–1, മിശ്ര 10–1–42–0