മുംബൈ ∙ സ്പിന്നർ അനുകുൽ റോയിയുടെ തകർപ്പൻ ബോളിങ് മികവിൽ ഇംഗ്ലണ്ട് അണ്ടർ–19 ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ അണ്ടർ–19 ടീമിന് 129 റൺസിന്റെ വമ്പൻ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 287 റൺസിന്റെ ലക്ഷ്യം വച്ചുനീട്ടിയപ്പോൾ ഇംഗ്ലണ്ട് 158 റൺസിന് പുറത്തായി. റോയ് നേടിയ മൂന്നു വിക്കറ്റുകളാണു തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ താളം തെറ്റിച്ചത്.
നേരത്തെ ഇന്ത്യയ്ക്കു വേണ്ടി ഓപ്പണർ ഹിമാൻഷു റാണ 58 റൺസെടുത്തു. 10 ബൗണ്ടറി നേടി. ഹാർവിക് ദേശായ് 62 പന്തുകളിൽ 75 റൺസടിച്ചു. 108 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റു നഷ്ടമായ ഇന്ത്യയെ 250 റൺസ് കടത്തിയതു ദേശായിയുടെ ഇന്നിങ്സ് ആയിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ഫിഷർ 44 റൺസിനു നാലു വിക്കറ്റെടുത്തു.