പല്ലെകെലെ(ശ്രീലങ്ക) ∙ ആദ്യ ഇന്നിങ്സിൽ 86 റൺസിന്റെ നിർണായക ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കൻ ഓപ്പണർ കുശാൽ പെരേരയുടെ വിക്കറ്റ് സ്വന്തമാക്കി ആദ്യ ടെസ്റ്റിൽ ആധിപത്യമുറപ്പിച്ചു. ആദ്യ ഇന്നിങ്സിൽ രണ്ടു ടീമും ചെറു സ്കോറുകൾ മാത്രം സ്വന്തമാക്കിയ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ അവസാന പന്തിലാണ് പെരേര പുറത്തായത്.
തൊട്ടുപിന്നാലെ കനത്ത മഴയെത്തിയതോടെ കളി നേരത്തേ നിർത്തി. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 117 റൺസെടുത്തപ്പോൾ ഓസ്ട്രേലിയ 203 റൺസിനു പുറത്തായി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ഒരു വിക്കറ്റിന് ആറു റൺസെടുത്തിട്ടുണ്ട്. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയൻ താരങ്ങളും റൺസ് കണ്ടെത്താൻ പാടുപെട്ടു. ശ്രീലങ്കയുടെ വെറ്ററൻ താരം രംഗന ഹെറാത്തും പുതുമുഖ താരം സാന്ദകനും നാലു വിക്കറ്റ് വീതം വീഴ്ത്തി.
ഹെറാത്ത് 25 ഓവറിൽ 49 റൺസിനു നാലു വിക്കറ്റ് നേടിയപ്പോൾ സന്ദകൻ 21.2 ഓവറിൽ 58 റൺസിനാണു നാലു വിക്കറ്റെടുത്തത്. 47 റൺസെടുത്ത ആഡം വോഗ്സാണ് ഓസീസ് നിരയിലെ ടോപ്സ്കോറർ. ആദ്യ ഇന്നിങ്സിൽ രണ്ടു ടീമിലെയും ആർക്കും അർധ സെഞ്ചുറി കടക്കാൻ കഴിഞ്ഞില്ല. ബോളർമാർക്ക് ഇപ്പോഴും ആനുകൂല്യം നൽകുന്ന പിച്ചിൽ സ്വന്തമാക്കിയ ലീഡ് കളിയുടെ ഗതിയിൽ നിർണായകമാകാനാണു സാധ്യത.