Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസന്തം വരവായി

CRICKET-IND-ENG പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഇന്ത്യൻ ടെസ്റ്റ് ടീം

‘‘ഈ പരമ്പര വിജയമാണ് എനിക്കേറെ പ്രിയപ്പെട്ടത്. ജയിച്ച രീതികൊണ്ടും എതിരാളികളുടെ മികവുകൊണ്ടും.’’ – മൊഹാലിയിൽ നാലാം ടെസ്റ്റ് ജയിച്ചു പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ. കോഹ്‌ലി പറഞ്ഞതു ചരിത്രംകൂടി പരിഗണിച്ചാകും. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡുള്ള ടീമുകളല്ല ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ് എന്നിവർ. എന്നാൽ ഇംഗ്ലണ്ട് അങ്ങനെയല്ല. 2012ലെ ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപിച്ച ടീമാണവർ. അതുകൊണ്ടുതന്നെ ഈ വിജയത്തിനു മധുരം കൂടും; ഒപ്പം ഇന്ത്യൻ ക്രിക്കറ്റിലെ വസന്തകാലത്തിന്റെ വരവറിയിച്ച മറ്റു ചില കാരണങ്ങൾകൊണ്ടും.

ജയം മാത്രം

അഞ്ചാം ടെസ്റ്റ് സമനിലയാകുമെന്നാണു സർവരും പ്രവചിച്ചത്. എന്നാൽ കോഹ്‌ലി മറിച്ചു കരുതി – ജയിക്കണം. പരമ്പര നേരത്തേതന്നെ കയ്യിലൊതുക്കിയിട്ടും ജയിക്കാൻവേണ്ടിയുള്ള ആ കളി ടീമിന്റെ മാറിയ മനോഭാവം തെളിയിക്കുന്നു. രാജ്കോട്ടിലെ ആദ്യ ടെസ്റ്റ് സമനിലയായതിനുശേഷം ഇനിയുള്ളതെല്ലാം ജയിക്കണം എന്ന വാശി ടീം ഇന്ത്യയുടെ ശരീരഭാഷയിലുണ്ടായിരുന്നു. കണക്കുകളും ഇന്ത്യയുടെ ഈ വിജയമനോഭാവം ശരിവയ്ക്കുന്നു. പരാജയമറിയാതെ ഇന്ത്യയുടെ 18–ാം ടെസ്റ്റാണിത്. അതിൽ പതിനാലും വിജയങ്ങൾ!

പുതുരക്തം

കെ.എൽ. രാഹുൽ, കരുൺ നായർ, ജയന്ത് യാദവ് – ഈ പരമ്പരയിൽ ഇന്ത്യയുടെ കണ്ടെത്തലുകൾ. രാഹുൽ മുൻപുതന്നെ മികവു കാണിച്ചിരുന്നെങ്കിലും 199 റൺസിന്റെ ഇന്നിങ്സോടെ ടീമിൽ സ്ഥാനമുറപ്പിച്ചു. കരുണിന്റേതു രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെതന്നെ രാജകീയമായ വരവ്. ബോളിങ്ങിനെക്കാളേറെ ജയന്ത് വാർത്തകളിൽ ഇടംപിടിച്ചത് മുംബൈ ടെസ്റ്റിൽ ഒൻപതാമനായി ഇറങ്ങിയ ആ സെഞ്ചുറിയിലാണ്. അതിനു മുൻപു മൊഹാലി ടെസ്റ്റിൽ ഒരു അർധ സെഞ്ചുറിയുമുണ്ട് ജയന്തിന്റെ പേരിൽ.

പേസും കസറി

അശ്വിനും ജഡേജയും ചേർന്ന് ഇംഗ്ലണ്ടിനെ കൂട്ടക്കുരുതി നടത്തി എന്നതു ശരി. എന്നാൽ ഇന്ത്യൻ പേസ് ബോളർമാരും മികവു തെളിയിച്ച പരമ്പരയാണിത്. ബാറ്റിങ് പിച്ചുകളിലും 140 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് അവർ ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെ വിഷമിപ്പിച്ചു. പരമ്പരയിൽ ഇന്ത്യൻ പേസ് ബോളർമാർ വീഴ്ത്തിയതു 31 വിക്കറ്റുകൾ. പത്തു വിക്കറ്റ് വീഴ്ത്തിയ ഷമിയാണു മുന്നിൽ. ബ്രോഡും ആൻഡേഴ്സണുമടങ്ങുന്ന ഇംഗ്ലണ്ട് പേസ് ബോളർമാർ ആകെ വീഴ്ത്തിയത് 26 വിക്കറ്റുകൾ. 

ഓ, ക്യാപ്റ്റൻ!

കോഹ്‌ലിയെക്കുറിച്ച് ഇനിയെന്തു പറയാൻ! ആധുനിക ക്രിക്കറ്റിലെ ഒന്നാംനിര ബാറ്റ്സ്മാനായ കോഹ്‌ലി ഈ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനുമായി. ബാറ്റിങ്ങിലെ അഗ്രസ്സീവ് ശൈലി കോഹ്‍ലി ക്യാപ്റ്റൻസിയിലേക്കും കൊണ്ടുവന്നു. ജയം വിദൂരസാധ്യത പോലുമായിരിക്കുമ്പോൾ പോലും അതു പിടിച്ചുവാങ്ങാനുള്ള ത്വര കോഹ്‌ലിക്കു സ്വതസിദ്ധം. അഞ്ചാം ടെസ്റ്റ് വിജയം അതിന് അടിവരയിടുന്നു. പരമ്പരയിൽ ഇന്ത്യയുടെ രണ്ടു വിജയങ്ങൾ ഇന്നിങ്സ് വിജയങ്ങളാണെന്നതും സവിശേഷത.