ന്യൂഡൽഹി∙ ടെസ്റ്റ് പരമ്പരയ്ക്കു മുൻപുള്ള മുന്നൊരുക്കം ഗംഭീരമാക്കി ന്യൂസീലൻഡ്. മുംബൈയുടെ ദുർബലമായ ബോളിങ് നിരയെ തകർത്ത കിവീസ് ഏഴു വിക്കറ്റിനു 324 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്നലെ 13 ഓവറിൽ മുംബൈ ഒരു വിക്കറ്റിന് 29 റൺസെടുത്തിട്ടുണ്ട്.
നേരിയ പച്ചപ്പുണ്ടായിരുന്ന പിച്ച് സ്പിന്നിനെ ഒട്ടും തുണച്ചില്ല. അതോടെ ബാറ്റ്സ്മാൻമാരുടെ സർവാധിപത്യമായി. ക്യാപ്റ്റൻ കെയ്ൻ വില്യംസ് 56 പന്തുകളിൽ 50 റൺസെടുത്തു. ഓപ്പണർ ടോം ലാഥം 97 പന്തുകളിൽ 55 റൺസ് നേടി. റോസ് ടെയ്‌ലർ 57 പന്തുകളിൽ 41 റൺസെടുത്തു. 59 പന്തുകൾ നേരിട്ട മിച്ചൽ സാന്റ്നർ 45 റൺസ് സ്വന്തമാക്കി. മുംബൈയ്ക്കുവേണ്ടി അർമാൻ ജാഫർ 24 റൺസെടുത്തും കൗസ്തുഭ് പവാർ അഞ്ചു റൺസെടുത്തും ക്രീസിലുണ്ട്. ഓപ്പണർ ജയ് ബിസ്തയെ പൂജ്യത്തിനു പുറത്താക്കി ഇടങ്കയ്യൻ പേസർ ട്രെന്റ് ബോൾട്ടാണ് മുംബൈയ്ക്ക് ആദ്യ പ്രഹരം ഏൽപിച്ചത്.
മുംബൈയുടെ ബോളിങ് അമ്പേ പരാജയമായിരുന്നു. ജന്റിൽ മീഡിയം പേസുമായി രണ്ടു വിക്കറ്റെടുത്ത ബൽവിന്ദർ സന്ധു ജൂനിയർ മാത്രമാണ് അൽപമെങ്കിലും ഭേദപ്പെട്ടുനിന്നത്. വിശാൽ ദഭോൽക്കർ, സിദ്ദേഷ് ലാദ്, വിജയ് ഗോഹിൽ എന്നിവരുടെ സ്പിൻ ബോളിങ് ഒട്ടും ഏശിയില്ല. ടെസ്റ്റ് പരമ്പരയിൽ കാത്തിരിക്കുന്ന സ്പിൻ ബോളിങ്ങിന്റെ മികവില്ലാതിരുന്നത് ഒരുപക്ഷേ കിവീസ് നിരയെ നിരാശപ്പെടുത്തിയിട്ടുണ്ടാവും. 15 അംഗ ടീമിലെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നതരത്തിലായിരുന്നു കളി. ഒൻപതു പേർ ബാറ്റ് ചെയ്തു.