Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തമാനസം; സ്വാമി അയ്യപ്പനെ ആദ്യമായി കേരളത്തിനു പുറത്തേക്ക് എഴുന്നള്ളിച്ച സ്വാമി വിമോചനാനന്ദയുടെ കഥ

swammy-vimochanananda സ്വാമി വിമോചനാനന്ദ. വര: വിനയതേജസ്വി

കാശി എന്ന വാരാണസിയിൽ തിലഭാണ്ഡേശ്വരം മഹാദേവക്ഷേത്രമുണ്ട്. തിലഭാണ്ഡേശ്വരം എന്ന പേരു വന്നത് ഇവിടെയുള്ള ശിവലിംഗം ഓരോ വർഷവും എള്ളിട വളരുന്നു എന്ന സങ്കൽപത്താലാണ്. ഈ ക്ഷേത്രത്തോടു ചേർന്ന് ഒരു അയ്യപ്പക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിൽ രണ്ടു ശിലാഫലകങ്ങൾ കാണാം–ഒന്ന് മലയാളത്തിലും മറ്റൊന്ന് ഹിന്ദിയിലും.

''ഓം ശരണമയ്യപ്പ, ഈ ക്ഷേത്രം ശ്രീ ശബരിമല സന്നിധാനത്തിലെ സ്വാമി വിമോചനാനന്ദജിയുടെയും മറ്റും പരിശ്രമത്താൽ ശ്രീ അയ്യപ്പ ഭക്തന്മാരുടെ സംഭാവനകൾ കൊണ്ട് നിർമിച്ച് 1127 മീനം 19ന് പ്രതിഷ്ഠിച്ചിട്ടുള്ളതാകുന്നു. വിഗ്രഹം തമിഴ്നാട്ടിലെ ഭക്തന്മാരുടെ സംഭാവനയാണ്."

1952 മാർച്ച് 31നാണ് പ്രതിഷ്ഠ നടന്നതെന്നു ഹിന്ദി ലിഖിതത്തിലും കാണുന്നു– അതായത് ഈ അയ്യപ്പക്ഷേത്രം ഇപ്പോൾ 65 വർഷം പൂർത്തിയാക്കി. കേരളത്തിനു പുറത്തെ ആദ്യത്തെ അയ്യപ്പക്ഷേത്രമാണിത്. അതിനു കാരണക്കാരനായത് സ്വാമി വിമോചനാനന്ദയും. കേരളത്തിനുള്ളിൽ ഒതുങ്ങി നിന്ന സ്വാമി അയ്യപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചത് സ്വാമി വിമോചനാനന്ദയാണെന്നു പറയാം.

തീപിടിത്തവും പ്രതിജ്ഞയും

കേരളത്തിലെ ദേവീദേവന്മാരിൽ സംസ്ഥാനത്തിനു പുറത്ത് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളതു സ്വാമി അയ്യപ്പനാണ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം അയ്യപ്പക്ഷേത്രങ്ങളുണ്ട്. മണ്ഡലകാലമായാൽ ഇവിടെയെല്ലാം ശരണം വിളികൾ മുഴങ്ങുകയായി. ഇന്ത്യയിലെ ഏതു സംസ്ഥാനത്തുള്ളവർക്കും ഇന്ന് അയ്യപ്പസ്വാമിയെ അറിയാം. 65 വർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്നു കേരളത്തിൽ മാത്രമേ അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടായിരുന്നുള്ളൂ– അതിൽതന്നെ ശബരിമല ക്ഷേത്രമാണ് പ്രമുഖം.

ശബരിമലയിൽ അഗ്നിബാധയുണ്ടാകുന്നത് 1950 ജൂലൈ മാസത്തിലാണ്–1125 മിഥുനത്തിൽ. ഇരുപതുകോൽ അളവിലുണ്ടായിരുന്ന പഴയ ക്ഷേത്രം പൂർണമായും കത്തിനശിച്ചു. അയ്യപ്പ വിഗ്രഹവും അഗ്നിക്കിരയായി. 1902ലും ശബരിമലയിൽ തീപിടിത്തമുണ്ടാവുകയും വിഗ്രഹവും ക്ഷേത്രവും പൂർണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ശബരിമല തീപിടിച്ചു നശിച്ച വിവരം സ്വാമി വിമോചനാനന്ദ അറിയുന്നത് ഹിമാലയപര്യടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്. അന്ന് അദ്ദേഹം ഒരു പ്രതിജ്ഞയെടുത്തു: കേരളത്തിനു പുറത്തും അയ്യപ്പ ക്ഷേത്രങ്ങൾ സ്ഥാപിക്കും. ശബരിമലയിൽ ഇനിയും തീപിടിത്തമുണ്ടായാലും അയ്യപ്പക്ഷേത്രം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാവണം.

പൂർവാശ്രമത്തിൽ

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ േമടയിൽ വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ മകൻ കെ. ഗോവിന്ദൻ നായർ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു, തിരുവിതാംകൂർ സർക്കാർ സർവീസിൽ. ഇരുപത്തിമൂന്നാം വയസ്സിൽ തിരുവനന്തപുരം നീറമൺകര എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ് പ്രഫസറായിരുന്ന കാർത്ത്യായനിയമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് നാലു കുട്ടികൾ: ജയകുമാരി, ജി. ഗോപകുമാർ െഎപിഎസ്, വരദകുമാരി, ജി. വിജയകുമാർ.

1936ൽ ഇരുപത്തെട്ടാം വയസ്സിലാണ് ഗോവിന്ദൻ നായർ ആദ്യമായി ശബരിമലയിൽ പോകുന്നത്. പക്ഷേ, ആ ദർശനം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. അയ്യപ്പസ്വാമിയുടെ ഒരു പഞ്ചലോഹവിഗ്രഹം വീട്ടിൽ സ്ഥാപിച്ച് അദ്ദേഹം നിത്യപൂജ നടത്തി. വർഷത്തിൽ മൂന്നുതവണയെങ്കിലും ശബരിമലയിലേക്കു പോകും. സന്നിധാനത്ത് വളരെനാൾ ഭജനം പാർക്കലും പതിവായി. ക്രമേണ അദ്ദേഹം ലൗകികജീവിതത്തിൽ നിന്ന് അകന്നു.

മുപ്പത്തിയേഴാം വയസ്സിൽ ഗോവിന്ദൻ നായർ സർക്കാർജോലി രാജിവച്ചു. ചവറയിൽ റേഷനിങ് ഡിപ്പോയുടെ ചുമതലയായിരുന്നു. സി.പി. രാമസ്വാമി അയ്യരാണ് അപ്പോൾ ദിവാൻ. അരിക്കു കടുത്ത ക്ഷാമം നേരിട്ട കാലഘട്ടത്തിൽ സിപിയുടെ ചില ആവശ്യങ്ങൾ ന്യായമല്ല എന്ന് ഗോവിന്ദൻ നായർക്കു തോന്നി. അങ്ങനെയായിരുന്നു രാജി.

സന്യാസത്തിലേക്ക്

1948ൽ ശബരിമലയിൽ സ്ഥിരമായി താമസിക്കുന്നതിനായി അദ്ദേഹം യാത്രയായി. അന്നു ഘോരവനമാണു ശബരിമല. മകരവിളക്കു കഴിഞ്ഞ് നടയടച്ചാൽ ആരും സന്നിധാനത്തു തങ്ങാറില്ല. ആലപ്പുഴ കളർകോട് സ്വദേശിയായ ഗോപാലമേനോൻ മകരവിളക്കു കഴിഞ്ഞും സന്നിധാനത്തു താമസിക്കുന്ന ഭക്തനായിരുന്നു.

ഗോവിന്ദൻ നായരും മേനോനൊപ്പം സന്നിധാനത്തു തപശ്ചര്യ തുടങ്ങി. വന്യമൃഗങ്ങൾ അമ്പലത്തിനു സമീപം വരെ വരുമെന്നതിനാൽ ഏറുമാടം കെട്ടിയായിരുന്നു താമസം. ഇരുവരും ചേർന്ന് ഹരിവരാസനത്തിനു നൽകിയ പ്രചാരണം പിന്നാലെ പറയാം.

അന്ന് അംബ്ളി കൃഷ്ണൻ നമ്പൂതിരിയാണ് ശബരിമല മേൽശാന്തി. 1949ൽ സന്നിധാനത്തുവച്ചു തന്നെ മേൽശാന്തിയിൽ നിന്നു കാഷായവസ്ത്രം സ്വീകരിച്ചു സന്യാസിയാകാൻ ഗോവിന്ദൻ നായർ തീരുമാനിച്ചു. സന്യാസിയായാൽ ഏതു പേരു സ്വീകരിക്കണം എന്ന് നറുക്കിട്ടു തീരുമാനിക്കാം എന്നായി.

സ്വാമി വിമോചനാനന്ദ എന്ന പേരാണ് അഭികാമ്യം എന്നു പറഞ്ഞെങ്കിലും നറുക്കെടുപ്പു നടത്താൻ തന്നെ തീരുമാനിച്ചു. തികച്ചും അദ്ദേഹം ആഗ്രഹിച്ചതുപോലെ നറുക്കു വീണതും വിമോചനാനന്ദ എന്ന പേരു തന്നെ ആയിരുന്നു. അങ്ങനെ സ്വാമി വിമോചനാനന്ദയായി അദ്ദേഹം ഹിമാലയത്തിലേക്കു തീർഥാടനത്തിനു പോയി.

ദിവ്യപുരുഷനും മൂലമന്ത്രവും

ഒരു ഗുരുവിൽനിന്നാണു സന്യാസം സ്വീകരിക്കേണ്ടത്. ഗുരു, ശിഷ്യന് മന്ത്രദീക്ഷ നൽകുകയും ചെയ്യും. ഈ മന്ത്രം ഗുരുവും ശിഷ്യനും തമ്മിലുള്ള ആധ്യാത്മിക ചരടാണ്. ശബരിമലയിൽ സാക്ഷാൽ അയ്യപ്പൻ തന്നെയാണ് ഗുരു എന്ന് സ്വാമി വിമോചനാനന്ദ പറഞ്ഞുവെങ്കിലും ഹിമാലയത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് അസുലഭമായ ഒരു അനുഭവമുണ്ടായി.

ഹിമാലയത്തിൽ മഞ്ഞുപാളികൾക്കിടയിലെ ഗുഹാമുഖത്ത് പൂർണ നഗ്നനായ ഒരു യോഗിയെ സ്വാമി വിമോചനാനന്ദ കണ്ടു. ആരാണെന്നും എന്തിന് ഹിമാലയത്തിലെത്തിയെന്നും ആ ദിവ്യപുരുഷൻ വിമോചനാനന്ദയോടു ചോദിച്ചു. അയ്യപ്പനെ ഗുരുവായി സങ്കൽപിച്ച് സന്യാസം സ്വീകരിച്ചതാണ് എന്നു പറഞ്ഞപ്പോൾ ഈ യോഗീശ്വരൻ വിമോചനാനന്ദയ്ക്കു മന്ത്രദീക്ഷ നൽകി.

ഒപ്പം തീരാവ്യാധികളിൽനിന്ന് ആരെയെങ്കിലും രക്ഷിക്കണം എന്നു തോന്നിയാൽ അതിനുള്ള മന്ത്രവും ഉപദേശിച്ചു. ആരാണ് ഈ യോഗിവര്യനെന്നോ എന്താണ് അദ്ദേഹത്തിന്റെ പശ്ചാത്തലമെന്നോ പിൽക്കാലത്ത് സ്വാമി വിമോചനാനന്ദ ആർക്കും ഒരു സൂചനയും നൽകിയില്ല.

കാശിയിലെ ക്ഷേത്രം

തിലഭാണ്ഡേശ്വരത്ത് അന്ന് മലയാളിയായ അച്യുതാനന്ദസ്വാമിയുണ്ട്. ഉത്തരേന്ത്യൻ തീർഥാടനത്തിനിടയിൽ വിമോചനാനന്ദ സ്വാമി അച്യുതാനന്ദയുമായും കണ്ടിരുന്നു. ഹിന്ദുക്കളുടെ പുണ്യനഗരിയായ കാശിയിൽ അയ്യപ്പന് ഒരു ക്ഷേത്രമുണ്ടാവണം എന്ന് വിമോചനാനന്ദ ആഗ്രഹിച്ചു. തമിഴ്നാട്ടുകാരായ ഏതാനും ഭക്തന്മാരുടെ സഹായത്തോടെ രണ്ട് അയ്യപ്പവിഗ്രഹങ്ങൾ അദ്ദേഹം തീർപ്പിച്ചു.

ഹരിദ്വാറിലേക്ക്

വിമോചനാനന്ദസ്വാമിയുടെ അടുത്തലക്ഷ്യം ഹരിദ്വാറിൽ അയ്യപ്പക്ഷേത്രം സ്ഥാപിക്കുക എന്നതായിരുന്നു. അന്ന് ഗംഗാ കനാൽ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഹരിപ്രസാദ് ശർമ വിമോചനാനന്ദസ്വാമികളുടെ സഹായത്തിനെത്തി. അതിന് ഒരു കാരണമുണ്ടായിരുന്നു.

ശർമയുടെ മകൻ സംസാരശേഷിയില്ലാതെ പലവിധ ചികിത്സകൾ നടത്തി വരുന്ന കാലത്താണ് അദ്ദേഹം സ്വാമി വിമോചനാനന്ദയെ യാദൃശ്ചികമായി പരിചയപ്പെടുന്നത്. മകനെ ഒരുതവണ ശബരിമലയിൽ കൊണ്ടുപോയി അയ്യപ്പനോടു രോഗശാന്തിക്കായി പ്രാർഥിക്കാൻ വിമോചനാനന്ദ ഉപദേശിച്ചു.

ഇരുമുടിക്കെട്ടുമായി മലകയറുന്നതിനിടയിൽ ശർമയുടെ മകൻ ശരണം വിളികളുടെ അന്തരീക്ഷത്തിൽ ശരണം വിളിക്കുകയും സംസാരശേഷി വീണ്ടെടുക്കുകയും ചെയ്തു. എന്താണ് താൻ പകരം നൽകേണ്ടത് എന്ന് ശർമ ചിന്തിച്ചപ്പോൾ അയ്യപ്പന് ഒരു ക്ഷേത്രം പണിയാൻ സ്ഥലം നൽകി സഹായിച്ചാൽ മതി എന്നു സ്വാമി തന്നെയാണു നിർദേശിച്ചത്. അങ്ങനെയാണ് ഇന്നത്തെ അയ്യപ്പക്ഷേത്രം ഉയരുന്നത്.

പുനലൂർ സ്വദേശി രാജനാണ് വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള സഹായം നൽകിയത്. കാശിയിലേതിനെക്കാൾ വലിയൊരു ചടങ്ങായി ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്താൻ വിമോചനാനന്ദ ആഗ്രഹിച്ചു. ശബരിമലയിൽ മേൽശാന്തിമാരായിരുന്ന അംബ്ളി കൃഷ്ണൻ നമ്പൂതിരിയെയും വി. ഈശ്വരൻ നമ്പൂതിരിയെയും ഈ ചടങ്ങിനായി ഹരിദ്വാറിലേക്കു കൊണ്ടുവന്നു.

1955 മേയ് 23ന് മകയിരം നക്ഷത്രനാളിൽ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു. അങ്ങനെ പുണ്യനഗരങ്ങളായ കാശിയിലും ഹരിദ്വാറിലും അയ്യപ്പക്ഷേത്രങ്ങളായി.

മകന്റെ ഓർമകളിൽ

അച്ഛൻ തങ്ങളെയെല്ലാം ഉപേക്ഷിച്ച് സന്യാസിയായതിൽ വിഷമമുണ്ടായിരുന്നുവെന്നു മകൻ ജി. ഗോപകുമാർ ഇന്ന് ഓർമിക്കുന്നു. സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നില്ലെങ്കിലും നാലു കുട്ടികളെ വളർത്താൻ അമ്മ നന്നായി കഷ്ടപ്പെട്ടുവെന്നു ഗോപകുമാർ ഓർക്കുന്നു.

ഹരിദ്വാറിലെ ക്ഷേത്രം ഉദ്ഘാടനത്തിനു മകനെ ക്ഷണിച്ച് സ്വാമി വിമോചനാനന്ദ കത്തെഴുതി. അതിന് അൽപം രോഷാകുലനായാണു ഗോപകുമാർ മറുപടിയെഴുതിയത്. സ്വാമി വിമോചനാനന്ദ മറുപടിക്കത്തിൽ ഇങ്ങനെ പറഞ്ഞു: ‘നിനക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഞാൻ ചെയ്യുന്നത് എത്ര വലിയൊരു കാര്യമാണെന്ന് പിന്നീട് നിനക്കു മനസ്സിലാകും.’

അതു ശരിയായി വന്നുവെന്നു ഗോപകുമാർ പറയുന്നു. പിന്നീട് കേരള പൊലീസ് സർവീസിൽ ചേർന്ന ഗോപകുമാർ െഎപിഎസ് ലഭിച്ച് 1997ലാണ് വിരമിച്ചത്. പിന്നീട് അച്ഛൻ പല സ്ഥലങ്ങളിലും അയ്യപ്പക്ഷേത്രങ്ങൾ സ്ഥാപിച്ചപ്പോൾ പഞ്ചലോഹവിഗ്രഹങ്ങൾ കൊണ്ടുപോകാൻ പെർമിറ്റ് സംഘടിപ്പിച്ചത് ഗോപകുമാർ തന്നെ ആയിരുന്നു. തിരുവനന്തപുരത്തു കരമനയിലെ നൃത്യയിൽ വിശ്രമജീവിതം നയിക്കുകയാണു ഗോപകുമാർ ഇപ്പോൾ.

ശ്രീരംഗപട്ടണത്ത്

ഗംഗാതീരത്ത് രണ്ട് അയ്യപ്പക്ഷേത്രങ്ങളായി, ഇനി കാവേരി നദീതീരത്ത് ഒരു ക്ഷേത്രം പണിയുക എന്നതായി വിമോചനാനന്ദയുടെ അടുത്തലക്ഷ്യം. അങ്ങനെ അദ്ദേഹം ബെംഗളൂരുവിലെത്തി. കൈവശം പണമൊന്നുമില്ല, മറ്റു വരുമാനമാർഗങ്ങളുമില്ല.

ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ പരിചയക്കാരനായിരുന്ന വ്യവസായി ജഗന്നാഥ് ഗുപ്തയോട് കാവേരീ തീരത്ത് ഒരു ക്ഷേത്രം പണിയുക എന്ന ആശയം പങ്കുവച്ചു. ശ്രീരംഗപട്ടണമായിരിക്കും അതിനു നല്ലത് എന്ന് ഗുപ്ത നിർദേശിച്ചു. ഡോ. രംഗസ്വാമി മുതലിയാരാണ് അന്ന് ശ്രീരംഗപട്ടണം രംഗനാഥാനന്ദ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ.

സ്വാമിയും ഗുപ്തയും കൂടി അദ്ദേഹത്തിന്റെ സഹായം തേടി. മുതലിയാർ തന്നെ ഇവരെ മുനിസിപ്പൽ ചെയർമാൻ ദമയന്തി വരഗൗഡയുടെ വീട്ടിലേക്കു കൊണ്ടുപോയി. ശബരിമല അയ്യപ്പന്റെ ഒരു ക്ഷേത്രം എന്ന ആശയം ദമയന്തി വരഗൗഡയ്ക്ക് ഏറെ ഇഷ്ടമായി. കാവേരീ തീരത്ത് ഇതിനായി സ്ഥലം അനുവദിച്ചു. അങ്ങനെ 1959ൽ ശ്രീരംഗപട്ടണത്ത് അയ്യപ്പക്ഷേത്രം ആരംഭിച്ചു. കേരളത്തിനു പുറത്ത് ദക്ഷിണേന്ത്യയിലെ ആദ്യത്തെ അയ്യപ്പക്ഷേത്രം.

സ്വാമി വിമോചനാനന്ദയുടെ ഒരു പ്രത്യേകത അദ്ദേഹം ഈ ക്ഷേത്രങ്ങളുടെയൊന്നും ഭരണത്തിൽ കൈകടത്തിയില്ല എന്നതാണ്. അയ്യപ്പസ്വാമിക്ക് ക്ഷേത്രം നിർമിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കരുതി. ഒരു തരത്തിലുള്ള സംഭാവനയും സ്വീകരിച്ചതുമില്ല. അതൊക്കെ ഭരണസമിതികളെ ചുമതലപ്പെടുത്തി.

കറുപ്പത്തൂർ, വിജയവാഡ, ഖമ്മം

വിമോചനാനന്ദസ്വാമികൾ തന്റെ യാത്ര തുടരുകയായിരുന്നു. തമിഴ്നാട്ടിൽ കാവേരീ തീരത്തു തന്നെ കറുപ്പത്തൂരിലായിരുന്നു അടുത്ത അയ്യപ്പക്ഷേത്രം നിർമിച്ചത്. ഇവിടെ മുൻസിഫ് ആയിരുന്ന പിച്ചാ പരമുപിള്ളയായിരുന്നു ക്ഷേത്രനിർമാണത്തിന് എല്ലാ സഹായവും ചെയ്തത്.

കർണാടകയും തമിഴ്നാടും കഴിഞ്ഞതോടെ ആന്ധ്രപ്രദേശിലാണ് അടുത്ത അയ്യപ്പക്ഷേത്രമെന്നു സ്വാമി വിമോചനാനന്ദ തീരുമാനിച്ചു. വിജയവാഡയിൽ ക്ഷേത്രം പണിയാനുള്ള ആഗ്രഹവുമായി എത്തിയ സ്വാമിയെ എതിരേറ്റത് സന്തോഷകരമായ ഒരു വാർത്തയായിരുന്നു.

വിജയവാഡയിലെ ഒരു ധനാഢ്യനായിരുന്ന ഗലി മോഹൻറാവു അയ്യപ്പസ്വാമിയുടെ ഭക്തനായിരുന്നു. കുട്ടികളില്ലാതിരുന്ന മോഹൻറാവുവിനോട് ശബരിമലയിലേക്കു പോയി പ്രാർഥിക്കാൻ നിർദേശിച്ചത് വിമോചനാനന്ദയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചെത്തി തൊട്ടടുത്തവർഷം സന്താനഭാഗ്യമുണ്ടായതോടെ ഗലി മോഹൻറാവു സ്വാമിയുടെ ശിഷ്യനായി.

അയ്യപ്പക്ഷേത്രം എന്ന ആശയം പറഞ്ഞപ്പോഴേ തന്റെ ഒരേക്കർ സ്ഥലം മോഹൻറാവു സംഭാവനയായി നൽകി. 1963ൽ തുടങ്ങിയ ഈ അമ്പലം ഇന്ന് വളരെ വലുതാണ്. മാത്രമല്ല സ്വാമി വിമോചനാനന്ദ ഉപയോഗിച്ചിരുന്ന സാധനങ്ങളുടെ ഒരു പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ തന്നെ ഖമ്മം എന്ന സ്ഥലമായിരുന്നു അടുത്തത്. വിമോചനാനന്ദ സ്വാമി പണിത അവസാന അയ്യപ്പക്ഷേത്രവും ഇതുതന്നെ. 

സമാധി, പുസ്തകങ്ങൾ

1985ൽ ആന്ധ്രയിലെ കാക്കിനഡയിൽ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പോയ സ്വാമി വിമോചനാനന്ദ ദേഹാസ്വാസ്ഥ്യം കാരണം അവിടെനിന്ന് ശ്രീരംഗപട്ടണത്തേക്കു മടങ്ങി. ശ്രീരംഗപട്ടണത്ത് അയ്യപ്പക്ഷേത്രത്തോടു ചേർന്ന് വിമോചനാനന്ദയുടെ ആശ്രമം ഉണ്ടായിരുന്നു. ഈ ആശ്രമത്തിൽ 1985 ഒക്ടോബർ 20ന് (1161 തുലാം 12) സ്വാമി വിമോചനാനന്ദ സമാധിയായി. അദ്ദേഹത്തെ സമാധിയിരുത്തിയതും അവിടെത്തന്നെ.

സ്വാമി വിമോചനാനന്ദയുടേതായി രണ്ടു പുസ്തകങ്ങളുണ്ട്– എവർ ബ്ലോസംസ്– സിലക്‌ഷൻസ് ഫ്രം ദ സേയിങ്സ് 1975ൽ പ്രസിദ്ധീകരിച്ചതാണിത്. മറ്റൊന്ന് തോട്ട്സ് ആൻഡ് റിഫ്ലക്‌ഷൻസ് രണ്ടും ഇപ്പോൾ ലഭ്യമല്ല.സ്വാമി വിമോചനാനന്ദയുടെ പേരിൽ ശ്രീരംഗപട്ടണത്തും വിജയവാഡയിലും സ്മാരകങ്ങളുള്ളപ്പോൾ കേരളത്തിൽ ഒന്നുമില്ല.

ഹരിവരാസനം

വിഖ്യാതമായ ഹരിവരാസനം ശബരിമലയിൽ നിത്യവും ആലപിച്ചു തുടങ്ങുന്നതിലും സ്വാമി വിമോചനനാനന്ദയ്ക്കു വലിയ പങ്കുണ്ട്. ഈശ്വരൻ നമ്പൂതിരി അച്ചൻകോവിൽ ക്ഷേത്രത്തിൽ മേൽശാന്തി ആയിരിക്കേ അവിടെയെത്തിയ അവധൂതനായ തുരീകാനന്ദ ബ്രഹ്മാനന്ദ സരസ്വതിയാണ് ഹരിവരാസനം അടങ്ങിയ ശാസ്താസ്തുതി കദംബം എന്ന പുസ്തകം അദ്ദേഹത്തിനു നൽകുന്നത്.

പിന്നീട് ഈശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തിയായി. ഹരിവരാസനം എഴുതിയത് കമ്പക്കുടി കുളത്തു അയ്യരാണ് എന്നാണ് പരക്കെ വിശ്വസിച്ചു പോരുന്നത്. കൊന്നക്കാട്ട് ജാനകി അമ്മയാണ് ഇതിന്റെ രചയിതാവ് എന്നൊരു അവകാശവാദവും ഉയർന്നിട്ടുണ്ട്.

ഏതായാലും 1950ൽ പുനഃപ്രതിഷ്ഠയ്ക്കു ശേഷം ഈശ്വരൻ നമ്പൂതിരിയുടെയും വിേമാചനാനന്ദസ്വാമികളുടെയും ഗോപാലമേനോന്റെയും നേതൃത്വത്തിൽ ഹരിവരാസനം നിത്യവും സന്നിധാനത്ത് ആലപിച്ചു തുടങ്ങി. പക്ഷേ, ഇന്ന് നാം പ്രചുരപ്രചാരത്തിൽ കേൾക്കുന്ന വിധമായിരുന്നില്ല ആദ്യം ഹരിവരാസനം ആലപിച്ചിരുന്നത്.

''ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാധ്യപാദുകം"
എന്നിങ്ങനെ ആയിരുന്നു മൂലകൃതി. മാത്രമല്ല ഉറക്കുപാട്ട് ആയതിനാൽ ഇത് നീലാംബരി രാഗത്തിലാണ് ആദ്യം പാടിയിരുന്നത്. (നീലാംബരി രാഗത്തിൽ ബ്രഹ്മാനന്ദൻ ഇതു പാടിയിട്ടുണ്ട്). ശബരിമല ശ്രീ അയ്യപ്പൻ എന്ന ചലച്ചിത്രത്തിനു വേണ്ടി വിഖ്യാത സംഗീതസംവിധായകൻ ജി. ദേവരാജൻ ഹരിവരാസനത്തെ മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി. ഈ രൂപത്തിൽ യേശുദാസ് ആലപിച്ചതാണ് ഇന്ന് ഏറ്റവും പ്രചാരത്തിലിരിക്കുന്നത്.