റോൾസ് റോയ്സ്, മെഴ്സിഡീസ് തുടങ്ങി അഞ്ഞൂറോളം കാറുകളുടെ ഉടമായ ഒരു ബാർബർ!

റോൾസ് റോയ്സ്, മെഴ്സിഡീസ്, ജാഗ്വാർ, ബിഎംഡബ്ല്യൂ തുടങ്ങിയവയടക്കം അഞ്ഞൂറോളം കാറുകളുടെ ഉടമായ ഒരു ബാർബർ! ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കി പുതിയ ബിസിനസ് ലോകം സൃഷ്ടിച്ചെടുത്ത രമേശ് ബാബുവിന്റെ പച്ചയായ ജീവിതകഥ...

‘‘നിങ്ങളാഗ്രഹിക്കുന്ന ജീവിതം ഭാവനയിൽക്കാണാൻ ദിവസവും കുറച്ചുസമയം മാറ്റിവയ്ക്കൂ. നിങ്ങളൊരു ബസ് ക്ലീനറാണെങ്കിൽ, ഒരു ആഡംബര ബസ് ഉടമയാകുന്നതു സങ്കൽപിക്കൂ. നിങ്ങൾ ആരുതന്നെ ആയാലും അതിരുകളില്ലാതെ സ്വപ്നം കാണൂ. അത് അദ്ഭുതങ്ങൾ സൃഷ്ടിക്കും’’ ഒരു മാനേജ്മെന്റ് ഗുരുവിന്റെ ജീവിതപാഠങ്ങളല്ലിത്. ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കി, ടൂർസ് ആൻഡ് ട്രാവൽസ് ബിസിനസിലൂടെ വിജയം വെട്ടിപ്പിടിച്ച, രമേശ് ബാബു (48) എന്ന ബാർബർ ഷോപ് ഉടമയുടെ പച്ചയായ ജീവിതം.

സിനിമക്കഥയെ വെല്ലുന്ന ജീവിതമാണ‍ു രമേശിന്റേത്. ദിവസം രണ്ടുനേരത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ആൾ, ഇന്ന് അഞ്ഞൂറോളം കാറുകളുടെ ഉടമ! ബെംഗളൂരു ഈജിപുരയിലെ രമേശിന്റെ ഗാരേജിൽ നീണ്ടുനിവർന്നു കിടക്കുന്ന കാറുകളിൽ 160 എണ്ണവും മുന്തിയ ഇനങ്ങൾ. റോൾസ് റോയ്സ്, മെഴ്സിഡീസ്, ജാഗ്വാർ, ബിഎംഡബ്ല്യൂ... ഇക്കൂട്ടത്തിലേക്ക് സ്ട്രെച് ലിമോസിനെ കൂടി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. കാറുകളിലേതാണു പ്രിയപ്പെട്ടതെന്നു ചോദിച്ചാൽ, എല്ലാം എന്റെ മക്കളെന്നു പറഞ്ഞു രമേശ് പുഞ്ചിരിക്കും. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, ആമിർ ഖാൻ, കമൽ ഹാസൻ... രമേശിന്റെ കാറുകൾ ഉപയോഗിക്കുന്ന പ്രശസ്തരേറെ.

ബാല്യത്തിലെ ബ്രേക്ക് ഡൗൺ

ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടതോടെ, ബാല്യം സങ്കടങ്ങളുടേതായി. അമ്മ കമലമ്മ വീട്ടുജോലിക്കു പോയിത്തുടങ്ങി. രമേശും സഹോദരങ്ങളും ഒരു നേരത്തെ ആഹാരംകൊണ്ടു തൃ‍പ്തിപ്പെട്ടിരുന്ന കാലം. ‘എനിക്കു വിശക്കാറില്ലായിരുന്നു. പട്ടിണിയോടു ശരീരം പൊരുത്തപ്പെട്ടപോലെ’– രമേശ് ഓർക്കുന്നു. ഓട്ടയുള്ള നിക്കറിന്റെ പേരിൽ ഒരിക്കൽ, സ്കൂളിൽനിന്നു പറഞ്ഞുവിട്ടിട്ടുണ്ട് രമേശിനെ. പന്ത്രണ്ടാം വയസ്സു മുതൽ, ഇലക്ട്രീഷ്യൻ, പ്ലമർ, പത്ര–പാൽ വിതരണക്കാരൻ തുടങ്ങി പല പണിയും ചെയ്തു; വിശ്രമമറിയാതെ ദിവസം 14 മണിക്കൂർവരെ ജോലി. സുന്ദരമായ ഒരേയൊരു കുട്ടിക്കാല ഓർമയേയുള്ളൂ; ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിൽ കൂട്ടുകാർക്കൊപ്പമുള്ള കാൽപന്തുകളി. ഇന്ന് വളരെ തിരക്കേറിയ തെരുവാണ് ബ്രിഗേഡ് റോഡ്.

അച്ഛൻ നടത്തിയിരുന്ന ബാർബർ ഷോപ്, അദ്ദേഹത്തിന്റെ മരണശേഷം അമ്മാവൻ നോക്കിനടത്താൻ തുടങ്ങി. രമേശിന്റെ കുടുംബത്തിനു ദിവസവും അഞ്ചുരൂപയാണ് അദ്ദേഹം നൽകിയിരുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും രമേശിന് സ്വന്തമായൊരു പേനയില്ലായിരുന്നു; പെൻസിൽ മാത്രം. കൂട്ടുകാരുടെ കൈകളിൽ നല്ല ഫാൻസി പേനകൾ. രമേശും പേന വാങ്ങണമെന്നു ടീച്ചർ പറഞ്ഞു. അക്കാലത്ത് ഒരു ഫൗണ്ടൻ പേനയുടെ വില രണ്ടു രൂപയായിരുന്നു. അമ്മാവന്റെ കടയിലെ ജോലിക്കാരനിൽനിന്നു വാങ്ങിയ രണ്ടുരൂപ കൊണ്ട് പേന സ്വന്തമാക്കി. പക്ഷേ, ഇതറിഞ്ഞു ദേഷ്യംപിടിച്ച അമ്മാവൻ ഫൗണ്ടൻ പേന തിരിച്ചുവാങ്ങി, പകരം 40 പൈസയുടെ ഒരു പേന കൊടുത്തു. ഈ സംഭവം സമ്മാനിച്ച വേദനയിലും വാശിയിലും രമേശ് കൂടുതൽ ജോലിചെയ്യാനും പണം സൂക്ഷിച്ചുവയ്ക്കാനും തുടങ്ങി. പകൽസമയം ജോലിചെയ്തുകൊണ്ട്, ഈവനിങ് കോളജിൽ ചേർന്നു പ്രീഡിഗ്രി പഠിച്ചു.

ജീവിതം  ഫസ്റ്റ് ഗിയറിൽ

പഠനം പാതിയിൽ നിർത്തി അമ്മാവനിൽനിന്നു കട തിരിച്ചുവാങ്ങിയ രമേശ്, അതു നോക്കിനടത്താൻ തുടങ്ങി. കടയിൽ ബാർബർ ഇല്ലാതിരുന്ന ദിവസം എത്തിയ കസ്റ്റമറുടെ മുടി, രമേശ് രണ്ടുംകൽപിച്ചങ്ങു വെട്ടി. ശ്രമം വിജയിച്ചതോടെ അത്മവിശ്വാസമായി. പിന്നീട്, സിംഗപ്പൂരിലെ പ്രശസ്തമായ ടോണി ആൻഡ് ഗൈ ഹെയർ ഡ്രസിങ് അക്കാദമിയിലെ പരിശീലനം കൂടിയായതോടെ, രമേശ് മിടുക്കനായി. അത്, ഹിപ്പി സ്റ്റൈൽ തരംഗമായ കാലമായിരുന്നു. സ്റ്റൈലൻ ഹിപ്പി കട്ടിങ്ങിലൂടെ രമേശ് നാട്ടിലെ ഹീറോയായി.

ടേണിങ് പോയിന്റ്

ആയിടയ്ക്കു രമേശിന്റെ അമ്മാവൻ കാറു വാങ്ങി. പിന്നാലെ, രമേശും ഒരു മാരുതി ഒമ്നി സ്വന്തമാക്കി. അതിന്റെ വായ്പ തിരിച്ചടയ്ക്കാൻ നന്നേ പാടുപെടുന്നതിനിടെയാണ്, അമ്മ ജോലിക്കു പോയിരുന്ന വീട്ടിലെ നന്ദിനി അശോകിനെ കാണുന്നത്. നന്ദിനിയാണ് വാഹനം വാടകയ്ക്കു കൊടുത്തുകൂടേ എന്ന ആശയം നൽകിയത്. പിന്നെ, രമേശിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘അവരാണെന്റെ വഴികാട്ടി. എന്റെ അക്ക’– രമേശിന്റെ കണ്ണുകളിൽ നനവുപടരുന്നു.

നിലവിൽ രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് ബെംഗളൂരുവിലും ചെന്നൈയിലും ഡൽഹിയിലും ശാഖകളുണ്ട്. വിജയവാഡ, മുംബൈ, ഗോവ എന്നിവിടങ്ങളിലും ഉടൻ തുടങ്ങും. 65 വയസ്സുള്ള അമ്മയ്ക്കൊപ്പം ബെംഗളൂരു ഡയമണ്ട് ഡിസ്ട്രിക്ടിലാണു രമേശിന്റെ താമസം. ബിസിനസ് തിരക്കൊക്കെയായിട്ടും മാറ്റമൊന്നുമില്ല. ഇപ്പോഴും തന്റെ ബാർബർ ഷോപ്പിലെത്തി, ജോലി തുടരുന്നു.