20ാം നൂറ്റാണ്ടിന്റെ അവസാന കാലത്തെ ഇന്ത്യ!; ഈ മാധ്യമപ്രവർത്തകന് ഒളിച്ചോടേണ്ടി വന്നത് എന്തിനായിരുന്നു?

Vineet-Narain
SHARE

സിബിഐയിലെ കൈകടത്തലുകൾക്കു കടിഞ്ഞാണിടാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുന്നിൽ ഒരു കാരണമുണ്ടായിരുന്നു. സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ അസ്താനയും തമ്മിലുള്ള പോരിൽ ഇടപെട്ട സുപ്രീം കോടതി അതാവർത്തിച്ചു– വിനീത് നാരായൻ! 

രാജ്യത്തെ ഞെട്ടിച്ച ഹവാല ഇടപാടിനെ വർഷങ്ങൾ പിന്തുടർന്ന മാധ്യമപ്രവർത്തകനായി വിനീത് നാരായനെ പലരുമറിയും. ആ പോരാട്ടങ്ങളുടെ നല്ല ഫലങ്ങളിൽ  ഒന്നു മാത്രമായിരുന്നു സിബിഐയെ സ്വതന്ത്രമാക്കണമെന്ന സുപ്രിം കോടതി വിധി. അതിനു മുൻപും ശേഷവുമുള്ള അദ്ദേഹത്തിന്റെ ജീവിതസഞ്ചാരം ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തെ കാറുംകോളും നിറഞ്ഞ രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പമായിരുന്നു. ആ കാലത്തിലേക്ക്... 

പ്രധാനമന്ത്രിപദത്തിൽ ഇന്ദിരാ ഗാന്ധി. 1967ലെ ഭക്ഷ്യക്ഷാമ കാലത്തു വിദേശമാധ്യമങ്ങളിൽ വന്ന വാർത്തകളിൽ അതൃപ്തയായ അവർ വിദേശചാനലുകള്‍ ഇന്ത്യയിൽ വിലക്കി. 1974ൽ ഈ വിലക്കു നീങ്ങിയശേഷം ആദ്യമെത്തിയത് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ. ഇവരുടെ വാർത്താസംഘം യുപിയിലെ അമർപുർകാശി ഗ്രാമത്തിലെത്തി. അവിടെ ഗ്രാമവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മുകട് സിങ്ങിനെയും ഭാര്യ ജ്യോതിയെയും കാണുകയായിരുന്നു ലക്ഷ്യം.

മുകുട് സിങ്ങിന്റെ പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്ന വിനീത്  എന്ന പതിനെട്ടുകാരൻ എബിസി ചാനൽ സംഘത്തിനൊപ്പം കൂടി. ഡോക്യുമെന്ററി നിർമാണത്തിൽ ഒപ്പം നിന്ന അനുഭവം മാത്രമല്ല, ഗ്രാമീണരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ആത്മസമർപ്പണത്തിന്റെ പാഠങ്ങളും വിനീത് പഠിച്ചത് മുകട് സിങ്ങിന്റെ ഗ്രാമീണ പാഠശാലയിലായിരുന്നു. മൊറാദാബാദില്‍ എംഎ പഠനം പൂർത്തിയാക്കി, ഗ്രാമീണരുടെ ജീവതത്തിനു കൂട്ടായി നിൽക്കാനായിരുന്നു തീരുമാനം. സ്വയം തെളിയിച്ച ശേഷം ഗ്രാമത്തിലേക്കു തിരിച്ചുവരു എന്നുപദേശിച്ചതു ഭരത് ജുൻജുൻവാല എന്ന സുഹൃത്തായിരുന്നു. ജുൻജുൻവാല പിന്നീട് പരിസ്ഥിതി പ്രവർത്തകനും ബെംഗളൂരു ഐഐഎം‍ അധ്യാപകനുമായി.  

ദൂരദർശൻ കളറാകുന്നു, ജീവിതവും 

യുപിയുടെ ഗ്രാമീണതയിൽനിന്നു ഡൽഹിയുടെ വലിയ ആകാശത്തിലേക്കു നാരായൻ വന്നിറങ്ങിയത് 1978ൽ. 21 മാസം നീണ്ട അടിയന്തരാവസ്ഥയുടെ ആലസ്യത്തിൽ നിന്നു രാജ്യം മുഖമുയർത്തിയ കാലം. ജെഎൻയുവിൽ തുടർപഠനം ആരംഭിച്ചു. സംവാദവും ചർച്ചയുമൊക്കെയായി ക്യാംപസിൽ സജീവമായി. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ദൂരദർശനിൽ യുവമഞ്ച് എന്ന പരിപാടിയുടെ അവതാരകനായത് അക്കാലത്താണ്. ജെഎൻയുവിലെ ഹോസ്റ്റൽ വാർഡന്റെ സഹോദരിയും ദൂരദർശൻ പ്രൊഡ്യൂസറുമായിരുന്ന സബ സേത്തിയാണ് സഹായിച്ചത്. ഇതോടെ ഡൽഹിയിൽ തിരിച്ചറിയപ്പെട്ടു തുടങ്ങി. 1982 ആകുമ്പോഴേക്കും ദൂരദർശൻ കളറായി; നാരായന്റെ ജീവിതവും! ജെഎൻയുവിൽ തന്നെ പഠിച്ച മീത്തയെ വിവാഹം ചെയ്തു. ഇപ്പോഴും ജെഎൻയുവിൽ തുടരുന്ന മീത്ത നാരായൻ അവിടെ റഷ്യൻ സെന്ററിൽ അധ്യാപികയാണ്. 

Narain-interviewing-Narasimha-Rao
മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി അഭിമുഖം നടത്തുന്ന വിനീത് നാരായൻ.

രാജീവ് പറഞ്ഞ 85 പൈസ!

പ്രധാനമന്ത്രിക്കസേരയിൽ രാജീവ് ഗാന്ധി. ഒഡീഷയിലെ കാലഹന്ദി സന്ദർശിക്കവേ അദ്ദേഹം രാജ്യം കേൾക്കെ പറഞ്ഞു: ‘പാവപ്പെട്ടവന്റെ ഉന്നമനത്തിനു മാറ്റിവയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തുന്നുള്ളു’. ബാക്കി പണമെവിടെ? എല്ലാവർക്കും അറിയാമെങ്കിലും ഉറക്കെ പറയാൻ മടിച്ച ആ സത്യത്തിലേക്കാണു നാരായൻ ചെവി കൊടുത്തത്. ആ പോരാട്ടം ദൂരദർശനിൽ പ്രത്യേക പരിപാടിയായി; സച്ച് കി പർചൈൻ. സത്യത്തിന്റെ നിഴൽ എന്ന് അർഥം.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ സർക്കാരിനു സൽപേര് വർധിച്ച സമയമായതിനാൽ രാജീവ് ഗാന്ധിക്കും താൽപര്യം. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന കാലമാണെന്ന് ഓർക്കണം. ഹം ലോഗും രാമായണവുമൊക്കെ ആവേശത്തോടെ കണ്ട പ്രേക്ഷകർ സച്ച് കി പർചൈനും ഹിറ്റാക്കി. സ്റ്റുഡിയോയിൽ ഒതുങ്ങി നിന്ന ദൂരദർശൻ സംഘം ഇന്ത്യയുടെ ഗ്രാമങ്ങളിലേക്കിറങ്ങി; അഴിമതിയുടെ ദുർഗന്ധം സഹിക്കവയ്യാതെ. രഹസ്യ ക്യാമറാരീതി പോലും പരീക്ഷിച്ചു. ഇന്നു നിസ്സാരമെന്നു തോന്നാമെങ്കിലും അതിസാഹസികമായി ടിവിയിലെത്തിച്ച കഥകൾ ഏറെയുണ്ട് നാരായന്റെ ജീവിതത്തിൽ. 

തണുത്തുപോയ പക

സൂരജ്കുണ്ടിലെ അനധികൃത ഖനനമായിരുന്നു വിഷയം. നോക്കെത്താദൂരത്തോളം വിജനമായ ഖനിമേഖലയിൽ നാരായനും സംഘവും ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു. സിനിമയിലെ സംഘട്ടന രംഗമെന്ന പോലെ പെട്ടെന്നു കാറുകൾ, ആളുകൾ. അപകടം മണത്ത നാരായൻ പ്രയോഗിച്ച തന്ത്രം രസകരമായിരുന്നു.

അവരടുത്തെത്തിയതും, പരിചയഭാവത്തിലായിരുന്നു നാരായന്റെ ഇടപെടൽ. ഹാ... നിങ്ങളു വന്നതു നന്നായി. ദാഹിച്ചു തൊണ്ടപൊട്ടുന്നു. ബീയറും ചിക്കനും എവിടെ കിട്ടും. ചോദ്യങ്ങൾക്കു മുന്നിൽ അമ്പരന്ന ഗുണ്ടാസംഘം തണുത്തു. നിങ്ങളിവിടെ എന്തു ചെയ്യുന്നുവെന്നായിരുന്നു ചോദ്യം. നാട്ടുകാർക്കു തൊഴിൽ നൽകുന്ന ഈ സ്ഥലത്തെക്കുറിച്ചു ഡോക്യുമെന്ററിയെടുക്കുന്നുവെന്നു മറുപടി. അവർ തന്നെ ഹോട്ടലിലെത്തിച്ചു വയറുനിറയെ ഭക്ഷണം വാങ്ങി നൽകിയാണു മടക്കിയതെന്ന ഓർമ പങ്കിടുമ്പോൾ മുഖത്തു ചിരി. 

മന്ത്രി പറഞ്ഞ കള്ളം 

സർക്കാർ പദ്ധതികളിലെ വൻ അഴിമതി തേടിയാണ് ഗാസിയാബാദിലേക്കു പോയത്. കേന്ദ്ര സർക്കാരിലെ ഉന്നതന്റെ ബന്ധുവാണ് തട്ടിപ്പുകൾക്കു പിന്നിലെന്നറിഞ്ഞിട്ടും പിന്മാറിയില്ല. പക്ഷേ, തലപ്പത്തുള്ളവർ തടിയൂരി. ആദ്യത്തെ കോഴ വാഗ്ദാനം ലഭിച്ചത് ഇതിന്റെ പേരിലാണ്. വൈശാലിയിൽ അന്ന് 12 ലക്ഷം രൂപ വില മതിക്കുന്ന സ്ഥലം. 500 രൂപ കൂലി കിട്ടുന്ന കാലത്താണ് ഇതെന്നു നാരായൻ.

പരിപാടി സംപ്രേക്ഷണം ചെയ്യാത്തതിൽ ക്ഷുഭിതനായ നാരായൻ അന്നത്തെ പ്രതിപക്ഷ നേതാക്കളായ ഇന്ദ്രജിത്ത് ഗുപ്തയെയും എൽ.കെ. അഡ്വാനിയെയും സമീപിച്ചു. പ്രശ്നം പാർലമെന്റിൽ ചോദ്യമായി. വിഡിയോ സാങ്കേതികമായി അപൂർണമെന്നായിരുന്നു വാർത്താവിതരണ മന്ത്രി അജിത്കുമാർ പാഞ്ചയുടെ ന്യായം. മന്ത്രി രാജ്യത്തോട് കള്ളം പറയുന്നെന്നാരോപിച്ചു പത്രസമ്മേളനം നടത്തിയ നാരായൻ, സ്വയംഭരണാധികാരം കൊടുക്കാതെ ഇനി ദൂരദർശനിലേക്കില്ലെന്നും പ്രഖ്യാപിച്ചു. കരിയറിലെ തിളക്കമുള്ള സമയത്തായിരുന്നു ആ ഇറങ്ങിപ്പോക്ക്. 

Hawala-News

ഓർമയുണ്ടോ, വിസിആർ കാലം?

വിട്ടുകൊടുക്കാൻ നാരായൻ ഒരുക്കമായിരുന്നില്ല. അന്നുവരെ ഇന്ത്യയിൽ പരീക്ഷിക്കാത്ത പുതിയൊരു മാധ്യമ ശ്രമമായിരുന്നു പിന്നീട്. അഴിമതിക്കെതിരെ സ്വതന്ത്ര വിഡിയോ വാർത്തകൾ! പേര് കാലചക്ര. വിഡിയോ ലൈബ്രറികളിൽ കസെറ്റെത്തിച്ച് ആളുകളിലേക്ക് എത്തിക്കുകയായിരുന്നു മാർഗം. പിന്തുണയുമായി ഡൽഹിയിലെ സുഹൃത്തുക്കൾ ഒപ്പം നിന്നു. കൊണാട്ട് പ്ലേസിൽ സുഹൃത്തുക്കളിലൊരാൾ  ഓഫിസ് നൽകി. നാഥു സ്വീറ്റ്സ് ഉടമ ഫർണിച്ചറെത്തിച്ചു. റാവുസ് ഐഎഎസ് സെന്ററിലെ ഡോ. എസ്. റാവു ടെലഫോൺ നൽകി. എം.എസ്. വർമ ഗുരുഗ്രാമിലെ സ്വന്തം സ്റ്റുഡിയോ തുറന്നുകൊടുത്തു.

വിഡിയോ പകർത്താനുള്ള 20 മിനിറ്റ് ടേപ്പിന് 800 രൂപ നൽകേണ്ട കാലമാണ്. അതിനും വർമ തന്നെ വഴി പറഞ്ഞു. സ്റ്റുഡിയോയിലെ പഴയ ടേപ്പിൽ റീ റിക്കോർഡിങ്  മതിയാവും. അങ്ങനെ ആദ്യത്തെ വിഡിയോ തയാറായി. പക്ഷേ, സെൻസർ ബോർഡിനെ ഉപയോഗിച്ച് സർക്കാർ ഇടപെട്ടു. ഇതോടെയാണ് വാർത്തയ്ക്കു സെൻസർ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി നാരായൻ തന്റെ ആദ്യ നിയമയുദ്ധം ആരംഭിക്കുന്നത്.

സെൻസറിന്റെ പേരിൽ വിഡിയോകൾ തുടരെ വൈകിപ്പിച്ചു. ബൊഫോഴ്സ് വിവാദവും പഞ്ചാബിലെ പ്രശ്നങ്ങളും എൽടിടി–തമിഴ് യുദ്ധവുമൊക്കെ കൂടിക്കുഴഞ്ഞപ്പോൾ രാജീവിനു ഭരണത്തിൽനിന്ന് ഇറങ്ങേണ്ടി വന്നു. 1989ൽ വി.പി. സിങ്ങിന്റെ ജനതാ സർക്കാർ വന്നപ്പോഴും കാലചക്രയുടെ കാര്യങ്ങൾ സുഗമപാതയിലായില്ല. വാണിജ്യമായി നഷ്ടമായി.

തുടങ്ങാത്ത ‘ആദ്യ സാറ്റലൈറ്റ് ചാനൽ’ 

പക്ഷേ, കാലചക്രയ്ക്കു കൈത്താങ്ങേകാൻ പലരും മുന്നോട്ടുവന്നു. ചെലവു കഴിച്ച് ലക്ഷം രൂപ ശമ്പളം  പറഞ്ഞ് ആളുവന്നു. പക്ഷേ, എല്ലാവർക്കും ഉടമസ്ഥത വേണം. അത് എഡിറ്റോറിയൽ തീരുമാനങ്ങളെ ബാധിക്കുമെന്നറിയാവുന്നതു കൊണ്ട് നാരായൻ ഒഴിഞ്ഞു. സാറ്റലൈറ്റ് ചാനൽ  എന്ന ആശയവും മുന്നിലെത്തി. മുന്നോട്ടു പോയിരുന്നെങ്കിൽ ഇന്ത്യയിലെ ആദ്യ സാറ്റലൈറ്റ് ചാനലിനു തുടക്കമിടാമായിരുന്നു. ചരിത്രമാകുമായിരുന്നിട്ടും വഴുതിമാറിയ നാരായൻ മറ്റൊരു വഴിയിലായിരുന്നു. 

തല കുനിച്ച് ഇന്ത്യ

ചന്ദ്രശേഖറിന്റെ സർക്കാർ വന്നുപോയി, കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും അതിനിടെ രാജ്യത്തിനു രാജീവ് ഗാന്ധിയെ നഷ്ടപ്പെട്ടിരുന്നു. പി.വി. നരസിംഹറാവു പ്രധാനമന്ത്രിക്കസേരയിലെത്തി. അക്കാലത്താണ് രാജ്യത്തെ തന്നെ നാണംകെടുത്തിയ വമ്പൻ അഴിമതിക്കഥ പുറത്തു വന്നത്. ഹവാല ഇടപാടുകാരായ ജെയിൻ സഹോദരന്മാരിൽ നിന്ന് രാഷ്ട്രീയ–ഉദ്യോഗസ്ഥ വമ്പന്മാർ കോഴ വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ. 115 പ്രമുഖരുടെ പേരടങ്ങിയ ഡയറി കണ്ടെടുത്തു. തീവ്രവാദ ബന്ധവും സിബിഐ ഡിഐജി കോഴ വാങ്ങിയതും വരെ വിവാദങ്ങളുടെ തുടർ ഇടപാടുകൾ.

കേസ് മാഞ്ഞു പോകുമെന്ന ഘട്ടത്തിൽ നാരായൻ കാലചക്രയിൽ വിഡിയോ ചെയ്തു. അതു തടഞ്ഞുവയ്ക്കാൻ നീക്കമുണ്ടായി. പൊതുതാൽപര്യ ഹർജിയുമായി നാരായൻ വീണ്ടും കോടതിയെ സമീപിച്ചു. സ്വതന്ത്ര കമ്മിഷൻ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ജെയിൻ സഹോദരങ്ങൾക്കെതിരെ തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ ഉപപ്രധാനമന്ത്രി ദേവിലാൽ, ബിജെപി നേതാവ് എൽ.കെ.അഡ്വാനി, കോൺഗ്രസ് നേതാവ് അർജുൻ സിങ് തുടങ്ങിയവർ പ്രതിചേർക്കപ്പെട്ടു.

ജെയിൻ ഹവാല അഴിമതി കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. തെളിവുകൾ ഏറെയായിരുന്നു. പക്ഷേ, സിബിഐ പ്രോസിക്യൂഷൻ ദുർബലമായി. പ്രതികളെ വെറുതെവിട്ടു. 1997ൽ സിബിഐ പ്രവർത്തനത്തിനു പുതിയൊരു മാർഗരേഖ നൽകിയതു മാത്രമായി വീനിത് നാരായന്റെ ഹർജിയിലെ ഏക വഴിത്തിരിവ്. സിബിഐക്ക് കേന്ദ്രവിജിലൻസ് കമ്മിഷന്റെ മേൽനോട്ടവുമുണ്ടായി. ശേഷം വന്ന സിബിഐ മേധാവികൾ രണ്ടോ അതിലധികമോ വർഷം സ്ഥാനം വഹിച്ചു. ഇപ്പോഴത്തെ അധികാരതർക്കവും അഴിമതിയുമാണ് നാരായന്റെ അന്നത്തെ ഇടപെടൽ വീണ്ടും ചർച്ചയാക്കിയത്. 

കേസ് അട്ടിമറിച്ചതോ?

നാരായനിപ്പോഴും സംശയിക്കുന്നു. അതൊരു അട്ടിമറിയായിരുന്നു. സിബിഐയുടെ ഭാവി പ്രവർത്തനത്തെക്കുറിച്ചു കോടതി പറഞ്ഞപ്പോൾ ഹവാല കേസിന്റെ കാര്യം വിസ്മൃതിയിലാണ്ടു. ഇന്നു സാമൂഹിക പ്രവർത്തകരുടെ മേൽക്കുപ്പായം അണിയുന്ന ചിലർകൂടി ചേർന്നു നടത്തിയ ഒത്തുകളിയായിരുന്നു ഈ വഴിതിരിച്ചുവിടലിനു പിന്നിലെന്ന സംശയം നാരായനുണ്ട്. ഹവാല കേസിലെ അഴിമതിക്കാരെ ശിക്ഷിച്ച ശേഷം മതി ഭാവിയെക്കുറിച്ചുള്ള ചിന്തയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

നൂറ്റാണ്ട് ‘ഒളിച്ചോടുന്നു’

ലോകം പുതിയൊരു നൂറ്റാണ്ടിലേക്കു മിഴി തുറക്കുമ്പോൾ ഭാര്യയെയും രണ്ടു കൊച്ചുകുട്ടികളെയും ഉപേക്ഷിച്ചു രാജ്യം വിടേണ്ടി വന്നു നാരായന്. 2000 ഡിസംബർ 26ന് ജമ്മു കശ്മീർ ഹൈക്കോടതി കോടതിയലക്ഷ്യ കേസ് ചുമത്തിയതാണ് കാരണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദിനെതിരെയായിരുന്നു പോരാട്ടം. ജമ്മു കശ്മീർ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരിക്കെ അനുകൂല വിധി നൽകി മകളുടെ പേരിൽ ഭൂമി സമ്പാദിച്ചെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ചു കാലചക്രയിൽ തുടർച്ചയായി വാർത്ത വന്നതു കോടതിയലക്ഷ്യ കേസായി. അറസ്റ്റ് വാറന്റ് വന്നതോടെ നാരായൻ ഒളിവിൽ പോയി. 18 മാസം.

ഒടുവിൽ ഫോട്ടോ പരസ്യപ്പെടുത്തി അറസ്റ്റിനു നടപടി തുടങ്ങിയ രാത്രിയിൽ നാരായൻ ഇന്ത്യ വിട്ടു. ആറുമാസത്തെ തടവായിരുന്നില്ല  അവരുടെ ലക്ഷ്യമെന്നു വ്യക്തമായിരുന്നു. ഹവാല കേസിലടക്കം തീവ്രവാദ സംഘടനകളുടെ കണ്ണിലെ കരടായതിനാൽ ജയിൽ അക്രമിച്ചെന്ന പ്രതീതി സൃഷ്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് സുഹൃത്തുക്കൾ അറിയിച്ചു. കേസിന്റെ അധികാരപരിധി കശ്മീരിലാക്കിയത് ഇതിന്റെ ആദ്യപടിയായിരുന്നു. 

ആദ്യം ലണ്ടനിലേക്കും പിന്നീട് അമേരിക്കയിലേക്കും പാലായനം. വിദേശ മാധ്യമ സുഹൃത്തുക്കളായിരുന്നു തുണ. ജസ്റ്റിസ് ആനന്ദ് വിരമിച്ചുവെന്നുറപ്പാക്കി കേസിൽ നിന്ന് ഒഴിവാകാനുള്ള മാർഗം തേടി. ഇന്ത്യയിലേക്കു മടങ്ങുമ്പോൾ കൃഷ്ണ ഭക്തനായ നാരായൻ മറ്റൊന്നുകൂടി തീരുമാനിച്ചു. പഴയ ആഗ്രഹം പോലെ ഗ്രാമത്തിലേക്കു മടങ്ങണം. കൃഷ്ണഭൂമിയായ ബ്രജ് കുന്നുകളിൽ മലിനമാക്കപ്പെട്ട ഭൂമി വൃന്ദാവനമാക്കുക. ഇതിനായി ബ്രജ് ഫൗണ്ടേഷനു രൂപം നൽകി. സുഹൃത്തുക്കളുടെ പിന്തുണയോടെ ആ ഉദ്യമം വിജയകരമായി തുടരുന്നു. 

സിബിഐയെ പൂർണമായും ശുദ്ധീകരിക്കാൻ പുതിയൊരു പൊതുതാൽപര്യ ഹർജിക്കുള്ള അവസാന ഒരുക്കത്തിലാണ് നാരായൻ. ഇപ്പോൾ ടാംബ്ലോയ്ഡ് വലുപ്പത്തിൽ വല്ലപ്പോഴുമിറങ്ങുന്ന പത്രമാണു കാലചക്ര. വ്യോമയാന മേഖലയിലെ അഴിമതി തുറന്നുകാട്ടാൻ ഈ വർഷം ഫെബ്രുവരിയിലായിരുന്നു അവസാന ലക്കം.– നാരായൻ പറയുന്നു. 

ശരിയാണ് വേറിട്ടൊരു നിയോഗമാണ് നാരായനും കാലചക്രയ്ക്കും. അതു കാലത്തിന്റെ ശബ്ദമാണ്. അഴിമതിക്കെതിരെയുള്ള ഉറച്ച സ്വരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA