പകയുടെ ലോകം എനിക്കു പേടിയാണ്. പക നിറഞ്ഞ മനുഷ്യരെയും. ആ സ്നേഹിതയുടെ മുറിഞ്ഞ വാക്കുകളും തീ വമിക്കുന്ന നോട്ടവും എന്റെ കാഴ്ചയെ ചിതറിപ്പിച്ചതു പോലെ. തലയെ കോച്ചി വലിച്ചെത്തിയ വേദന അപമാനഭാരത്തെ വെല്ലുവിളിച്ചു. ആശയങ്ങളോട് ഞാൻ കലാപത്തിലാവുമെങ്കിലും ഇത്തരം സന്ദർഭങ്ങൾ സൃഷ്ടിക്കാതെ ഓടി ഒളിക്കുന്ന ആളാണ് ഞാൻ.
ആ നിമിഷത്തിനു ശേഷം ആദ്യം തോന്നിയതു കാഴ്ചയുടെ വ്യക്തതക്കുറവാണ്. തുടക്കത്തിലതു പുകമൂടൽ ആയിരുന്നു. കണ്ണുകൾ വരണ്ടുണങ്ങി. കാര്യങ്ങൾ അറിയാവുന്ന ദീദി ദാമോദരൻ കൈ പിടിച്ചു കൂടെ നടന്നു.
വിവാദങ്ങളുടെ ചുഴിയിലായിരുന്നു ആ വർഷത്തെ ചലച്ചിത്രമേള. ഇതൊന്നും അത്ര ഗൗരവമായി കാണാൻ ആർക്കും സമയം കിട്ടിയില്ല. സിനിമകളൊക്കെയും മങ്ങിയ ഒരു പ്രതലത്തിലൂടെയാണ് ഞാനന്നു കണ്ടുതീർത്തത്. ‘എന്റെ കാഴ്ചയ്ക്കെന്തോ സംഭവിച്ചിട്ടുണ്ട്... ’ ഞാൻ കൂട്ടുകാരികളോടു പറഞ്ഞു. മൊബൈൽ വായന ഉപേക്ഷിക്കാൻ പരക്കെ ഉപദേശം കിട്ടി.
ചലച്ചിത്രമേളയ്ക്കു തുടർച്ചയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി പോഗ്രാമിന്റെ ഷൂട്ട്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജഡ്ജിങ് പാനലിൽ ഇരിക്കുമ്പോൾ അപ്പുറത്ത് കുട്ടികളും അധ്യാപകരും ‘കോടമഞ്ഞിൽ’ പുതച്ചിരുന്നു. കൂട്ടുകാരിയും മറ്റൊരു പാനലിസ്റ്റുമായ പീയൂഷ് ആന്റണി എന്റെ കണ്ണട ഓരോ ഇടവേളയിലും തുടച്ചു കൊണ്ടിരുന്നു. ഞാൻ കണ്ണടയെ വീണ്ടും വീണ്ടും പഴി ചാരി.
പടികൾ ഇറങ്ങാൻ അൽപം പേടി. താഴ്ചയുടെ, ഉയരത്തിന്റെ ആഴമളക്കാൻ ഉള്ള എന്തോ ഒന്ന് നഷ്ടമായ പോലെ. എങ്കിലും എല്ലാം പഴയതുപോലെ തന്നെയെന്നു മനസ്സു ശഠിച്ചു കൊണ്ടിരുന്നു.
ഷൂട്ട് കഴിഞ്ഞു പോരുമ്പോൾ വഴിവക്കിലെ കാഴ്ചകളൊക്കെയും തെളിച്ചം പോരാതെ ചാരം പൂശി നിന്നു. പക്ഷേ, വലിയൊരു സന്തോഷത്തിലേക്കാണ് ഞാനന്നു വന്നത്. കാക്കനാട്ട് പുതുതായി വാങ്ങിയ ഫ്ലാറ്റിലേക്ക്. ക്രിസ്മസിനു താമസിക്കാൻ ഫ്ലാറ്റ് തയാറാവുമെന്ന ഉറപ്പ് സുഹൃത്തും ഡിസൈനറുമായ രഞ്ജിത് പാലിച്ചിരിക്കുകയാണ്.
എന്റെ പുസ്തകങ്ങൾക്ക് ഇനി വാടക വീടുതോറും യാത്ര ചെയ്യണ്ട. പുസ്തകങ്ങളും പ്രിയപ്പെട്ട സ്നേഹിതരും പിന്നെ ആവുമ്പോഴെല്ലാം തനിച്ചിരിപ്പും, മകൻ ആരോമലിനു കേരളത്തിലൊരു ഇടത്താവളവും; അതായിരുന്നു എന്റെ വീടുമോഹം! ക്രിസ്മസ്ത്തലേന്നു തൃക്കാക്കര കോ– ഓപ്പറേറ്റിവ് ആശുപത്രിയിലെ കണ്ണുരോഗ വിദഗ്ധ ഡോ. രാജലക്ഷ്മിയെ കണ്ടു. വലതുകണ്ണിന്റെ അറ്റത്തേക്കു നോക്കുമ്പോൾ ചില പ്രശ്നങ്ങളുള്ളതുപോലെ. ബിംബങ്ങളെല്ലാം ചിതറി തെറിക്കുന്നുണ്ടോ?
‘കാര്യമാക്കാനില്ല, കണ്ണട മാറാം. ഒരാഴ്ച കഴിഞ്ഞു വീണ്ടും വരണം. അതു പരിഹരിക്കാം’ അവരുടെ വാക്കുകൾ താൽകാലിക ആശ്വാസമായി.
2018ലെ പുതുവർഷത്തിലേക്കു കണ്ണുതുറന്നത് പ്രിയപ്പെട്ട പുസ്തകങ്ങളുമായിട്ടാണ്. പക്ഷേ, അതു വായിക്കാനെടുത്ത് ഇരുന്നതും അക്ഷരങ്ങൾ നൃത്തം വയ്ക്കുന്നപോലെയും വേച്ചുവീഴുന്ന പോലെയും.
‘കൂടെ’ സിനിമയുടെ ഷൂട്ടിങ് ഊട്ടിയിൽ തുടങ്ങുകയാണ്. തനിച്ചാണു യാത്ര. ഊട്ടി മഞ്ഞുമൂടി കിടക്കുന്നു. കയറ്റിറക്കമുള്ള ലൊക്കേഷനിൽ ആൾസഹായമില്ലാതെ നടക്കാൻ ഏറെ പ്രയാസപ്പെട്ടു. അഞ്ജലി മേനോൻ എനിക്കു ‘സീൻ’ വായിക്കാൻ തന്നു. ഒരു വരി തെളിയുന്നില്ല. അഞ്ജലിയോട് ഞാനെന്റെ സങ്കടം പറഞ്ഞു. ‘സാരമാക്കേണ്ട, സജിതയെ ഞാനോർമിപ്പിക്കാം...’ അവളെന്റെ തൊളിൽ തൊട്ടു.
തിരക്കിൽ നടക്കുമ്പോൾ, പടികളിറങ്ങുമ്പോൾ ഒരു കുഞ്ഞിനെപ്പോലെയായി. പടികൾ ഓടിക്കളിക്കുകയാണ്. ഏറെ പണിപ്പെട്ടാണ് തിരിച്ചൊറ്റയ്ക്ക് കൊച്ചിയിൽ എത്തിയത്. കാരണം കാളി നാടകത്തിന്റെ മൈസൂരു, ശിവമൊഗ്ഗ അവതരണങ്ങളുടെ അവസാനവട്ട റിഹേഴ്സലിൽ പങ്കെടുക്കണം.
എന്റെ പ്രിയപ്പെട്ട നാടക സംഘത്തിലെ ഗോപൻ മങ്ങാടും സുധി പാനൂരുമാണു ഞാൻ എഴുന്നേൽക്കാനാവാതെ കിടന്ന ദിനങ്ങളിൽ എന്നെ പൊക്കിയെടുത്ത് കാളിയാക്കിയത്! തകഴിക്കാരനും നസറുദ്ദീനും മനോജും വിഷ്ണുവും രാഹുലും ചാതുരിയും ജോളിയും പ്രിയയും ഒക്കെയുള്ള ആ വലിയ സംഘം ചന്ദ്രദാസൻ മാഷിനും ഷാജി സാറിനുമൊപ്പം ബസിൽ മൈസൂരുവിലേക്ക് യാത്ര തിരിച്ചു.
ചലിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ നാലായി എന്റെ മുൻപിൽ പറിഞ്ഞു കീറി. നാടകത്തിന്റെ കോസ്റ്റ്യൂം ഡിസൈനറും ആർട് ഡിസൈനറുമായ കൂട്ടുകാരി ശോഭാ മേനോനോട് ഞാൻ എന്റെ ആശങ്കകൾ പറയുന്നുണ്ടായിരുന്നു. നാടകസംഘത്തിലെ കൂട്ടുകാരെ കണ്ടതോടെ പഴയൊരു ഉത്സാഹം വേഗമെത്തി.
നിറഞ്ഞ സദസ്സിനു മുൻപിൽ വീറോടെ കാളി നല്ല പോരു പൊരുതി. കാളിനാടകത്തിന്റെ ഇന്നോളമുള്ള അവതരണങ്ങളിൽ ഏറ്റവും മികച്ചത് അവിടെയായിരുന്നു. പക്ഷേ ഓരോ ചലനവും എന്നെ വല്ലാതെ ഭയപ്പെടുത്തി. മുഖത്തിന്റെ വശങ്ങളിൽ കത്തുന്ന തീപ്പന്തങ്ങൾക്ക് ചൂട് മാത്രമേ ഉള്ളൂവെന്ന് എനിക്കു തോന്നി. വിശേഷിച്ചും ശിവമൊഗ്ഗയിലെ അവതരണത്തിനു ശേഷം.
കോഴിക്കോടെത്തുമ്പോൾ അമ്മയും അനിയത്തി സബിതയും കാത്തിരിപ്പുണ്ട്. അനിയത്തിക്കു ചെറുപ്പത്തിൽ മെനിഞ്ചൈറ്റിസ് വന്നിട്ടുള്ളതാണ്. ഇരട്ടക്കാഴ്ചയുടെ ബദ്ധപ്പാട് അവൾ വല്ലാതെ നേരിട്ടതാണ്. ആ കുറവു വച്ചാണ് അവൾ നന്നായി പഠിച്ചത്, പരീക്ഷകളിൽ ജയിച്ചത്. ‘നീ പണ്ടു പറയുമായിരുന്ന കണ്ണിന്റെ പ്രശ്നമൊക്കെ എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്’ ഞാനവളോടു പറഞ്ഞു. ‘ഫോണിൽ കണ്ണുകൂർപ്പിച്ചിരിക്കുന്നതു കുറയ്ക്ക്.’ അവൾ ഉപദേശിയായി. ഫോണിനെ ഞാൻ ദൂരേയ്ക്കു നീക്കിവച്ചു. എന്നിട്ടും അക്ഷരങ്ങൾ എന്നോടു ദയ കാട്ടിയില്ല. ഒരു വരി വായിക്കാനാവുന്നില്ല.
ജനുവരി 22നു നടി ഭാവനയുടെ കല്യാണദിവസം. അവിടേക്കു പോകാൻ ഒരുങ്ങുകയാണ്. കണ്ണാടിയിൽ അന്നു ഞാൻ എന്നെമാത്രമല്ല കണ്ടത്, മറ്റൊരു സജിതയും കൂടെ നിഴലായി! ഒരു കണ്ണു വീർത്തുവിങ്ങുന്ന പോലെ. എന്നെ കാത്തുനിന്ന കൂട്ടുകാരോടു വരുന്നില്ലെന്നു വിളിച്ചുപറഞ്ഞു. വീണ്ടും ഡോ. രാജലക്ഷ്മിയുടെ അടുത്തേക്കു പോയി. കണ്ണുകൾ വീണ്ടും പരിശോധിച്ചു. അവർ അൽപം ഗൗരവത്തോടെ ചോദിച്ചു. ഞാൻ ഒരാഴ്ച കഴിഞ്ഞ് വരണമെന്നു പറഞ്ഞതല്ലേ?
‘സജിതയുടെ വിഷനെ തടസ്സപ്പെടുത്തുന്ന വേറെന്തോ ഒന്നുണ്ട്, അതൊന്നു പരിശോധിക്കണം. ന്യൂറോളജി ഡോക്ടറെ ഞാൻ വിളിച്ചു പറയാം. ശരി എന്നു തലയാട്ടിയെങ്കിലും തൽക്കാലം വീട്ടിലേക്കെന്നു തീരുമാനിച്ചു.
കാറിന്റെ താക്കോലെടുത്ത് ഇറങ്ങുമ്പോൾ ഡോക്ടർ ചോദിച്ചു ‘സജിത എങ്ങനെയാണു വന്നത്?’ ‘കാറോടിച്ചാണ്.’ ഞാൻ പറഞ്ഞു. ‘തനിച്ച് കാറോടിച്ചു പോകേണ്ട, സജിതയുടെ കാഴ്ചയ്ക്കു കാര്യമായ തകരാറുണ്ട്, വശങ്ങളിലൊന്നുമുള്ളത് കാണാനാവില്ല! ആ വാക്കുകൾ ഞാൻ പാതിയേ കേട്ടുള്ളൂ.തലേന്ന് വണ്ടിയോടിക്കുമ്പോൾ ഞാൻ വഴിയാത്രക്കാരെ ഉരസിയത് ഓർത്തു. ഇനി എന്ത് എന്ന ചോദ്യത്തെ മുന്നോട്ടു തന്നെ എന്ന ഉത്തരംകൊണ്ടു ഞാൻ നേരിട്ടു. അപ്പോഴേക്കും ശോഭയുടെ നിർദേശമനുസരിച്ച് സുഹൃത്ത് മനോജ് നിരക്ഷരൻ വണ്ടിയുമായി എത്തിയിരുന്നു. ഞങ്ങൾ പതുക്കെ തൊട്ടടുത്തുള്ള ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി.
(തുടരും)