താഴ്ചയേറിയ കിണറ്റിലിറങ്ങി കരിമ്പാറ പൊട്ടിക്കുമ്പോഴും കലാമണി ക്ഷീണം അറിയാറില്ല. മുന്നിലെ കരിമ്പാറപോലെ കഠിനമായിരുന്നു അവളുടെ ജീവിതവും. ആ കരുത്തിനെ സ്വന്തം ഇച്ഛാശക്തികൊണ്ട് തച്ചുടച്ചു മുന്നോട്ടുപോയതിനാലാകും ജീവിതത്തിൽ ഒന്നും ഒരു പ്രതിബന്ധമായി തോന്നാത്തത്. അതിനു പിൻബലം നൽകിയത് കുടുംബശ്രീ എന്ന കൂട്ടായ്മയും.
പാതിവഴിയിൽ മുറിഞ്ഞുപോയ വിദ്യാഭ്യാസം പൂർത്തിയാക്കി, അഭിനയത്തിന്റെയും എഴുത്തിന്റെയും സംവിധാനത്തിന്റെയും ലോകത്തു മുന്നേറാൻ കലാമണിക്കു കൂട്ടുനിന്നത് കുടുംബശ്രീയാണ്. 20 വർഷം പൂർത്തിയാക്കുന്ന കുടുംബശ്രീ, സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കിയ പുരോഗതി അറിയാൻ കലാമണിയുടെ വളർച്ച കണ്ടാൽ മതി.
മലപ്പുറം കാളികാവ് പൂങ്ങോട് പാമ്പാടി വീട്ടിൽ കലാമണി(41)ക്ക് മേൽവിലാസം പലതുണ്ട്. കുടുംബശ്രീയുടെ നാടകപ്രവർത്തക എന്നു പറയുമ്പോഴാവും സ്ത്രീകൾ തിരിച്ചറിയുക. കുടുംബശ്രീയുടെ രംഗശ്രീ അവതരിപ്പിക്കുന്ന മിക്ക നാടകത്തിലും കലാമണിയുണ്ടാകും. എഴുത്തുകാരിയായി, അഭിനേതാവായി, സംവിധായികയായി. സ്വന്തം അനുഭവങ്ങൾ കൊണ്ടുമാത്രം കലാമണിയെഴുതിയ നാടകങ്ങൾ കുടുംബശ്രീ പ്രവർത്തകരെയൊക്കെ കരയിച്ചിട്ടുണ്ട്.
മുറിഞ്ഞ പഠനം
അഞ്ചാം ക്ലാസ് വരെ മാത്രമേ കലാമണിക്കു പഠിക്കാൻ സാധിച്ചുള്ളു. സർക്കസുകരായ അച്ഛനുമമ്മയും പോകുന്ന സ്ഥലത്തൊക്കെ കലാമണിയും അനുജനും അനുജത്തിയും പോകും. ഒരിടത്തും സ്ഥിരമായി താമസിക്കാത്തതിനാൽ മുറിഞ്ഞ സ്ലേറ്റ് പെൻസിൽ പോലെയായി പഠനം.
മക്കൾ വലുതായതോടെ സർക്കസ് നിർത്തി പറങ്ങോടനും കുടുംബവും കൂലിപ്പണിക്കിറങ്ങി. സർക്കസിലുണ്ടായിരുന്ന നാട്ടുകാരനായ വിശ്വനാഥനാണു കലാമണിയെ വിവാഹം കഴിച്ചത്.
സർക്കസ് നിർത്തിയതോടെ വിശ്വനാഥൻ കിണറ്റിൽ കരിമ്പാറ പൊട്ടിക്കുന്ന ജോലിക്കിറങ്ങി. കിണറ്റിലിറങ്ങി കരിമ്പാറയിൽ കുഴിയുണ്ടാക്കി വെടിമരുന്നു നിറച്ച് തീക്കൊളുത്തി മുകളിലേക്കു കയറിവരുന്ന അതിസാഹസികമായ ജോലിയായിരുന്നു വിശ്വനാഥന്റേത്. വെടിപ്പുകയുടെ മണം ശ്വസിച്ചു വിശ്വനാഥനു ജോലിക്കുപോകാൻ പറ്റാതെയായപ്പോൾ ജീവിതത്തിൽ അടുത്ത പ്രതിസന്ധി മുന്നിലെത്തി. പക്ഷേ, അതിനു കലാമണി പരിഹാരം കണ്ടെത്തി. കംപ്രസർ ഉപയോഗിച്ച് പാറ തുളയ്ക്കുന്ന ജോലി ഭർത്താവിൽനിന്നു പഠിച്ചു കലാമണി കിണറ്റിലിറങ്ങി.
എത്ര ആഴമുള്ള കിണറാണെങ്കിലും പേടിക്കില്ല. കിണറ്റിലിറങ്ങി കുഴിയുണ്ടാക്കി വെടിനിറച്ചു തീക്കൊളുത്തി ധൈര്യസമേതം കയറിപ്പോരും. ഒരുനിമിഷം പിഴച്ചാൽ ജീവിതം അപകടപ്പെടുന്ന ജോലിയായിട്ടും പിന്മാറിയില്ല. ജീവിതം കടലുപോലെ മുന്നിൽ പരന്നുകിടക്കുകയാണ്. മക്കളായ ഐശ്വര്യയും അശ്വിനും വളർന്നുവരുന്നു. അവരെ നന്നായി പഠിപ്പിക്കണം, സ്വന്തമായി വീടുവയ്ക്കണം.. ഉത്തരവാദിത്തങ്ങൾ പലതാണ്.
കുടുംബശ്രീയിലേക്ക്
2002ൽ ആണ് കലാമണി കുടുംബശ്രീ പ്രവർത്തകയാകുന്നത്. മലപ്പുറം പള്ളിശ്ശേരിയിലെ അങ്കണവാടി അധ്യാപികയാണ് കുടുംബശ്രീയിൽ ചേർത്തത്. ജോലിക്കൊപ്പം കുടുംബശ്രീ പ്രവർത്തകയാകാൻ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നു തുടക്കത്തിൽ. എന്തിനും മുന്നിട്ടിറങ്ങാനുള്ള അവളുടെ ധൈര്യത്തെ പ്രോത്സാഹിപ്പിച്ച് അങ്കണവാടി അധ്യാപിക വിടാതെ പിടികൂടി. വാർഡിലെ ചുമതല അവളെ ഏൽപിച്ചു.
കുടുംബശ്രീയുടെ പ്രവർത്തനമേഖല വിപുലമാകാൻ തുടങ്ങിയതോടെ വിദ്യാഭ്യാസം പ്രശ്നമായിത്തോന്നി. പഴയ അഞ്ചാംക്ലാസും കൊണ്ട് പിടിച്ചുനിൽക്കാൻ പറ്റില്ല. അങ്ങനെയാണ് ഏഴാംക്ലാസ് തുല്യതാ പരീക്ഷ എഴുതി ജയിച്ചത്. അതോടെ വീണ്ടും പഠിക്കണമെന്നായി. മകൾ ഐശ്വര്യ പത്താംക്ലാസിലെത്തിയ കൊല്ലം. അവൾ പറഞ്ഞു–‘‘ അമ്മേ, നമുക്കൊന്നിച്ച് പരീക്ഷയെഴുതാം’’. ആ വർഷം പത്താംക്ലാസ് തുല്യതാ പരീക്ഷയെഴുതി. അമ്മയെയും മകളെയും പരീക്ഷാഹാളിലേക്കു കൊണ്ടുപോയത് വിശ്വനാഥനായിരുന്നു. കലാമണിയുടെ എല്ലാ താൽപര്യങ്ങൾക്കും വിശ്വനാഥൻ കൂട്ടുനിന്നു. പരീക്ഷാഫലം വന്നപ്പോൾ അമ്മയ്ക്കും മകൾക്കും 5 എ പ്ലസ്!
കുടുംബശ്രീയുടെ മുന്നോട്ടുള്ള പാതയിൽ നിർണായകമായിരുന്നു കലാരംഗത്തേക്കുള്ള ചുവടുവയ്പ്. പലഹാരങ്ങളുണ്ടാക്കിയും കന്നുകാലികളെ വളർത്തിയും കൃഷിചെയ്തും ജീവിച്ചിരുന്ന കുടുംബശ്രീ പ്രവർത്തകർ കലാരംഗത്തും തങ്ങളുടെ കഴിവു പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ പുതിയ മേഖലകൾ തുറന്നു.
കുടുംബശ്രീയുടെ രംഗശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നാടകമത്സരം നടത്തിയപ്പോൾ മലപ്പുറവും കണ്ണൂരും ഒന്നിച്ചാണ് നാടകം ചെയ്തത്. ‘സംഘധ്വനി’ എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു. ചെറുപ്രായത്തിൽ വിവാഹിതയായി, അന്യനാട്ടിൽ ഭർത്താവു വിൽക്കാൻ കൊണ്ടുപോയ, അവിടെനിന്നു സാഹസികമായി രക്ഷപ്പെട്ട പെൺകുട്ടിയുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമായിരുന്നു സംഘധ്വനി. 15 സ്ത്രീകളുടെ ജീവിതമായിരുന്നു നാടകം. അതിൽ മുഖ്യകഥാപാത്രമായിരുന്നു ഈ പെൺകുട്ടി. പരിചയമുള്ള ആളുകളെ കഥാപാത്രങ്ങളാക്കി കലാമണിയും കൂട്ടുകാരും എഴുതിയതായിരുന്നു ആ നാടകം.
സംഘധ്വനി നാടകം പല സ്റ്റേജുകളിൽ അവതരിപ്പിച്ചു. അതോടെ കുടുംബശ്രീയുടെ ഹ്രസ്വനാടകങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ തേടിയെത്തി. സർക്കാരിന്റെ പുതിയ പദ്ധതികളുടെ പ്രചാരണത്തിനാണ് ചെറുനാടകങ്ങൾ ചെയ്യുക. മലപ്പുറത്തെ സംഘധ്വനി രംഗശ്രീ തിയറ്റേഴ്സിന്റെ എല്ലാ നാടകങ്ങളുടെയും സ്ക്രിപ്റ്റും സംവിധാനവുമെല്ലാം കലാമണിയുടേതാണ്.അരങ്ങിൽ കലാമണി അവതരിപ്പിക്കാത്ത വേഷങ്ങളുമില്ല. ആണായും പെണ്ണായും അഭിനയിക്കും.
വിഷയം പറഞ്ഞാൽ അരമണിക്കൂർ കൊണ്ടു നാടകം എഴുതും. അനുഭവ പശ്ചാത്തലമുള്ളതുകൊണ്ട് കഥയും കഥാപാത്രങ്ങളും ലഭിക്കാൻ ഒരു പ്രയാസമവുമില്ല. തിരുവനന്തപുരത്തെ ‘നിരീക്ഷ’യിൽനിന്നായിരുന്നു നാടക പരിശീലനം ലഭിച്ചത്. അവിടുത്തെ രാജരാജേശ്വരിയും സുധി ദേവയാനിയുമാണ് തന്നിലെ എഴുത്തുകാരിയെ പ്രോത്സാഹിപ്പിച്ചതെന്ന് കലാമണി പറഞ്ഞു. മലപ്പുറം ജില്ലാ മിഷനു കീഴിൽ പത്തുപേരടങ്ങുന്ന നാടകസംഘമാണുള്ളത്. അവർക്കുവേണ്ടി എഴുതുകയും സംവിധാനം ചെയ്യുന്നതുമെല്ലാം കലാമണി തന്നെ. കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ഹേമലത എല്ലാറ്റിനും പിന്തുണയുമായി കൂടെയുണ്ടാകും.
കുടുംബശ്രീ നാടകങ്ങളുമായി നടക്കുമ്പോഴാണ് എടവണ്ണയിലെ പ്രഫഷനൽ നാടക ട്രൂപ്പായ കസ്തൂർഭയിലേക്കു വിളിക്കുന്നത്. ഇതുവരെ 3 പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചു. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത സംഗീത ആൽബത്തിൽ ഝാൻസി റാണിയായും വേഷമിട്ടു.
വീടുനിർമാണം
സർക്കാരിന്റെ ലൈഫ് മിഷന്റെ വീടുനിർമാണത്തിന്റെ ചുമതല കുടുംബശ്രീക്കാണ്. വീടുനിർമാണത്തിന്റെ പരിശീലനത്തിലാണിപ്പോൾ കലാമണി. കുറ്റിയടിക്കലും കെട്ടിടം പണിയലും കോൺക്രീറ്റൊരുക്കലുമൊക്കെ പഠിച്ചു. ഇനി കരാറെടുത്ത് ജോലി തുടങ്ങണം.
മകളുടെ വിവാഹമാണ് അടുത്ത ലക്ഷ്യം. അതുകഴിഞ്ഞാൽ പരക്കം പാച്ചിൽ അവസാനിപ്പിച്ച് പൂർണമായും കലാരംഗത്തു ശ്രദ്ധയൂന്നും. കുടുംബശ്രീ പറഞ്ഞു പുറത്തേക്കിറങ്ങാൻ. പുറത്തേക്കിറങ്ങി.. അപ്പോഴാണ് ലോകം എത്ര വിശാലമാണെന്നു ബോധ്യപ്പെട്ടത്. 20 വർഷമായി കേരളത്തിലെ എല്ലാ കുടുംബശ്രീ പ്രവർത്തകരും കാണുന്നത് ഈ വിശാല ലോകത്തെയാണ്. കലാമണി അതിൽ ഒരാൾ മാത്രം.