ട്യൂമർ, ശസ്ത്രക്രിയ, അപ്പോഴും കെടാത്ത പ്രതീക്ഷ; തിരിച്ചുവരവിനെക്കുറച്ച് സജിത മഠത്തിൽ

ജീവിതം മാറുന്നത് എത്ര പെട്ടെന്നാണ്. ഞാൻ ഒാരോ വസ്തുവിനെയും സൂക്ഷ്മമായി നോക്കാൻ തുടങ്ങി. ഈ കാണുന്നതെല്ലാം എന്റെ തോന്നലാണോ?

ഉടൻ സ്കാൻ ചെയ്യണം. ഡോക്ടർ പറഞ്ഞെങ്കിലും പതിവു രീതിയിൽ എനിക്കതു നീട്ടിവയ്ക്കാനാണു തോന്നിയത്. തിരിച്ചിറങ്ങുമ്പോൾ ഡോക്ടർ ഒരിക്കൽകൂടി പറഞ്ഞു. ‘എന്റെ വീട്ടിലാരെങ്കിലും ആയിരുന്നെങ്കിൽ സിടി സ്കാനെങ്കിലും വേണമെന്നു ഞാൻ ഉറപ്പായും പറഞ്ഞേനെ.’ ആ വാക്കുകൾ നിസ്സാരമാക്കാൻ തോന്നിയില്ല. 

ശോഭയും ബീനച്ചേച്ചിയും മനോജുമൊക്കെ സ്കാനിങ് മുറിക്കു മുൻപിലുണ്ട്. നിനക്കു ബ്രെയിൻ ഉണ്ടോ എന്നറിയാനുള്ള അസുലഭ അവസരമല്ലേ ഇതെന്നവർ കളിയാക്കി. പരിചയത്തോടെ നഴ്സുമാർ അരികെവന്നു. ആദ്യപരിശോധന കഴിഞ്ഞ് അവരിൽ പലരുടെയും മുഖം ഞാൻ ശ്രദ്ധിച്ചു. ആകെ മൂടിക്കെട്ടിയ പോലെ. 

സ്കാനിങ് റിസൽറ്റിനു കാത്തിരിക്കുമ്പോൾ ഫോണിലെ മെയിൽബോക്സിൽ മറ്റൊരു റിസൽറ്റ് വന്നു കിടപ്പുണ്ടായിരുന്നു.  കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കു ചേരാൻ അറിയിച്ചുള്ള മെയിൽ. ചിലപ്പോൾ ജീവിതം സിനിമയെക്കാൾ നാടകീയമാണ്. തൊട്ടടുത്ത ഷോട്ടിലേക്ക് ഡോ. ഷാജി കടന്നുവന്നു.

‘സജിതാ...ഗൗരവമുള്ളൊരു കാര്യം പറയുകയാണ്. കണ്ണിൽനിന്നു വരുന്ന ഞരമ്പുകളെ അമർത്തിക്കൊണ്ട് ഒരു ട്യൂമർ വളരുന്നുണ്ട്. അതാണു സജിതയുടെ കാഴ്ചയുടെ പ്രശ്നം. വേഗം സർജറി വേണം.’ അതെങ്ങനെ മാറ്റിവയ്ക്കാമെന്നായിരുന്നു അപ്പോഴുമെന്റെ ആലോചന.  

പലരും പറഞ്ഞറിഞ്ഞ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോ. ദിലീപ് പണിക്കരെയാണു പിന്നെ കണ്ടത്. 

‘സർജറി വൈകിക്കാനാവില്ല. കാഴ്ചയെ ബാധിച്ചിരിക്കയാണ്. കൂടുതൽ മോശമാകാൻ കാത്തു നിൽക്കരുത്.  അപസ്മാരം വരാം, കഠിനമായ തലവേദന വരാം.’ 

നിങ്ങൾ ഉറപ്പായും ഗൂഗിൾ ചെയ്തിട്ടുണ്ടാവുമല്ലോ എന്ന കളിയാക്കലോടെ   സർജറിയുടെ വിശദാംശങ്ങൾ ഡോ. അനൂപ്  ലളിതമായി വിശദീകരിച്ചു. ശോഭയും ഷാഹിനയും എല്ലാം കേട്ടു മനസ്സിലാക്കുന്നുണ്ടായിരുന്നു. 

കൂട്ടുകാരും കുടുബാംഗങ്ങളും പരസ്പരം വിവരങ്ങൾ കൈമാറി ആവശ്യമായ ഒരു കൂട്ടൽ നടത്തുന്നുണ്ടായിരുന്നു. കമൽ സാറും മഹേഷ് പഞ്ചുവും ഡബ്ല്യുസിസി കൂട്ടുകാരികളും. സിനിമാ മേഖലയിലെ പ്രിയപ്പെട്ടവരും കാളിനാടകസംഘവും ഒക്കെ വാക്കിലും പ്രവൃത്തിയിലും കൂടെ ഉണ്ടെന്ന് ഉറപ്പു വരുത്തി. 

മകൻ ആരോമൽ പഠിത്തത്തിൽനിന്ന് അവധിയെടുത്ത് പറഞ്ഞെത്തി. അവനെ കാണുമ്പോൾ നെഞ്ച് പിടച്ചു. അവനെ കണ്ണുനിറയെ എന്നും കാണാൻ കാഴ്ച തിരിച്ചുപിടിച്ചേ പറ്റൂ. ഞാനത് ഉറപ്പിച്ചു. ഡൽഹിയിൽ നിന്നു റൂബിനുമെത്തി.

മെമ്മറി ടെസ്റ്റാണ് എന്നെ അത്ഭുതപ്പെടുത്തിയത്. രാധ എന്നൊരു സ്ത്രീയുടെ ഒരു കൽപിത കഥ ഡോക്ടർ പറഞ്ഞുതരികയാണ്. ഞാനത് ഓർത്തുപറയണം. ഞാൻ തിരികെപ്പറഞ്ഞതു വേറൊരു കഥയാണ്. നായിക രാധ തന്നെയാണെങ്കിലും.

സംഭവങ്ങളെ നാടകീയമായി പുതിയൊരു കാഴ്ചയോടെ പറയുന്ന സ്വഭാവം ചെറുപ്പത്തിലേയുള്ളതാണ്. കുട്ടിക്കാലം അങ്ങനെയായിരുന്നു.

തീരെ ചെറുപ്പത്തിലേ അച്ഛൻ ജീവനുപേക്ഷിച്ച് പോയതാണ്. താമസം അമ്മയുടെ തറവാട്ടിലേക്കു മാറ്റി. വിഷമം കാരണം അമ്മയ്ക്കു പതിവായി അപസ്മാരം വരുമായിരുന്നു. ഞാൻ പെട്ടെന്നു തനിച്ചായിപ്പോയി. അക്കാലത്ത് ഏതാണ്ടെല്ലാ കുട്ടികളും അങ്ങനെയാവണം വളർന്നത്. കുട്ടികൾ താനേ വളരുകയാണു പതിവ്. എന്റെ എഴുത്തും ആലോചനകളുമെല്ലാം ആ കുട്ടിയെപോലെ വല്ലാതെ തനിച്ച് പ്രായംവച്ചതാണ്. കഥമെനച്ചിലും അങ്ങനെ വന്നതാണ്. മെമ്മറി ടെസ്റ്റിൽ ഞാൻ പറഞ്ഞ കഥകേട്ട് അവർ ചിരിച്ചു. ഓർമ മെനഞ്ഞെടുക്കുന്നതിൽ ഞാനത്ര ദുർബലയായിരുന്നു. നഷ്ടമായേക്കാവുന്ന ഓർമയെക്കുറിച്ചവർ പറഞ്ഞു. പക്ഷേ, പേടിക്കാൻ ഒന്നുമില്ലെന്ന് എന്നെ ധൈര്യപ്പെടുത്താനും മറന്നില്ല.

ഇതിനിടെ കെ.ആർ.നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ അഭിനയവിഭാഗത്തിൽ മേധാവിയായി ചേർന്നു. കയറ്റിറക്കങ്ങളുള്ള ക്യാംപസാണത്. മിക്കപ്പോഴും ഞാൻ തളർന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അമ്പാടിയോട് അസുഖവിവരം പറഞ്ഞു. ഉടൻ അവധിയെടുക്കെന്നായി അദ്ദേഹം. മെഡിക്കൽ ഡോക്ടർ കൂടിയായ അദ്ദേഹത്തിന് എന്റെ അവസ്ഥ മനസ്സിലായി. 

ഫെബ്രുവരി 13നു ശസ്ത്രക്രിയയ്ക്ക് തീയതി കുറിച്ചു. ഡോ. ദിലീപും സംഘവും തന്ന പിന്തുണ മറക്കാനാവില്ല. അവർ ആശുപത്രിദിനങ്ങളെ സ്നേഹവും സന്തോഷവുംകൊണ്ടു നിറച്ചു. ആ ആശുപത്രിയും പരിസരവും ഒട്ടും അസ്വസ്ഥപ്പെടുത്തുന്നതല്ല. 

നഴ്സുമാരോടു കെഞ്ചി ആസ്റ്റർ മെഡിസിറ്റി ക്യാംപസിലെ പാരഗൺ കൗണ്ടറിൽ മറ്റുള്ളവർക്കൊപ്പം ബിരിയാണി കഴിക്കാൻ ഞാനും കൂടി. ഞങ്ങൾ കോഴിക്കോട്ടുകാർക്കു ബിരിയാണി വിട്ടൊരു കളിയില്ല. സന്ദർഭത്തെ അതീവ തമാശയാക്കാൻ കൂട്ടുകാരൊക്കെ ശ്രമിച്ചുകൊണ്ടേയിരുന്നു. 

സർജറിയുടെ അന്നു രാവിലെ നാലിന് എഴുന്നേറ്റ് കുളിച്ചു. നഴ്സ് തന്ന വസ്ത്രങ്ങൾ ധരിച്ചു. കണ്ണാടിയിൽ നോക്കി മനസ്സിൽ പറഞ്ഞു. ഞാൻ തിരിച്ചു വരും. കൂടുതൽ കരുത്തോടെ, ധൈര്യത്തോടെ ജീവിക്കും. ശരിയെന്നു തോന്നുന്നത് ഉറക്കെ പറഞ്ഞും ചെയ്തും! 

അനിയത്തിയും കൂട്ടുകാരും റൂബിനും മോനും- എല്ലാവരുമുണ്ട്.  തിയറ്ററെത്തുവോളം ആരോമലിന്റെ വിരലുകൾ എന്നെ തൊട്ടിരുന്നു. ഒരു പരിചിത സീൻപോലെ തോന്നിച്ചു എനിക്ക് അപ്പോഴവിടം. 

തിയറ്ററിലേക്ക് കയറുമ്പോൾ മോന്റെ കണ്ണിലേക്ക് ഒന്നുകൂടി നോക്കി. അവനിൽ ഒളിച്ച് ആർത്ത കരച്ചിൽ എനിക്കു കാണാമായിരുന്നു. പാവം കുട്ടി! 

ഡോക്ടറുടെ ഒരു നേരമ്പോക്കും അതിനൊപ്പം ഉയർന്ന കൂട്ടച്ചിരിയുമേ കേട്ടുള്ളൂ, പിന്നൊരുറക്കത്തിലേക്ക്.  പത്തിലധികം മണിക്കൂറുകൾകൊണ്ട് തലച്ചോറിനിടയിലൂടെ ട്യൂമറിനെ ഡോക്ടർ പിഴുതെറിഞ്ഞു. മിക്കവാറും പൂർണമായി തന്നെ!

കണ്ണു പാതിതുറക്കുമ്പോൾ  അനിയത്തിയുടെ രൂപം മുന്നിലുണ്ട്. പിന്നെ കാണുന്നത് ഷാഹിനയെയാണ്. ഷാഹിന അതീവസുന്ദരിയായിരിക്കുന്നു.  .

എന്റെ ഓർമ നഷ്ടമായോയെന്ന ആശങ്കയിൽ ഉഴറിയാണ് അവളുടെ നിൽപ്. പിന്നത്തെ എന്റെ ചോദ്യം ഞങ്ങളുടെ സുഹൃദ്സദസ്സുകളിൽ ഇപ്പോഴും നിലയ്ക്കാത്ത ചിരി ഉതിർക്കുന്ന ഒന്നാണ്. ‘ഷാഹിന നീ, ബിരിയാണി കഴിച്ചോ?’ രണ്ടു നാൾ മുൻപത്തെ ബിരിയാണിയോർമ എന്നെ വിട്ടിരുന്നില്ലല്ലോ. ആ ചോദ്യം കേട്ടതും അവൾ  സന്തോഷത്തോടെ പുറത്തേക്ക് ഓടി.  

തൊട്ടടുത്ത ദിവസം തന്നെ ഞാൻ നടക്കാനും മറ്റും തുടങ്ങി.അമ്മയെ കാണണമെന്നായിരുന്നു എനിക്കപ്പോൾ. എന്റെ അസുഖമൊന്നും അമ്മ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ആശുപത്രി മുറിയുടെ ഇത്തിരി ജനലിലൂടെ വെണ്മയാർന്നൊരാകാശം എന്നെ തൊട്ടപോലെ. ആളുകൾക്കൊക്കെയും എന്തു ഭംഗി. എല്ലാവരും സുന്ദരൻമാരും സുന്ദരികളും. പൂക്കൾക്കു നിറങ്ങൾ വീണ്ടുകിട്ടിയിട്ടുമുണ്ട്. 

ഫ്ലാറ്റിലേക്കു തിരികെപ്പോവുകയാണ്.  ചെളിയടിഞ്ഞ കാറിന്റെ ചില്ലു തെളിഞ്ഞുതെളിഞ്ഞുവരുന്നതും കൊച്ചിയിലെ വൃക്ഷച്ഛായകളിലൂടെ വഴികൾ വളരുന്നതും ഞാനറിഞ്ഞു. 

സോണിയെന്ന സ്നേഹവതിയായ സഹായി. പിന്നെന്റെ കൂട്ടുകാർ, അവരൊക്കെയും മാറിമാറി കൂട്ടുനിന്നു.   വേഗത്തിൽ രോഗാവസ്ഥ പിന്നിട്ടു. ഒരുമാസത്തെ വിശ്രമ കാലം കഴിഞ്ഞ്ക്യാംപസിലേക്കു തിരിച്ചെത്തുമ്പോൾ ആദ്യമൊന്ന് അമ്പരന്നു. മുഖത്തിന്റെ ഒരുവശം തൊട്ടാൽ അറിയുന്നില്ല. വിശപ്പില്ല. ചെറിയ സംഘർഷങ്ങളിൽപോലും തലയ്ക്കുള്ളിൽ വേദനയോടെ വലിഞ്ഞു മുറുകുന്ന ഞരമ്പുകൾ. 

എങ്കിലും തളർന്നിരിക്കാൻ സമയമില്ലായിരുന്നു. സിനിമയും പഠനക്കളരികളുമൊക്കെയായി ഉണർവിലേക്കു നടന്നടുത്തു.   സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു കഥയിൽ, ഞാൻ കുട്ടികൾക്കു വേണ്ടിയുള്ള ടെലിഫിലിമിനായി തിരക്കഥയെഴുതി. ഫൗസിയ ഫാത്തിമയാണു സംവിധാനവും ക്യാമറയും ചെയ്തത്. 

എങ്കിലും മോശം ദിവസങ്ങൾ ഒഴിഞ്ഞു പോയിരുന്നില്ല. നിഴൽ പോലെയതു കൂടെ വന്നു. പ്രളയത്തിനു മുൻപേയുള്ള ആ മഴദിവസങ്ങൾ. ഞാൻ വേഗം കൊച്ചിയിലെത്തി. അമ്മയുടെ അടുത്തെത്തണമെന്നായിരുന്നു ആഗ്രഹം. സുഹൃത്തുക്കൾ യാത്ര വിലക്കി. പ്രളയമൊഴിയാൻ കാത്തിരുന്നു. നാലാംദിവസം നസ്റുദീനും ഗോപനും വണ്ടിയുമായെത്തി. കാറിന്റെ ഡോറിനൊപ്പം നിറഞ്ഞ വെള്ളത്തിലൂടെ യാത്ര ചെയ്ത് കോഴിക്കോട്ട് എത്തി. അപ്പോഴേക്കും പ്രളയജലം ഒഴിയാൻ കാക്കാതെ അമ്മ അവസാന മിടിപ്പുകൾ മാത്രം എനിക്കായി കാത്തുവച്ച് കടന്നുപോയി;  ചുവന്ന പതാക പുതച്ച്, മുല്ലപ്പൂക്കൾ അണിഞ്ഞ് അമ്മയുടെ യാത്ര.  

ജീവിതത്തിന്റെ നെടുമ്പാതയോരത്ത് ഇന്നു ഞാൻ തനിച്ചിരിക്കുമ്പോൾ ആ മുറിവുകളെല്ലാം മായുന്നു. രോഗത്തിന്റെ ദിനങ്ങൾ നൽകിയതു വല്ലാത്തൊരു ധീരതയാണ്. വിട്ടുവീഴ്ചകളില്ലാതെ മുന്നോട്ടൊഴുകാനുള്ള ധൈര്യം.  പ്രളയശേഷം ജീവിക്കലാണല്ലോ ജീവിതം!

(അവസാനിച്ചു)