യൂറി ഗഗാറിൻ യാത്രപോയ ബഹിരാകാശം സോവിയറ്റുകാരുടെ ഭാവിയായിരുന്നെങ്കിൽ, ഈ ഭൂഗർഭം അവരുടെ ചരിത്രമാണ്. ചുവപ്പു കുപ്പായത്തിൽ കറുപ്പ് ബെൽറ്റിട്ട മാർബിൾ കുടീരത്തിന്റെ തറനിരപ്പിൽ നിന്ന് താഴോട്ടാണ് പടവുകൾ. പഴയ സോവിയറ്റ് യൂണിയനും പുതിയ റഷ്യയുമായുള്ള പൊക്കിൾക്കൊടി ബന്ധമാണ് ഇരുട്ടു പിണഞ്ഞ ആ വഴി. ഓരോ തിരിവിലും, കുത്തിപ്പിടിച്ച തോക്കുകൾപോലെ പട്ടാളക്കാർ. താഴെ കാലം ഉറഞ്ഞു പോയ നടുത്തളം. അതിനു മധ്യത്തിൽ, ഉയർത്തിവച്ചൊരു ചില്ലുമഞ്ചം. നരച്ചു പോയ വെളിച്ചത്തിൽ കണ്ണുകളടച്ച്, കൈകൾ തുടയോടു ചേർത്ത്, കറുത്ത സ്യൂട്ടിൽ ഉറങ്ങുന്നു സോവിയറ്റ് യൂണിയന്റെ രാഷ്ട്രപിതാവ്, ലോക കമ്യൂണിസത്തിന്റെ പ്രായോഗിക ഗുരു വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ് എന്ന ലെനിൻ. 53 വർഷം മാത്രമാണ് ലെനിൻ ഭൂമിയിൽ ജീവിച്ചത്. പക്ഷേ, മരണശേഷം അദ്ദേഹത്തിന്റെ ശരീരം മോസ്കോയിൽ റെഡ് സ്ക്വയറിലെ മൗസോളിയത്തിൽ 94 വർഷമായി ഇങ്ങനെ വിശ്രമിക്കുന്നു– ലോകത്തോടുള്ള ഒറ്റയാൾ വിപ്ലവം പോലെ...
ഒറ്റയ്ക്കായ ലെനിൻ!
രാജ്യത്തലവൻ താമസിക്കുന്ന ക്രെംലിൻ കൊട്ടാരക്കെട്ടിനോടു ചേർന്ന് വലിയ ചുവന്നുള്ളി പോലെ ഗോപുരങ്ങളുള്ള സെന്റ് ബേസിൽസ് പള്ളിയും കസാൻ കത്തീഡ്രലും ചരിത്ര മ്യൂസിയവുമെല്ലാം നിറഞ്ഞ റെഡ് സ്ക്വയറാണ് മോസ്കോയുടെ ഹൃദയം. നഗരത്തിന്റെ ധമനികളും സിരകളുമെല്ലാം തുടങ്ങുന്നത് അവിടെ നിന്നാണ്. പലപല ചിത്രകാരൻമാർ വരച്ചതു പോലുള്ള സുന്ദരമായ കെട്ടിടങ്ങൾ. ഒരുമൂലയിൽ, കൊച്ചുകുട്ടികൾ അടുക്കിവച്ച കൽക്കെട്ടു പോലെ കിടക്കുന്നു ലെനിന്റെ കുടീരം. അതിലേക്കുള്ള വരി ക്രെംലിൻ മതിൽക്കെട്ടുകളുടെ ഒരുഭാഗത്തെ അളന്നു തീർക്കും. മിക്കതും വിദേശികൾ. കമ്യൂണിസത്തെ അതിന്റെ മാംസത്തോടെയും മജ്ജയോടെയും കാണാൻ കാത്തിരിക്കുന്നവർ. ലെനിൻ കുടീരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കെട്ടിടവളപ്പിൽ ലെനിനെ ചുറ്റിപ്പറ്റി മറ്റു കമ്യൂണിസ്റ്റ് നേതാക്കളുമുണ്ട്. ലെനിനു ശേഷം സോവിയറ്റ് യൂണിയന്റെ തലവൻമാരായ ജോസഫ് സ്റ്റാലിൻ, ലിയോനിഡ് ബ്രഷ്നേവ് തുടങ്ങിയവരുടെ ശവകുടീരങ്ങൾ. 1953ൽ സ്റ്റാലിൻ മരിച്ചപ്പോൾ മൃതദേഹം അതേപടി ലെനിനു സമീപം സൂക്ഷിച്ചിരുന്നു. എന്നാൽ 1961ൽ നികിത ക്രൂഷ്ചേവിന്റെ ഭരണകാലത്ത് മാറ്റി അടക്കം ചെയ്തു. അതോടെ കുടീരത്തിനുള്ളിൽ ലെനിൻ ഒറ്റയ്ക്കായി. കർശനമായ ചിട്ടകളോടെ വേണം ശരീരം കാണാൻ. ഫൊട്ടോയെടുക്കരുത്, കൈകൾ പോക്കറ്റിൽ തിരുകരുത്, പുരുഷൻമാർ തൊപ്പി ധരിക്കരുത് എന്നിങ്ങനെ...
കൊടും തണുപ്പിൽ 56 ദിവസം!
അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർഷം. അതിനിടെ ലെനിൻ എന്തെല്ലാം ചെയ്തു! 1917ലെ ബോൾഷെവിക് വിപ്ലവത്തിലൂടെ റഷ്യയെ അദ്ദേഹം ലോകത്തെ ആദ്യ തൊഴിലാളിപക്ഷ രാജ്യമാക്കി. ശേഷം മനുഷ്യരുടെ സാമൂഹികമായ വലുപ്പച്ചെറുപ്പങ്ങളെ വെട്ടിയൊതുക്കി എല്ലാവരെയും ഒരു പോലെയാക്കി. ലെനിൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങൾ അമരത്വം നേടിയിരുന്നു. മരിച്ചപ്പോൾ സോവിയറ്റ് കമ്യൂണിസ്റ്റ് നേതാക്കൾ യോഗം കൂടി അദ്ദേഹത്തിന്റെ ശരീരത്തിനും അതേ പദവി നൽകി; അതാണ് ലെനിൻ മൗസോളിയം. 1924 ജനുവരി 21നായിരുന്നു ലെനിന്റെ മരണം. അദ്ദേഹത്തിന്റെ ശരീരം എന്നന്നേക്കും സൂക്ഷിക്കുന്നതിനെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലെ സഹയാത്രികർ അന്നു ചിന്തിച്ചിരുന്നില്ല. എന്നാൽ താൽക്കാലികമായി എംബാം ചെയ്ത് പ്രദർശനത്തിനു വച്ച മൃതദേഹം കാണാനുള്ള ജനങ്ങളുടെ ഒഴുക്കു നിലച്ചില്ല. അതോടെ റെഡ് സ്ക്വയറിൽ മരം കൊണ്ടു നിർമിച്ച കുടീരത്തിലേക്ക് ലെനിനെ മാറ്റി.
ജനുവരിയിൽ കൊടും തണുപ്പായതിനാൽ ശരീരത്തിന് ഒന്നും സംഭവിച്ചില്ല. ഒടുവിൽ 56 ദിവസങ്ങൾക്കു ശേഷമാണ് ലെനിന്റെ ശരീരം കുറേക്കാലത്തേക്കു കൂടി സൂക്ഷിക്കാൻ തീരുമാനമാകുന്നത്. അതിനു മുൻപ് പാർട്ടി രണ്ടു സമിതികളെ ചുമതലപ്പെടുത്തിയെന്നാണ് കഥ. ഒന്ന് ലെനിനെ സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും മറ്റൊന്ന് അദ്ദേഹത്തിന്റെ ശരീരം എന്നന്നേക്കുമായി സൂക്ഷിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും. പാർട്ടിയിലെ പലരും ഒരേസമയം രണ്ടു സമിതിയിലും അംഗങ്ങളായി!
ലെനിൻ ലാബ്
ശരീരം ഇന്നു കാണുന്ന രീതിയിൽ എംബാം ചെയ്യാനായിരുന്നില്ല ആദ്യ തീരുമാനം. തണുത്തു മരവിപ്പിച്ച് സൂക്ഷിക്കാനായിരുന്നു. അതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ രണ്ടു ശാസ്ത്രജ്ഞർ– വ്ലാഡിമിർ വൊറോബ്യോവ്, ബോറിസ് സ്ബാർസ്കി എന്നിവർ രംഗത്തെത്തി. രാസവസ്തുക്കൾ ഉപയോഗിച്ച് എംബാം ചെയ്യാം എന്ന അവരുടെ നിർദേശം ഒട്ടേറെ ചർച്ചകൾക്കൊടുവിൽ സർക്കാർ അംഗീകരിച്ചു. ശാസ്ത്രവും കലയുമെല്ലാം ഉൾക്കൊള്ളുന്ന ലെനിൻ ലാബിന്റെ കഥ അവിടെ തുടങ്ങുന്നു. തൊലിയുടെ നിറം പോലും മങ്ങാതെ ശരീരം ദീർഘകാലം നിൽക്കാനുള്ള രാസക്കൂട്ട് കൃത്യമായ അളവിൽ കണ്ടെത്തുക എന്നതായിരുന്നു ആദ്യ ജോലി. അതിനു വേണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം അധ്വാനിച്ചു. ഒടുവിൽ 1924 ഓഗസ്റ്റ് ഒന്നിന് ഇന്നു കാണുന്ന രീതിയിലുള്ള മൗസോളിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അന്നു മുതൽ ഇന്നു വരെ വരെ ‘ലെനിൻ ലാബ്’ എന്നറിയപ്പെടുന്ന സംഘത്തിനാണ് ‘ലെനിനെ’ സംരക്ഷിക്കാനുള്ള ചുമതല. പൊതു പ്രദർശനമില്ലാത്ത ദിവസങ്ങളിലെല്ലാം ഈ സംഘം ലെനിനെ പരിശോധിക്കുന്നു.
ഒന്നര വർഷത്തിലൊരിക്കൽ ശരീരം ശുദ്ധീകരിക്കുന്നതിനും വീണ്ടും എംബാം ചെയ്യുന്നതിനും താഴെയുള്ള ഒരു ലബോറട്ടറിയിലേക്കു മാറ്റും. 1991ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് റഷ്യ രൂപീകൃതമായ സമയത്ത് ‘ലെനിൻ ലാബി’നുള്ള ഫണ്ട് വിതരണത്തിൽ തടസ്സം നേരിട്ടു. കമ്യൂണിസ്റ്റ് പാർട്ടി നേരിട്ടിറങ്ങി പിരിവു നടത്തിയാണ് ആ സമയത്ത് തുക കണ്ടെത്തിയത്. 2016ൽ ലെനിന്റെ ശരീരം സംരക്ഷിക്കാൻ ഒരു വർഷം ചെലവഴിക്കുന്ന തുക റഷ്യൻ സർക്കാർ പുറത്തു വിട്ടു–13 ദശലക്ഷം റൂബിൾ; ഏകദേശം ഒന്നരക്കോടി രൂപ!
തലയനക്കുന്ന ലെനിൻ
റഷ്യൻ ഡോക്ടറായിരുന്ന അലക്സാണ്ടർ ആബ്രികൊസോവാണ് 1924ൽ ലെനിന്റെ പോസ്റ്റ് മോർട്ടം നിർഹിച്ചത്. അപ്പോൾ തന്നെ ലെനിന്റെ ഹൃദയധമനികളെല്ലാം അദ്ദേഹം നീക്കം ചെയ്തിരുന്നു. ശരീരം എംബാം ചെയ്യണമെന്നറിഞ്ഞിരുന്നെങ്കിൽ അതു ചെയ്യേണ്ടിയിരുന്നില്ല എന്ന് വിദഗ്ധർ പറയുന്നു. കാരണം അതുവഴി രാസവസ്തുക്കൾ കടത്തിവിട്ടാൽ എംബാമിങ് എളുപ്പമായേനെ. ഇപ്പോഴും ശരീരത്തിലെ പേശികളും അസ്ഥികളും നിലനിർത്തിയിട്ടുണ്ടെങ്കിലും ആന്തരികാവയവങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ലെനിന്റെ തലച്ചോറിന്റെ ശേഷിപ്പുകൾ ഇപ്പോഴും റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ന്യൂറോളജി സെന്ററിലുണ്ട്. തൊലിയുടെ നിറം നിലനിർത്തുക, സന്ധികളുടെ ചലനം നഷ്ടപ്പെടാതിരിക്കുക എന്നതായിരുന്നു ലെനിൻ ലാബിനു മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി. അതു സാധിച്ചത് വലിയ ശാസ്ത്രനേട്ടം കൂടിയായി. വിദേശ ശാസ്ത്രജ്ഞർക്കു മുന്നിൽ അതു തെളിയിക്കാൻ സോവിയറ്റ് സർക്കാർ ലെനിന്റെ തല ചലിപ്പിച്ചു കാണിച്ചു കൊടുത്തിരുന്നത്രേ. എന്തായാലും സോവിയറ്റ് ശാസ്ത്രജ്ഞൻമാരുടെ നേട്ടത്തിന് വിദേശത്തു നിന്നും ആവശ്യക്കാരുണ്ടായി. വിയറ്റ്നാം രാഷ്ട്രപിതാവ് ഹോചിമിന്റെയും ഉത്തര കൊറിയൻ നേതാക്കളായ കിം ഇൽ സുങ്ങിന്റെയും കിം ജോങ് ഇലിന്റെയും ശരീരം എംബാം ചെയ്തതും ലെനിൻ ലാബ് ആണ്.
ലെനിനെ എന്തു ചെയ്യും?
ഒരേയൊരു തവണ മാത്രമാണ് ലെനിന്റെ ഭൗതികശരീരം മൗസോളിയത്തിൽ നിന്നു മാറ്റിയത്. 1941 ഒക്ടോബറിൽ മോസ്കോ ജർമൻകാർ പിടിച്ചടക്കുമെന്ന ഘട്ടം വന്നപ്പോൾ സൈബീരിയയിലെ ത്യുമെനിക്ക് മാറ്റി. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ലെനിന്റെ ശരീരം സംസ്കരിക്കണമെന്ന ആവശ്യം നാൾക്കുനാൾ ശക്തമായി വരികയാണ്. 2017ൽ ബോൾഷെവിക് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു സർവേയിൽ 56% റഷ്യക്കാർ ലെനിനെ സംസ്കരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ എവിടെ, എങ്ങനെ സംസ്കരിക്കണമെന്ന കാര്യത്തിലുൾപ്പെടെ വലിയ ആശയക്കുഴപ്പമാണ്. മൗസോളിയത്തിനു ചുറ്റും സ്റ്റാലിനുൾപ്പെടെയുള്ളവർക്കൊപ്പം വേണോ അതോ ലെനിന്റെ തന്നെ ആഗ്രഹപ്രകാരം സെന്റ് പീറ്റേഴ്സ്ബർഗിലെ വോൾക്കോവോ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തു വേണോ എന്നതാണ് ചോദ്യം.
ക്രിസ്ത്യൻ വിശ്വാസപ്രകാരം ലെനിനെ സംസ്കരിക്കണമെന്ന് ചിലർ പറയുമ്പോൾ പറ്റില്ലെന്ന് മറ്റു ചിലർ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആശീർവാദത്തോടെ മുൻ പ്രസിഡന്റ് ബോറിസ് യെൽസിൻ ലെനിനെ സംസ്കരിക്കാനുള്ള നീക്കം സജീവമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അങ്ങനെയൊരു ഉദ്ദേശ്യമില്ല. ലെനിനെയും ലെനിൻ മൗസോളിയത്തെയും വലിയ തോതിൽ മഹത്വവൽക്കരിക്കുന്നില്ലെങ്കിലും പുടിന് കാര്യമറിയാം. ലെനിന്റേത് വിപ്ലവ ശരീരമാണ്, തൊട്ടാൽ പൊള്ളും!