ആനക്കുളം, ആനക്കുളി!
Mail This Article
പുഴയോരത്തെ പുൽമൈതാനവും ചായപ്പീടികയുമൊക്കെയായി തനിനാടൻ അങ്ങാടിയാണ് ആനക്കുളം. പക്ഷേ, വൈകുന്നേരമായാൽ ആനക്കുളത്തിന്റെ നിറംമാറും. വഴിയോരങ്ങൾ വാഹനങ്ങൾകൊണ്ടു നിറയും.
പുൽമൈതാനത്തിനിക്കരെയുള്ള കലുങ്ക് ഗാലറിയിൽ വിദേശികൾ ഇടംപിടിക്കും. കാടിന് അതിരിടുന്ന പുഴയിൽനിന്നു വെള്ളംകുടിക്കാൻ കൂട്ടമായെത്തുന്ന കാട്ടാനകളെ അടുത്തുകാണാനാണ് ഈ കാത്തിരിപ്പ്.
കാടിനുള്ളിൽ മരത്തിന്റെ മറവിൽ നിൽക്കുന്ന ആനക്കൂട്ടത്തെ കണ്ടുമടുത്ത സഞ്ചാരികൾക്ക് കണ്ണുകുളിരുന്ന കാഴ്ചയേകും ആനക്കുളത്തെ സായാഹ്നങ്ങൾ. ഒപ്പം, ആനക്കുളം– കോഴിയാലക്കുടി റോഡിൽ 2 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ കാട്ടുചോലയിലെ വെള്ളം ഒഴുകിയെത്തുന്ന ചെക്ക് ഡാമിൽ കുളിയും പാസാക്കാം.
∙ ആനക്കുടിയന്മാർ
ഇടുക്കി – ദേവികുളം താലൂക്കിലെ മാങ്കുളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകി പെരിയാറിൽ എത്തുന്ന ഈറ്റച്ചോലയാറിലെ വെള്ളം കുടിക്കാനാണ് ഇവിടേക്ക് ആനക്കൂട്ടമെത്തുന്നത്.
വെറുതെ ദാഹം മാറ്റാനല്ല, പുഴയിലെ ഓരിൽനിന്നുള്ള വെള്ളം ധാതുക്കളടങ്ങിയതും ഉപ്പുരസമുള്ളതുമാണ്. ഇതു കുടിച്ച് മത്തുപിടിക്കാനാണത്രെ ആനകളെത്തുന്നത്. ദിവസവും 5 മുതൽ 70 ആനകൾ വരെ ഇവിടെ എത്താറുണ്ട്. വേനൽക്കാലത്താണ് കൂടുതൽ ‘കുടിയൻമാർ’ പുഴയിലെത്തുന്നത്. ചുരുക്കംചില ദിവസങ്ങളിലേ ആനക്കൂട്ടം കാടിറങ്ങാതെ കാണികളെ നിരാശരാക്കൂ.
കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽനിന്നാണ് ആനക്കുളത്തേക്ക് ആനകളെത്തുന്നത്. മുൻപു നാട്ടുകാർ ഈറ്റച്ചോലയാർ കടന്ന് വനത്തിലൂടെ ഒരു രാത്രി നടന്ന് മലയാറ്റൂർ അടിവാരത്തെത്തിയിരുന്നു. എന്നാൽ, ഈ യാത്രയ്ക്കു വനംവകുപ്പ് പിന്നീട് നിയന്ത്രണം ഏർപ്പെടുത്തി.
പുഴയോരത്തു വോളിബോൾ കളിക്കുന്ന നാട്ടുകാർ ആനക്കൂട്ടത്തിന്റെ വരവു കാണുന്നതോടെ കളി അവസാനിപ്പിച്ച് അവിടെനിന്നു മാറും. ആനകൾക്കു സ്വസ്ഥമായി വെള്ളം കുടിക്കാനുള്ള സാഹചര്യമൊരുക്കാനാണിത്.
സഞ്ചാരികൾ പുഴയോരത്തേക്കു പോയി ആനകളെ ശല്യപ്പെടുത്താതിരിക്കാനും അവർ ശ്രദ്ധിക്കും. ഈ കരുതലിനു പകരമായിട്ടാവണം, ഓരിലെ വെള്ളം കുടിച്ച് മത്തുപിടിക്കുന്ന ആനകൾ അർധരാത്രി അങ്ങാടിയിലേക്കു കയറിവരുമെങ്കിലും നാശനഷ്ടമുണ്ടാക്കാറില്ല.
യാത്ര
അടിമാലി– മൂന്നാർ റൂട്ടിലെ കല്ലാറിൽനിന്ന് ഇടത്തേക്കു തിരിഞ്ഞാണ് ആനക്കുളത്തേക്കു പോകുന്നത്.
അടിമാലി– കല്ലാർ: 14 കിലോമീറ്റർ
കല്ലാർ– മാങ്കുളം: 18 കിലോമീറ്റർ
മാങ്കുളം– ആനക്കുളം: 8 കിലോമീറ്റർ
∙ ചെറുവാഹനങ്ങൾ പോകുമെങ്കിലും മാങ്കുളം– ആനക്കുളം റോഡിലെ കുഴികളിലൂടെ വാഹനമോടിക്കാൻ മടിയുള്ളവർക്ക് മാങ്കുളത്തുനിന്ന് ജീപ്പിൽ പോകാം. 1500 രൂപയാണ് ഏകദേശ നിരക്ക്.
∙ ആനക്കുളത്തുനിന്ന് കോട്ടയം വഴി തിരുവല്ലയിലേക്ക് കെഎസ്ആർടിസി സർവീസുണ്ട്. പുലർച്ചെ 5.15ന് പുറപ്പെടും.
∙ എരുമേലിയിൽനിന്നും മാങ്കുളത്തേക്ക് കെഎസ്ആർടിസിയുണ്ട്. ഉച്ചയ്ക്ക് ഒന്നിനു മാങ്കുളത്തെത്തി 1.30ന് മടങ്ങും.
താമസം
ആനക്കുളത്തു ഹോം സ്റ്റേയുണ്ട്. മാങ്കുളം ജംക്‌ഷനിലും താമസസൗകര്യമുണ്ട്.