ചൈന എന്ന അനുഭവം
ചൈനീസ് വൻ നഗരമായ ഷാങ്ഹായിൽ ഇരിക്കുമ്പോൾ ഇങ്ങു കേരളത്തിലെ പാലാരിവട്ടത്തെക്കുറിച്ച് ഓർമ വന്നുവെങ്കിൽ അതു നാടിനോടുള്ള ഗൃഹാതുരമായ വികാരം കൊണ്ടായിരുന്നില്ല; മറിച്ച് അൽപം നാണക്കേടു തോന്നിയിട്ടാണ്. നഗരത്തിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ഞങ്ങളെത്തിയത് ഒരു പാലത്തിലാണ്. | China travel | Malayalam News | Manorama Online
ചൈനീസ് വൻ നഗരമായ ഷാങ്ഹായിൽ ഇരിക്കുമ്പോൾ ഇങ്ങു കേരളത്തിലെ പാലാരിവട്ടത്തെക്കുറിച്ച് ഓർമ വന്നുവെങ്കിൽ അതു നാടിനോടുള്ള ഗൃഹാതുരമായ വികാരം കൊണ്ടായിരുന്നില്ല; മറിച്ച് അൽപം നാണക്കേടു തോന്നിയിട്ടാണ്. നഗരത്തിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ഞങ്ങളെത്തിയത് ഒരു പാലത്തിലാണ്. | China travel | Malayalam News | Manorama Online
ചൈനീസ് വൻ നഗരമായ ഷാങ്ഹായിൽ ഇരിക്കുമ്പോൾ ഇങ്ങു കേരളത്തിലെ പാലാരിവട്ടത്തെക്കുറിച്ച് ഓർമ വന്നുവെങ്കിൽ അതു നാടിനോടുള്ള ഗൃഹാതുരമായ വികാരം കൊണ്ടായിരുന്നില്ല; മറിച്ച് അൽപം നാണക്കേടു തോന്നിയിട്ടാണ്. നഗരത്തിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ഞങ്ങളെത്തിയത് ഒരു പാലത്തിലാണ്. | China travel | Malayalam News | Manorama Online
ചൈനീസ് വൻ നഗരമായ ഷാങ്ഹായിൽ ഇരിക്കുമ്പോൾ ഇങ്ങു കേരളത്തിലെ പാലാരിവട്ടത്തെക്കുറിച്ച് ഓർമ വന്നുവെങ്കിൽ അതു നാടിനോടുള്ള ഗൃഹാതുരമായ വികാരം കൊണ്ടായിരുന്നില്ല; മറിച്ച് അൽപം നാണക്കേടു തോന്നിയിട്ടാണ്.
നഗരത്തിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ഞങ്ങളെത്തിയത് ഒരു പാലത്തിലാണ്. പാലാരിവട്ടം പാലം പോലെ ഈ പാലവും ഏതാണ്ടു മൂന്നുവർഷം കൊണ്ടാണ് പൂർത്തിയായത്.
‘ഈസ്റ്റ് സീ ബ്രിജ്’ എന്നുകൂടി അറിയപ്പെടുന്ന ദോങ്ഗായി പാലത്തിന്റേത് 32.5 കിലോമീറ്റർ! നിർമാണത്തിന്റെ മൂന്നാം വർഷം പാലാരിവട്ടം പാലം നിലംപൊത്തുന്ന അവസ്ഥയിൽ എത്തിയെങ്കിൽ ചൈനീസ് പാലത്തിനു വിദഗ്ധർ പ്രവചിക്കുന്ന ആയുസ്സ് 100 വർഷം! പാലം നിർമാണത്തിൽ ലോകത്തിലെ തന്നെ വിദഗ്ധരുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ‘എല്ലാ അളവുകോലുകളും കൃത്യമായത്’.
ആറുവരിപ്പാതയിൽ കൂടി യാത്ര ചെയ്യുന്നുവെന്ന തോന്നലേ പാലത്തിൽ കൂടിയുള്ള സഞ്ചാരം ഉളവാക്കൂ. കാരണം ദോങ്ഗായി കടക്കാൻ മാത്രം കാറിൽ മുക്കാൽ മണിക്കൂറോളം യാത്ര ചെയ്യണം. രണ്ടു ഭാഗത്തും അതിന്റെ എല്ലാ അഗാധതയും സൗന്ദര്യവും തുളുമ്പി സമുദ്രം!
യാത്ര ഒരു കടൽപ്പാലത്തിലൂടെയാണല്ലോയെന്ന് ഓർമിപ്പിക്കുന്നത് ഇരു ഭാഗത്തുമുള്ള സമുദ്രമാണ്. സമീപകാലം വരെ ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപാലമായിരുന്നു ദോങ്ഗായി. കഴിഞ്ഞ വർഷം ഹോങ്കോങ്– ഷുഹായ്– മക്കാവു പാലം (55 കിലോമീറ്റർ) തുറന്നു കൊടുത്തതോടെ ഇതു രണ്ടാമതായി.
സമുദ്രത്തിനു കുറുകെ 32 കിലോമീറ്റർ നീളത്തിൽ, 31.5 മീറ്റർ വീതിയിൽ ആറുവരിപ്പാതയായി മൂന്നുവർഷം കൊണ്ട് ഒരു പാലം പൂർത്തിയാകുക എന്നത് ഇന്ത്യൻ സാഹചര്യങ്ങളിൽ അചിന്ത്യം. ഷാങ്ഹായി തുറമുഖം വികസിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കടൽപാല നിർമാണത്തിനുള്ള തീരുമാനം.
2002 ജൂൺ 26നു തറക്കല്ലിട്ടു; 2005 ഡിസംബർ 10നു തുറന്നുകൊടുത്തു! ഹുലു എക്സ്പ്രസ് വേയുടെ ഭാഗമാണ് ഇപ്പോൾ ഈ അദ്ഭുതപ്പാലം. തേയ്മാനമോ ദ്രവിക്കലോ ഉണ്ടാകാത്ത രീതിയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നു ഷാങ്ഹായി പബ്ലിക് ഡിപ്ലോമസി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ആകാശനോട്ടത്തിൽ ‘എസ്’ എന്ന അക്ഷരത്തിന്റെ രൂപത്തിലാണു പാലം. രാത്രിയിൽ ദീപസംവിധാനം കൂടിയാകുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച.
പോർട്ട്, ഫുള്ളി ഓട്ടമേറ്റഡ്!
ദോങ്ഗായി ഒരു വിസ്മയമാണെങ്കിൽ അതിലൂടെ യാത്ര ചെയ്ത് എത്തിച്ചേരുന്ന യാങ്ഷാൻ എന്ന ഷാങ്ഹായി തുറമുഖം സാങ്കേതിക മികവിന്റെ കാര്യത്തിൽ അത്യദ്ഭുതമാണ്. കഴിഞ്ഞ ഒൻപതു വർഷമായി കാർഗോ നീക്കത്തിൽ ലോകത്ത് ഒന്നാമതാണ് ഈ തുറമുഖം.
പൂർണമായും യന്ത്രവൽകൃതമായ ലോകത്തിലെ ആദ്യത്തെ തുറമുഖവും ഇതു തന്നെ. ഏറ്റവും കൂടുതൽ ചരക്കു നീക്കം നടക്കുന്ന ഈ തുറമുഖത്ത് ജീവനക്കാർ ഇരുന്നൂറോളം മാത്രമെന്നു പറയുമ്പോൾ തന്നെ സവിശേഷത വ്യക്തമാകും. ഏത്ര ഭീമാകാരമായ കണ്ടെയ്നർ ഷിപ്പും ഈ തുറമുഖത്ത് അടുക്കും.
നാലു ഘട്ടങ്ങളിലായി നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്ത തുറമുഖം പൂർത്തിയായതു പത്തുവർഷം കൊണ്ടാണ്. 180 ഏക്കർ വരുന്ന രണ്ടാം ഘട്ടത്തിനു വേണ്ടി വന്നതു രണ്ടുവർഷം മാത്രം.
ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള, ഈ കമ്യൂണിസ്റ്റ് രാജ്യം തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചുള്ള യന്ത്രവൽകൃത തുറമുഖം നിർമിച്ചതിൽ ഊറ്റം കൊള്ളുന്നതിനെക്കുറിച്ച് സ്വാഭാവികമായും ചോദ്യം ഉയർന്നു. തുറമുഖത്തിന്റെ ഒരു ഭാഗത്തും തൊഴിലാളികളെ പ്രകടമായി ഞങ്ങൾ കണ്ടതുമില്ല. ‘‘ചൈനയ്ക്കും ഷാങ്ഹായിക്കും ഇതിനു കഴിയും എന്നു കാട്ടിക്കൊടുക്കുക സ്വാഭാവികമായും ഞങ്ങളുടെ ലക്ഷ്യമാണ്’’. തുറമുഖത്തിന്റെ വക്താവായ ദിൻ കോയൂ പറഞ്ഞു.
ചവിട്ടിക്കോളൂ, ഈ കണ്ണാടി പൊട്ടില്ല
കണ്ണാടിത്തറ, താഴെ അത്യഗാധതയിൽ നഗരം! ഒരേസമയം ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതാണ് ഷാങ്ഹായ് ഓറിയന്റൽ പേൾ ടവറിലെ അനുഭവം. 467 മീറ്ററിൽ ഈ ടവർ ഒരിക്കൽ ഷാങ്ഹായ്‌യിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇപ്പോഴും ഷാങ്ഹായിലെ ഏറ്റവും വലിയ കാഴ്ചവിരുന്നുകളിലൊന്ന് ഇതു തന്നെ.
ടവറിലെ ഒരു നിലയുടെ തറയാണ് ബലമേറിയ കണ്ണാടിയിൽ നിർമിച്ചിരിക്കുന്നത്. നമ്മുടെ സിമന്റ് തറയ്ക്കു പകരം കണ്ണാടിയെന്നു മാത്രം ചിന്തിക്കുക.
കണ്ണാടിയല്ലേ, ചവിട്ടിയാൽ എന്താകുമെന്ന ഭയം കാൽ പതിക്കുന്ന ഓരോരുത്തരെയും അൽപനേരമെങ്കിലും പൊതിയുമെന്ന് ആ മുഖങ്ങൾ വ്യക്തമാക്കും. എന്നാൽ അങ്ങനെയുള്ളവർ തന്നെയും, പ്രത്യേകിച്ചു യുവാക്കൾ അൽപം കഴിയുമ്പോൾ അവിടെ കുത്തിമറിയുന്നതും കാണാം. ഷാങ്ഹായിയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം ദൃശ്യരൂപത്തിൽ പുനരവതരിപ്പിക്കുന്ന മ്യൂസിയവും ടവറിന്റെ ആകർഷണങ്ങളിലൊന്നാണ്.
പൂരം പോലൊരു രാത്രികാഴ്ച
നഗരത്തെയാകെ ദീപസംവിധാനത്തിൽ അതിമനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നതാണ് ഷാങ്ഹായിയുടെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലൊന്ന്. പകൽ പ്രൗഢമായി ഉയർന്നു നിൽക്കുന്ന അംബരചുംബികളാകെ രാത്രിയാകുമ്പോൾ പല വിധത്തിലുള്ള നിറങ്ങളാൽ പ്രകാശമാനമാകും.
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള കരിമരുന്നു പ്രകടനം പോലെ ഒരു മഹാനഗരമാകെ വർണങ്ങൾ വാരിവിതറി നിൽക്കും. പേൾ നദിയിലെ രാത്രി ബോട്ട് സഞ്ചാരത്തിലൂടെ ഈ കാഴ്ചകളാകെ കണ്ണിൽ നിറയും.
ഇതല്ലേ, മരച്ചീനി സൂപ്പ്!
ചൈനീസ് റസ്റ്ററന്റുകളാൽ സമൃദ്ധമാണു നമ്മുടെ കേരളം. എന്നാൽ യഥാർഥ ചൈനീസ് രുചിയറിയാൻ ചൈനയിൽ തന്നെയെത്തണം എന്ന നിഗമനത്തിലെത്തിയാൽ തെറ്റില്ല. വിഭവ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്.
മാംസാഹാരത്തിനാണ് പ്രാമുഖ്യമെങ്കിലും സസ്യഭുക്കുകളെയും ചൈനീസ് നഗരങ്ങൾ കയ്യൊഴിയില്ല. കൂണും സോയയുമാണു പല ചൈനീസ് വെജിറ്റേറിയൻ വിഭവങ്ങളുടെയും അടിസ്ഥാനയിനം. വിഭവം കണ്ടാൽ മനസിലാകില്ലെന്നു മാത്രം.
ഒരു റസ്റ്ററന്റിലെത്തിയപ്പോൾ സൂപ്പ് മുന്നിലെത്തി. നല്ല വെളുത്ത നിറം. കഴിച്ചപ്പോൾ സസ്യാഹാരമാണെന്നു പൂർണമായും ഉറപ്പായി. എന്തു സൂപ്പാണ് എന്ന ചോദ്യത്തിന് ഷെഫ് തന്നെ അറിയാവുന്ന ഇംഗ്ലിഷ് ഭാഷയിൽ അദ്ദേഹം പറഞ്ഞൊപ്പിച്ചു: ‘ടപ്യോക്യാ സൂപ്പ്!..
അതെ, നമ്മുടെ മരച്ചീനി സൂപ്പ്. അറിഞ്ഞതോടെ കപ്പയുടെ രുചി നാവിൽ തൊട്ടു. ചൈനയുടെ ചില ഭാഗങ്ങളിൽ മരച്ചീനി കൃഷിയുണ്ട്.
ഹലോ, ബോളിവുഡ്!
ചൈന ഡെയ്‌ലി’ എന്ന പ്രമുഖ ഇംഗ്ലിഷ് പത്രത്തിന്റെ ഓഫിസിൽ കണ്ട മാസികകളിലൊന്നിന്റെ കവർ പെട്ടെന്നു കണ്ണിലുടക്കി. ബോളിവുഡ് താരം ആമിർ ഖാനാണു കവറിൽ. സൂപ്പർഹിറ്റ് ചിത്രമായ ‘ദംഗലിൽ’ നിന്നുള്ള ദൃശ്യം.
ഇന്ത്യൻ സിനിമകൾ ചൈനയിൽ തരംഗമായി മാറുന്നതിനെക്കുറിച്ചാണു മാസികയിലെ പ്രധാന വാർത്ത. 11 പേജുകൾ ഇതിനായി മാറ്റിവച്ചിരിക്കുന്നു. ചൈനയിൽ ഏറ്റവും ആരാധകരുള്ള ഇന്ത്യൻ നടൻ അമീർഖാനാണ്.
രാജ്കപൂറിന്റെ കാലം മുതൽ ഇന്ത്യൻ സിനിമകളും ഗാനങ്ങളും ചൈനീസ് ജനതയെ ആകർഷിക്കുന്നുണ്ട്.
ഏറ്റവും ഒടുവിൽ കണ്ട, തനിക്കേറെ ഇഷ്ടപ്പെട്ട ഇന്ത്യൻ സിനിമയെക്കുറിച്ചു പറഞ്ഞപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ലൂസിയുടെ മുഖം വിടർന്നു:
‘ബാ..ഹുബാ...ലി’.
നമ്മുടെ ബാഹുബലി തന്നെ!