ദേശീയ പതാകയുടെ സ്രഷ്ടാവ് ആര്? പിംഗാളി വെങ്കയ്യ എന്ന ആന്ധ്രക്കാരൻ ആണെന്നു സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശരിയാണത്. എന്നാൽ അദ്ദേഹത്തിനു മുൻപും ദേശീയ പതാക സൃഷ്ടിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിരുന്നു. | Indian National Flag | Manorama News

ദേശീയ പതാകയുടെ സ്രഷ്ടാവ് ആര്? പിംഗാളി വെങ്കയ്യ എന്ന ആന്ധ്രക്കാരൻ ആണെന്നു സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശരിയാണത്. എന്നാൽ അദ്ദേഹത്തിനു മുൻപും ദേശീയ പതാക സൃഷ്ടിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിരുന്നു. | Indian National Flag | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ പതാകയുടെ സ്രഷ്ടാവ് ആര്? പിംഗാളി വെങ്കയ്യ എന്ന ആന്ധ്രക്കാരൻ ആണെന്നു സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശരിയാണത്. എന്നാൽ അദ്ദേഹത്തിനു മുൻപും ദേശീയ പതാക സൃഷ്ടിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിരുന്നു. | Indian National Flag | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ പതാകയുടെ സ്രഷ്ടാവ് ആര്? പിംഗാളി വെങ്കയ്യ എന്ന ആന്ധ്രക്കാരൻ ആണെന്നു സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശരിയാണത്. എന്നാൽ അദ്ദേഹത്തിനു മുൻപും ദേശീയ പതാക സൃഷ്ടിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിരുന്നു.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽനിന്നു ഡൽഹിയിലെത്തി, മുഗൾ രാജാവ് ബഹദൂർഷാ സഫറിനെ നേതാവായി പ്രഖ്യാപിച്ച പട്ടാളക്കാർ ചെങ്കോട്ടയിൽ പച്ചയും സ്വർണനിറവും ചേർന്ന ഒരു പതാക ഉയർത്തിയതായി പറയപ്പെടുന്നു. ഡൽഹിയിൽ ബ്രിട്ടിഷുകാർക്കെതിരെ അവർ ആ കൊടിക്കീഴിൽ പൊരുതിയെങ്കിലും മറ്റിടങ്ങളിൽ ആ പതാക ഉയർത്തിയിരുന്നതായി രേഖകളില്ല. ഓരോ നാട്ടുരാജാവും അവരവരുടെ കൊടി ഉയർത്തിയാണ് പൊരുതിയത്. 

ADVERTISEMENT

ദേശീയ പ്രസ്ഥാനത്തിനു പൊതുവായ ഒരു കൊടി എന്ന ആശയം ലഹോറിൽ 1883ൽ ശിരീഷ് ചന്ദ്ര ബോസ് സംഘടിപ്പിച്ച ഇന്ത്യൻ നാഷനൽ സൊസൈറ്റിയിൽ ആയിരിക്കാമെന്നാണ് ഡോ. ഭൂപേന്ദ്ര ദത്ത് എന്ന ചരിത്രകാരൻ അഭിപ്രായപ്പെടുന്നത്. എന്നാൽ, അതല്ലാതെയും ഈ ആശയം ഉടലെടുത്തിരിക്കാമെന്നും അവയെക്കുറിച്ച് രേഖകളില്ലാത്തതാവാമെന്നും അഭിപ്രായമുണ്ട്.

1905ൽ സിസ്റ്റർ നിവേദിത രൂപകൽപന ചെയ്ത പതാക.

1885ൽ രൂപീകരിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിനു സ്വന്തമായ കൊടിയില്ലായിരുന്നു. 1905ൽ ബോധഗയ സന്ദർശിച്ചശേഷം സ്വാമി വിവേകാനന്ദന്റെ ശിഷ്യയും അയർലൻഡ്കാരിയുമായ സിസ്റ്റർ നിവേദിത ബുദ്ധമതക്കാരുടെ വജ്രചിഹ്നമുള്ള ഒരു കൊടി ഇന്ത്യയ്ക്കുവേണ്ടി തയാറാക്കി. വന്ദേമാതരം എന്ന് അതിൽ ആലേഖനം ചെയ്തിരുന്നു. ഇന്ദ്രന്റെ ആയുധം എന്ന നിലയിൽ ഹിന്ദുക്കൾക്കും അതു സ്വീകാര്യമാകുമെന്ന് അവർ കരുതി. അതിന്റെ മറ്റൊരു പതിപ്പ് 1906ലെ കോൺഗ്രസ് സമ്മേളനത്തിൽ (ഔദ്യോഗിക പതാകയായല്ലെങ്കിലും) പ്രദർശിപ്പിച്ചിരുന്നു.

1906ൽ ബംഗാൾ വിഭജനവിരുദ്ധ പ്രക്ഷോഭത്തിൽ ഉപയോഗിച്ച പതാക,

ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എന്നാൽ ത്രിവർണത്തിലുള്ള (പച്ച, മഞ്ഞ, ചുവപ്പ്) മറ്റൊരു പതാകയാണ് 1905ലെ ബംഗാൾ വിഭജനത്തിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് നേതാവ് സുരേന്ദ്രനാഥ് ബാനർജിയുടെ ശിഷ്യനായ ശചീന്ദ്ര പ്രസാദ് ബോസാണ് ഇതു ഡിസൈൻ ചെയ്തതെന്നാണു പറയപ്പെടുന്നത്. എട്ടു താമരപ്പൂക്കൾ (ബ്രിട്ടിഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകൾ), സൂര്യനും ചന്ദ്രനും വന്ദേമാതരവും അതിൽ ആലേഖനം ചെയ്തിരുന്നു. 1906ലെ ബംഗാൾ വിഭജനവിരുദ്ധ പ്രക്ഷോഭത്തിന്റെ ഔദ്യോഗികപതാകയായി ഇത് അംഗീകരിക്കപ്പെട്ടു. തുടർന്ന് 1906ലെ കോൺഗ്രസ് സമ്മേളനത്തിലും ഈ പതാക പറത്തി.

ഇന്ത്യൻ ജനതയുടെ പതാക എന്ന പേരിൽ ഇന്ത്യയ്ക്കു പുറത്ത് ഒരു കൊടി പ്രദർശിപ്പിച്ചത് മാഡം ബിക്കാജി കാമയാണ് – 1907ൽ ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ. മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന പച്ച, ബുദ്ധമതക്കാരുടെയും സിക്കുകാരുടെയും സുവർണകുങ്കുമം, ഹിന്ദുക്കളുടെ കേസരി എന്നിവയായിരുന്നു ഇതിലെ വർണങ്ങൾ. വന്ദേമാതരവും എട്ടു താമരകളും ആലേഖനം ചെയ്തിരുന്നു. പാരിസിൽ കഴിഞ്ഞിരുന്ന ഹേമചന്ദ്ര കാനുംഗോ എന്ന ഇന്ത്യൻ വിപ്ലവകാരിയാണ് കൊൽക്കത്തയിലെ പതാകയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഇതു ഡിസൈൻ ചെയ്തതെന്നു കരുതപ്പെടുന്നു. കാമ പിന്നീടു മറ്റു പതാകകളും നിർമിക്കുകയും അവയുമായി അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തി ഇന്ത്യൻ ദേശീയതയെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തു.

1907ൽ മാഡം ബിക്കാജി കാമ അവതരിപ്പിച്ച പതാക
ADVERTISEMENT

സ്റ്റട്ട്ഗാർട്ടിൽ കാമ ഉയർത്തിയ പതാക അവരുടെ സഹായി മാധവ റാവുവിന്റെ സഹായത്തോട ഇന്ദുലാൽ യാജ്ഞിക് എന്ന വിപ്ലവകാരി രഹസ്യമായി ഇന്ത്യയിലെത്തിച്ചു. കുറെക്കാലം രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ പതാക പിന്നീടു വിനായക് സവർക്കർ പുണെയിൽ പ്രദർശിപ്പിച്ചത് ഇന്നും പുണെയിലെ കേസരി മറാഠ ട്രസ്റ്റിന്റെ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്കയിലെ സിഖുകാർ രൂപീകരിച്ച ഘദർ പാർട്ടി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പതാകയായി സ്വീകരിച്ചതു പച്ചയും മഞ്ഞയും ചുവപ്പും അടങ്ങിയ ഒരു പതാകയായിരുന്നു. 

1916ൽ ബാല ഗംഗാധർ തിലകും ആനി ബസന്റും മറ്റും ചേർന്നു ഹോം റൂൾ ലീഗ് രൂപീകരിച്ചപ്പോൾ ചുവന്ന അ‍ഞ്ചു വരകളും നാലു പച്ചവരകളും ഏഴു നക്ഷത്രങ്ങളും അടങ്ങിയ ഒരു പതാക സ്വീകരിച്ചു. അതിന്റെ ഒരു മൂലയിൽ ബ്രിട്ടിഷ് പതാകയായ യൂണിയൻ ജാക്കും മറ്റൊരു മൂലയിൽ മുസ്‌ലിംകളെ പ്രതിനിധീകരിക്കാൻ ചന്ദ്രതാരയും ആലേഖനം ചെയ്തിരുന്നു. 1917–18 കാലത്ത് ഈ പതാക പലയിടത്തും കണ്ടതായി രേഖകളുണ്ട്.

ഈ കാലത്ത് എന്നോ ആണ് ദേശീയപ്രസ്ഥാനത്തിന് ഒരു പൊതുവായ പതാക വേണമെന്നു പറഞ്ഞ് ആന്ധ്രയിലെ മസൂലിപട്ടണം സ്വദേശിയായ പിംഗാളി വെങ്കയ്യ ഗാന്ധിജിയെ സമീപിച്ചത്. അതെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതുകയും ചെയ്തു. എന്നാൽ രണ്ടു കാരണങ്ങളാൽ അന്നു ദൗത്യം വിജയിച്ചില്ല. ഒന്ന്, വെങ്കയ്യയുടെ ഡിസൈൻ ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടില്ല. രണ്ട്, ദേശീയപ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായി അന്നു ഗാന്ധിജി ഉയർന്നിരുന്നില്ല. 1920ൽ തിലകിന്റെ മരണത്തോടെയാണ് ഗാന്ധിജി ആ സ്ഥാനത്തെത്തുന്നത്.

1921ൽ പിംഗാളി വെങ്കയ്യ ഡിസൈൻ ചെയ്ത പതാക.
ADVERTISEMENT

ദേശീയ പ്രസ്ഥാനത്തിനു പൊതുവായ പതാക വേണമെന്നും പ്രസ്ഥാനത്തിൽ ഗാന്ധിജി ഊന്നൽ നൽകുന്ന സ്വയം പര്യാപ്തതയുടെ പ്രതീകമായ ചർക്ക അതിൽ വേണമെന്നും ഗാന്ധിജിയോടു നിർദേശിച്ചത് ജലന്തറിലെ ലാലാ ഹംസ്‍രാജ് സോന്ധിയാണ്. ആശയം ഗാന്ധിജിക്ക് ഇഷ്ടമായി. 1921ൽ കോൺഗ്രസ് സമ്മേളനത്തിനെത്തിയപ്പോൾ അദ്ദേഹം പഴയ വെങ്കയ്യയെ വിളിപ്പിച്ചു, ചർക്ക ആലേഖനം ചെയ്ത ചുവപ്പും പച്ചയും കലർന്ന ഒരു പതാക ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിനുള്ളിൽ വെങ്കയ്യ അതു തയാറാക്കിയെങ്കിലും അപ്പോഴേക്കും സമ്മേളനം സമാപിച്ചിരുന്നതിനാൽ ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടില്ല.

അതൊരു ഉർവ്വശീശാപമായി. രണ്ടു വർ‌ണങ്ങൾ പോരെന്നും സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായ വെളുപ്പു കൂടി വേണമെന്നും അതിനു ശേഷമാണ് ഗാന്ധിജിക്കു തോന്നിയത്. വീണ്ടും വെങ്കയ്യയെ അദ്ദേഹം വിളിപ്പിച്ച് വെളുപ്പു കൂടി ചേർക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ മുകളിൽ വെള്ളയും നടുവിൽ പച്ചയും താഴെ ചുവപ്പും മൂന്നു ഭാഗങ്ങളെയും തൊട്ടുകൊണ്ടു ചർക്കയുമായി വെങ്കയ്യ തയാറാക്കിയതാണ് ദേശീയ പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും ആദ്യത്തെ പൊതുവായ പതാകയായി കണക്കാക്കപ്പെടുന്നത്. 1921ലെ കോൺഗ്രസ് സമ്മേളനത്തിൽ ഈ പതാക ഉയർത്തി. 

തുടർന്നു രാജ്യമൊട്ടാക പലയിടങ്ങളിലും – പ്രത്യേകിച്ച് കോൺഗ്രസ് ഓഫിസുകൾക്കു മുകളിൽ – ഈ പതാക ഉയർന്നു. ചിലയിടങ്ങളിൽ ബ്രിട്ടിഷ് ഓഫിസർമാർ ഇതു മാറ്റാനാവശ്യപ്പെടുകയും അതു സംബന്ധിച്ചു പ്രശ്നങ്ങളുയരുകയും ചെയ്തു. 

എന്നാൽ പതാക നിരോധിക്കാൻ നിയമമില്ലാതിരുന്നതിനാലും, പതാക പ്രദർശനം നിയമാനുസൃതമായ അഭിപ്രായ സ്വാതന്ത്ര്യത്തിൽ അനുവദനീയമാണെന്ന വാദമുയരുകയും ചെയ്തതോടെ അവർക്കു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞുമില്ല. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ മാത്രമേ പതാകപ്രദർശനം നിയന്ത്രിക്കാൻ അവർക്കു കഴിഞ്ഞുള്ളൂ. യൂണിയൻ ജാക്കിനോടൊപ്പം പ്രദർശിപ്പിക്കുന്നതു തടഞ്ഞുവെങ്കിലും. 

1922ൽ ജബൽപുർ മുനിസിപ്പാലിറ്റി ഭരിച്ചിരുന്ന കോൺഗ്രസുകാർ ടൗൺ ഹാളിനു മുകളിൽ ഈ പതാക ഉയർത്തിയപ്പോൾ ഭരണകൂടം എതിർത്തു. അതിനിടിൽ യങ് ഇന്ത്യയിൽ രാജ്യദ്രോഹപരമായ ലേഖനമെഴുതിയെന്ന കുറ്റം ചുമത്തി ഗാന്ധിജിയെ ജയിലിലടച്ചതു ജനങ്ങളെ രോഷാകുലരാക്കി. രണ്ടും കൂടി വന്നതോടെ ഗാന്ധിജി പ്രഖ്യാപിച്ച നിയമലംഘന  പ്രസ്ഥാനം ഫലത്തിൽ ഒരു പതാകപ്രദർശന പ്രസ്ഥാനമായി മാറി. രാജ്യമൊട്ടാകെ ത്രിവർണ പതാകയുമായി ജനങ്ങൾ പ്രതിഷേധമാരംഭിച്ചു. 1922–23ലെ സമരങ്ങളെ പതാക വിപ്ലവമെന്നു വരെ ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നുണ്ട്. 1927–28 കാലത്ത് സൈമൺ കമ്മിഷനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളിൽ ഈ പതാക വിപുലമായി കാണപ്പെട്ടു. പൂർണസ്വരാജ് ആവശ്യപ്പെട്ട 1929ലെ ലഹോർ കോൺഗസിൽ ഈ പതാക ഉയർത്തിക്കൊണ്ട് ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് പൂർണസ്വരാജ് ആവശ്യം ഉയർത്തി. പതാകയെ ഇതോടെ സ്വരാജ് പതാകയെന്നു വിളിച്ചു തുടങ്ങി. 

ഇതിനിടയിൽ പതാകയുടെ ഡിസൈനിൽ പലരും മാറ്റം ആവശ്യപ്പെട്ടു തുടങ്ങി. ഹിന്ദു സന്യാസികളുടെയും മറ്റും നിറമായ കാവി ചേർക്കാൻ ക്രിസ്തീയ പുരോഹിതൻ കൂടിയായ സി.എഫ്. ആൻഡ്രൂസ് ആവശ്യപ്പെട്ടു. തങ്ങളുടെ വർണമായ സ്വർണനിറം കൂടി വേണമെന്നു സിഖുകാരും. ഇതെല്ലാം പരിശോധിക്കാൻ പട്ടാഭി സീതാരാമയ്യ കൺവീനറായും നെഹ്റു, സർദാർ പട്ടേൽ, മൗലാനാ ആസാദ് തുടങ്ങിയവർ അംഗങ്ങളായും ഒരു പതാക കമ്മിറ്റി രൂപീകരിച്ചു. 

പട്ടേലിന്റെ താൽപര്യപ്രകാരം കേസരി നിറത്തിലുള്ള ഏകവർണ ശീലയിൽ ചർക്ക ആലേഖനം ചെയ്തു കൊണ്ടുള്ള പതാകയാണ് സമിതി നിർദേശിച്ചത്. നെഹ്റുവിന് ഇതിഷ്ടമായില്ല. പഴയ പതാകയിൽ ചെറിയ മാറ്റം വരുത്തിയാൽ മതിയെന്നായിരുന്നു നെഹ്റുവിന്റെ അഭിപ്രായം. കോൺഗ്രസ് പ്രവർത്തകസമിതിയിൽ വിഷയം എത്തിയപ്പോൾ സമിതിയുടെ നിർദേശം ഭൂരിപക്ഷത്തിനു സ്വീകാര്യമായില്ല. നെഹ്റുവിന്റെ നിർദേശത്തിനാണു ഭൂരിപക്ഷ പിന്തുണ ലഭിച്ചത്.

ഒരു ദശകത്തിലധികമായി ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകർന്ന പതാക തുടരണമെന്നായി ഭൂരിപക്ഷം. അങ്ങനെ കേസരിയും വെളുപ്പും പച്ചയും നീലനിറത്തിലുള്ള ചർക്കയുമുള്ള പതാക ദേശീയപതാകയായി കോൺഗ്രസ് സമ്മേളനം പ്രഖ്യാപിച്ചു. യഥാർഥത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനും ഔദ്യോഗികമായി ഒരു പതാക ഉണ്ടാകുന്നത് അതോടെയാണ്. 1931 ഓഗസ്റ്റ് 30 പതാകദിനമായി ആചരിക്കാനും തീരുമാനമായി. പിന്നീടു നടന്ന എല്ലാ ദേശീയ പ്രസ്ഥാന ചടങ്ങുകളിലും സമ്മേളനങ്ങളിലും സമരങ്ങളിലും ഈ പതാക പാറിക്കളിച്ചു.

1931ൽ കോൺഗ്രസ് സമ്മേളനം അംഗീകരിച്ച പതാക.

1942ൽ ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചതോടെ ദേശീയ നേതാക്കളെല്ലാം അറസ്റ്റിലായി. എന്നാൽ ഓഗസ്റ്റ് 9ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്തു ജനങ്ങൾ കൂടിച്ചേർന്നപ്പോൾ അരുണാ അസഫ് അലി എന്ന യുവതി ത്രിവർണപതാക ഉയർത്തി. ഭരണകൂടം സമ്മേളനം നിരോധിച്ച് ലാത്തിച്ചാർജ് നടത്തി. അതോടെ ത്രിവർണ പതാക ഉയർത്തുന്നതു നിയമലംഘനമായി പ്രഖ്യാപിച്ചു. നിയമം ലംഘിക്കാൻ മാത്രമായി പോലും സമരക്കാർ പതാക പ്രദർശിപ്പിക്കാനും തുടങ്ങി. 

ഇതിനിടയിൽ ലോകയുദ്ധത്തിൽ ജപ്പാൻ സൈന്യത്തോടൊപ്പം ബ്രിട്ടിഷ് സൈന്യത്തിനെതിരെ കിഴക്കുനിന്നു പൊരുതി എത്തിയ ഇന്ത്യൻ നാഷനൽ ആർമി നേതാവ് സുഭാഷ് ചന്ദ്രബോസ് ആൻഡമാൻ ദ്വീപുകൾ മോചിപ്പിച്ച് ഉയർത്തിയതും ഇതേ ത്രിവർണ പതാകയായിരുന്നു.  

ജയിച്ചെങ്കിലും യുദ്ധത്തിൽ സാമ്പത്തികമായി തകർന്ന ബ്രിട്ടൻ ഇന്ത്യ വിടാൻ തീരുമാനിച്ചു. തുടർന്നു രൂപീകൃതമായ ഭരണഘടനാ നിർമാണസഭ 1947 ജൂൺ 23ന് സ്വതന്ത്ര ഇന്ത്യയുടെ പതാകയെക്കുറിച്ചു പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. ചെറിയ മാറ്റം വരുത്തിക്കൊണ്ടു ത്രിവർണ പതാക തന്നെ സ്വീകരിക്കാനാണ് സമിതി നിർദേശിച്ചത്. ചർക്കയ്ക്കു പകരം അശോക ചക്രവർത്തിയുടെ ധർമചക്രം സ്വീകരിച്ചതായിരുന്നു പ്രധാന മാറ്റം. ഇതു സംബന്ധിച്ച പ്രമേയം 1947 ജൂലൈ 22നു നെഹ്റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ചു.

1947 ഓഗസ്റ്റ് 14 രാത്രി അസംബ്ലി സമ്മേളിച്ച് ഇന്ത്യയുടെ ഭരണം വൈസ്രോയിൽ നിന്ന് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ പതാക ഉയർത്തിയില്ല. പതാക രാത്രിയിൽ ഉയർത്തരുതെന്ന ബ്രിട്ടന്റെയും ഇന്ത്യയുടെയും കീഴ്‍വഴക്കമനുസരിച്ചായിരുന്നു അത്. പകരം ഇന്ത്യയിലെ വനിതകളുടെ ഉപഹാരമായി ഹൻസ മേത്ത പതാക അസംബ്ലിയിൽ സമർപ്പിക്കുകയാണ് ചെയ്തത്. 

അസംബ്ലി അധ്യക്ഷൻ രാജേന്ദ്രപ്രസാദ് അത് അംഗങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. പിറ്റേന്നു രാവിലെ 8.30നു ഗവൺമെന്റ് ഹൗസിൽ (ഇന്നത്തെ രാഷ്ട്രപതി ഭവനിൽ) ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ പുതിയ മന്ത്രിസഭയ്ക്കു സത്യപ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തപ്പോൾ പതാക പ്രദർശിപ്പിച്ചിരുന്നു. 

തുടർന്നു മൗണ്ട് ബാറ്റൻ അസംബ്ലി മന്ദിരത്തിലെത്തി (ഇന്നത്തെ പാർലമെന്റ് മന്ദിരം) അംഗങ്ങളെ അഭിസംബോധന ചെയ്ത ശേഷം ആചാര വെടിയോടെ ത്രിവർണപതാക അസംബ്ലി മന്ദിരത്തിനു മുകളിൽ ഉയർത്താൻ ഔപചാരിക അനുവാദം നൽകി. സ്വതന്ത്ര ഇന്ത്യയുടെ പതാക ജനങ്ങൾക്കു മുൻപിൽ ഔദ്യോഗികമായി ആദ്യം പ്രദർശിപ്പിക്കുന്നത് അതോടെയാണ്. 

അന്ന് ഉച്ചകഴിഞ്ഞായിരുന്നു യഥാർഥത്തിൽ പൊതുജനമധ്യത്തിലുള്ള പതാക ഉയർത്തൽ. രാജ്പഥിലെ ഇന്ത്യാ ഗേറ്റിനടുത്തു തടിച്ചുകൂടിയ ആയിരക്കണക്കിനു ജനങ്ങൾക്കിടയിൽ നിന്നുകൊണ്ടു മൗണ്ട് ബാറ്റൻ പതാക ഉയർത്തിയ നിമിഷം ഒരു ചാറ്റൽമഴ പെയ്തു. മഴ കഴിഞ്ഞതും അദ്ഭുതമെന്നോണം രാജ്പഥിനു മുകളിൽ ഒരു മഴവില്ല് പ്രത്യക്ഷപ്പെട്ടതു ത്രിവർണത്തിലായിരുന്നുവെന്നു മൗണ്ട് ബാറ്റൻ പോലും ലണ്ടനിലേക്കുള്ള തന്റെ റിപ്പോർ‍ട്ടിൽ രേഖപ്പെടുത്തി.

പിറ്റേന്ന്, അതായത് ഓഗസ്റ്റ് 16ന് ആണ് ആദ്യമായി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തത്. 1948 മുതലാണ് ഈ ചടങ്ങ് ഓഗസ്റ്റ് പതിനഞ്ചിലേക്കു മാറ്റിയത്.

പതാക സംബന്ധിച്ച ഒരു പ്രശ്നമാണ് യഥാർഥത്തിൽ സ്വാതന്ത്ര്യം അർധരാത്രിയിലായതിന് ഒരു കാരണമായത്. പകൽ ആയിരുന്നെങ്കിൽ ആ സമയത്തു യൂണിയൻ ജാക്ക് അഴിച്ചെടുക്കുകയും അവിടെ ത്രിവർണപതാക ഉയർത്തുകയും ചെയ്യുന്ന, തനിക്കു വേദനാജനകമായ, കാഴ്ച ഒഴിവാക്കണമെന്നു മൗണ്ട് ബാറ്റൻ ദേശീയ നേതാക്കളോട് അഭ്യർഥിച്ചതു മാനിച്ചാണത്രേ അർധരാത്രി സമയം തിരഞ്ഞെടുത്തത്. 

1950ലെ ജനുവരി 26 റിപ്പബ്ലിക് ദിനമായതിനു പിന്നിലും പതാകയ്ക്കു ചെറിയൊരു ബന്ധമുണ്ട്. 1929ലെ ലഹോർ കോൺഗ്രസിൽ ത്രിവർണപതാക  ഉയർത്തിയാണ് പൂർണസ്വരാജ് എന്ന ആവശ്യം ആദ്യമായി ഉയർത്തിയത് എന്നു പറഞ്ഞുവല്ലോ. 1930 ജനുവരി 26 എന്ന ദിവസമാണ് ആ ചടങ്ങിൽ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചിരുന്നത്. അതിന്റെ ഓർമയ്ക്കായാണ് പിന്നീട് കോൺസ്റ്റിറ്റുവന്റ് അസംബ്ലി 1950 ജനുവരി 26 റിപ്പബ്ലിക്ദിനമായി തിരഞ്ഞെടുത്തത്.

English Summary: Indian National Flag