ബെയ്ലിയെ കണ്ടെത്തൽ
അറുപതോളം താമസക്കാർ മാത്രമുള്ള ഒരു കൊച്ചുഗ്രാമം – ഷൈന്റൻ (sheinton). ലണ്ടനിൽനിന്നു മൂന്നു മണിക്കൂറോളം യാത്രയുണ്ട്; ബർമിങ്ങാമിൽ നിന്നാണെങ്കിൽ ഒരു മണിക്കൂർ. കേരളത്തിലായിരുന്നെങ്കിൽ ഈ ഗ്രാമത്തെ ഓണംകേറാ മൂലയെന്നു വിളിച്ചേനെ...Benjamin Bailey, Sunday, Malayalam News ,Manorama Online
അറുപതോളം താമസക്കാർ മാത്രമുള്ള ഒരു കൊച്ചുഗ്രാമം – ഷൈന്റൻ (sheinton). ലണ്ടനിൽനിന്നു മൂന്നു മണിക്കൂറോളം യാത്രയുണ്ട്; ബർമിങ്ങാമിൽ നിന്നാണെങ്കിൽ ഒരു മണിക്കൂർ. കേരളത്തിലായിരുന്നെങ്കിൽ ഈ ഗ്രാമത്തെ ഓണംകേറാ മൂലയെന്നു വിളിച്ചേനെ...Benjamin Bailey, Sunday, Malayalam News ,Manorama Online
അറുപതോളം താമസക്കാർ മാത്രമുള്ള ഒരു കൊച്ചുഗ്രാമം – ഷൈന്റൻ (sheinton). ലണ്ടനിൽനിന്നു മൂന്നു മണിക്കൂറോളം യാത്രയുണ്ട്; ബർമിങ്ങാമിൽ നിന്നാണെങ്കിൽ ഒരു മണിക്കൂർ. കേരളത്തിലായിരുന്നെങ്കിൽ ഈ ഗ്രാമത്തെ ഓണംകേറാ മൂലയെന്നു വിളിച്ചേനെ...Benjamin Bailey, Sunday, Malayalam News ,Manorama Online
മലയാള അച്ചടിക്ക് അടിത്തറയിട്ടയാളുടെ അച്ചടിക്കപ്പെടാത്ത ജീവിതം: ബെഞ്ചമിൻ ബെയ്‌ലിയുടെ ജീവിതസായാഹ്നം, സ്മൃതികുടീരം...
അറുപതോളം താമസക്കാർ മാത്രമുള്ള ഒരു കൊച്ചുഗ്രാമം – ഷൈന്റൻ (sheinton). ലണ്ടനിൽനിന്നു മൂന്നു മണിക്കൂറോളം യാത്രയുണ്ട്; ബർമിങ്ങാമിൽ നിന്നാണെങ്കിൽ ഒരു മണിക്കൂർ. കേരളത്തിലായിരുന്നെങ്കിൽ ഈ ഗ്രാമത്തെ ഓണംകേറാ മൂലയെന്നു വിളിച്ചേനെ.
ഷൈന്റനിലെ താമസക്കാരിലേറെയും ജോലിയിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവർ. അവിടെ സുന്ദരമായ ഒരു കുന്നിൻമുകളിലാണ് 12–ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ആംഗ്ലിക്കൻ പള്ളി. മുറ്റത്തിരുന്ന് ഒരു വയോധികൻ പുല്ലു ചെത്തുന്നു, പേര് ഇയൻ. ചെന്ന കാര്യം പറഞ്ഞു കൈകൊടുത്തു.
പള്ളിയുടെ ചുറ്റിലുമായി കുറെ സ്മാരകശിലകൾ ചിതറിക്കിടപ്പുണ്ട്. ‘ദേ നോക്ക് എലിസബത്ത്’ ഇയൻ കൈചൂണ്ടി. രണ്ടു ശവകുടീരങ്ങൾ. ഒന്നിൽ എലിസബത്ത് എന്നു വായിക്കാം. അടുത്തതിൽ, പഴകിയ കാലം പൂപ്പലായി പറ്റിപ്പിടിച്ച് എഴുത്തിനെ പൂർണമായും മറച്ചിരിക്കുന്നു. ഇയൻ കൊണ്ടുവന്ന ബ്രഷ് ഉപയോഗിച്ച് ഉരച്ചുനോക്കി. ‘എലിസബത്തിനു’ ചുവട്ടിലായി, ‘ബെഞ്ചമിൻ ബെയ്‌ലിയുടെ ഭാര്യ എലിസബത്ത് ഇവിടെ വിശ്രമിക്കുന്നു’ എന്ന ലിഖിതം തെളിഞ്ഞുവന്നു! അടുത്ത കുടീരത്തിൽ ബ്രഷ് അതിവേഗം ചലിച്ചു. കുറച്ചു സമയത്തിനു ശേഷം ‘വർത്തമാനം’ ‘ചരിത്രത്തെ’ ചുരണ്ടിയെടുക്കുക തന്നെ ചെയ്തു:
In memory of The Rev. BENJAMIN BAILEY Thirty four years a Missonary of the Church Missonary Society in Travancore South India. And fourteen years of Rector of this Parish. He fell asleep in Jesus April 3rd - 1871. 80 years.
തേടിയലഞ്ഞ നിധി കണ്ടെത്തിയ സന്തോഷമായിരുന്നു സി.ജെ.സിബുവിന്...
സാക്ഷരകേരളവും മലയാളവും ഓർമപ്പുസ്തകത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഹൃദയാക്ഷരങ്ങളാൽ കോറിയിടേണ്ട പേരാണിത് – റവ. ബെഞ്ചമിൻ ബെയ്‌ലി. 1816 നവംബർ 16ന് കേരളത്തിലെത്തിയ ആ സിഎംഎസ് മിഷനറി, നമ്മുടെ നാടിനും ഭാഷയ്ക്കും നൽകിയ സംഭാവനകൾ പറഞ്ഞും എഴുതിയും തീർക്കാവുന്നതല്ല.
മലയാളം അച്ചടിക്ക് അടിത്തറയിട്ടത്, അക്ഷരങ്ങൾക്ക് ഉരുണ്ടു വലുപ്പം കുറഞ്ഞ ഭംഗിയുള്ള രൂപം നൽകിയത്, ലക്ഷണമൊത്ത നിഘണ്ടു തയാറാക്കിയത്, ഇംഗ്ലിഷ് അധ്യാപനത്തിന് ആധുനികതയുടെ മുഖം നൽകിയത്, അങ്ങനങ്ങനെ... 1850 മാർച്ച് 13ന് ബെയ്‌ലി ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോയി. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് ഏറെയൊന്നും അറിയില്ല. നാം അറിയാതെയും അടയാളപ്പെടുത്താതെയും പോയ ആ കാലത്തേക്ക്, കൃത്യമായി പറഞ്ഞാൽ 1850 മുതൽ 1871 വരെയുള്ള ആ രണ്ടു പതിറ്റാണ്ടിലേക്ക് മൂന്നു ചരിത്രാന്വേഷികൾ നടത്തിയ തീർഥാടനമാണ് സി.ജെ.സിബു, ബെയ്‌ലിയുടെ ശവകുടീരം കണ്ടെത്തിയപ്പോൾ സഫലമായത്. ഡോ. ബാബു ചെറിയാൻ, ഷിജു അലക്സ് എന്നിവരാണ് മറ്റു രണ്ടു പേർ.
ചരിത്രത്തിലേക്കുള്ള യാത്ര
കേരളത്തിലെ സാംസ്കാരിക ജീവിതത്തിന് അപൂർവമായ സംഭാവനകൾ നൽകിയ ബെഞ്ചമിൻ ബെയ്‌ലിയുടെ, ഇംഗ്ലണ്ടിലേക്കുള്ള മടക്കത്തിനു ശേഷം എന്താണുണ്ടായത്? മരണം വരെ അദ്ദേഹം സിഎംഎസ് (ചർച്ച് മിഷനറി സൊസൈറ്റി) ഓണററി ലൈഫ് ഗവർണർ ആയിരുന്നുവെന്ന് അറിയാം. സിഎംഎസിന്റെ ഒരു വാർഷികയോഗത്തിൽ നടത്തിയ ധ്യാനപ്രസംഗത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. അതിനപ്പുറം?
മറന്നുകൂടാത്ത ഒരു മഹദ്‌വ്യക്തിയുടെ എഴുതപ്പെടാത്ത ജീവിതതാളുകൾ തിരയാനുള്ള തന്റെ കൗതുകം, കോട്ടയം സിഎംഎസ് കോളജ് മുൻ അധ്യാപകനും ഗവേഷകനുമായ ഡോ. ബാബു ചെറിയാൻ ബെംഗളൂരുവിലുള്ള ഷിജു അലക്സുമായി പങ്കുവച്ചു. മലയാളത്തിന്റെ അച്ചടിചരിത്രത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന ഷിജു, ലണ്ടനിൽ താമസിക്കുന്ന സിബുവിന്റെ സഹായം തേടി. മലയാളത്തിലെ പ്രാചീനവും അമൂല്യവുമായ കൃതികളെക്കുറിച്ചുള്ള അന്വേഷണത്തിലും ലേഖനരചനയിലും ഷിജുവിനൊപ്പം സഹകരിച്ചയാളാണു സിബു. ഷൈന്റനിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു.
കുടീരം തേടി
ഷൈന്റനിലെ പള്ളിയിൽ ബെയ്‌ലി വികാരിയായിരുന്നു എന്ന ഏക ‘തുമ്പുമായാണ്’ സിബു അന്വേഷണം തുടങ്ങിയത്. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ പള്ളിയുടെ ഫോൺ നമ്പരുകൾ കണ്ടെത്തി വിളിച്ചു.
പലകുറി ശബ്ദസന്ദേശങ്ങൾ അയച്ചുനോക്കി. ഒടുവിൽ മറുപടി കിട്ടി. പള്ളിയിലെ നിലവിലെ പുരോഹിതയായ സാറാ ഹേർ ആയിരുന്നു അത്. ‘ഒട്ടേറെ ശവകുടീരങ്ങളിൽനിന്ന് നിങ്ങൾ തേടുന്നത് കണ്ടെത്തുക എളുപ്പമാവില്ല. റജിസ്റ്റർ സൂക്ഷിക്കുന്നയാൾ ഒരാഴ്ച കഴിഞ്ഞേ വരൂ. അതു കിട്ടിയാലും, 150 വർഷം മുൻപത്തെ കാര്യമൊക്കെ ഉണ്ടാവുമോ എന്ന് ഉറപ്പില്ല’.
നേരിട്ടു പോയി അന്വേഷിക്കാമെന്നുറച്ചു. കഴിഞ്ഞ മേയ് 27ന് ആയിരുന്നു ഷൈന്റനിലെ പള്ളിയിലേക്കുള്ള യാത്ര.
പള്ളിമുറ്റത്തു കണ്ട ഇയനെക്കുറിച്ചു പറഞ്ഞില്ലേ. ആൾ റിട്ട. ഡോക്ടറാണ്; സ്കോട്‌ലൻഡുകാരൻ. 80 വയസ്സുണ്ട്. അദ്ദേഹത്തിന് ബെഞ്ചമിൻ ബെയ്‌ലിയെക്കുറിച്ച് ചിലതൊക്കെ അറിയാം. എന്നാൽ, ഒന്നര നൂറ്റാണ്ടിനിപ്പുറം ആ സ്മരണകൾ പിന്തുടർന്ന് ചിലരെത്താനുള്ള കാരണമൊന്നും അറിയില്ല എന്നു വ്യക്തം. ബെയ്‌ലി 14 കൊല്ലം താമസിച്ച, പള്ളിക്കു സമീപത്തെ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ ഇതേ ഇയനും ഭാര്യ ബ്രിജിറ്റയുമാണ്. ബെയ്‌ലിയുടേതെന്ന് കരുതുന്ന (ഇയന് ഉറപ്പില്ല) ഒരു ചിത്രം അവർ എടുത്തുകൊണ്ടു വന്നു.
1859ൽ ആയിരുന്നു ബെയ്‌ലിയുടെ ഭാര്യ എലിസബത്ത് എല്ലയുടെ മരണം. പിന്നീട് എല്ലാ ദിവസവും ബെയ്‌ലി ആ ശവകുടീരത്തിനു സമീപം വന്ന് ഇരിക്കുമായിരുന്നത്രെ. അതെക്കുറിച്ച് ഒരു കവിത ഗ്രാമത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇയന് അതിന്റെ വരികളറിയില്ല; എപ്പോഴെങ്കിലും കണ്ടെത്തിത്തരുമായിരിക്കും. പള്ളിക്ക് അകത്തും എലിസബത്തിന്റെ ഒരു ശിലാഫലകമുണ്ട്. ഇത് ബെയ്‌ലി വച്ചതായിരിക്കുമെന്നു കരുതുന്നു. ചായയും സ്മൃതികുടീരം പൊടിമൂടാതെ നോക്കിക്കൊള്ളാമെന്ന വാക്കും നൽകിയാണ് ഇയൻ യാത്രയാക്കിയത്.
ബെയ്‌ലിയുടെ സ്മൃതികുടീരത്തിൽ ഈ അന്വേഷണം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്. ആ ജീവിതകഥയുടെ കൂടുതൽ താളുകൾ അച്ചടിക്കപ്പെടുക തന്നെ ചെയ്യും; ബെയ്‌ലി ഭംഗിയുള്ള രൂപം നൽകിയ ഇതേ ലിപികളിൽ.