‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നത് മലയാളിക്കൊരു വിലാപഗാനമാണ്. എന്നാൽ യഥാർഥത്തിൽ ഇതു വിലാപഗാനമായി എഴുതപ്പെട്ടതല്ല. എഴുതിയത് മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ | Sunday | Malayalam News | Manorama Online

‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നത് മലയാളിക്കൊരു വിലാപഗാനമാണ്. എന്നാൽ യഥാർഥത്തിൽ ഇതു വിലാപഗാനമായി എഴുതപ്പെട്ടതല്ല. എഴുതിയത് മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നത് മലയാളിക്കൊരു വിലാപഗാനമാണ്. എന്നാൽ യഥാർഥത്തിൽ ഇതു വിലാപഗാനമായി എഴുതപ്പെട്ടതല്ല. എഴുതിയത് മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സമയമാം രഥത്തിൽ’ എന്ന ഗാനമെഴുതിയ ഫോൾബ്രെഷ്റ്റ് നാഗലിന്റെ ഓർമകൾക്ക് മേയ്  21ന്  99 വയസ്സ് 

‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നത് മലയാളിക്കൊരു വിലാപഗാനമാണ്. എന്നാൽ യഥാർഥത്തിൽ ഇതു വിലാപഗാനമായി എഴുതപ്പെട്ടതല്ല. എഴുതിയത് മലയാളിയുമല്ല. 

ADVERTISEMENT

കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍  പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ് രചയിതാവ്. ജർമനിയിലെ ഹേസനിലെ സ്റ്റാംഹൈമില്‍ തുകൽപ്പണിക്കാരനായ  ഹെൻറിക് പീറ്റർ നാഗലിന്റെയും എലിസബത്തിന്റെയും മകനായി 1867  നവംബർ മൂന്നിനാണ് ഫോൾബ്രെഷ്റ്റ് നാഗലിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ച നാഗലിന്റെ സംരക്ഷണം ഏറ്റെടുത്തത് അധ്യാപകനായ ബിൽഡേവാൾഡാണ്.

1893ല്‍ ആണ് ബാസൽ മിഷന്‍ മിഷനറിയായി നാഗൽ കണ്ണൂരിലെത്തിയത്. പിന്നീട്  വാണിയംകുളത്തേക്കു  പ്രവർത്തനമേഖല മാറ്റി. പിന്നാലെ, ബാസൽ  മിഷന്‍ ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളായി പ്രവര്‍ത്തനമേഖല. ഈയവസരത്തിലാണ് ഹാന്‍ഡ് ലി ബേഡ് എന്ന വിദേശ ബ്രദറൺ മിഷനറിയെ പരിചയപ്പെട്ടതും  ബ്രദറൺ  സഭാ പ്രവര്‍ത്തനങ്ങളിൽ സഹകരിച്ചു തുടങ്ങിയതും.  

റെയിൽവേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവൽ മിച്ചലിന്റെ മകളും അധ്യാപികയുമായ ഹാരിയറ്റ്‌ സബീന മിച്ചല്‍ എന്ന ആംഗ്ലോ – ഇന്ത്യൻ പെൺകുട്ടിയെ 1896 ഏപ്രിൽ ഒന്നിന് കുന്നംകുളത്തു വച്ച് നാഗൽ വിവാഹം കഴിച്ചു. ഇംഗ്ലിഷ്, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു ഭാഷകളിലും പ്രാവീണ്യം നേടിയ നാഗൽ ഒട്ടേറെ ഇംഗ്ലിഷ് ക്രൈസ്തവ കീർത്തനങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. നന്നായി മലയാളം സംസാരിച്ചിരുന്ന അദ്ദേഹം, അറുപതിലേറെ  മലയാള ഗാനങ്ങളും രചിച്ചു. 

നാട്ടിൽ വസൂരി, കോളറ, ക്ഷയം തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയമായിരുന്നു നാഗലിന്‍റെ പ്രവർത്തനകാലം. വസൂരി ധാരാളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. രോഗികളെ  വസൂരിനോട്ടക്കാരെ ഏൽപിച്ചു  വീട്ടുകാരും അടുത്ത ബന്ധുക്കളും മാറിനിൽക്കും. അപൂർവം ചിലർ വീടുകളിൽ കിടത്തിച്ചികിത്സ നടത്തിയിരുന്നു. അന്നു ധാരാളം വസൂരിപ്പുരകൾ ഉണ്ടായിരുന്നു. അവിടെ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സാമീപ്യമില്ലാതെ രോഗികള്‍ അനുഭവിച്ചിരുന്ന ഏകാന്തത വസൂരിയെക്കാൾ ഭയാനകമായിരുന്നു.

ADVERTISEMENT

വസൂരിപ്പുരകളിൽ പരിചരണത്തിനു കുറെ ആളുകൾ ഉണ്ടാകും. നാഗല്‍ അത്തരം വസൂരിപ്പുരകൾ സന്ദർശിച്ചിരുന്നു. ഒരിടത്ത് എത്തിയപ്പോള്‍ പരിചാരകരെ കാണാനായില്ല. മുറിയിലേക്കു കയറിയപ്പോൾ അവിടെയുണ്ടായിരുന്ന പായ്ക്കെട്ട് അനങ്ങുന്നതു ശ്രദ്ധയിൽപെട്ടു. അഴിച്ചു നോക്കുമ്പോൾ അതിൽ ഒരു വസൂരിരോഗി. കുഴി‌ കുത്താൻ  പുറത്തു പോയ പരിചാരകര്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് നാഗല്‍ രോഗിയെ ശുശ്രൂഷിക്കുന്നതാണ്. ആ രോഗി പിന്നീടു ജീവിതത്തിലേക്കു മടങ്ങിവന്നു. 

മറ്റൊരിക്കൽ കുടുംബനാഥൻ വസൂരി ബാധിച്ചു മരിച്ച വീട്ടിൽ  നാഗൽ എത്തുമ്പോൾ ഭാര്യ പ്രസവവേദനയാൽ പുളയുന്നു. വസൂരിബാധയുള്ള വീടുകളിലേക്കു വയറ്റാട്ടികൾ വരാന്‍ മടിക്കുന്ന കാലം. നാഗൽ ആ സ്ത്രീയുടെ പ്രസവമെടുത്ത സംഭവം തൃശൂരിലെ പഴമക്കാര്‍ ഓർമിച്ചിരുന്നു.

പാവപ്പെട്ടവരുടെ വീടുകളിൽ കുമ്മായം കുഴയ്ക്കാനും വീടുപണിക്കു മുളയും ഓലയും ചുമക്കാനുമൊക്കെ നാഗൽ സമയം കണ്ടെത്തിയിരുന്നു.1905ൽ തൃശൂരിനു സമീപം നെല്ലിക്കുന്നിൽ പെൺകുട്ടികൾക്കായി രെഹാബോത്ത് എന്ന അനാഥാലയവും ആരംഭിച്ചു.

1. ഫോൾബ്രെഷ്റ്റ് നാഗൽ കുടുംബാംഗങ്ങൾക്കൊപ്പം, 2. ഹാരിയറ്റ്‌ സബീന മിച്ചല്‍.

സമയമാം രഥം വന്ന വഴി

ADVERTISEMENT

വാഹനസൗകര്യങ്ങൾ വളരെ കുറവായിരുന്നു അന്ന്. ദൂരയാത്രകള്‍ കാളവണ്ടിയിലായിരുന്നു. യാത്രയിൽ എപ്പോഴോ കാളവണ്ടിച്ചക്രത്തിന്‍റെ ശബ്ദം കേട്ട് നാഗൽ മനസ്സിൽ കോറിയിട്ട വരികളാകാം ‘സമയമാം രഥത്തിൽ’ എന്ന  പ്രത്യാശാഗാനം എന്നാണു കരുതപ്പെടുന്നത്.ലോക ജീവിതത്തിന്റെ ക്ഷണികതയിൽ നിന്നു സ്വർഗീയ അനുഭവത്തിന്റെ പ്രത്യാശ ഉണർത്തുന്ന ഗാനമാണിത്. 

പതിനേഴാം നൂറ്റാണ്ടിൽ വാലസ് വില്ലിസ് രചിച്ചതെന്നു കരുതപ്പെടുന്ന ‘സ്വിങ് ലോ സ്വീറ്റ്  ചാരിയറ്റ്’ എന്ന ആത്മീയഗാനവും ഇതെഴുതുന്നതിൽ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ചില പഠനങ്ങളിൽ പറയുന്നു.

പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലെ കലിഫോർണിയ ‘ഗോൾഡ് റഷിന്റെ’ സമയത്ത് മെക്സിക്കൻ ഖനിത്തൊഴിലാളികൾ ജനപ്രിയമാക്കിയ ‘ഓ മൈ ഡാർലിങ്, ക്ലെമെന്റയിൻ’ എന്ന സ്പാനിഷ് നാടോടി ഗാനത്തിന്റെ സംഗീതമാണ് നാഗൽ സമയമാം രഥത്തിന് ഉപയോഗിച്ചത്. നാഗലിന്റെ ‘ദൈവത്തിന്റെ ഏക പുത്രൻ’  എന്ന ഗാനത്തിനും ഇതേ സംഗീതം തന്നെയാണു സ്വീകരിച്ചത്.

1956ൽ റിലീസായ സിഐഡി എന്ന ഹിന്ദി ചിത്രത്തിൽ മുഹമ്മദ് റഫിയും ഗീത ദത്തും ആലപിച്ച ‘യേ ദിൽ ഹൈ മുഷ്‌കിൽ ജീനാ യഹാൻ’ എന്ന ഗാനം  ഇതേ ഈണത്തിലാണ് ഒ.പി. നയ്യാർ ചിട്ടപ്പെടുത്തിയത്.

1970ൽ പാറപ്പുറത്തിന്റെ നോവൽ ‘അരനാഴികനേരം’ കെ. എസ്.സേതുമാധവൻ സിനിമയാക്കിയപ്പോഴാണ് ‘സമയമാം രഥത്തിൽ ഞാൻ സ്വര്‍ഗയാത്ര  ചെയ്യുന്നു’ എന്ന ഗാനത്തിനു പ്രചാരമേറിയത്. ചിത്രത്തിൽ അംബികയും രാഗിണിയും ഇതൊരു പ്രാർഥനാഗാനമായാണു പാടുന്നത്. കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഗാനം കേൾക്കുമ്പോൾ കട്ടിലില്‍ എഴുന്നേറ്റിരിക്കുന്നതും    ദൃശ്യങ്ങളിലുണ്ട്. വയലാർ – ദേവരാജൻ കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്കു പിന്നിൽ.

കുഞ്ഞോനാച്ചൻ ഇടയ്ക്ക് ഉപയോഗിക്കുന്ന ‘അരനാഴികനേരം’ എന്ന വാക്ക് നോവലിന്‍റെ പേരായതു കൊണ്ട്,  ഒരുപക്ഷേ പിതാവിന്റെ നിര്‍ദേശപ്രകാരമാകാം, ഈ വാക്കു കൂടി വയലാർ   ഗാനത്തിൽ ചേർത്തതെന്ന് നോവലിസ്റ്റ്‌ പാറപ്പുറത്തിന്റെ മകൻ സാം പാറപ്പുറത്ത് പറയുന്നു.

നാഗൽ  എഴുതിയ ഗാനത്തിലെ ചില വരികൾ വയലാർ മാറ്റിയെഴുതി. 

‘എൻ സ്വദേശം കാൺമതിനായ് ബദ്ധപ്പെട്ടോടീടുന്നു’ എന്നത് വയലാറിന്‍റെ വരികളില്‍ ‘എൻ സ്വദേശം കാൺമതിനായ്‌ ഞാൻ തനിയെ പോകുന്നു’ എന്നായി. 

‘ആകെയൽപ നേരം മാത്രം എന്റെ യാത്ര തീരുവാൻ

യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ’  എന്നത് ‘ആകെയൽപ നേരം മാത്രം എന്റെ യാത്ര തീരുവാൻ, ആകെ അരനാഴിക മാത്രം ഈയുടുപ്പു മാറുവാൻ’ എന്നായി.

അടുത്ത വരികളുടെ സ്ഥാനം തന്നെ മാറ്റി.നാഗലിന്‍റെ വരികൾ ഇങ്ങനെ:

‘രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം

എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം

രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു

അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടോടുന്നു’

വയലാറിന്‍റെ വരികൾ:

‘രാത്രിയില്‍ ഞാൻ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു

അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

രാവിലെ ഞാൻ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു

അപ്പോളുമെന്‍ മനസ്സിന്റെ 

സ്വപ്നം മുന്നോട്ടോടുന്നു’.

അടുത്ത വരികൾ നാഗൽ എഴുതിയത് ഇങ്ങനെ:

‘തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോൾ അല്ല സമയം

സ്വന്തനാട്ടില്‍ ദൈവമുഖം 

കാണ്‍കയത്രെ വാഞ്ഛിതം’

വയലാര്‍ ഇതിനെ കാവ്യാത്മകമാക്കി മാറ്റിയത് ഇങ്ങനെ:

‘ഈ പ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം

എന്‍ സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം.’

അരനാഴികനേരം സിനിമയിലൂടെ അങ്ങനെ സമയമാം രഥത്തിൽ എന്ന ഗാനവും ഹിറ്റായി. ഗാനം മാറ്റിയെഴുതിയതിനെക്കുറിച്ച് കുന്നംകുളം ആസ്ഥാനമായ നാഗൽ മിനിസ്ട്രീസ് വയലാറുമായി ബന്ധപ്പെട്ടപ്പോൾ നാഗൽ  സായ്പ്പിന്റെ ഗാനം എനിക്കു വളരെ ഇഷ്ടമായിരുന്നു, അതുകൊണ്ട് ഞാനതു മാറ്റിയെഴുതി എന്ന ലളിതമായ മറുപടിയിലൂടെ ആ വിവാദത്തിനു വിരാമമിട്ടു.

നാഗലിന്റെ   മറ്റൊരു ഗാനവും വയലാർ മാറ്റിയെഴുതിയിട്ടുണ്ട്. ‘അഴകുള്ള സെലീന’ എന്ന സിനിമയ്ക്കായി യേശുദാസ് സംഗീത സംവിധാനം നിർവഹിച്ച ‘സ്നേഹത്തിൻ ഇടയനാം യേശുവേ...’ എന്ന ഗാനം.

21 വര്‍ഷമായിരുന്നു നാഗലിന്റെ കേരളത്തിലെ പ്രവർത്തനം. ഏഴു മക്കളായിരുന്നു നാഗൽ - ഹാരിയറ്റ്‌  ദമ്പതികൾക്ക്. ഇതിൽ രണ്ടുപേർ ശൈശവത്തിൽത്തന്നെ മരിച്ചു. മൂത്തമക്കളായ സാമുവലിനെയും തിയോഡറിനെയും ഉപരിപഠനത്തിനു ചേർക്കാൻ നാഗൽ 1914ൽ ജർമനിയിലേക്കു പോയി. ഭാര്യയും മറ്റു മൂന്നു മക്കളും തൃശൂരിൽ തുടർന്നു. നിർഭാഗ്യവശാൽ അപ്പോഴേക്കും ഒന്നാം ലോകയുദ്ധത്തിനു കാഹളം മുഴങ്ങി. 1918ൽ യുദ്ധം അവസാനിച്ചശേഷം ഇന്ത്യയിലേക്കു വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജർമനിയിലെ വീഡനസ്റ്റിനിലുള്ള വേദപഠനശാലയിൽ അധ്യാപകനായി. 

1921 ഫെബ്രുവരിയിൽ രോഗാതുരനായ നാഗലിനെ ശുശ്രൂഷിക്കാന്‍ ഭാര്യ ഹാരിയറ്റ് ജർമനിയിലെത്തി. ഇതിനിടെ ഇന്ത്യയിലേക്കു മടങ്ങിയെത്താന്‍ അനുമതി ലഭിച്ചെങ്കിലും 1921 മേയ് 21ന് നാഗല്‍ സമയമാം രഥത്തില്‍ മടങ്ങി. 

സംസ്കാരച്ചടങ്ങിൽ, ഭാര്യ ഹാരിയറ്റും മക്കളായ സാമുവലും തിയോഡറും മാതാപിതാക്കൾ മരിച്ചപ്പോൾ നാഗലിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത ബിൽഡേവാൾഡ് ദമ്പതികളും ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മിഷനറി കൊച്ചറും പങ്കെടുത്തതായി നാഗലിന്റെ മകൻ കാൾ ഹെൻറിക്‌ എഴുതിയ ഡയറിക്കുറിപ്പിൽ  പറയുന്നു. കാൾ  മദ്രാസിൽ ബ്രിട്ടിഷ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.

വേരുകൾ തേടി...

11 വർഷം  മുൻപ് നാഗലിന്റെ കൊച്ചുമകൾ പൗളിൻ ഭർത്താവുമൊത്ത് കുടുംബവേരുകൾ തേടി കേരളത്തിലെത്തി. കാൾ ഹെൻറിക്കിന്റെ മകളായ പൗളിൻ ആറു വയസ്സുവരെ വളർന്നതു മദ്രാസിലാണ്.

ഈ മേയ് 21നു നാഗൽ ഓർമയായിട്ട് 99 വർഷം പൂർത്തിയാവുന്നു. ‘അരനാഴികനേരം’  സിനിമ റിലീസായിട്ട് ഡിസംബർ 25 ന് 50 വർഷവും. ‘സമയമാം രഥം’ നൂറ്റാണ്ടു പിന്നിട്ട് യാത്ര തുടരുകയും ചെയ്യുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT