നൂറ്റാണ്ടിലെ 2 മഹാപ്രളയങ്ങളെ അതിജീവിച്ച ആലുവ മാർത്താണ്ഡവർമപ്പാലത്തിന് ഇന്ന് 80 വയസ്സ്. തിരുവിതാംകൂറിന്റെ ശിൽപി മാർത്താണ്ഡവർമ മഹാരാജാവിന്റെ ഓർമയ്ക്കായി പെരിയാറിനു കുറുകെ നിർമിച്ച പാലം 1940 ജൂൺ 14നു മാർത്താണ്ഡവർമ | Sunday | Malayalam News | Manorama Online

നൂറ്റാണ്ടിലെ 2 മഹാപ്രളയങ്ങളെ അതിജീവിച്ച ആലുവ മാർത്താണ്ഡവർമപ്പാലത്തിന് ഇന്ന് 80 വയസ്സ്. തിരുവിതാംകൂറിന്റെ ശിൽപി മാർത്താണ്ഡവർമ മഹാരാജാവിന്റെ ഓർമയ്ക്കായി പെരിയാറിനു കുറുകെ നിർമിച്ച പാലം 1940 ജൂൺ 14നു മാർത്താണ്ഡവർമ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടിലെ 2 മഹാപ്രളയങ്ങളെ അതിജീവിച്ച ആലുവ മാർത്താണ്ഡവർമപ്പാലത്തിന് ഇന്ന് 80 വയസ്സ്. തിരുവിതാംകൂറിന്റെ ശിൽപി മാർത്താണ്ഡവർമ മഹാരാജാവിന്റെ ഓർമയ്ക്കായി പെരിയാറിനു കുറുകെ നിർമിച്ച പാലം 1940 ജൂൺ 14നു മാർത്താണ്ഡവർമ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ മാർത്താണ്ഡവർമപ്പാലത്തിന് ഇന്ന്  80 വയസ്സ്...

നൂറ്റാണ്ടിലെ 2 മഹാപ്രളയങ്ങളെ അതിജീവിച്ച ആലുവ മാർത്താണ്ഡവർമപ്പാലത്തിന് ഇന്ന് 80 വയസ്സ്. തിരുവിതാംകൂറിന്റെ ശിൽപി മാർത്താണ്ഡവർമ മഹാരാജാവിന്റെ ഓർമയ്ക്കായി പെരിയാറിനു കുറുകെ നിർമിച്ച പാലം 1940 ജൂൺ 14നു മാർത്താണ്ഡവർമ ഇളയരാജയാണു നാടിനു സമർപ്പിച്ചത്.

ADVERTISEMENT

എന്നാൽ, പാലം നിർമിച്ചതു ശ്രീചിത്തിര തിരുനാൾ ബാലരാമവർമയാണ്. അനുജന്റെ പേരും മാർത്താണ്ഡവർമ എന്നായതിനാൽ അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. രാജവംശത്തിന്റെ ശംഖുമുദ്ര ശിരസ്സിലേറ്റി ജനാധിപത്യ യുഗത്തിലും കുലുക്കമില്ലാതെ നിൽക്കുകയാണ് ആലുവയുടെ ലാൻഡ്മാർക്കായി മാറിയ ഇരട്ടപ്പാലങ്ങളിൽ ആദ്യത്തേത്.

ആർച്ച് പാലങ്ങളിൽ രണ്ടാമൻ

ഏഷ്യയിലെ രണ്ടാമത്തെ ആർച്ച് പാലമാണിത്. ആദ്യത്തേത് ആലുവ – മൂന്നാർ റൂട്ടിലെ നേര്യമംഗലം പാലം. കരാറുകാരായ ജെ.ബി.ഗാമൺ ലിമിറ്റഡ് 3 വർഷംകൊണ്ടാണു പാലം നിർമിച്ചത്. നീളം 141 മീറ്റർ. വീതി അഞ്ചര മീറ്റർ. നിർമാണച്ചെലവ് 8 ലക്ഷം രൂപ. ബ്രിട്ടിഷുകാരൻ ജി.ബി.ഇ.ട്രസ്കോട്ടും ഇന്ത്യക്കാരനായ എം.എസ്.ദുരൈസ്വാമി അയ്യങ്കാറും ആയിരുന്നു ചീഫ് എൻജിനീയർമാർ. 

ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത ഭീമൻ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിൽ ഇറക്കിവച്ച് ഉണ്ടാക്കിയ 6 ഷോക്ക് അബ്സോർബറുകൾ പാലത്തിന്റെ പ്രത്യേകതയാണ്. അവ ഇന്നും പ്രവർത്തനക്ഷമം. മലയാളത്തിലെ പ്രശസ്ത സിനിമകളിലും സാഹിത്യകൃതികളിലും സ്ഥാനം പിടിച്ചിട്ടുണ്ട് മാർത്താണ്ഡവർമപ്പാലം. ഇതിലൂടെ കടന്നുപോകുമ്പോൾ ശിവരാത്രി മണപ്പുറം കാണാം. 

താണിപ്പിള്ളി തൊമ്മി
ADVERTISEMENT

വ്യവസായത്തിലേക്കു വഴിതുറന്ന്

രാജകുടുംബാംഗങ്ങൾക്ക് ആലുവയിൽനിന്നു ചങ്ങാടത്തിൽ കയറാതെ ആലങ്ങാടിനും പറവൂരിനും പോകാനാണ് ഈ പാലം നിർമിച്ചത്. എന്നാൽ, പിൽക്കാലത്ത് ആലുവയെ വ്യവസായനഗരമായി രൂപപ്പെടുത്തുന്നതിൽ പാലം വഹിച്ച പങ്കു ചെറുതല്ല. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ സാമൂതിരിയെ തുരത്തിയതിനു പ്രതിഫലമായി കൊച്ചി രാജാവ് തിരുവിതാംകൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങളാണ് ആലങ്ങാടും പറവൂരും. ഇന്നത്തെ ദേശീയപാത അന്നില്ല. പണിക്ക് ഉറപ്പില്ലെന്ന പരാതി മാർത്താണ്ഡവർമപ്പാലത്തിന്റെ കാര്യത്തിലും ഉയർന്നിരുന്നു. ഉദ്ഘാടനവേളയിൽ പാലത്തിലൂടെ ആനകളെ നടത്തിയാണ് ബ്രിട്ടിഷുകാർ കരുത്തു തെളിയിച്ചത്. ചീഫ് എൻജിനീയറും കുടുംബവും ആ സമയത്തു ബോട്ടിൽ പാലത്തിന്റെ അടിയിൽനിന്നു. നിർമാണത്തിനിടെ ചരിഞ്ഞ ഒരു തൂണ് പുഴയിൽ ഇപ്പോഴുമുണ്ട്. ഊരിയെടുക്കാൻ പറ്റാത്തതിനാൽ അതുപേക്ഷിച്ച് തൊട്ടടുത്തു വേറെ പൈലിങ് നടത്തുകയായിരുന്നു. 

ആർച്ച് പാലങ്ങളുടെ അപൂർവത

മാർത്താണ്ഡവർമപ്പാലം നിർമിച്ചു 12 വർഷം കഴിഞ്ഞപ്പോൾ 2 കിലോമീറ്റർ അപ്പുറം മംഗലപ്പുഴയിൽ പെരിയാറിനു കുറുകെ മറ്റൊരു ആർച്ച് പാലം കൂടി നിർമിച്ചു. അതോടെ തൃശൂർ ഭാഗത്തേക്കു പോകാനും ചങ്ങാടം ആവശ്യമില്ലാതായി. 

ADVERTISEMENT

62 വർഷത്തിനു ശേഷം ഗതാഗതത്തിരക്കു വർധിച്ചപ്പോൾ മാർത്താണ്ഡവർമപ്പാലത്തിനു സമാന്തരമായി അതേ ആകൃതിയിൽ മറ്റൊരു പാലം കൂടി വന്നു. 2002 ജൂൺ 22നായിരുന്നു ഉദ്ഘാടനം. ചെലവ് ഏഴരക്കോടി രൂപ. ഒരേ സ്ഥലത്ത് ആർച്ച് ആകൃതിയിൽ 2 പാലങ്ങളുള്ള ചുരുക്കം സ്ഥല‌ങ്ങളിലൊന്നാണ് ഇന്ന് ആലുവ. മംഗലപ്പുഴയിലും പിന്നീടു സമാന്തര പാലം നിർമിച്ചെങ്കിലും അതിന് ആർച്ച് രൂപമല്ല. ‌

മാര്‍ത്താണ്ഡവര്‍മപ്പാലത്തിന്റെ ശിലാഫലകം.

ആലുവയിലെ അത്യാഹിതം

മാർത്താണ്ഡവർമപ്പാലത്തിന്റെ പണിക്കിടെ 11 തൊഴിലാളികൾ മണ്ണിടിഞ്ഞുവീണു മരിച്ച സംഭവം 100 വർഷത്തിനിടെ ആലുവ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. 1938 നവംബർ 21നു പാലം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ണു മാറ്റുന്നതിനിടെയാണു ദുരന്തമുണ്ടായത്. മണ്ണിനടിയിൽപെട്ട 12 തൊഴിലാളികളിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം: തോട്ടയ്ക്കാട്ടുകര സ്വദേശി താണിപ്പിള്ളി തൊമ്മി. ദുരന്തത്തിന്റെ ഓർമയും പേറി 64 വർഷം ജീവിച്ച അദ്ദേഹം 2004ൽ മരിച്ചു. 

മണ്ണിടിച്ചിലിൽ മരിച്ച 11 പേരും 20 വയസ്സിൽ താഴെയുള്ളവർ ആയിരുന്നു. 9 പേരുടെ മൃതദേഹമേ കണ്ടെടുക്കാനായുള്ളൂ. മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകാൻ കരാറുകാരായ ബ്രിട്ടിഷ് കമ്പനി തയാറായില്ല. ഇതിൽ പ്രതിഷേധിച്ചു പേരേക്കാട്ട് വയലിൽ നടന്ന യോഗമാണ് ആലുവയിലെ ആദ്യ തൊഴിലാളി സമ്മേളനം. തൊഴിലാളികളുടെ കുടുംബാംഗങ്ങളും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരുമാണ് പങ്കെടുത്തത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു.

കെ.ഐ.ബനവന്തൂര്‍

നിവിൻ പോളിയുടെ അപ്പൂപ്പനും താരം

നടൻ നിവിൻ പോളിയുടെ അപ്പൂപ്പൻ കെ.ഐ.ബനവന്തൂർ ആയിരുന്നു മാർത്താണ്ഡവർമപ്പാലത്തിന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫർ. ശിലാസ്ഥാപനം മുതൽ ഉദ്ഘാടനം വരെയുള്ള ചിത്രങ്ങൾ പകർത്താൻ അനുമതി ഉണ്ടായിരുന്നത് അദ്ദേഹത്തിനു മാത്രം. 

തിരുവിതാംകൂറിൽ അന്നു ഫോട്ടോ എടുക്കണമെങ്കിൽ ലൈസൻസ് ആവശ്യമായിരുന്നു. ആലുവയിലെ ലൈസൻസുള്ള ഏക ഫൊട്ടോഗ്രഫറായിരുന്നു സെന്റ് മേരീസ് ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകൻ കൂടിയായിരുന്ന ബനവന്തൂർ. പ്രധാനമന്ത്രി നെഹ്റു കുടുംബസമേതം കൊച്ചി സന്ദർശിച്ചപ്പോഴും ഇദ്ദേഹമായിരുന്നു ഔദ്യോഗിക ഫൊട്ടോഗ്രഫർ. അന്നു ബനവന്തൂർ എടുത്ത ചിത്രങ്ങൾ നെഹ്റുവിന്റെ കുടുംബ ആൽബത്തിൽ സ്ഥാനംപിടിച്ചു. 

ആലുവ മാര്‍ത്താണ്ഡവര്‍മപ്പാലം നിർമാണത്തിലിരിക്കെ കെ.ഐ.ബനവന്തൂര്‍ എടുത്ത ചിത്രം.

ഇന്ത്യയിൽ അപൂർവമാണ് ബനവന്തൂർ എന്ന പേര്. മാതാപിതാക്കളായ ഐപ്പും മറിയവും മകന് ഈ പേരിടാൻ കാരണമുണ്ട്. മൂത്ത 2 ആൺമക്കൾ പനി ബാധിച്ചു മരിച്ചശേഷം ജനിച്ച കുട്ടിക്കും അതേ വിധി വരുമോ എന്ന് ആശങ്കപ്പെട്ട ദമ്പതികളോട് ഇടവക വികാരിയാണ് കുട്ടികളുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ബനവന്തൂരിന്റെ പേരിടാൻ നിർദേശിച്ചത്. മൂത്തവർ മരിച്ച പ്രായത്തിൽ ബനവന്തൂരിനും പനി വന്നെങ്കിലും സുഖം പ്രാപിച്ചു. 1980ലാണ് അദ്ദേഹം മരിച്ചത്. കാലംചെയ്ത കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും ബനവന്തൂരും പത്താം ക്ലാസ് വരെ സഹപാഠികളായിരുന്നു.