ആ മുപ്പത്തിരണ്ടുകാരന്റെ മുഖത്ത് ജീവിതത്തോടുള്ള ആഗ്രഹം പ്രതിഫലിക്കുന്നുണ്ടായിരുന്നു. കറുത്ത കട്ടി ഫ്രെയിമും സോഡാക്കുപ്പിയുടെ കട്ടിയുള്ള കണ്ണടയും ധരിച്ച ചെറുപ്പക്കാരൻ. ഹൃദയപരാജയത്തിന്റെ അവസാന നാളുകൾ. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ ഹൃദയം മാ | Sunday | Malayalam News | Manorama Online

ആ മുപ്പത്തിരണ്ടുകാരന്റെ മുഖത്ത് ജീവിതത്തോടുള്ള ആഗ്രഹം പ്രതിഫലിക്കുന്നുണ്ടായിരുന്നു. കറുത്ത കട്ടി ഫ്രെയിമും സോഡാക്കുപ്പിയുടെ കട്ടിയുള്ള കണ്ണടയും ധരിച്ച ചെറുപ്പക്കാരൻ. ഹൃദയപരാജയത്തിന്റെ അവസാന നാളുകൾ. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ ഹൃദയം മാ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ മുപ്പത്തിരണ്ടുകാരന്റെ മുഖത്ത് ജീവിതത്തോടുള്ള ആഗ്രഹം പ്രതിഫലിക്കുന്നുണ്ടായിരുന്നു. കറുത്ത കട്ടി ഫ്രെയിമും സോഡാക്കുപ്പിയുടെ കട്ടിയുള്ള കണ്ണടയും ധരിച്ച ചെറുപ്പക്കാരൻ. ഹൃദയപരാജയത്തിന്റെ അവസാന നാളുകൾ. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ ഹൃദയം മാ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ മുപ്പത്തിരണ്ടുകാരന്റെ മുഖത്ത് ജീവിതത്തോടുള്ള  ആഗ്രഹം പ്രതിഫലിക്കുന്നുണ്ടായിരുന്നു. കറുത്ത കട്ടി ഫ്രെയിമും സോഡാക്കുപ്പിയുടെ കട്ടിയുള്ള കണ്ണടയും ധരിച്ച ചെറുപ്പക്കാരൻ. ഹൃദയപരാജയത്തിന്റെ   അവസാന നാളുകൾ. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ ഹൃദയം മാറ്റിവയ്ക്കണമെന്ന യാഥാർഥ്യം മനസ്സിലാക്കിയ ജിതേഷ് എന്റെ ക്ലിനിക്കിൽ പിതാവിനൊപ്പം വന്നപ്പോൾത്തന്നെ ഞങ്ങൾക്കറിയാമായിരുന്നു, അദ്ദേഹത്തിന്റെ ആയുർദൈർഘ്യം പരിമിതമാണെന്ന്.

പിന്നീടുള്ള ആഴ്ചകളിൽ ജിതേഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് പല പരിശോധനകൾക്കും വിധേയനാക്കി. പലപ്പോഴും പല രോഗികളും ഞങ്ങളെ സമീപിക്കുമ്പോൾ, ഹൃദയം മാറ്റിവയ്ക്കാവുന്ന സാഹചര്യം കഴിഞ്ഞിരിക്കാം എന്നതുകൊണ്ടാണ് പല പരിശോധനകളും നടത്തേണ്ടി വരിക.

ADVERTISEMENT

ഒരുപക്ഷേ, ചികിത്സിക്കുന്ന ഡോക്ടർ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി പറയാത്തതു കൊണ്ടോ അല്ലെങ്കിൽ, അപ്രകാരം ഒരു ശസ്ത്രക്രിയ അസാധ്യമെന്ന് രോഗിയും കുടുംബാംഗങ്ങളും ചിന്തിക്കുന്നതുകൊണ്ടോ ആകാം, ഈ കാലതാമസം. ശ്വാസകോശത്തിലെ രക്തസമ്മർദം ക്രമാതീതമായി വർധിക്കുക, വൃക്കകളുടെ പ്രവർത്തനത്തിൽ സാരമായ തകരാറുണ്ടാവുക തുടങ്ങിയ   സാഹചര്യങ്ങൾ ഒരു രോഗിയെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അയോഗ്യനാക്കും. 

മറ്റ് അവയവങ്ങളുടെ പ്രവർത്തനം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പ്രതികൂലമായിട്ടില്ല എന്നു പരിശോധനകളിൽ തെളിഞ്ഞ ശേഷമാണ് ജിതേഷിന്റെ പേര് അവയവദാനത്തിനായി റജിസ്റ്റർ ചെയ്തത്. എല്ലാ ദിവസവും തന്നെ ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽത്തന്നെ കിടത്തി നിരീക്ഷിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. ജിതേഷും പിതാവും ആഗ്രഹിച്ചതും അതുതന്നെ. 

ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. കാലിലെ നീര്, മരുന്നിനോടു  പ്രതികരിക്കാത്ത സാഹചര്യം, മരുന്നുകളുടെയും ഓക്സിജന്റെയും അളവ് ദിനംപ്രതിയെന്നോണം വർധിപ്പിക്കേണ്ടി വരുന്നത് ഇവയെല്ലാം ഏവരിലും ആകാംക്ഷ വർധിപ്പിച്ചുകൊണ്ടേയിരുന്നു. 

ഒരു ദിവസം ഞാൻ വേറൊരു ഹൃദയശസ്ത്രക്രിയ ചെയ്തുകൊണ്ടിരുന്ന സമയത്താണ് പുറത്ത് ഉച്ചത്തിലുള്ള കാൽപെരുമാറ്റം കേട്ടത്. സാധാരണഗതിയിൽ അടിയന്തര സാഹചര്യത്തിൽ, ഏതെങ്കിലും രോഗിക്കു ഹൃദയസ്തംഭനം ഉണ്ടാകുമ്പോഴാണ് ഡോക്ടർമാരും നഴ്സുമാരും വേഗത്തിൽ പാഞ്ഞെത്തുന്നതും പ്രാഥമിക ശുശ്രൂഷകൾ ആരംഭിക്കുന്നതും. അവിടെ നിമിഷങ്ങളും മിനിറ്റുകളും ജീവൻ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക്‌ അതീവ പ്രധാനമാണ്. 

ADVERTISEMENT

ഒരു മിനിറ്റിനുള്ളിൽ സന്ദേശം ലഭിച്ചു – ജിതേഷിന്റെ ഹൃദയസ്പന്ദനം നിശ്ചലമായി. ഓപ്പറേഷൻ തിയറ്ററിൽനിന്നു പുറത്തേക്കു നീങ്ങുമ്പോൾത്തന്നെ അടുത്ത സന്ദേശം ലഭിച്ചു –“Jithesh is shocked and revived’’. വെൻട്രിക്കുലാർ ഫൈബ്രില്ലഷൻ (VF) എന്ന അതീവ ഗുരുതരമായ ഹൃദയതാള വ്യതിയാനം. രണ്ടുമൂന്നു മിനിറ്റിനുള്ളിൽ സാധാരണ നിലയിലാക്കാൻ സാധിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം. സീനിയർ ഡോക്ടർമാരും ടെക്‌നീഷ്യൻസും നഴ്സുമാരുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ ജിതേഷിന്റെ ജീവൻ തിരികെപ്പിടിച്ചു; അതീവ ജാഗ്രതയോടെ.

ചെയ്തുകൊണ്ടിരുന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഐസിയുവിൽ ജിതേഷിനെ കാണാൻ ചെന്നപ്പോൾ ആ കണ്ണുകളിലെ മങ്ങുന്ന പ്രകാശം, പാതിജീവന്റെ തിളക്കം നഷ്ടപ്പെട്ട മുഖഭാവം... എല്ലാം എന്നെ വല്ലാതെ അലട്ടി. ഇനിയും ഏതു നിമിഷവും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള ഹൃദയസ്തംഭനം; അതു ഡോക്ടർമാരുടെ അസാന്നിധ്യത്തിലാകാം. അല്ലെങ്കിലും ചികിത്സകളോടു പ്രതികരിക്കാത്ത സാഹചര്യം... ഇതെല്ലാം മനസ്സിൽ പ്രതിഫലിച്ചു.

ജിതേഷിന്റെ പിതാവിനോട് അതീവ ഗുരുതരാവസ്ഥയെപ്പറ്റി സംസാരിച്ചു. ഇരുകൈകളും ഉയർത്തി നിസ്സഹായതയോടെ, ഒരു വാക്കുപോലും ഉരിയാടാതെ, കണ്ണിമയ്ക്കാതെ എന്നെ നോക്കിയ ആ പിതാവിന്റെ മുഖം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. 

ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും യോഗം കൂടിയപ്പോൾ, വീണ്ടുമൊരു ഹൃദയാഘാതത്തിനു മുൻപായി മാറ്റിവയ്ക്കാനൊരു ഹൃദയം ലഭിച്ചില്ലെങ്കിൽ എന്താണു പോംവഴി എന്നതിനെപ്പറ്റിയായിരുന്നു ചർച്ചകൾ. വെന്റിലേറ്റർ, ബലൂൺ പമ്പ്, ഏക്മോ എന്നീ യന്ത്രസാമഗ്രികൾ ഹൃദയപരാജയം പിടിച്ചുനിർത്താൻ കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ രോഗികളെ സഹായിക്കാറുണ്ട്‌. എന്നാൽ, ഹൃദയദാനത്തെപ്പറ്റിയുള്ള കിംവദന്തികൾ സമൂഹത്തിൽ പടർന്നിരുന്ന അക്കാലത്ത് പെട്ടെന്നൊരു അവയവദാനം നടക്കുമോ എന്ന സന്ദേഹം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു. ആഴ്ചകളോ മാസങ്ങളോ അവയവദാനം താമസിച്ചാൽ ജിതേഷിന്റെ ജീവൻ പിടിച്ചുനിർത്താനുള്ള യന്ത്രസാമഗ്രികൾ തയാറാക്കാനായിരുന്നു അവസാന തീരുമാനം. രണ്ടു ദിവസത്തെ ഐസിയു ശുശ്രൂഷയ്ക്കു ശേഷം വീണ്ടും വാർഡിലേക്കു വിടുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആശങ്ക. 

ADVERTISEMENT

മൂന്നാമത്തെ ദിവസം ജിതേഷിനു വീണ്ടും ഹൃദയസ്തംഭനം സംഭവിക്കുകയും ഡോക്ടർമാരുടെ ദീർഘ പരിശ്രമങ്ങൾക്കു ശേഷവും ഹൃദയസ്പന്ദനം വീണ്ടെടുക്കാനാവാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. വാർഡിൽ വച്ചുതന്നെ വെന്റിലേറ്ററിൽ ഘടിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ ചെയ്തുകൊണ്ട് ഓപ്പറേഷൻ തിയറ്ററിലേക്കു വേഗത്തിൽ എത്തിക്കുകയും നെഞ്ചു തുറന്ന്, ഹൃദയ ശ്വാസകോശ നിയന്ത്രണകാരിയിൽ (സിപിബി) ഘടിപ്പിക്കുകയും  ചെയ്യേണ്ടിവന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ശരീരത്തിനു പുറത്തുനിന്നു നിർവഹിക്കുന്ന യന്ത്രമാണിത്. ആറു മണിക്കൂർ വരെ ജീവൻ പിടിച്ചുനിർത്താനാവും ഈ യന്ത്രത്തിന്. ഒരു താൽക്കാലിക യന്ത്രം എന്നതിലുപരി നിശ്ചലമായ ഹൃദയത്തെ പ്രവർത്തനത്തിലേക്കു തിരികെയെത്തിക്കാൻ ഇതു സഹായിക്കില്ല. ഈ ആറ് മണിക്കൂറിനുള്ളിൽ ഹൃദയദാതാവിനെ ലഭിക്കണം. ജിതേഷിന്റെ അതേ രക്തഗ്രൂപ്പിലുള്ള ഒരു ദാതാവ്; ജിതേഷിന് എല്ലാ രീതിയിലും ചേരുന്ന ഒരു ഹൃദയം... അസാധ്യങ്ങളിൽ അസാധ്യമായ ഒരു സ്വപ്നം.

ഇനിയെന്ത് എന്ന ചോദ്യത്തിനു മറുപടിയായിരുന്നു, ഏകദേശം ഒരാഴ്ചവരെ ജീവൻ പിടിച്ചുനിർത്താൻ സഹായിക്കുന്ന ECMO എന്ന യന്ത്രം. പിതാവിന്റെ സമ്മതത്തോടെ ജിതേഷിനെ ആ യന്ത്രത്തിൽ ഘടിപ്പിച്ചു. ഇതിന് ഹൃദയം പോലൊരു പമ്പും ശ്വാസകോശം പോലെ ഓക്സിജൻ രക്തത്തിനു നൽകുന്ന യന്ത്രഭാഗവുമുണ്ട്.

ഈ യന്ത്രത്തിലേക്കു രോഗിയുടെ ശരീരത്തിലെ അശുദ്ധരക്തം പ്രത്യേക പൈപ്പുകളിലൂടെ എത്തിക്കുകയും യന്ത്രം വഴി ശുദ്ധീകരിച്ച രക്തം മറ്റു ചില പൈപ്പുകളിലൂടെ ശരീരത്തിൽ തിരികെ എത്തിക്കുകയും ചെയ്യുന്നു. സങ്കീർണമായ ഉപകരണം.ദിവസങ്ങൾ കഴിഞ്ഞു. ഈ യന്ത്രത്തിലൂടെ രക്തം സഞ്ചരിക്കുമ്പോൾ രക്താണുക്കൾക്കുണ്ടാകുന്ന വ്യതിയാനം ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം സങ്കീർണമാക്കാൻ തുടങ്ങി. ചേരുന്ന ഹൃദയം ലഭിക്കാനുള്ള സാധ്യതയും വിരളമായിക്കൊണ്ടിരുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞുകൊണ്ടേയിരുന്നു. അപകടകരമായ അവസ്ഥ. 

ഹൃദയത്തിലെ രണ്ട് പമ്പിങ് അറകളുടെയും പ്രവർത്തനം ശരീരത്തിനു പുറത്തു ഘടിപ്പിക്കുന്ന രണ്ടു വ്യത്യസ്ത പമ്പുകളിലൂടെ നിയന്ത്രിക്കുന്ന, പ്ലേറ്റ്ലറ്റ് കൗണ്ടിനെ ബാധിക്കാത്ത, ഒരുപക്ഷേ ഒരു മാസം വരെ ജീവൻ പിടിച്ചു നിർത്താനാകുന്ന സെൻട്രിമാഗ്‌ (CentriMag BIVAD) എന്ന ഉപകരണത്തിലേക്കു ജിതേഷിന്റെ ഹൃദയം ഞങ്ങൾ ഘടിപ്പിച്ചു; ശ്വാസകോശത്തെ പ്രവർത്തിപ്പിക്കാൻ വെന്റിലേറ്ററും. ഹൃദയത്തിന്റെ രണ്ട് അറകളെയും നിയന്ത്രിക്കുന്നതിന്, വളരെ സങ്കീർണതയുള്ള ഈ ഉപകരണം ഇന്ത്യയിൽ ആദ്യമായി ഘടിപ്പിക്കപ്പെട്ട വ്യക്തിയായി ജിതേഷ്.

പക്ഷേ, പ്രശ്നം അതീവഗുരുതരം തന്നെ. മസ്തിഷ്കമരണം സംഭവിച്ച, ഹൃദയം ദാനം ചെയ്യാൻ തീരുമാനിക്കുന്ന, ജിതേഷിന്റെ അതേ രക്തഗ്രൂപ്പുള്ള, ശരീരഭാരം കൊണ്ടും രക്തച്ചേർച്ച കൊണ്ടും ഉതകുന്ന ഒരു ദാതാവിനായുള്ള കാത്തിരിപ്പ്. ‌ശാസ്ത്രവും മനുഷ്യരും നിർവികാരരായി, വിധിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കുന്ന ദിവസങ്ങൾ. ജിതേഷിന്റെ ജീവൻ സെൻട്രിമാഗ് എന്ന നൂൽപാലത്തിൽ. 

13 ദിവസം കഴിഞ്ഞപ്പോഴാണ് അവയവദാനത്തിന്റെ സന്ദേശവുമായി ഫോൺ കോൾ എത്തുന്നത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ, റോഡപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഒരു യുവാവ്. വിദഗ്ധ ഡോക്ടർമാരുടെ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ആ ജീവൻ തിരികെ നൽകാനായില്ല. ആ ചെറുപ്പക്കാരന്റെ മാതാപിതാക്കൾക്കും ഉറ്റസുഹൃത്തുക്കൾക്കും അവൻ അവരോടൊപ്പം ജീവിച്ചിരിക്കണമെന്ന് അതിയായ ആഗ്രഹം.  അതിന്റെ പ്രതിഫലനമായിരുന്നു, അവന്റെ ഹൃദയം മറ്റൊരാളിലൂടെ ജീവിപ്പിക്കാനുള്ള അവരുടെ തീരുമാനം.  

പൊലീസ് അകമ്പടിയോടെ ഒരു മണിക്കൂർ 25 മിനിറ്റു കൊണ്ട് തിരുവല്ലയിൽനിന്ന് എറണാകുളത്ത് ആ യുവാവിന്റെ ഹൃദയം എത്തിക്കാൻ കഴിഞ്ഞു. ജിതേഷിന്റെ കൃത്രിമഹൃദയവും സ്വന്തം ഹൃദയവും എടുത്തുമാറ്റി പുതിയ ഹൃദയം അദ്ദേഹത്തിൽ ഘടിപ്പിക്കാൻ കഴിഞ്ഞു. പുതിയ ഹൃദയം അദ്ദേഹത്തിൽ സ്പന്ദിക്കുമ്പോൾ വീണ്ടും അഭിമാന നിർഭരമായ വിജയത്തിനു കേരളം സാക്ഷിനിൽക്കുകയായിരുന്നു; ഇന്ത്യയിൽ ആദ്യമായി 14 ദിവസം ഹൃദയത്തിന്റെ രണ്ട് അറകളും യന്ത്രസഹായത്തോടെ സ്പന്ദിപ്പിച്ചതിനു ശേഷം വിജയകരമായി പുതിയൊരു ഹൃദയം വച്ചുപിടിപ്പിച്ച  മെഡിക്കൽ രംഗത്തെ അപൂർവ വിജയത്തിളക്കവുമായി.

നാലു വർഷങ്ങൾക്കു ശേഷം സ്വന്തം ജോലി നിർവഹിച്ച് ആരോഗ്യവാനായി ജിതേഷ് ജീവിക്കുന്നു; അവയവദാനത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ മാതൃകയായി.

(തുടരും)