‘സുഖം’ എന്നു മറ്റുള്ളവർ പറയുന്നതു കേൾക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ച ആയുർവേദ ആചാര്യൻ ഡോ. പി.കെ.വാരിയർക്കു ജൂൺ 8 ന് നൂറാം പിറന്നാൾ. ആയുർവേദത്തിന്റെ മറുവാക്കായി മാറിയ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ.... | P.K. Warrier | Manorama News

‘സുഖം’ എന്നു മറ്റുള്ളവർ പറയുന്നതു കേൾക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ച ആയുർവേദ ആചാര്യൻ ഡോ. പി.കെ.വാരിയർക്കു ജൂൺ 8 ന് നൂറാം പിറന്നാൾ. ആയുർവേദത്തിന്റെ മറുവാക്കായി മാറിയ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ.... | P.K. Warrier | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സുഖം’ എന്നു മറ്റുള്ളവർ പറയുന്നതു കേൾക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ച ആയുർവേദ ആചാര്യൻ ഡോ. പി.കെ.വാരിയർക്കു ജൂൺ 8 ന് നൂറാം പിറന്നാൾ. ആയുർവേദത്തിന്റെ മറുവാക്കായി മാറിയ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ.... | P.K. Warrier | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദ ചികിത്സ സാവധാനത്തിലേ നടക്കൂ എന്നു പറയുന്നവരോടെല്ലാം ഡോ. പി.കെ.വാരിയരുടെ മറുപടി ഇതായിരുന്നു. ‘ആയുർവേദ ചികിത്സയുടെ വഴികളും വേഗവും വ്യത്യസ്തമായിരിക്കാം. പക്ഷേ, നടക്കുന്നത് നന്നായിട്ടായിരിക്കും. വേണ്ടിടത്ത് വേണ്ട വേഗത്തിൽ ഫലിക്കുകയും ചെയ്യും’ 

ആയുർവേദ ചികിത്സപോലെതന്നെ നന്നായി നടന്ന്, വേണ്ടിടത്ത് വേണ്ടപോലെ ഫലിച്ച് പി.കെ.വാരിയർ ദീർഘായുസ്സിന്റെ ശതം തൊട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കൈപിടിച്ചു നടന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാല ചികിത്സാ സംതൃപ്തിയുടെ നിറവിലെത്തിയിരിക്കുന്നു. 

ADVERTISEMENT

ഒരു നൂറ്റാണ്ടു നീണ്ട ജീവിതംകൊണ്ട് ഒരേയൊരു പാർശ്വഫലമേ പി.കെ.വാരിയർ എന്ന ദിവ്യ ഔഷധം നാടിനുണ്ടാക്കിയിട്ടുള്ളൂ, ‘രോഗശാന്തി’. സാക്ഷ്യം പറയാൻ ആയിരങ്ങൾ വരും. ആയുസ്സിന്റെ വേദമായ ആയുർവേദവും അവർക്കൊപ്പം വരും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടുള്ള ചികിത്സയില്ലെങ്കിലും ചിന്തയുടെ ഡോസ് അദ്ദേഹമിപ്പോഴും കുറച്ചിട്ടില്ല. ആലോചനകളെല്ലാം വിവിധ അസുഖങ്ങൾ ഭേദമാക്കാനുള്ള വഴികളന്വേഷിച്ചുതന്നെ പോകുന്നു. ചികിത്സക്രമം അപ്പപ്പോൾ കുറിച്ചുവച്ച് സഹപ്രവർത്തകർക്കു കൈമാറുന്നു. ആര്യവൈദ്യശാലയുടെ ഭരണകാര്യങ്ങളിലും പതിവുപോലെ കർമനിരതൻ. നൂറാം വയസ്സിലും പി.കെ.വാരിയർ ചികിത്സ തുടരുകതന്നെയാണ്; നാടിന് ആയുരാരോഗ്യസൗഖ്യം സമ്മാനിച്ചുകൊണ്ട്.

ആയുർവേദത്തിന്റെ സൂര്യശോഭ

എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയിൽ ഒതുങ്ങുന്നതല്ല പി.കെ.വാരിയരുടെ ജീവിതം. ആയുസ്സിന്റെ നൂറു വർഷങ്ങൾക്കിടയിൽ കടന്നുപോകാത്ത വഴികളില്ലെന്നുതന്നെ പറയാം. യൗവനത്തിൽ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീടതിനെ ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ലോകം വിശ്വസിക്കുന്ന മഹാ വൈദ്യനായി. കാണെക്കാണെ തിടം വച്ചുപോകുന്ന ജീവിതം. ഒരു വഴിയിലും പിന്നോട്ടു ചവിട്ടിയില്ല. ചവിട്ടിയ വഴികളിലൊന്നും മറ്റൊരു കാൽപാടും ഒപ്പത്തിനെത്തിയുമില്ല.

ADVERTISEMENT

മലബാർ കലാപം ഉഴുതുമറിച്ച 1921ൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ ജനനം. ഇടവമാസത്തിലെ കാർത്തിക നക്ഷത്രം (ഇത്തവണ ജൂൺ 8). ഒരുമാസത്തിനപ്പുറം ആരോഗ്യം ക്ഷയിക്കുന്ന കർക്കടകമാണെന്നും അതിനുമപ്പുറം വരാനിരിക്കുന്നത് ഇതിലുമേറെ കലക്കത്തിന്റെ കാലമാണെന്നും കണ്ടുകൊണ്ടായിരിക്കണം പി.കെ.വാരിയർ എന്ന മറുമരുന്നിനെ പ്രകൃതി ഇടവത്തിൽ തന്നെ മലയാളിക്കു കൈമാറിയത്. അതു ഫലിക്കുകയും ചെയ്തു. വേദനകൾക്കൊക്കെ കോട്ടയ്‌ക്കലെത്തും വരെയേ ആയുസ്സുള്ളൂ എന്നദ്ദേഹം തെളിയിച്ചതിനു കാലം സാക്ഷി.

വാരിയത്തെ വിപ്ലവകാരി

ഉഷ്ണവീര്യവും ശീതവീര്യവും തരാതരംപോലെ ചേർന്ന മരുന്നുകൂട്ടു പോലെയായിരുന്നു ആ ജീവിതയാത്ര. യൗവനത്തിൽ രാഷ്ട്രീയത്തിന്റെ ഉഷ്ണവീര്യം കൊണ്ടു ചുവന്നു. ബോധ്യങ്ങളും മനസ്സുമുറച്ചപ്പോൾ പുലരിയിലെ മഞ്ഞുകണം പോലെ തണുത്തു. എൻജിനീയറാകാൻ മോഹമുണ്ടായിട്ടും കുടുംബപാരമ്പര്യം നയിച്ചത് വൈദ്യപഠനത്തിലേക്കാണ്. വലിയമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയരിൽ നിന്നു തുടങ്ങിയ ആയുർവേദ പാതയിലൂടെയുള്ള നടത്തം പക്ഷേ, അധികം നീണ്ടില്ല. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരാവേശത്തിൽ പഠനമുപേക്ഷിച്ചു. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു പിന്നീട് കുറെക്കാലം. ഒളിവിലുള്ള നേതാക്കൾക്കു രഹസ്യസന്ദേശമെത്തിക്കലും ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന പണി. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാക്കളെയെല്ലാം പരിചയപ്പെടുന്നതും ഹൃദയബന്ധം സ്ഥാപിക്കുന്നതും ഇക്കാലത്താണ്. 

പഠിപ്പു കളഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയതിൽ അമ്മാവൻ പി.എസ്.വാരിയർക്ക് അനിഷ്ടമുണ്ടായിരുന്നെങ്കിലും പുറത്തു കാണിച്ചിരുന്നില്ല. തിരിച്ചുവിളിച്ചുമില്ല. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇതായിരുന്നു. ‘ആളെ വിട്ട് വിളിപ്പിച്ചിട്ടു വന്നില്ലെങ്കിൽ അതയാൾക്കും എനിക്കും ബുദ്ധിമുട്ടാവില്ലേ, അതുവേണ്ട, അയാൾ തനിയെ വരട്ടെ’. 

ADVERTISEMENT

സജീവ രാഷ്ട്രീയമല്ല ജീവിതവഴിയെന്നു തിരിച്ചറിഞ്ഞ പി.കെ.വാരിയർ അമ്മാവന്റെ വഴിയിലേക്കു തന്നെ തനിയേ തിരിച്ചുവന്നു. വൈദ്യപഠനം പുനരാരംഭിച്ചു. പഠനം പൂർത്തിയാക്കും മുൻപ് ഇരുപത്തിനാലാം വയസ്സിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ട്രസ്റ്റീ ബോർഡിൽ അംഗമായി.

വിശ്വാസ്യത എന്ന ഒറ്റ ബ്രാഞ്ച്

കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്ന നീലബോർഡിന് ഇന്നു രാജ്യം മുഴുവൻ ബ്രാഞ്ചുകളുണ്ടെങ്കിൽ അതിനെ വളർത്തി വലുതാക്കിയ വിശ്വാസ്യതയ്ക്കും വൈഭവത്തിനും ഒറ്റ ബ്രാഞ്ചേ ഉണ്ടായിരുന്നുള്ളൂ: പി.കെ.വാരിയർ. ആത്മകഥയായ സ്മൃതിപർവത്തിൽ അദ്ദേഹം പറയുന്നു: ‘വലുതായി തുടങ്ങിയിട്ടു ചെറുതായിക്കൂടാ, ചെറുതായി തുടങ്ങിയിട്ടു വലുതാവാം’ ആര്യവൈദ്യശാലയുടെ കാര്യത്തിലും പി.കെ.വാരിയരുടെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാം. 

1947ൽ ‘അടുക്കള’ എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാരിയർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഡിഎ ഉൾപ്പെടെ 112.50 രൂപയായിരുന്നു മാസ ശമ്പളം. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാന അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1953ൽ‌ പി.കെ.വാരിയർക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്നു. പിന്നീടങ്ങോട്ടുള്ള ചരിത്രം പി.കെ.വാരിയരുടേതു മാത്രമല്ല കോട്ടയ്ക്കൽ എന്ന നാടിന്റെ വികസനത്തിന്റേതുകൂടിയാണ്. അലോപ്പതി രംഗത്ത് കർണാടകയിലെ മണിപ്പാലിന് മലബാറിൽനിന്നുള്ള ആയുർവേദ മറുപടിയായി കോട്ടയ്ക്കലിനെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹം, പിന്നീട്. ലോകത്തിന്റെ ആരോഗ്യഭൂപടത്തിൽ ഇന്ന് ഏറ്റവുമധികം ആളുകൾ തിരയുന്ന പേരായി കോട്ടയ്ക്കൽ മാറിക്കഴിഞ്ഞു.

നേതൃത്വം ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ 9 ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാർഷിക വരുമാനമെങ്കിൽ ഇന്നത് 400 കോടി രൂപയ്ക്കു മുകളിലായി. രണ്ടായിരത്തിലധികം പേർ നേരിട്ടു ജോലി നോക്കുന്നു, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ, പ്രതിവർഷം 5 ലക്ഷത്തിലധികം രോഗികൾക്കു സൗഖ്യമേകുന്ന ആതുരസേവനം. എന്തിന്, മരുന്നിൽച്ചേർക്കാൻ മാത്രം പ്രതിമാസം 2 കിലോ സ്വർണം ആവശ്യമുള്ളത്ര പൊന്നാക്കി ആര്യവൈദ്യശാലയെ അദ്ദേഹം മാറ്റിയെടുത്തു. 

ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. 1953 മുതൽ നാളിതുവരെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം പി.കെ.വാരിയർക്കാണ്. ഇന്ത്യയിൽത്തന്നെ ഇത്രയുംകാലം ഒരു സ്ഥാപനത്തിന്റെ മേധാവിയായിരുന്നയാൾ അപൂർവമായിരിക്കും.

സമയം കളയാനില്ല

സമയനിഷ്ഠയുടെ കാര്യത്തിൽ കിറുകൃത്യത്തിൽ കുറഞ്ഞതൊന്നും പി.കെ.വാരിയർക്കു സമ്മതമല്ല. സമയം തെറ്റിയാൽ വാരിയരും തെറ്റും. ജീവിതരീതിയിലും ഇതേ കണിശത കാണാം. പുലർച്ചെ നാലിനുണരും. പ്രഭാതകർമങ്ങൾക്കുശഷം അര മണിക്കൂറോളം വ്യായാമം. കുളി 5.55ന് കഴിയും. തുടർന്ന് അമ്മാവൻ പി.എസ്.വാരിയരുടെ സ്മാരകം, കുടുംബ ക്ഷേത്രമായ ‘വിശ്വംഭര ക്ഷേത്രം’ എന്നിവിടങ്ങളിൽ പ്രാർഥിക്കും. തിരിച്ചെത്തിയാൽ അഷ്‌ടാംഗ ഹൃദയം വായന. പ്രാതൽ ഇളനീർ വെള്ളം മാത്രം. എട്ടെന്നൊരു സമയമുണ്ടെങ്കിൽ കൺസൽറ്റിങ് റൂമിൽ ഹാജർ. 

രോഗികളെ പരിശോധിക്കലും ചികിത്സ നിശ്ചയിക്കലും കഴിഞ്ഞ് ഭക്ഷണം ഉച്ചയ്ക്ക് ഒന്നോടെ. രണ്ടുമണിയാകുമ്പോൾ മാനേജിങ് ട്രസ്റ്റിയുടെ മുറിയിൽ. മറുപടി കാത്തിരിക്കുന്ന കത്തുകൾ, ഫയലുകൾ, സന്ദർശകർ എന്നിങ്ങനെ ഒട്ടേറെക്കാര്യങ്ങൾ. വൈകിട്ട് ആറോടെ വീട്ടിലേക്ക്. അടുത്തകാലം വരെ ഇങ്ങനെയായിരുന്നു വാരിയരുടെ ജീവിതചര്യ. 

സമയനിഷ്ഠയെക്കുറിച്ചുള്ള ഒരു സന്ദർഭം ആത്മകഥയിൽ പി.കെ.വാരിയർ വിവരിക്കുന്നതിങ്ങനെ. ‘1964ൽ ആര്യവൈദ്യശാലയിലെ സെമിനാർ ഉദ്ഘാടനം ചെയ്തത് കേശവമേനോനാണ്. അദ്ദേഹം എന്നോട് ചോദിച്ചു. നാലു മണിക്ക് എന്നു പറഞ്ഞാൽ എത്രയാവും തുടങ്ങാൻ. ഞാൻ പറഞ്ഞു. നാലുമണിക്ക് എന്നു പറഞ്ഞാൽ നാലുമണിക്കു തന്നെ’.

വാക്കും മരുന്നാകും

കാഷ് കൗണ്ടറില്ലാത്ത ആശുപത്രിയാണ് പി.കെ.വാരിയർ. ഏഴു പതിറ്റാണ്ടിലധികം ചികിത്സാരംഗത്തുണ്ടായിരുന്നിട്ടും ഇന്നു വരെ ഒരു രൂപ പോലും കൺസൽറ്റേഷൻ ഫീസായി വാങ്ങിയിട്ടില്ല. വൈദ്യം ജീവിതമാർഗമല്ല, ജീവിത നിയോഗം തന്നെയാണ്. രോഗികളെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുമ്പോൾ വാക്പുണ്യമാണ് ആദ്യം വരിക. പിന്നീടാണ് കൈപ്പുണ്യം. സുഖാന്വേഷണത്തോടെയാവും തുടക്കം. പരിഭ്രമമെല്ലാം മാറി രോഗി കൂളാകുന്നതോടെ അസുഖാന്വേഷണത്തിലേക്കു കടക്കുകയായി.

പറയുന്നതു മുഴുവൻ ശ്രദ്ധയോടെ കേട്ടതിനു ശേഷം മാത്രം മരുന്നു കുറിക്കും. ധൃതിയില്ല, രോഗികളെ തത്രപ്പാടിലാക്കില്ല. മനസ്സറിഞ്ഞുള്ള ചികിത്സമാത്രമേ വാരിയർക്കു വശമുള്ളൂ. തന്റെ സമയനിഷ്ഠ തെറ്റിക്കാൻ ജീവിതത്തിൽ അദ്ദേഹം അനുവാദം കൊടുത്തിട്ടുള്ളതും രോഗികൾക്കുമാത്രമാണ്. പി.കെ.വാരിയരുടെ ചികിത്സാ നിർദേശങ്ങൾക്കായി എത്രകാലം കാത്തിരിക്കാനും രോഗികൾ തയാറായിരുന്നു. കാത്തിരുന്നു കഷായിച്ചാലും കണ്ടതിനു ശേഷം കഷായിക്കേണ്ടി വരില്ലെന്ന് അത്രമേൽ ഉറപ്പുണ്ടായിരുന്നതുതന്നെ കാരണം.

ഭേദമാവില്ലെന്ന് മറ്റു ഡോക്ടർമാർ വിധിയെഴുതിയ പല അസുഖങ്ങളും വാരിയർക്കു മുൻപിൽ പത്തിമടക്കി പിൻവാങ്ങിയിട്ടുണ്ട്. വീൽചെയറിൽ വന്നവർ വിമാനത്തിലേക്കു നടന്നു കയറി. ശരീരമനങ്ങാനാവാതെ വന്നവർ കൈകൂപ്പി തൊഴുതു മടങ്ങി. രാഷ്‌ട്രത്തലവന്മാരും എഴുത്തുകാരും കളിയരങ്ങും സിനിമാലോകവും തൊട്ട് ഇങ്ങേയറ്റത്ത് സാധാരണക്കാർ വരെ ആ സാന്ത്വനസ്പർശവും സ്‌നേഹവും അനുഭവിച്ചറിഞ്ഞു.

ഒന്നിൽനിന്നു തുടങ്ങാം

ഇന്നു കേരളത്തിന്റെ ഏതു മൂലയിൽ കുഴിച്ചാലും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ വേരുകാണാം. പി.കെ.വാരിയരും ആയുർവേദവും പച്ചപിടിപ്പിച്ച ഒരു ജീവിതം കാണാം. എന്നാൽ ഇതിലൊന്നും അഭിരമിക്കുന്ന രീതി തീരെയില്ല. എന്നിൽ നിന്നു തുടങ്ങാതെ ഒന്നിൽ തുടങ്ങാമെന്ന വിനയത്തിന്റെ ഭാഷയാണ് എന്നും ശീലം. വലിയമ്മാവൻ പി.എസ്.വാരിയർ തുടക്കമിട്ട വൈദ്യപാരമ്പര്യത്തിന്റെ തുടർച്ച മാത്രമായി തന്നെ വിശേഷിപ്പിക്കാനാണിഷ്ടം. പക്ഷേ, ആയുർവേദത്തിനും ആരോഗ്യരംഗത്തിനും വാരിയർ നൽകിയ സംഭാവനകളെ രാജ്യം കാണാതെ പോയില്ല.

1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളിൽ ചിലതുമാത്രം. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്‌മൃതിപർവമെന്ന പേരിൽ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.

അനുകമ്പാശതകം

ആയിരക്കണക്കിന് ഔഷധങ്ങളുടെ പേര് ഓർമത്തെറ്റുകൂടാതെ പറയാനറിയുന്ന പി.കെ.വാരിയർ പക്ഷേ, സ്വന്തം ജീവിതത്തിൽ ഏറ്റവുമധികം വിലകൽപിച്ചത് ‘അനുകമ്പ’ എന്ന വാക്കിനാണ്. കടുത്ത പ്രമേഹരോഗിയായ സ്ത്രീ ചികിത്സ കഴിഞ്ഞു മടങ്ങുമ്പോൾ യാത്രപറഞ്ഞ രംഗം അദ്ദേഹം ആത്മകഥയിൽ  വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:

‘‘ You gave me my life back... you gave me my life back... വാക്കുകൾ വ്യക്തമാകുന്നില്ലായിരുന്നു. തൊണ്ടയിടറിയിരുന്നു. കണ്ണുകളിൽനിന്നു മറയുമ്പോഴും അവർ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ ആ ഭാവം കണ്ട് ഞാ‍നും വല്ലാതായി. ജീവിതം തിരിച്ചുനൽകുക! വൈദ്യവൃത്തി മാന്യവും മഹനീയവുമായി എല്ലാവരും കാണുന്നത് ഇതുകൊണ്ടാണ്. അനുകമ്പയാണ്, ആയുർവേദത്തിന്റെ അടിസ്ഥാനം. you gave me my life back എന്ന് രോഗി കൃതജ്ഞതയോടെ പറയുമ്പോൾ വൈദ്യന്റെ ജന്മം സഫലമായി.’’

നൂറു വയസ്സുതികയുന്ന സ്വന്തം ജീവിതം കൊണ്ട് പി.കെ.വാരിയർ എഴുതിയത് അനുകമ്പാ ശതകമാണ്. ഓരോ ഏടിലും അനുകമ്പയെന്ന വാക്ക് നിറയുന്ന ജീവിതകൃതി. കോട്ടയ്ക്കൽ അങ്ങാടിയിലൂടെ കടന്നു പോകുന്ന ആർക്കും ധാന്വന്തരം കുഴമ്പിന്റെ മണം കിട്ടാതിരിക്കില്ല. അവരിലാരും പി.കെ.വാരിയരെന്ന അഭിനവ ധന്വന്തരിയെ ഓർക്കാതിരിക്കുകയുമില്ല.

ജിംനോസ്റ്റാക്കിയം വാരിയറാനം 

ഏഴു പതിറ്റാണ്ടിലേറെക്കാലമായി ആയുർവേദരംഗത്ത് പ്രവർത്തിച്ച പി.കെ.വാരിയരുടെ പേര് കണ്ണൂർ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം ഔഷധസസ്യത്തിനു നൽകിയിട്ടുണ്ട്. ജിംനോസ്റ്റാക്കിയം വാരിയറാനം (Gymnostachyum warrieranum) എന്ന പേരിലുള്ള ഈ ചെടി ഇപ്പോൾ ആര്യവൈദ്യശാലയിലെ ഔഷധസസ്യവിഭാഗത്തിൽ പരിപാലിക്കപ്പെടുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ ഡോ.പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. 

Content Highlight: Dr PK Warrier, doyen of Ayurveda, turns 100