‘ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളു, മരണത്തിൽ അങ്ങനെയാവരുത് എന്നുറപ്പിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ എന്ന് Perumbadavam Sreedharan, Veteran writer, Novels, Malayalam Writer, Manorama News

‘ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളു, മരണത്തിൽ അങ്ങനെയാവരുത് എന്നുറപ്പിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ എന്ന് Perumbadavam Sreedharan, Veteran writer, Novels, Malayalam Writer, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളു, മരണത്തിൽ അങ്ങനെയാവരുത് എന്നുറപ്പിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ എന്ന് Perumbadavam Sreedharan, Veteran writer, Novels, Malayalam Writer, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുസ്സിന്റെ പുസ്തകത്തിൽ ആയിരം പൂർണചന്ദ്രന്മാരുടെ ശോഭയുമായി മലയാളത്തിന്റെ  പ്രിയപ്പെട്ട പെരുമ്പടവം ശ്രീധരൻ 

‘‘ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളു, മരണത്തിൽ അങ്ങനെയാവരുത് എന്നുറപ്പിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ എന്ന്. നോവലിലെ നായിക കഥാപാത്രമായ സേതുലക്ഷ്മി. മിഥ്യയെന്നോ, മനസ്സിന്റെ തോന്നലെന്നോ അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും നിർവചിക്കാൻ കഴിയാത്ത ദർശന സത്യം’’.

ADVERTISEMENT

രേഖകൾ അനുസരിച്ച് വരുന്ന ശനിയാഴ്ച ശതാഭിഷക്തനാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പെരുമ്പടവം. വയസ്സ് 84 എത്തുന്നവർ ആയിരം പൂർണചന്ദ്രൻമാരെ കണ്ടിരിക്കുമെന്നാണു കണക്ക്. തന്റെ കാര്യത്തിൽ ആ കണക്കിൽ പത്തിരുപത്തിനാലെണ്ണം ഒറ്റയടിക്കു കുറയ്ക്കാമെന്നു കഥാകാരൻ. തനിക്കു നാലു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതിനാൽ അമ്മ ലക്ഷ്മിയാണ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ ശ്രീധരനെ ചേർക്കാൻ പോയത്. അന്നവിടെ ഉണ്ടായിരുന്ന അധ്യാപകരിൽ ആരോ എഴുതിയ ജനനത്തീയതിയാണത്രെ 1938 ഫെബ്രുവരി 12.

ജനനത്തീയതിയിൽ തിരുത്തെഴുത്തു വേണ്ടെന്ന് എഴുത്തുകാരനും പിന്നീടുറപ്പിച്ചു. പൂർണചന്ദ്രൻമാരുടെ എണ്ണത്തിൽ കുറവു വരാൻ വേറെയും കാരണമുണ്ടെന്നു ശ്രീധരൻ പറയുന്നു. 1964ൽ കേരള ശബ്ദം നോവൽ മത്സരത്തിൽ ആയിരം രൂപയുടെ ഒന്നാം സമ്മാനം ‘അഭയം’ നേടും വരെ ജീവിതം എന്നും ഇരുട്ടിലായിരുന്നല്ലോ, അപ്പോഴെവിടെ ചന്ദ്രൻ- ആ കണക്കു കൂടി കൂട്ടിയാൽ ആയിരത്തിലേക്ക് എത്താൻ കുറഞ്ഞത് മുന്നൂറിനുമേൽ പൂർണ ചന്ദ്രൻമാരെയെങ്കിലും ഇനിയും കാണണമെന്ന് ചിരിയോടെ ശ്രീധരൻ.

ആയുസ്സിന്റെ വൃക്ഷത്തിൽനിന്നു തന്റെ പേരെഴുതിയ ഇല യൗവനത്തിന്റെ തുടക്കത്തിൽ പറിച്ചെറിയാൻ ശ്രമിച്ചു പരാജയപ്പെട്ട മലയാളത്തിന്റെ പ്രിയ കഥാകാരൻ എഴുതിത്തുടങ്ങിയത് കവിതയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെ മലയാളം പകർത്തുബുക്കിന്റെ പിൻപുറത്ത് പൂവിനെക്കുറിച്ചായിരുന്നു ആദ്യ കവിത. പതിനാലുവരിക്കവിതയുടെ തുടക്കത്തിൽ പെരുമ്പടവം ശ്രീധരൻ എന്ന തൂലികാനാമം കുറച്ചു വലുപ്പത്തിൽത്തന്നെ എഴുതി. പകർത്തുബുക്ക് പരിശോധിച്ച മലയാളം അധ്യാപിക ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചയ്ക്കു സ്കൂൾ വിട്ടപ്പോൾ അധ്യാപകരുടെ മുറിയുടെ മുന്നിൽ മടിച്ചുമടിച്ചെത്തി. കുറ്റം ചെയ്ത മട്ടിൽ നിന്ന ശ്രീധരനെ, പ്രധാന മലയാള അധ്യാപികയായ കവി സിസ്റ്റർ മേരി ബനീഞ്ഞയാണ് അകത്തേക്കു വിളിച്ചത്. ശങ്കിച്ചു നിൽക്കുമ്പോൾ സിസ്റ്റർ പറഞ്ഞു: പെരുമ്പടവം ശ്രീധരന്റെ കവിത ഞാൻ വായിച്ചു, നല്ല ഭാവന ഉണ്ട് , വായന മുടക്കരുത്, എഴുത്തും.

ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എഴുത്തുകാരൻ എന്നു മറുപടി നൽകി ഒറ്റ ഓട്ടമായിരുന്നു ശ്രീധരൻ വീട്ടിലേക്ക് . ഒളിപ്പിച്ചു വച്ചിരുന്ന രഹസ്യം പരസ്യമായതിനൊപ്പം ആദ്യത്തെ അംഗീകാരം. ആ രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ സന്ധ്യയെക്കുറിച്ചും പ്രഭാതത്തെക്കുറിച്ചും ഓരോ കവിതകൂടി എഴുതി പാഠപുസ്തകത്തിൽ ഒളിപ്പിച്ചെങ്കിലും സ്കൂളിൽ ആരും പിന്നീടു കവിതക്കാര്യത്തെക്കുറിച്ച് തിരക്കിയതേയില്ല. കവിത വിട്ട് കഥയിലും നോവലിലും ഒത്തയാളായി വളർന്ന് പെരുമ്പടവം എന്ന പ്രദേശത്തെ ഇന്നു സ്വന്തം പേരിലേക്കു ലയിപ്പിച്ചിരിക്കുകയാണ് ശ്രീധരൻ. ജീവിതം നൽകിയ തീക്ഷ്ണമായ മുറിവുകളെ സർഗശക്തിയാക്കിയ പെരുമ്പടവം 84 ന്റെ നിറവിൽ കഥാബഹുലമായ ഭൂതകാലത്തിന്റെ ചവിട്ടുപടികളിറങ്ങി....

പെരുമ്പടവം ശ്രീധരൻ
ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ കവിതകൾ പലതെഴുതിയെങ്കിലും മറ്റുള്ളവർ കളിയാക്കുമെന്ന് ഭയന്ന് എല്ലാം രഹസ്യമാക്കി വച്ചിരുന്നു. എഴുത്തച്ഛൻ, കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരുടെ കവിതകൾ വായിച്ച് ആ ശൈലി അനുകരിച്ചുള്ള ഒരുതരം എഴുത്തായിരുന്നു. ഹൈസ്കൂൾ കഴിഞ്ഞതോടെ മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ കൂടുതൽ നേരം വായനയുടെ ലോകത്തായി. നാട്ടുമ്പുറത്തെ വായനശാലയിൽ കവിതാ സമാഹാരങ്ങളെക്കാൾ കൂടുതൽ കഥാസമാഹാരങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത് . അതോടെ വായന കഥകളിലേക്കുംകൂടി തിരിഞ്ഞു. ബഷീർ, കേശവദേവ്, തകഴി, ലളിതാംബിക അന്തർജനം തുടങ്ങിയവരുടെ കഥകളിൽ ഹരം കയറി. ബഷീറിന്റെ ബാല്യകാലസഖി വായിച്ചതോടെ കവിതയല്ല, കഥയാണ് എനിക്കു പറ്റിയ രചനാമാധ്യമമെന്ന് ഉറപ്പിച്ചു. അതുപോലെ മനുഷ്യരെ തൊടുന്ന ഒരു കഥ എഴുതണം എന്ന ചിന്തയിൽ പല വിഷയങ്ങളും ആലോചിച്ചു. അവസാനം ചെന്നെത്തിയതു നാട്ടിലെ സർപ്പക്കാവിനെ ചുറ്റിപ്പറ്റിയുള്ള കഥയിലാണ്.

എഴുതിത്തുടങ്ങിയപ്പോൾ കഥാപരിസരം വല്ലാതെ വികസിച്ചു. അതോടെ കഥ നോവലായി മാറി. പൂർത്തിയാക്കിയപ്പോഴാണ് പ്രധാന പ്രശ്നം, നോവൽ എന്തു ചെയ്യണമെന്ന് അറിയില്ല. കാമ്പിശ്ശേരിയുടെ പത്രാധിപത്യത്തിൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജനയുഗം അക്കാലത്ത് ഏറെ പ്രചാരമുള്ള വാരികയായിരുന്നു. രണ്ടും കൽപിച്ച് ‘സർപ്പക്കാവ്’ അവിടേക്കു തപാലിൽ അയച്ചു. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ജനയുഗത്തിന്റെ പുറം കവറിൽ ഒരു പരസ്യം, പെരുമ്പടവം ശ്രീധരന്റെ സർപ്പക്കാവ് അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിക്കുന്നു എന്ന്.

ആദ്യ നോവൽ ജനയുഗം പ്രസിദ്ധീകരിച്ചതോടെ നാട്ടിൽ അത്യാവശ്യം നിലയും വിലയുമായി. രാമമംഗലം അമ്പലപ്പരിസരത്തു വച്ച് ലൈലയുടെ ആരാധന കലർന്ന നോട്ടത്തിനും വഴിവച്ചത് സർപ്പക്കാവായിരുന്നു. മദ്രാസിൽനിന്ന് ഇറങ്ങുന്ന ചലച്ചിത്രം വാരികയിൽ ലേഖനങ്ങളും മറ്റും എഴുതുന്നതിൽ നിന്നടക്കം പതിനഞ്ചോ ഇരുപതോ രൂപയാണ് അക്കാലത്തു മാസവരുമാനം. ഒറ്റപ്പെടലിൽ വലഞ്ഞ് അരിക്ഷിതാവസ്ഥയിലായിരുന്ന ജീവിതത്തിൽ പച്ചത്തുരുത്തായിരുന്നു ലൈലയുമായുള്ള അടുപ്പം.

മദിരാശിക്കു പോകാനിറങ്ങിയപ്പോൾ ലൈലയെയും കൂട്ടി. ആകെക്കൂടി കൈവിട്ട കളി. മദ്രാസിൽ എത്തി ചലച്ചിത്രം വാരികയിൽ പത്രാധിപരായി . പ്രൂഫ് റീഡറും കാവൽക്കാരനും അടക്കം എല്ലാപണിയും ഒറ്റയ്ക്ക്. മാസശമ്പളം 25 രൂപ. താമസം 34, തമ്പുച്ചെട്ടി സ്ട്രീറ്റ് മദ്രാസ്-1ൽ. തട്ടിമുട്ടിയുള്ള ജീവിതം മടുത്ത് രണ്ടാമത്തെ കൊല്ലം നാട്ടിലേക്കു തിരിച്ചു പോന്നു. പെരുമ്പടവത്തേക്കു പോകാൻ അഭിമാനം അനുവദിച്ചില്ല. മൂവാറ്റുപുഴയാറിന്റെ തീരത്ത് പുഴക്കടവിനടുത്ത് ശിവൻകുന്നിൽ താമസം തുടങ്ങി. ഒന്നുരണ്ടു സുഹൃത്തുക്കളെക്കൂട്ടി കലാവേദി എന്നൊരു മാസിക ആരംഭിച്ചു. ബഷീറും കുറ്റിപ്പുഴ കൃഷ്ണപിള്ള സാറും ഒക്കെ രചനകൾ അയച്ചു തന്നു സഹായിച്ചെങ്കിലും കലാവേദി പച്ചപിടിക്കുന്ന ലക്ഷണങ്ങളേ കാണിച്ചില്ല. സാമ്പത്തിക ഞെരുക്കം വച്ചടിവച്ചടി കൂടി. ഇതിനിടെയാണ് പുതിയ നോവൽ അഭയത്തിന്റെ ത്രെഡ് രൂപപ്പെട്ടത്.

പെരുമ്പടവം ശ്രീധരൻ
ADVERTISEMENT

സ്വസ്ഥമായി ഇരുന്നെഴുതാൻ സ്ഥലം കണ്ടെത്തിയതു ശിവൻകുന്നിലുള്ള ക്ഷേത്രത്തിലെ കൂവളമരച്ചുവടായിരുന്നു. പടിക്കെട്ടുകൾ ഏറെ കയറി വേണം ക്ഷേത്രത്തിലെത്താൻ. അതുകൊണ്ടു തന്നെ പൂജ കഴിഞ്ഞു നടയടച്ചാൽ പിന്നെ ആരും ആ വഴിക്കു വരാറില്ല, നോവൽ ഏറെക്കുറെ പൂർത്തിയായി വന്നപ്പോഴേക്കും ആത്മഹത്യാ ചിന്ത മനസ്സിൽ വല്ലാതെ ബലപ്പെട്ടു. ഇങ്ങനെ ജീവിക്കുന്നതു കൊണ്ട് ഒരർഥവുമില്ല. ലൈല പൂർണ ഗർഭിണിയാണ്, ഞാൻ ഇല്ലാതായാൽ അവളെയും കുഞ്ഞിനെയും വീട്ടുകാർ കൂട്ടിക്കൊണ്ടു പോകും. പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാമെന്നുറച്ചാണ് ആ സന്ധ്യയ്ക്ക് അവിടെ എത്തിയത്. ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളു, മരണത്തിൽ അങ്ങനെയാവരുത് എന്നുറപ്പിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കു എന്ന്. നോവലിലെ നായിക കഥാപാത്രമായ സേതുലക്ഷ്മി. മിഥ്യയെന്നോ, മനസ്സിന്റെ തോന്നലെന്നോ അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും നിർവചിക്കാൻ കഴിയാത്ത ദർശന സത്യം.

എന്നോട് ആത്മഹത്യ ചെയ്യരുതെന്നു പറയുന്ന നിങ്ങൾ പിന്നെ എന്തിന് ആ വഴി സ്വീകരിച്ചു എന്ന ചോദ്യത്തിന് കരുതിവച്ചപോലെ മറുപടി വന്നു,

ആത്മാവിന്റെ മരത്തിൽനിന്ന് എന്റെ പേരുള്ള ഇല പൊഴിഞ്ഞു താഴേക്കു വീണ ശബ്ദം ഞാൻ കേട്ടു എന്ന്. പുഴക്കര വിട്ട് രാത്രി വീട്ടിൽ തിരിച്ചെത്തി അവസാന അധ്യായത്തിൽ എത്തി നിന്ന നോവലിന്റെ ബാക്കിഭാഗം കൂട്ടിച്ചേർത്തു, ‘അഭയം’ എന്നു പേരിട്ട് തകരപ്പെട്ടിയിൽ തിരികെ വച്ചു.

മുവാറ്റുപുഴയുടെ മണ്ണിൽ വേരറ്റു. അവിടെ നിന്നിട്ടു കാര്യമില്ല. തിരുവനന്തപുരത്തേക്കു പോകാനുറച്ചു. ഗവൺമെന്റ് പ്രസിന് എതിർവശത്ത് എംടി അപ്പന്റെ ഉടമസ്ഥതതയിൽ പ്രസിദ്ധീകരിക്കുന്ന കർമഭൂമി സായാഹ്നപത്രത്തിലും ആഴ്ചപ്പതിപ്പിലും ഇടയ്ക്കെഴുതാറുണ്ട്. ആ പരിചയം വച്ച് ഭാര്യയെയും മകളെയും ഒപ്പം കൂട്ടി അഭയത്തിന്റെ കയ്യെഴുത്തു പ്രതിയുമായി തിരുവനന്തപുരത്തെത്തി. 

കൈവശമുള്ള വിലപിടിപ്പുള്ള സാധനം ലൈലയുടെ നെക്‌ലേസാണ്. അതു പണയം വച്ചു കിട്ടിയ തുക കൊണ്ടു സുഹൃത്ത് തമലം തങ്കച്ചന്റെ സഹായത്താൽ തമലത്ത് ഒരു പീടികയുടെ ഭാഗം വാടകയ്ക്കെടുത്തു താമസം തുടങ്ങി. കർമഭൂമിയിൽ പത്രാധിപസമിതി അംഗമായി പ്രവർത്തനം. മാസ ശമ്പളമില്ല. ചില ദിവസം 5 രൂപ, ചിലപ്പോൾ 7 എന്നിങ്ങനെ ദിവസശമ്പളം. ഇതിനിടെ പെട്ടിയിലിരുന്ന അഭയം എറണാകുളത്തുള്ള ഒരു സിനിമാ പ്രസിദ്ധീകരണത്തിനു കൈമാറാനായി ശ്രമിച്ചെങ്കിലും ലൈല സമ്മതിച്ചില്ല. ലൈല അത് നല്ല കൈപ്പടയിൽ പകർത്തിയെഴുതി കേരള ശബ്ദം 1964ൽ നടത്തിയ നോവൽ മത്സരത്തിന് അയച്ചു. ആ വർഷത്തെ മികച്ച നോവലിനുള്ള ഒന്നാം സമ്മാനമായ ആയിരം രൂപയുടെ അവാർഡ് അഭയം നേടി. കേരള ശബ്ദം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുങ്കുമം വാരികയിലാണ് അഭയം പ്രസിദ്ധീകരിച്ചത്. നോവൽ വായിച്ച ബഷീറും കുറ്റിപ്പുഴ സാറും പറഞ്ഞതനുസരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് കോട്ടയത്തെ സാഹിത്യപ്രവർത്തക സഹകരണ സംഘത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ആദ്യം ഉണ്ടായില്ല. പിന്നീടു സംഘം തന്നെ അഭയം പ്രസിദ്ധീകരിച്ചു.

രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ശോഭന പരമേശ്വരൻ നായർ അഭയം സിനിമയാക്കി. എഴുതി ജീവിക്കാം എന്ന വിശ്വാസം അതോടെ ബലപ്പെട്ടു. കൊല്ലത്തുനിന്നു പ്രസിദ്ധീകരണം തുടങ്ങിയ മലയാളനാടിന്റെ പത്രാധിപ സമിതിയിൽ അംഗമായി ചേർന്നെങ്കിലും അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ ജോലി വിട്ടു.

അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, അർക്കവും ഇളവെയിലും, ആരണ്യഗീതം, തേവാരം, തൃഷ്ണ, ഒറ്റച്ചിലമ്പ്, സൂര്യദാഹം തുടങ്ങിയ നോവലുകൾ. . തുടർന്നു സിനിമ തിരക്കഥാ രംഗത്ത് സജീവമായി. 12 സിനിമകൾക്ക് തിരക്കഥ എഴുതിയതോടെ ആ രംഗം വിട്ടു. കത്തി നിൽക്കെ എഴുത്തിൽ നിന്നുള്ള പിൻമാറ്റമായിരുന്നു പിന്നീട്. പുറംലോകവുമായുള്ള ബന്ധം മുറിച്ച് വാതിൽ ചേർത്തടച്ച് ആറേഴു വർഷം.

മൗനത്തിന്റെ വല്‌മീകം മുറിച്ചു കൊണ്ട് 1992ൽ ‘ഒരു സങ്കീർത്തനം പോലെ’യുമായിട്ടായിരുന്നു എഴുത്തിലേക്കുള്ള തിരിച്ചുവരവ്, ദീപിക വാർഷിക പ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലിന് ആർടിസ്റ്റ് ടി.എ.ജോസഫിന്റേതായിരുന്നു ഇലസ്ട്രേഷൻ.

പുസ്തകരൂപത്തിലേക്കു നോവൽ വന്നത് ഒരു വർഷം കൂടിക്കഴിഞ്ഞാണ്. കഥകൾ വായിച്ച് ആദ്യം ആരാധകനും പിന്നീടു സഹോദരതുല്യനുമായി മാറിയ ആശ്രാമം ഭാസി ആ ദൗത്യം ഏറ്റെടുത്തു. 

3000 കോപ്പികളുമായി ആദ്യ പതിപ്പ് ഇറങ്ങിയ ‘ഒരു സങ്കീർത്തനം പോലെ’ ഇന്നു 122–ാം പതിപ്പിലെത്തി നിൽക്കുന്നു. അതോടെ, എന്റെ മിക്ക രചനകളുടെ പ്രസാധകരായി സങ്കീർത്തനം പബ്ലിക്കേഷൻസ്.

ഞാൻ വിലയിരുത്തുമ്പോൾ വേദപുസ്തകത്തിന്റ ഭാഷാഛായയിലെഴുതിയ ‘അരൂപിയുടെ മൂന്നാംപ്രാവ്’ ആണ് രചനകളിൽ ഒരു സങ്കീർത്തനത്തെക്കാൾ ഒരുപടി മുന്നിൽ. ജീവിച്ചിരുന്ന എഴുത്തുകാരോട് സാമ്യമുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ ‘ഒരു കീറ് ആകാശവും’ മികച്ച സൃഷ്ടിയാണ്.

ഭാര്യ ലൈലയുടെ അസുഖങ്ങളും ചികിത്സയും മരണവും വല്ലാത്ത നീറ്റലായി മാറിയതോടെ മുടങ്ങിയ ‘അവനി വാഴ്‌വ് കനവ്’ എന്ന നോവലിന്റെ മിനുക്കു പണിയിലുടെ എഴുത്തിലേക്കു തിരിച്ചു വരികയാണ് പെരുമ്പടവം.

കച- ദേവയാനിമാരുടെ കഥയിലെ കേന്ദ്രകഥാപാത്രമായ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്ന കവി കുമാരനാശാനാണ് അവനി വാഴ്‌വ് കനവിലെ കേന്ദ്ര കഥാപാത്രം. ഇപ്പോൾത്തന്നെ ഏറെ വൈകിയെന്നും ഇനി നീട്ടിവയ്ക്കാൻ കഴിയില്ലെന്നും കഥാകാരൻ. പെരുമ്പടവത്തിന് എഴുത്ത് എന്നും അങ്ങനെയാണ്, തുടങ്ങാനാണ് താമസം.

 

Content highlights: Veteran writer Perumbadavam Sreedharan special story